| Monday, 20th February 2017, 3:32 pm

സിനിമ മാറിയാലും സുനിമാറില്ല: സുനിമാരെ വളര്‍ത്തുന്ന സിനിമാ വ്യവസായ രീതി നിലനില്‍ക്കുന്നിടത്തോളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചലചിത്ര നടിയ്‌ക്കെതിരെ ഉണ്ടായ നീചമായ ആക്രമണത്തെ അപലപിച്ചുകൊണ്ട് ചലചിത്ര ലോകവും, പൊതുസമൂഹവും ഏതാണ്ട് ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് വന്നു എന്നത് പ്രസ്തുത വാര്‍ത്ത നല്‍കിയ ഞെട്ടല്‍ നിലനില്‍ക്കുമ്പൊഴും ഒരു നേരിയ ആശ്വാസമാവുന്നുണ്ട്. എന്നാല്‍ ഈ അപലപിക്കലും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലുമൊക്കെ ഒരുവശത്ത് നടക്കുമ്പോഴും മറുവശത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു എന്നത് സ്ത്രീ സുരക്ഷ, ലിംഗ നീതി തുടങ്ങിയ വിഷയങ്ങളോടുള്ള നമ്മുടെ സമീപനത്തിന്റെ ആഴത്തെയും ആത്മാര്‍ത്ഥതയെയും ഒക്കെ വല്ലാതെ ചോദ്യം ചെയ്യുന്നുമുണ്ട്.

കോലാഹലങ്ങള്‍ ഒക്കെ ഒടുങ്ങുമ്പോള്‍ ആക്രമണം നടന്നത് ഒരു സ്ത്രീക്കെതിരേ ആയതുകൊണ്ടല്ല ഒരു സെലിബ്രിറ്റിയ്ക്ക് എതിരേ ആയിരുന്നു എന്നതിനാലല്ലേ ഈ ബഹളമൊക്കെയും എന്ന സംശയം തന്നെ ബാക്കിയാകുന്നു. അതിന് കാരണങ്ങളുണ്ട്.

ഇത്തരം സംഭവങ്ങള്‍ പൊതുസമൂഹത്തെ സ്പര്‍ശിക്കുന്നത്, മാധ്യമവും, ഭരണകൂട സംവിധാനങ്ങളും ഏറ്റെടുക്കുന്നത് ഒക്കെയും അതില്‍ അടങ്ങിയിരിക്കുന്ന അനീതിയുടെയും അമാനവികതയുടെയും ഉള്ളടക്കത്താലെന്നതിലുപരി സെന്‍സേഷണലിസത്തിന് ആനുപാതികമായാണെന്ന് തോന്നുന്നു. പലപ്പൊഴും കൃത്യത്തേക്കാള്‍ അതില്‍ ഇരയാക്കപ്പെട്ട വ്യക്തി , ആക്രമണത്തിന്റെ പ്രത്യക്ഷമായ പൈശാചികത, കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവരുടെ പശ്ചാത്തലം തുടങ്ങിയവയൊക്കെയാണ് നമ്മുടെ പ്രതികരണങ്ങളുടെ തീവ്രത നിശ്ചയിക്കുന്നത്.

ദില്ലിയില്‍ നടന്ന കൂട്ടബലാല്‍സംഗത്തിനെതിരേ വന്‍ ബഹുജന പ്രക്ഷോഭം സംഘാടകരില്ലാതെ തന്നെ ഉയര്‍ന്നുവന്നത് നാം കണ്ടു. എന്നാല്‍ അതില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട ആക്റ്റിവിസ്റ്റുകള്‍ പ്രത്യേക പട്ടാളനിയമം എന്ന കാടത്തത്തിന് ഇരയായ സ്ത്രീകളുടെ പക്ഷത്തുനിന്നുകൊണ്ട് അത്തരം ഒരു മുന്നെറ്റത്തിനാഹ്വാനം ചെയ്തത് അന്തരീക്ഷത്തില്‍ അലിഞ്ഞ് പോവുകയായിരുന്നു.

ഇത് കാണിക്കുന്നത് എല്ലാ അതിക്രമങ്ങളും ഒന്നല്ല, ചിലത് മറ്റുള്ളവയെക്കാള്‍ അപ്രസക്തമാണ് എന്ന് തന്നെയല്ലേ?

