Film News
മഞ്ഞുമ്മല്‍ ബോയ്‌സും പ്രേമലുവും ഹിറ്റായതിനെക്കുറിച്ച് ചോദിച്ചു, മറുപടി പറയാതെ ക്ഷുഭിതനായി വിശാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 20, 04:31 pm
Saturday, 20th April 2024, 10:01 pm

തമിഴിലെ മുന്‍നിര നടന്മാരില്‍ മുന്നിട്ട് നില്‍ക്കുന്ന നടനാണ് വിശാല്‍. ആക്ഷന്‍ രംഗങ്ങളില്‍ താരത്തിനെ വെല്ലാന്‍ മറ്റൊരു യുവനടന്‍ ഇല്ലെന്നാണ് സിനിമാപ്രേമികളുടെ അഭിപ്രായം. എന്നാല്‍ കഴിഞ്ഞ കുറച്ചു ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. പൂജൈ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം സംവിധായകന്‍ ഹരിയോടൊപ്പം വിശാല്‍ ഒന്നിക്കുന്ന പുതിയ ചിത്രമാണ് രത്‌നം.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. പ്രസ്മീറ്റിനിടെ വിശാലിനോട് മഞ്ഞുമ്മല്‍ ബോയ്‌സും പ്രേമലുവും പോലുള്ള ചെറിയ സിനിമകള്‍ വലിയ വിജയമായതിനെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് വിശാല്‍ ക്ഷുഭിതനായി.

എന്നാല്‍ താരത്തിന്റെ ദേഷ്യം മലയാളസിനിമകളോടല്ലെന്നും ചോദ്യം ചോദിച്ച വ്യക്തിയോടാണെന്നും പിന്നീട് വ്യക്തമാക്കി. സിനിമാപ്രവര്‍ത്തകരോട് എല്ലായ്‌പ്പേഴും വിവാദപരമായ ചോദ്യങ്ങള്‍ മാത്രം ചോദിക്കുന്ന ഫയല്‍വാന്‍ രംഗനാഥന്‍ ആ ചോദ്യം ചോദിച്ചതാണ് വിശാല്‍ ദേഷ്യപ്പെടാന്‍ കാരണം. രംഗനാഥന്റെ ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി പറയില്ല, അതിന് തന്നെയാരും നിര്‍ബന്ധിക്കരുതെന്നാണ് വിശാല്‍ മറുപടി പറഞ്ഞത്.

‘ആ ചോദ്യം ചോദിച്ചത് ആരാണ്? രംഗനാഥന്‍ സാറാണോ. സോറി. എനിക്ക് മറുപടി പറയാനാകില്ല. ഇദ്ദേഹത്തിന്റെ ചോദ്യത്തിന് ഞാന്‍ മറുപടി പറയില്ല. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇയാളുടെ ചോദ്യത്തിന് മറുപടി പറയാതിരിക്കാനുള്ള സ്വാതന്ത്ര്യം കൂടി എനിക്കുണ്ടെന്ന് ഞാന്‍ കരുതുന്നു. വേറെ ആരെങ്കിലും ഈ ചോദ്യം ചോദിച്ചിരുന്നെങ്കില്‍ ഞാനതിന് മറുപടി പറഞ്ഞേനെ,’ വിശാല്‍ പറഞ്ഞു.

Content Highlight: Vishal got angry in press meet when asked about Manjummel Boys and Premalu