രണ്ട് തരംഗങ്ങള്‍: പ്രവാസത്തില്‍നിന്ന് പൊള്ളത്തരത്തിലേക്കുള്ള പരിണാമദൈര്‍ഘ്യം
Opinion
രണ്ട് തരംഗങ്ങള്‍: പ്രവാസത്തില്‍നിന്ന് പൊള്ളത്തരത്തിലേക്കുള്ള പരിണാമദൈര്‍ഘ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th June 2017, 4:27 pm

പത്തേമാരിയില്‍ പുറപ്പെട്ട് ആയുസ്സിന്റെ ബലംകൊണ്ട് ദുബൈ കടപ്പുറത്തെത്തി നീന്തിക്കയറി ഏതെങ്കിലും അറബിയുടെ പിക്കപ്പ് വരുന്നതും കാത്ത് വഴിയോരത്തിരുന്ന ആദ്യകാല പ്രവാസികളുടെ അതിജീവനത്വരയുടെ സാഹസികത, അച്ഛനോ അമ്മാവനോ കൂട്ടുകാരനോ കാത്തുനില്‍പ്പുണ്ട് എന്ന ഉറപ്പില്‍ വിസിറ്റിങ് വിസയെടുത്ത് അന്യനാട്ടിലേക്കു പോകുന്ന പുതുതലമുറയ്ക്ക് മനസിലാകില്ല….



ഒന്നാം ഭാഗം


ചരിത്രം അവസാനിക്കുന്നില്ല

വ്യക്തിതലത്തിലെടുത്താല്‍ മദ്ധ്യവര്‍ഗ്ഗ പൊള്ളത്തരങ്ങളുടെ ഏറ്റവും ക്ലിനിക്കലായ ലക്ഷണങ്ങള്‍ പേറുന്ന ഒന്നാണ് ഗള്‍ഫ് പ്രവാസി സമൂഹം. എന്നാല്‍ ഒരു സമൂഹമെന്ന നിലയിലെടുത്താല്‍ കേരളം കഴിഞ്ഞ നാലഞ്ച് പതിറ്റാണ്ടുകള്‍ കൊണ്ട് കൈവരിച്ച സാമൂഹ്യ, സാമ്പത്തിക പുരോഗതികളുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ ഒന്നും.

ഈ വൈരുദ്ധ്യത്തെ കണക്കിലെടുക്കുകയോ, വിശകലനം ചെയ്യുകയോ കൂടാതെ രണ്ടാമത് പറഞ്ഞ വസ്തുതകൊണ്ട് ആദ്യം പറഞ്ഞ സത്യത്തിന്റെ വാ മൂടുക എന്നതാണ് നടപ്പ് രീതി. ചരിത്രബോധമില്ലാത്ത രേഖീയമായ വിശകലനങ്ങളേ സംബന്ധിച്ചിടത്തോളം പക്ഷംചേരല്‍, അതായത് പൊതുബോധത്തോട് ചേര്‍ന്ന് നില്‍ക്കലാവും അവലംബിക്കാവുന്നതില്‍ ഏറ്റവും സുരക്ഷിതമായ രീതിശാസ്ത്രമെന്നതിനാല്‍ അതില്‍ അതിശയവുമില്ല.

ഒന്നാമത്, ഇന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നത് പോലെ ഗള്‍ഫില്‍ തുടങ്ങുന്നതല്ല മലയാളിയുടെ പ്രവാസ ചരിത്രം. ഒന്നല്ല, ഒരുപാട് തരംഗങ്ങളും ഉപതരംഗങ്ങളുമുള്ള, ഓരോന്നും തീരത്തടിയിച്ച എക്കലിന്റെ സവിശേഷവും വ്യതിരിക്തവുമായ പ്രതിപ്രവര്‍ത്തനങ്ങളുള്‍ക്കൊള്ളുന്ന ഒന്നാണത്.

ആധുനിക കാലത്ത് കേരളത്തില്‍നിന്ന് അന്യനാടുകളിലേക്ക് സ്ഥിരമായോ, താല്‍കാലികമായോ കുടിയേറുന്ന പ്രക്രിയ തരംഗരൂപം പ്രാപിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായ സിലോണിലേക്കും, മലേഷ്യയിലേക്കും ഇന്ത്യയിലെ തന്നെ മദിരാശി, ബോംബെ, കല്‍ക്കട്ട തുടങ്ങിയ നഗരങ്ങളിലേക്കും ഉള്ള ഭാഗ്യാന്വേഷണ യാത്രകള്‍ വഴിയാവണം. ഇത്തരം യാത്രകള്‍ ബര്‍മയിലേക്കും, കറാച്ചിയിലേക്കും ഒക്കെ നടന്നിട്ടുണ്ട് ഈ കാലത്ത്. മലയാളത്തിലെ ആദ്യ ചലച്ചിത്രമായ വിഗതകുമാരനില്‍ തോട്ടപ്പണിയ്ക്കായി സിലോണിലേക്ക് പോകുന്നവരെക്കുറിച്ചുള്ള സൂചനകള്‍ ഉള്ളത് ഓര്‍ക്കുക.