പതിനേഴാം തിയതി പുറത്തുവന്ന വാര്‍ത്ത

നമ്മുടെ തലസ്ഥാനത്ത് കേവലം ഏഴ് വയസ്സ് മാത്രമുള്ള ഒരു ബാലിക അയല്‍ക്കാരനും പൂജാരിയുമായ ഒരു മുപ്പതുകാരനാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട വാര്‍ത്ത പുറത്ത് വന്നത് പതിനേഴാം തിയതിയാണ്. വാര്‍ത്ത പുറത്തുവന്നത് പതിനേഴിനാണെങ്കിലും കൃത്യം നടന്നത് മൂന്ന് മാസം മുമ്പാണ്.

ഈ മാനമുള്ള ഒരു കുറ്റകൃത്യം നടന്നിട്ടും സമുദായത്തിന് മാനക്കേടാകുമെന്ന് കരുതി അടുത്തിടെവരെ കുട്ടിയുടെ മാതാപിതാക്കള്‍ വിവരം പുറത്ത് പറയാന്‍ തയ്യാറായില്ല എന്നതാണ് ഇവിടെ സര്‍വ്വപ്രധാനം. രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകയായ അശ്വതി ജ്വാല ഇടപെടുകയും കുടുംബത്തെ ഇതിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് അവര്‍ പൊലീസില്‍ പരാതിപ്പെടുന്നതും കുറ്റവാളി അറസ്റ്റിലാകുന്നതും.

നടിയ്ക്ക് നേരേ നടന്ന ആക്രമണം ചര്‍ച്ച ചെയ്യവേ മുഖ്യ വാര്‍ത്തയുടെ ഗൗരവത്തിന് ആക്കം കൂട്ടുന്ന ഉപവാര്‍ത്ത എന്ന നിലയില്‍ പ്രസ്തുത സംഭവത്തെ പല അന്തി ചര്‍ച്ചാ അവതാരകരും ഉദ്ധരിക്കുകയുണ്ടായി. അതില്‍ നിന്ന് ചുരുങ്ങിയത് ആ വാര്‍ത്ത അവര്‍ക്ക് അറിയാത്തതൊന്നുമല്ല എന്ന് വ്യക്തമാകുന്നു. എന്നിട്ടും അന്തിചര്‍ച്ച ഉണ്ടായില്ല. അതുകൊണ്ട് പൊതുബോധം മുറിപ്പെട്ടില്ല. ഐക്യദാര്‍ഢ്യ സമ്മേളനവും നടന്നില്ല.

അടുത്തപേജില്‍ തുടരുന്നു

സമുദായത്തിന്റെ മാനക്കേട്

ഇവിടെ ആ ബാലിക കടന്നുപോയ കടുത്ത നീതിനിഷേധത്തെ നിശബ്ദം സഹിക്കാന്‍ സ്വയം തീരുമാനിക്കുകയും അവളെ നിര്‍ബന്ധിതയാക്കുകയും ചെയ്ത മാതാപിതാക്കള്‍ ഉയര്‍ത്തിപ്പിടിച്ചത് സമുദായത്തിന്റെ മാനമാണ്. ഏജന്‍സി എന്നത് കുട്ടിക്കും അവകാശപ്പെടാവുന്ന ഒന്നാണെങ്കിലും അതിന്റെ പ്രയോഗം പ്രായോഗിക കാരണങ്ങളാല്‍ പലപ്പൊഴും കുട്ടികള്‍ക്ക് അപ്രാപ്യമാണെന്ന് വയ്ക്കാം.

അതുള്ള സ്ത്രീകള്‍ പോലും തങ്ങള്‍ അനുഭവിക്കേണ്ടിവന്ന അപമാനങ്ങളെ, നീതി നിഷേധങ്ങളെ ഉച്ഛരിക്കാന്‍ തയ്യാറാകുമ്പോഴൊക്കെ സമുദായത്തിന്റെ മാനം കരുതി അവളോട് നാവടക്കാന്‍ പറയുന്ന, അടക്കിയില്ലെങ്കില്‍ പൊത്തുന്ന സാമുദായിക നേതൃത്വങ്ങള്‍ നമുക്ക് പരിചയമുള്ള സ്ഥിതിക്ക് ഇതില്‍ അതിശയമില്ല.

