| Monday, 15th April 2024, 10:52 pm

എന്റെ സിനിമ മാറ്റിവെക്കാന്‍ പറയാന്‍ നിങ്ങള്‍ക്കെന്ത് അധികാരം? ഉദയനിധിയുടെ റെഡ് ജയന്റ്‌സിനെതിരെ ആഞ്ഞടിച്ച് വിശാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമാ ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ അധികാരികള്‍ക്കെതിരെ സമരം ചെയ്ത് അവരെ അധികാരത്തില്‍ നിന്നിറക്കിയ നടനാണ് വിശാല്‍. തനിക്ക് അന്യായമെന്ന് തോന്നുന്ന കാര്യത്തിനെതിരെ പ്രതികരിക്കുന്ന വിശാല്‍ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. തമിഴ്‌നാട് സിനിമാവിതരണരംഗത്തെ മൊത്തമായി നിയന്ത്രിക്കുന്ന റെഡ്ജയന്റ്‌സ് മൂവിസിനെതിരെയാണ് വിശാല്‍ പ്രതികരിച്ചത്. നടനും തമിഴ്‌നാട് കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് റെഡ് ജയന്റ് മൂവീസ്.

തന്റെ മുന്‍ ചിത്രമായ മാര്‍ക്ക് ആന്റണിക്ക് തിയേറ്ററുകള്‍ നിഷേധിച്ചതും അതിന താന്‍ ചോദ്യം ചെയ്തതും സിനിമാമേഖലയിലെ മോണോപോളി ഇല്ലാതാക്കാനാണെനന്നും ആര്‍ക്കും സിനിമയെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നും വിശാല്‍ പറഞ്ഞു. മാര്‍ക്ക് ആന്റണിയുടെ പ്രൊഡ്യൂസര്‍ ഒന്നരമാസം മുന്നേ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നുവെന്നും എന്നാല്‍ റിലീസ് അടുത്തപ്പോള്‍ തിയേറ്ററുകള്‍ തരാന്‍ കഴിയില്ലെന്ന് റെഡ് ജയന്റ്‌സ് പറഞ്ഞുവെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ ചിത്രമായ രത്‌നത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘മറ്റൊരാളുടെ സിനിമ എപ്പോള്‍ റിലീസ് ചെയ്യണം, എപ്പോള്‍ ചെയ്യരുത് എന്ന് പറയാന്‍ ഇവര്‍ ആരാണ്? എന്റെ പ്രൊഡ്യൂസര്‍ വെയിലത്ത് നിന്ന് കഷ്ടപ്പെട്ട് ഒരു സിനിമ എടുക്കുമ്പോള്‍ ഏതോ ഒരുത്തന്‍ എ.സി റൂമിലിരുന്ന് അതിനെ ഇല്ലാതാക്കാന്‍ നോക്കുന്നതിനെതിരെ ഞാന്‍ എപ്പോഴും പ്രതികരിക്കും. സിനിമാമേഖലയില്‍ ഇവരുടെ മോണോപോളി ആരും ചോദ്യം ചെയ്യില്ലെന്ന ചിന്ത അവര്‍ക്കുണ്ട്. അത് പാടില്ല.

മാര്‍ക്ക് ആന്റണി എന്റെ സിനിമയുടെ റിലീസ് ഡേറ്റ് ഒന്നര മാസം മുന്നേ പ്രഖ്യാപിച്ചതായിരുന്നു. വിനായക ചതുര്‍ത്ഥി റിലീസ് ആക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ റിലീസിന് ഒരാഴ്ച മുന്നേ തിയേറ്റര്‍ തരാന്‍ പറ്റില്ലെന്ന് ഇവര്‍ പറഞ്ഞു. അതിനെ ഞാന്‍ ചോദ്യം ചെയ്തു. എന്റെ പ്രൊഡ്യൂസര്‍ 50 കോടിക്ക് മേലെ ചെലവിട്ട് എടുത്ത ഒരു സിനിമ എപ്പോല്‍ ഇറങ്ങണം, ഇറങ്ങരുത് എന്ന് തീരുമാനിക്കാന്‍ ഇവര്‍ ആരാണ്? അന്ന് പ്രശ്‌നമുണ്ടാക്കിയിട്ടാണെങ്കിലും എന്റെ സിനിമ റിലീസ് ചെയ്തു.

പ്രൊഡ്യൂസര്‍ക്ക് വലിയ ലാഭം ആ സിനിമ ഉണ്ടാക്കിക്കൊടുത്തു. ആദിയുടെ കരിയര്‍ ആ സിനിമ കാരണം മാറി. എന്റെ കരിയറില്‍ ഒരു വലിയ സക്‌സസ് ഉണ്ടായി. ഇങ്ങനെയുള്ള ഒരു സിനിമ അവര്‍ തടയാന്‍ നോക്കിയത് എന്തിനാണ്. സിനിമ ആരുടെയും കാല്ക്കീഴിലല്ല എന്ന് അവര്‍ മനസിലാക്കുക,’ വിശാല്‍ പറഞ്ഞു.

Content Highlight: Vishal against the monopoly of Red Giants movies in Tamilnadu

We use cookies to give you the best possible experience. Learn more