| Wednesday, 7th February 2024, 2:13 pm

വിജയ്ക്ക് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നു; വാര്‍ത്ത നിഷേധിച്ച് വിശാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് തമിഴ് നടന്‍ വിശാല്‍. താരം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇത്.

ഈയടുത്ത ദിവസമായിരുന്നു വിജയ് തന്റെ രാഷ്ട്രീയ അരങ്ങേറ്റം പ്രഖ്യാപിച്ചത്. പിന്നാലെ വിശാലും രാഷ്ട്രീയത്തിലേക്ക് പോകുന്നുവെന്നും പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നുവെന്നും വാര്‍ത്തകള്‍ പുറത്തു വരികയായിരുന്നു.

എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വിശാല്‍ തന്റെ ഫാന്‍സ് ക്ലബ് വഴി ദുരിതമനുഭവിക്കുന്ന ആളുകളെ കാണുകയും സഹായിക്കുകയും ചെയ്യുന്നത് തുടരുമെന്ന് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ രാഷ്ട്രീയ പ്രവേശനത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം സൂചന നല്‍കി.

‘അഭിനേതാവെന്ന നിലയിലും സാമൂഹിക പ്രവര്‍ത്തകനെന്ന നിലയിലും നിങ്ങളില്‍ ഒരാളെന്ന നിലയിലും എന്നെ അംഗീകരിച്ച ജനങ്ങളോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു.

എന്റെ ഫാന്‍സ് ക്ലബ്ബിനെ വെറുമൊരു ക്ലബ്ബായി കാണാതെ ജനങ്ങള്‍ക്ക് ഉപകാരപ്പെടണമെന്ന് ആദ്യം മുതലേ ഞാന്‍ കരുതിയിരുന്നു. അതിനാല്‍ ഫാന്‍സ് ക്ലബ് വഴി ദുരിതമനുഭവിക്കുന്ന ആളുകളെ കാണുകയും സഹായിക്കുകയും ചെയ്യുന്നത് തുടരും.

അമ്മയുടെ പേരില്‍ നടത്തുന്ന ‘ദേവി ഫൗണ്ടേഷന്‍’ വഴി ഞങ്ങള്‍ ആളുകളെ സഹായിക്കുന്നുണ്ട്. അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ പേരില്‍ എല്ലാ വര്‍ഷവും നിരവധി പാവപ്പെട്ട വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസത്തിനും ദുരിതബാധിതരായ കര്‍ഷകരെയും സഹായിക്കുന്നു.

അതിനുപുറമെ, ഞാന്‍ ഷൂട്ടിങ്ങിന് പോകുന്ന പലയിടത്തും ആളുകളെ കാണുകയും അവരുടെ പ്രാഥമിക ആവശ്യങ്ങളും പരാതികളും കേള്‍ക്കുകയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നുണ്ട്.

ഒരിക്കലും രാഷ്ട്രീയ ലാഭം പ്രതീക്ഷിച്ചല്ല ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ ചെയ്തിട്ടുള്ളത്. ഞാനത് എന്റെ കടമയായാണ് കരുതുന്നത്. ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ചെയ്യും. വരും കാലങ്ങളില്‍ മറ്റെന്തെങ്കിലും തീരുമാനമെടുക്കേണ്ടി വന്നാല്‍ ജനങ്ങളില്‍ ഒരാളായി ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനും ഞാന്‍ മടിക്കില്ല,’ വിശാല്‍ എക്‌സില്‍ കുറിച്ചു.

Content Highlight: Vishal denied the news of announcing political party

Latest Stories

We use cookies to give you the best possible experience. Learn more