നടിയ്ക്ക് അനുഭവിക്കേണ്ടിവന്ന അനീതിയ്‌ക്കെതിരേ അവര്‍ നിയമ നടപടികള്‍ തേടി മുന്നോട്ട് വന്നു. അതുതന്നെയാണ് അവരെ ഒരു ചലചിത്ര താരം എന്നതിലുപരി ഒരു പോരാളിയാക്കുന്നതും. പക്ഷേ അവരുടെ അനുഭവവുമായി ബന്ധപ്പെട്ട ചര്‍ച്ച തന്നെ മുമ്പും പല നടി മാര്‍ക്കും സമാനാനുഭവങ്ങള്‍ ഉണ്ടായതായും എന്നാല്‍ അവര്‍ അത് “പ്രശ്‌നമാക്കാന്‍” നിന്നില്ല എന്നും വ്യക്തമാക്കുന്നു.

മുതിര്‍ന്ന നിര്‍മ്മാതാവും ചലചിത്ര പ്രവര്‍ത്തകനുമായ സുരേഷ്‌കുമാറിന്റെ ഭാര്യ, മുതിര്‍ന്ന ചലചിത്ര നടിയും താരവുമായ മേനകയ്ക്ക് അഞ്ച് വര്‍ഷം മുമ്പേ ഇതുപോലൊരനുഭവം ഉണ്ടായി. ഭാവനയ്‌ക്കെതിരായ ആക്രമണം സംവിധാനം ചെയ്ത അതേ പള്‍സര്‍ സുനി തന്നെയാണ് അതും തിരക്കഥ എഴുതി സംവിധാനം ചെയ്തതെന്ന് സുരേഷ് തന്നെ പറയുന്നു.

എന്നാല്‍ മുതിര്‍ന്ന ചലചിത്ര പ്രവര്‍ത്തകനായിട്ടും അദ്ദേഹം പ്രസ്തുത കൃത്യത്തില്‍ ഭാര്യയെ കൊണ്ട് മൊഴി കൊടുപ്പിക്കാനും എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം നടക്കുന്നു എന്ന് ഉറപ്പ് വരുത്താനും മുതിര്‍ന്നില്ല. അപ്പോള്‍ പിന്നെ ഓടുന്ന വണ്ടിയില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ട സിബി മലയിലിന്റെ നായികയുടെ കാര്യം പറയണ്ടല്ലോ. അന്ന് പുതുമുഖമായിരുന്ന അവര്‍ കേസിനും പുക്കാറിനും ഒന്നും തയ്യാറായിരുന്നില്ല എന്നത് മനസിലാക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല. അത് അവരുടെ കുറവുമല്ല.

ഇതില്‍നിന്നൊക്കെ മനസിലാക്കേണ്ടതെന്താണ്? മതത്തിന്റെയും, സമുദായത്തിന്റെയും തൊട്ട് കുടുംബത്തിന്റെ വരെ അഭിമാനം പേറാന്‍ നിര്‍ബന്ധിതയായ, എന്നാല്‍ സ്വന്തമായി മാനാഭിമാന, നൈതീക ബോധങ്ങള്‍ ഉണ്ടാവുക നിഷിദ്ധമായ ഒരു വിഭാഗമാണ് സ്ത്രീ.അവളുടെ മാനാഭിമാനങ്ങള്‍ തൊട്ട് നൈതീകതാ വിചാരങ്ങള്‍ വരെ നിര്‍ണ്ണയിക്കുന്നത് ആണ്‍കോയ്മയാണ്. അതിനെ ചോദ്യം ചെയ്യുന്നതാവട്ടെ അന്യസംസ്‌കാര ദാസ്യവും, സ്വസമുദായ ഹത്യയുമാണ്!


