| Friday, 19th April 2024, 4:40 pm

വിജയ് ഈ സീന്‍ മുന്നേ വിട്ടതാ, ഇലക്ഷന്‍ ദിവസത്തില്‍ ചര്‍ച്ചയായി വിശാലിന്റെ വോട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2024ലെ ലോക്‌സഭാ ഇലക്ഷന്റെ ആദ്യഘട്ടം ഇന്ന് ആരംഭിച്ചു. തമിഴ്‌നാട്ടില്‍ ഇന്നായിരുന്നു തെരഞ്ഞെടുപ്പ്. സിനിമാമേഖലയില്‍ നിന്നുള്ള പലരും അവരുടെ വോട്ട് രേഖപ്പെടുത്തി. അതില്‍ ചര്‍ച്ചയായത് തമിഴ് നടന്‍ വിശാലിന്റെ വോട്ടാണ്. തന്റെ വോട്ട് രേഖപ്പെടുത്താന്‍ താരം സൈക്കിളിലാണ് പോളിങ് ബൂത്തിലേക്ക് പോയത്. 2021ലെ തമിഴ്‌നാട് അസംബ്ലി ഇലക്ഷന് നടന്‍ വിജയ് ഇതുപോലെ സൈക്കിളില്‍ വോട്ട് ചെയ്യാന്‍ പോയതുമായിട്ടാണ് വിശാലിനെ പലരും താരതമ്യം ചെയ്യുന്നത്.

2021ല്‍ വിജയ് സൈക്കിളില്‍ വോട്ട് ചെയ്യാന്‍ പോയത് പെട്രോള്‍ വിലവര്‍ധനവിനെതിരെയുള്ള പ്രതിഷേധമായിരുന്നുവെന്ന് പലരും വ്യാഖ്യാനിച്ചിരുന്നു. എന്നാല്‍ താന്‍ കാരണം പോളിങ് ബൂത്തില്‍ ട്രാഫിക്ക് തിരക്ക് ഒഴിവാക്കാനും, പോളിങ് ബൂത്ത് വീട്ടില്‍ നിന്ന് വളരെ അടുത്തായതുകൊണ്ടുമാണ് സൈക്കിള്‍ യാത്ര തെരഞ്ഞെടുത്തതെന്നും വിജയ്‌യുടെ മാനേജര്‍ അറിയിച്ചിരുന്നു.

എന്നാല്‍ എന്തുകൊണ്ടാണ് വിശാല്‍ തന്റെ വോട്ട് രേഖപ്പെടുത്താന്‍ സൈക്കിളില്‍ പോയതെന്ന വ്യക്തമല്ല. വിജയ്‌യെ പലപ്പോഴും അനുകരിക്കുന്നുവെന്ന് തമിഴ് സിനിമാലോകം അഭിപ്രായപ്പെടാറുണ്ട്. വിജയ്‌യെ ആരാധകര്‍ ദളപതി എന്ന് വിളിക്കുന്നത് പോലെ വിശാലിന് സിനിമാലോകം നല്‍കിയ പേര് പുരട്ചി ദളപതി എന്നാണ്. സിനിമക്ക് പുറമെ തന്റെ രാഷ്ട്രീയ നിലപാട് വിജയ് വ്യക്തമാക്കുന്നതുപോലെ വിശാലും പലപ്പോഴും രാഷ്ട്രീയാഭിപ്രായം പ്രകടിപ്പിക്കാറുണ്ട്.

തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയ്‌ക്കെതിരെ വിശാല്‍ പലപ്പോഴും ശബ്ദമുയര്‍ത്താറുണ്ട്. തമിഴ്‌നാട് കായികമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതതയിലുള്ള റെഡ് ജയന്റ്‌സ് സിനിമാവിതരണ മേഖലയില്‍ കാണിക്കുന്ന മോണോപോളിക്കെതിരെ കഴിഞ്ഞ ദിവസം വിശാല്‍ ശബ്ദമുയര്‍ത്തിയിരുന്നു. വിജയ് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ വിശാലും രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും വിശാല്‍ അത് നിരസിച്ചിരുന്നു.

Content Highlight: Vishal came in cycle for cast his vote

Latest Stories

We use cookies to give you the best possible experience. Learn more