രണ്ടാം തരംഗം ആരംഭിക്കുന്നത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ്. ബോംബെ, കല്‍ക്കട്ട, മദ്രാസ്, ബാംഗ്ലൂര്‍ തുടങ്ങിയ വ്യവസായനഗരങ്ങള്‍ മുതല്‍ സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ അന്യദേശങ്ങളിലേക്ക് വരെ ഭാഗ്യം തേടിപ്പോയവരുടെ ഈ തലമുറയില്‍ കായിക ശേഷിയും, അന്വേഷണത്വരയും മാത്രം കൈമുതലായി ഉണ്ടായിരുന്ന ഒന്നാം തലമുറ പ്രവാസികളില്‍ നിന്ന് വിഭിന്നമായി വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിച്ച അറിവ് എന്ന ഒരു പ്രത്യേകത ഉണ്ടായിരുന്നു.

1945 മുതല്‍ 60 വരെ നീളുന്ന ഈ കാലത്ത് നാട് വിട്ടവരില്‍ ഏറെയും ചുരുങ്ങിയത് പത്താം ക്ലാസ്സ് വിദ്യാഭ്യാസം എങ്കിലും നേടിയവര്‍ ആയിരുന്നു. അന്നത് ഇന്നത്തേത് പോലെ കേവലം ഒരു പ്രാഥമിക വിദ്യാഭ്യാസ യോഗ്യത മാത്രമായിരുന്നില്ല, മറിച്ച് സ്‌കൂള്‍ അദ്ധ്യാപനം, ഗുമസ്തപ്പണി തുടങ്ങി നിരവധി സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കുള്ള അടിസ്ഥാന യോഗ്യതയായിരുന്നു. ഇന്നത്തെ പോലെ വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമായിരുന്നില്ല എന്നതുകൊണ്ട് തന്നെ ആ കാലത്ത് പ്രവാസത്തിലേക്ക് കടന്നവര്‍ ഏറിയ പങ്കും സവര്‍ണ്ണ സമുദായങ്ങളില്‍ പെട്ടവരായിരിക്കണം എന്ന് വേണം അനുമാനിക്കാന്‍.

എണ്ണം കൊണ്ടും പ്രതിനിധാനം കൊണ്ടും താരതമ്യേനെ ചെറുതായിരുന്ന ഈ രണ്ട് തരംഗങ്ങള്‍ക്കും ശേഷമാണ് ഗള്‍ഫ് ബൂം എന്ന് നാം വിശേഷിപ്പിക്കുന്ന “പേര്‍ഷ്യ”യില്‍ പോക്ക് തുടങ്ങുന്നത്. ഇതില്‍ തന്നെ സവിശേഷമായ രണ്ട് വിഛേദങ്ങളുണ്ട്. തികച്ചും വ്യതിരിക്തമായ സ്വഭാവവിശേഷങ്ങളും, പശ്ചാത്തലവുമുള്ളവയാണിവ.

എന്നാല്‍ ഇതിനെയൊന്നും പരിഗണിക്കാതെ കാലാകാലങ്ങളായി കേരളത്തെ നിലനിര്‍ത്തിപ്പോരുന്ന, അതുകൊണ്ട് തന്നെ വിമര്‍ശനാതീതരായ വിശുദ്ധപശുക്കളാണ് തങ്ങള്‍ എന്ന അതിലെ ഏറ്റവും പുതിയ തലമുറയുടെ, അതായത് നമ്മളുടെ വാദം ഏറ്റവും മൃദുവായി പറഞ്ഞാല്‍ ചരിത്രനിഷേധിയായ ഒന്നാണ്.

ഗള്‍ഫ് പ്രവാസം

പ്രവാസമെന്ന പ്രക്രിയയുടെ വ്യാസം തൊഴിലും സമ്പത്തും തേടിയുള്ള ഒരുപറ്റം മനുഷ്യരുടെ യാത്ര പോലെ ഏകപക്ഷീയമായ ഒന്നല്ല മറിച്ച പ്രതിപ്രവര്‍ത്തനാത്മകമായ ഒന്നാണ്. അതുകൊണ്ട് അത് പ്രവാസിയെ എന്നപോലെ ആതിഥേയനെയും സ്വാധീനിക്കുന്നു. ആ പരസ്പര സ്വാധീനം സാമ്പത്തിക തലത്തില്‍ മാത്രമല്ല, സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മേഖലകളിലൊക്കെ വ്യാപിച്ച് കിടക്കുന്ന ഒന്നാണ്.

മലയാളിയും അറബ് നാടുമായുള്ള അത്തരം കൊടുക്കല്‍ വാങ്ങലുകളാകട്ടെ ഗള്‍ഫ് പ്രവാസം എന്ന് നമ്മള്‍ പൊതുവില്‍ വിളിക്കുന്ന അറുപതുകളില്‍ തുടങ്ങുന്ന പ്രതിഭാസത്തിനും സഹസ്രാബ്ദങ്ങള്‍ പിന്നോട്ട് വേരുകളുള്ള ഒന്നും. എന്നുവച്ചാല്‍ കോഴിക്കോട്ട് കടപ്പുറത്തുനിന്നും പത്തേമാരിയില്‍ കയറി ദുബായി കടപ്പുറത്ത് ഇറങ്ങിയ ആദ്യ മലയാളി കണ്ട അറബിയല്ല കേരളം കണ്ട ആദ്യ അറബി എന്ന്.