സ്വയംഭൂവായ കുറ്റകൃത്യം

നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചുള്ള അന്തി ചര്‍ച്ചയില്‍ പങ്കുചേര്‍ന്നുകൊണ്ട് വികാര വിക്ഷിബ്ധമായ സ്വരത്തില്‍ നടന്‍ ജയറാം ഈ സംഭവത്തിലെ കുറ്റവാളികളെ തല്ലി കൊന്നുകളയണമെന്ന് പറയുന്നു. എന്നാല്‍ പെണ്ണിന്റെ ഹുങ്ക് (അതായത് സ്വാഭിമാനം) അടക്കാന്‍ അവളുടെ ശരീരത്തിനുമേല്‍ ഒരു ലൈംഗീക അധിനിവേശം നടത്തിയാല്‍ മാത്രം മതി എന്ന ഡയലോഗിന്റെ എത്രയെത്ര വ്യത്യസ്ത ഉച്ഛാരങ്ങള്‍ കൊണ്ട് കൂടി ഉണ്ടാക്കിയതാണ് അയാളുടെ വെള്ളിത്തിരയിലെ നായക പരിവേഷം എന്ന് അബദ്ധത്തിലെങ്കിലും തിരിച്ചറിയുന്നുണ്ടോ? ഇല്ല എന്നാണ് നടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന നടന്മാരും സംവിധായകരും ഒക്കെ ഉള്‍പ്പെടുന്ന താരലൊകത്തില്‍ നിന്ന് വന്ന പല പ്രതികരണങ്ങളിലും മുഴച്ച് നില്‍ക്കുന്ന ആണ്‍കോയ്മയുടെ ഭാഷ വ്യക്തമാക്കുന്നത്.

വ്യക്തികളെ ക്രൂശിച്ച് സ്വയം രക്ഷിച്ച് നിര്‍വൃതിയടയാനുള്ള അധികാരത്തിന്റെ അജണ്ട തന്നെയാണ് ഇത്തരം വാക്കുകളില്‍ അതിവൈകാരികതയുടെ ഭാരവും ഉള്ളടക്കം കൊണ്ട് അപ്പൂപ്പന്‍ താടിപോലെ ലഘുത്വവും ഒരേ സമയം പേറുന്ന പ്രതികരണങ്ങളിലൂടെ വെളിച്ചപ്പെടുന്നത്;

അതവര്‍ അറിഞ്ഞായാലും അല്ലെങ്കിലും. ഒരു കുറ്റകൃത്യവും സ്വയം ഭൂവല്ല, കുറ്റവാളിയും. അവ ഒരു രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ സദാചാര വ്യവസ്ഥയുടെ ഉപോല്‍പ്പന്നങ്ങളാണ്. ഉദാഹരണത്തിന് നടി ആക്രമിക്കപ്പെട്ട സംഭവം തന്നെ എടുക്കാം.

“”പ്രമുഖ നടിയെ””തട്ടിക്കൊണ്ട് പോയ സംഭവം വിശകലനം ചെയ്യുന്ന മാതൃഭൂമി ചര്‍ച്ച കണ്ടു. അതില്‍ സിനിമാ കമ്പനികള്‍ വിട്ടുകൊടുക്കുന്ന വാഹനങ്ങള്‍ നൂറുശതമാനം സുരക്ഷിതവും, അതിലെ ജീവനക്കാര്‍ നൂറുശതമാനം സത്യസന്ധരും മര്യാദക്കാരുമാണെന്നും രാജ് മോഹന്‍ ഉണ്ണിത്താനും സോനാ നായരും ഒരുപോലെ ഉറപ്പിച്ച് പറയുന്നു.

ഒപ്പം എന്തെങ്കിലും മര്യാദകേട് ഒരിക്കല്‍ കാണിച്ചാല്‍ അയാള്‍ രണ്ടാമതൊരവസരം ഇല്ലാത്തവണ്ണം ഇന്‍ഡസ്ട്രിയില്‍ നിന്ന് മൊത്തത്തില്‍ പുറത്താകും എന്നും. ഇങ്ങനെയൊരു സംഭവം ഇതാദ്യമാണെന്നും അവര്‍ പറയുന്നു. എന്നാല്‍ ചര്‍ച്ച പുരോഗമിക്കേ ഇതുപോലൊരു അളവിലേയ്ക്ക് വളര്‍ന്നില്ലെങ്കിലും സമാനമായ ഒരു ശ്രമം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടി മേനകയ്ക്ക് എതിരേയും നടന്നിട്ടുണ്ട് എന്ന് ഓര്‍ത്തെടുക്കുന്നു.

ടെലിഫോണില്‍ വന്ന അവരുടെ ഭര്‍ത്താവും നിര്‍മ്മാതാവും ആയ സുരേഷ് കുമാര്‍ ആ സംഭവത്തിനു പിന്നിലും ഇതേ സുനില്‍ കുമാര്‍ തന്നെ ആയിരുന്നു എന്ന് പറയുന്നു.

