| Tuesday, 25th January 2022, 11:16 pm

പ്രണവിനെക്കാളും മുന്‍പേ കാസ്റ്റ് ചെയ്തത് ദര്‍ശനയെ: വിശാഖ് സുബ്രഹ്‌മണ്യന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നീണ്ട ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ കൊവിഡ് ഭീതിക്കിടയിലും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രണവ് മോഹന്‍ലാലും ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും ഒന്നിച്ച ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിലെ ദര്‍ശനയുടെ പ്രകടനം പ്രശംസ നേടിയിരുന്നു. പ്രണവിനെക്കാളും മുന്‍പേ ദര്‍ശനയെ ആയിരുന്നു കാസ്റ്റ് ചെയ്തതതെന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യം. കൗമുദി മൂവിസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഫെന്റാസ്റ്റിക്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലവ് ആക്ഷന്‍ ഡ്രാമ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ സെറ്റില്‍ വെച്ച് പലരും മെറിലാന്‍ഡ് റീലോഞ്ച് എന്നാണ് എന്ന് ചോദിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ വിനീതിനോട് ഞാന്‍ പറഞ്ഞിരുന്നു എന്നെങ്കിലും എന്റെ കൂടെ സിനിമ ചെയ്യുകയാണെങ്കില്‍ മെറിലാന്‍ഡിന്റെ ബാനറില്‍ ചെയ്യണമെന്ന്. ഇപ്പോള്‍ പടം ചെയ്യുന്നില്ല എന്നായിരുന്നു വിനീത് മറുപടി പറഞ്ഞത്.

അതുകഴിഞ്ഞ് ആദിയിലൂടെ അപ്പു വന്നു, അപ്പോഴും വിനീതിനോട് പറഞ്ഞു നമ്മള്‍ പടം ചെയ്യുകയാണെങ്കില്‍ അപ്പുവിനെ ഹീറോയാക്കണം എന്ന് പറഞ്ഞു. പിന്നീട് 2018ല്‍ വിനീത് ഇങ്ങോട്ട് വിളിച്ചിട്ട് ഒരു സബ്‌ജെക്ട് വന്നിട്ടുണ്ട് എന്ന പറഞ്ഞു. പക്ഷേ ഇപ്പോള്‍ ആരോടും പറയരുത്. എഴുതി കഴിയട്ടെ എന്ന് പറഞ്ഞു,’ വിശാഖ് പറഞ്ഞു.

‘സ്‌ക്രിപ്റ്റിന് ശേഷം ആദ്യം കഥ പറഞ്ഞത് ദര്‍ശനയോടാണ്. പ്രണവിനെക്കാളും മുന്‍പ് ദര്‍ശനയെ ഉറപ്പിച്ചിരുന്നു. അതിനു ശേഷം പ്രണവിനോട് കഥ പറഞ്ഞു. ഒരു ദിവസം കഴിഞ്ഞപ്പോള്‍ പ്രണവ് യെസ് പറഞ്ഞു. അതിനു ശേഷം വിനീത് ചെന്നൈയില്‍ പോയി കല്യാണിയോട് കഥ പറഞ്ഞു. എല്ലാവരും കഥ കേട്ടപ്പോള്‍ എക്‌സൈറ്റഡ് ആയിരുന്നു. ഒരു ദിവസത്തിനകം എല്ലാവരും യെസ് പറയുകയായിരുന്നു,’ വിശാഖ് കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ മാറ്റിവെച്ചപ്പോഴും ഹൃദയം റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.

വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിച്ചത്.

മെറിലാന്‍ഡ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം കൂടിയാണ് ഹൃദയം.


Content Highlight: vishakh subrahmannyam says darsan became part of the movie before pranav

We use cookies to give you the best possible experience. Learn more