ന്യൂദല്‍ഹി: ഹിമാചല്‍ പ്രദേശിലെ നിയുക്ത എം.പി കങ്കണ റാണവത്തിനെ മുഖത്തടിച്ച സംഭവത്തില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗറിന് ജോലി നല്‍കുമെന്ന് സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനി. കര്‍ഷകര്‍ക്കെതിരെയുള്ള കങ്കണയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയുടെ കൈയേറ്റം. തുടര്‍ന്നുള്ള അന്വേഷത്തിന് പിന്നാലെ കുല്‍വീന്ദര്‍ കൗര്‍ അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി.
ഇതിനുപിന്നാലെയാണ് വിശാല്‍ ദദ്‌ലാനി കുല്‍വീന്ദര്‍ കൗറിന് ജോലി വാഗ്ദാനം ചെയ്തത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അദ്ദേഹം തന്റെ തീരുമാനം അറിയിച്ചത്. സംഭവത്തില്‍ കുല്‍വീന്ദറിന് സംഗീത സംവിധായകന്‍ പിന്തുണ അറിയിക്കുകയും ചെയ്തു. കുല്‍വീന്ദര്‍ കൗറിനെതിരെ ഏതെങ്കിലും രീതിയിലുള്ള നടപടിയുണ്ടായാല്‍, ഭാവിയില്‍ അവര്‍ക്ക് ജോലി നല്‍കാന്‍ താന്‍ തയ്യാറാണെന്നായിരുന്നു ദദ്‌ലാനി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘ഞാന്‍ ഒരിക്കലും അക്രമത്തെ പിന്തുണയ്ക്കില്ല. എന്നാല്‍ ഈ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയുടെ രോഷത്തിന് പിന്നിലെ കാരണം ഞാന്‍ പൂര്‍ണമായും മനസിലാക്കുന്നു. അവള്‍ക്കെതിരെ സി.ഐ.എസ്.എഫ് എന്തെങ്കിലും നടപടിയെടുക്കുകയാണെങ്കില്‍, കുല്‍വീന്ദറിനുള്ള ജോലി ഞാന്‍ ഉറപ്പുവരുത്തും. ജയ് ഹിന്ദ്, ജയ് ജവാന്‍, ജയ് കിസാന്‍,’ എന്നാണ് വിശാല്‍ ദദ്‌ലാനി പറഞ്ഞത്.
അതേസമയം തനിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ മൗനം പാലിച്ച ബോളിവുഡ് താരങ്ങള്‍ക്കെതിരെ കങ്കണ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തന്റെ പ്രതികരണം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായിട്ട കങ്കണ പിന്നീട് അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
‘ഇസ്രഈലികളോ അല്ലെങ്കില്‍ ഫലസ്തീനികളോ നിങ്ങളെയോ നിങ്ങളുടെ കുട്ടികളെയോ അടിച്ചു വീഴ്ത്തിയേക്കാം , അതിനുകാരണം നിങ്ങള്‍ റഫയിലെ വിഷയങ്ങളില്‍ കണ്ണടച്ചത് കൊണ്ടോ അല്ലെങ്കില്‍ ഇസ്രഈലി ബന്ദികള്‍ക്ക് വേണ്ടി നിലകൊണ്ടതുകൊണ്ടോ ആകാം. അപ്പോഴും നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഞാന്‍ പോരാടുമെന്നേ എനിക്ക് പറയാനുള്ളു. കാരണം ഞാന്‍ നിങ്ങളല്ല,’ എന്നായിരുന്നു അവരുടെ പോസ്റ്റ്.
Content Highlight: Vishal Dadlani promises job to CISF constable who slapped Kangana Ranaut