അടുത്തപേജില്‍ തുടരുന്നു


പിന്നീട് ചര്‍ച്ചയില്‍ നിന്ന് വ്യക്തമാകുന്ന ഒരു കാര്യം ഇയാള്‍ ആദ്യം ഒരു നടന്റെ പേഴ്‌സണല്‍ ഡ്രൈവറായി ജോലിചെയ്യുകയും കുഴപ്പക്കാരനാണെന്ന് കണ്ട് അയാള്‍ പുള്ളിയെ പിരിച്ചുവിടുകയും ചെയ്തിരുന്നു എന്നാണ്. തുടര്‍ന്ന് അതേ ചര്‍ച്ചയില്‍ നിന്ന് തന്നെ രണ്ട് നടന്മാരുടെയും ഒരു നിര്‍മ്മാതാവിന്റെയും പേഴ്‌സണല്‍ ഡ്രൈവറായിരുന്നതിന് ശേഷമാണ് ഇയാള്‍ മേല്പറഞ്ഞ നടിയുടെ ഡ്രൈവര്‍ ആയതെന്ന്, ഇവരൊക്കെയും ഇയാളെ കുഴപ്പക്കാരനാണെന്ന് കാലഗത്യാ തിരിച്ചറിയുകയും പിരിച്ചുവിടുകയും ചെയ്തവരാണെന്ന് വ്യക്തമാകുന്നു.

പക്ഷേ ഇയാള്‍ക്ക് ഇപ്പൊഴും ഫീല്‍ഡില്‍ നല്ല ഗ്രിപ്പുമാണ്!
ഈ ഇന്‍ഡസ്ട്രിയില്‍ എന്തെങ്കിലും മര്യാദകേട് ഒരിക്കല്‍ കാണിച്ചാല്‍ അയാള്‍ രണ്ടാമതൊരവസരം ഇല്ലാത്തവണ്ണം മൊത്തത്തില്‍ പുറത്താകും എന്ന ആദ്യമേ ആദ്യമേ സ്ഥാപിക്കപ്പെട്ട വിശ്വാസം ഓര്‍ക്കുക. അത് നിലനില്‍ക്കെ തന്നെയാണ് പതിനാലോളം ക്രിമനല്‍ കേസുകളില്‍ പ്രതിയായ ഇയാളുടെ സ്വാധീനം ഇതേ ഇന്‍ഡസ്ട്രിയുടെ ഭാഗമായ നാലുവ്യക്തികള്‍ക്ക് പ്രത്യക്ഷമായും ഒരാള്‍ക്ക് പരോക്ഷമായും ഉണ്ടായ ദുരനുഭവങ്ങള്‍ക്ക് ശേഷവും തുടരുന്നതും! ഇതില്‍ ദുരൂഹതയൊന്നുമില്ലേ?

തെളിയുക പാടായിരിക്കും; തൃപ്തിപ്പെടാം എന്നേ ഉള്ളു..

ഇതില്‍നിന്നൊക്കെ ഒരു കാര്യം ഊഹിക്കാം. മിക്കവാറും എല്ലാ ഇന്‍ഡസ്ട്രിയും അതിനുള്ളില്‍ തന്നെ ഒരു അധോലോകത്തെ പരിപാലിക്കുകയും അത് വഴി പല അവിശുദ്ധ വിലപേശലുകലും നീക്കുപോക്കുകളും നടത്തിയെടുക്കുകയും ചെയ്യുന്നു.

മുംബൈ സമാനമായ ഒരു അധോലോകം കൊച്ചിയിലും വികസിക്കുന്നു, കേരളം അരക്ഷിതമാകുന്നു എന്നൊക്കെ ചര്‍ച്ചയില്‍ വന്നിരിരുന്ന് വിലപിക്കുന്നവര്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗ്ഗം തന്നെയാണ് ഇവിടെ അത്തരം ഒരു മാഫിയയുടെ വളര്‍ച്ചയ്ക്ക് ഇടനിലക്കാരായി വര്‍ത്തിക്കുകയും ചെയ്യുന്നത്.

അതായത് ഡ്രൈവര്‍ സുനിയെ പോലുള്ള കുറ്റവാളികള്‍ വെറും അഭിനേതാക്കള്‍. അവര്‍ക്ക് മുകളില്‍ രചനയും സംവിധാനവും നടത്തി ഓരൊ ശരീര ചലനത്തെയും ക്യാമറാ അഥവാ മാദ്ധ്യമ വീക്ഷണകോണിനെയും നിയന്ത്രിക്കുന്ന ഒരു സൂപ്പര്‍ സംവിധായകനുണ്ട്.അതാണ് വിപണി. അത് ജാതി, മത, ലിംഗ, ലൈംഗീക താല്പര്യ, രാഷ്ട്രീയ നിരപേക്ഷമാണ്.

പക്ഷേ സ്വന്തം ലാഭത്തിനായി എന്തിനെയും എങ്ങിനെയും ഉപയോഗിക്കും. ഉപകാരമുള്ള ഉപകരണങ്ങളെ അവയുടെ ഉപഭോഗത്തില്‍ അന്തര്‍ലീനമായ അപകട സാദ്ധ്യത മനസിലാക്കി തന്നെ നിലനിര്‍ത്തും.കാരണം അവര്‍ക്ക് അത് ഉപയോഗിക്കാനറിയാം. തോക്ക് വൃത്തിയാക്കുന്നതിനിടയില്‍ വെടിപൊട്ടി ചാവുന്ന പട്ടാളക്കാരനെ പോലൊരു തമാശയല്ല സംവിധായകന്‍ മേജര്‍ രവി, ഷാജി കൈലാസുതൊട്ട് മഹാനടവൃന്തം ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാലും മമ്മൂട്ടി സുരേഷ് ഗോപി ജയറാം തുടങ്ങിയ ദിലീപാദികളൊന്നും.

ചലചിത്ര വ്യവസായത്തില്‍ പതിറ്റാണ്ടുകളും തലമുറകളും താണ്ടി നിലനില്‍ക്കുന്നവര്‍ നല്ലൊരു പങ്കും കലാകാരില്‍ ഉപരി സംരംഭകരായ വ്യവസായികള്‍ കൂടിയാണ്. ഇറങ്ങുന്നതില്‍ ചുരുക്കം സിനിമകളേ വിജയിക്കുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഈ വമ്പന്മാരുടെ വ്യാവസായിക പുരോഗതിയെ അമ്പേ അനിശ്ചിതത്വങ്ങള്‍ക്ക് ഇട്ടുകൊടുത്ത് ” രണ്ട് നാലുദിനങ്കൊണ്ടൊരുത്തന്റേ തൊളില്‍ മാറാപ്പ്”” കേറ്റി നിലനില്‍ക്കുന്നതുമല്ല ഇതിന്റെ സത്ത.

വഴിയറിയാതെ വന്നിറങ്ങുന്ന നിര്‍മ്മാതാവ് ഒടുക്കം വഴിവാണിഭക്കാരുടെ കയ്യില്‍ നിന്ന് ഒരു ബെര്‍മുഡയും ടീ ഷര്‍ട്ടും വാങ്ങിയിട്ട് വ്യസായം വിടുമായിരിക്കാം. പക്ഷേ ഇവിടെ കളി അങ്ങനെയൊരു “”ചൂതാട്ട സോഷ്യലിസത്തിന്റെ””യുമല്ല. അതായത് സാമാന്യ അര്‍ത്ഥത്തില്‍ ചൂതാട്ടം എന്നത് ഒരു ലെവലര്‍ ആണ്.


ഒരു അരിമണി മാത്രം മൂലധനമുള്ളവനും ജയിക്കുന്നതനുസരിച്ച് പിന്നെ അതിന്റെ ഇരട്ടി, അതിന്റെ ഇരട്ടി അങ്ങനെ ഭക്ഷ്യ ശ്രോതസ്സുകള്‍ വഴി അധികാരത്തില്‍ എത്താന്‍ ഒരു ചതിരംഗകളം നിറയുന്ന ദൈര്‍ഘ്യം വേണ്ടെന്ന് . പക്ഷേ അരി അഥവാ ധാന്യ വ്യവസായം അങ്ങനെ ഒരു ചൂതുകളിയല്ല. ഒരു വ്യവസായവും അല്ല.

കച്ചവടത്തിലെ അനിശ്ചിതത്വം അതില്‍ ലാഭം കൊയ്യുന്നവര്‍ മറ്റുള്ളവര്‍ക്കും കിട്ടട്ടെ വീതം എന്ന നിലയില്‍ തുറന്നിടുന്ന ഒന്നല്ല. അവിടെയാണ് കാര്‍ണിവെലില്‍ ഓരോ എറിക്കും ഒമ്പത് ഗ്ലാസ് തള്ളിയിടുന്ന പുതുമുഖ സാധാരണക്കാരനെ കൈകാര്യം ചെയ്യാന്‍ കൂടാരത്തിന് പിന്നില്‍ ഗുണ്ടകള്‍ ആവശ്യമായി വരുന്നത്.

ഇന്ന് മൊത്തത്തില്‍ ഒരു കാര്‍ണിവെല്‍ ആയി മാറിയിരിക്കുന്ന ചലചിത്ര വ്യവസായത്തിന്റെ വിവിധ ഏരിയകളില്‍ നിന്ന് അങ്ങനെ ഒരു തിരശീലാ ബാഹ്യ ഗുണ്ടാപട വികസിക്കുന്നത് അവിടെ നിലനില്‍ക്കുന്നവര്‍ക്ക്, നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അറിയാമെങ്കിലും പറയാന്‍ പറ്റില്ല.അതുകൊണ്ട് അത് ഇല്ലാതാവുകയും ഇല്ല. അതുകൊണ്ട് തന്നെ പള്‍സര്‍ സുനി ഈ കെസില്‍ കുടുങ്ങി അകത്തായി പരോളില്‍ ഇറങ്ങിയാലും സിനിമാ ഇന്‍ഡസ്ട്രിയില്‍ ഒരു ഗ്രിപ്പ് പിന്നെയും കാണും,

അതുകൊണ്ട് ദാ പറയുന്നതിനിടയ്ക്ക് പ്രതിയെ പിടിച്ചു എന്ന് പറയുന്നതിലൊന്നും കാര്യമില്ല. ഓഗസ്റ്റ് ഒന്ന് എന്ന സിനിമ ആണെന്ന് തൊന്നുന്നു ക്യാപ്റ്റന്‍ രാജു അഭിനയിച്ച, തീര്‍ത്തും അജ്ഞാതമായ ഒരു അസ്തിത്വം മരണം വരെ കാത്തുസൂക്ഷിച്ച ഒരു ക്രിമിനലിന്റെ, അന്വേഷണ ഓഫീസര്‍ക്ക് പോലും പരോക്ഷമായ ആരാധന തൊന്നുന്ന പ്രതിനായകന്റെ കഥ പറയുന്നത്.

സിനിമയില്‍ അയാളെ വകവരുത്തിയ ആളാണ് നായകനെങ്കില്‍ ഇന്‍ഡസ്റ്റ്രിയുടെ കഥയില്‍ ആ ക്രിമിനലാണ് നായകന്‍. പതിനാലോളം കേസുകളില്‍ പ്രതിയാണെന്ന വസ്തുത നിലനില്‍ക്കവേയും മുകേഷിനെയും, സുരേഷ് കുമാറിനെയും, ജോണി സാഗരികയെയും പോലെയുള്ള പ്രമുഖര്‍ക്ക് ഉണ്ടെന്ന് പറയപ്പെടുന്ന മുന്നനുഭവങ്ങളുടെ വെളിച്ചത്തിലായാലും പള്‍സര്‍ സുനിക്ക് അകത്ത് കിടന്നും തന്റെ ” ഇമേജ്” കാത്ത് സൂക്ഷിക്കാന്‍ പറ്റിയാല്‍ തൊഴില്‍ ഇവിടെ പിന്നെയും തുടരാനാവും . ആര്‍ക്കും ഒന്നും മനസിലാവില്ല. ആയാല്‍ തന്നെ വല്ലാണ്ട് വൈകും.

ഇത് കളി അതിന്റെ അതിഭൗതീക സംവിധായകര്‍ ജയിക്കാന്‍ വേണ്ടി മാത്രം ഡിസൈന്‍ ചെയ്തതാണ് ബ്രോ. കലിപ്പൊന്നും ഓടില്ല. വേണേ കൂടെ നിന്നോ!

We use cookies to give you the best possible experience. Learn more