നമ്മള്‍ ഇവിടന്ന് പെട്ടിയും കെട്ടി അങ്ങോട്ട് പോകുന്നതിനും എത്രയോ മുമ്പ് അവര്‍ കേരളത്തിലേയ്ക്ക് വന്നിരുന്നു. നമ്മെ സംബന്ധിച്ചിടത്തോളം ഇന്ന് അറബി എന്നത് സമ്പത്തുമായി, അല്ലെങ്കില്‍ ഇസ്‌ലാം മതവുമായി ബന്ധപ്പെട്ട ഒരു രൂപകമാണ്. എന്നാല്‍ അറബ് നാട് ഇസ്‌ലാം മതം സ്വീകരിക്കുന്നതിനും മുമ്പ്, ക്രിസ്തുവിനും മുമ്പ് ബി.സി മുതല്‍ക്കേ അറബ് വര്‍ത്തകര്‍ ഇവിടെ വന്നിരുന്നു എന്ന് പറയപ്പെടുന്നു.

പഴയ നിയമത്തില്‍ വരെ അതിന്റെ സൂചനകളുണ്ടെന്ന് റോളണ്ട് ഈ മില്ലര്‍ പറയുന്നുണ്ട്. എന്തിന്, നമ്മുടെ സമകാലികനായ മുഹമ്മദ് ടി.എ 2001ല്‍ രചിച്ച ഒരു പ്രബന്ധത്തില്‍ അത് ഉദ്ധരണി സഹിതം ചൂണ്ടിക്കാണിക്കുന്നുണ്ട്.

“”One of the earliest references about the spice trade can be seen in the Old Testament. It says: “And King Solomon made a navy of ships in Eziongeber, which is beside Eloth, on the shore of the Red sea, in the land of Edom; and Hiram sent in the navy his servants, shipmen that had knowledge of the sea, with the servants of Solomon. And they came to Ophir, and fetched from thence gold.. . and brought it to King ~olomon.”” It again says, “I.. . Once in three years came the navy of Tharshish, bringing gold and silver, ivory, and apes and peacocks.”2 All these goods excepting silver were the products of Kerala ; the Hebrew names for ape (kapim) and peacock (Tukim) are obviously Tamil words. The place Ophir has been identified by some scholars with Beypore.

ഒപ്പം ഇസ്‌ലാം പൂര്‍വ്വ കലഘട്ടം മുതല്‍ക്കേ കേരളവുമായി അറബികള്‍ക്ക് ബന്ധമുണ്ടായിരുന്നതിന്റെ നിരവധി ഭാഷാ, സാഹിത്യബന്ധിയായ തെളിവുകളും അദ്ദേഹം നിരത്തുന്നു.(http://shodhganga.inflibnet.ac.in/bitstream/10603/40462/7/07_introduction.pdf)

പ്രവാസത്തിന്റെ ചില മറുപാഠങ്ങള്‍

ഇതില്‍ നിന്നൊക്കെ മനസിലാക്കേണ്ടത് കടല്‍ പോയിട്ട് ആറുകടക്കുന്നതിന് വരെ വിലക്കുണ്ടായിരുന്നിട്ടും പ്രവാസം കേരളത്തെ കടല്‍ വഴി തേടി ഇങ്ങോട്ട് വരികയായിരുന്നു എന്നാണ്. ആദ്യം പ്രവാസം നമ്മെ തേടിവന്നു. പിന്നെ നമ്മള്‍ അത് തേടിപ്പോയി. അതാണ് വസ്തുത. എന്നുവച്ച് പരസ്പരം ധനാത്മകമായി സ്വാധീനിക്കുന്ന ഒരു പ്രക്രിയയാണോ നമ്മള്‍ അതിനെ മനസിലാക്കിയതെന്ന് ചോദിച്ചാല്‍ നമ്മളോ, അറബികളൊ, യൂറോപ്യരോ അങ്ങനെ ഏതാണ്ട് ഒരു സമൂഹവും അങ്ങനെയല്ലതാനും

മുകളില്‍ പറഞ്ഞുവന്ന ആ ചരിത്രത്തിന്റെ പ്രതിയാഖ്യാനം, അതായത് അറബികള്‍ പ്രവാസം ഉപേക്ഷിക്കുകയും അല്ലെങ്കില്‍ അത് ജി.സി.സി രാജ്യങ്ങളിലേയ്ക്ക് ചുരുക്കുകയും ചെയ്ത പെട്രോള്‍ അനന്തര ഇക്കോണമിയുടെ വര്‍ത്തമാന അവസ്ഥ അവര്‍ ഇന്ന് മനസിലാക്കുന്നതില്‍ രസകരമായ ചില വൈരുദ്ധ്യങ്ങളുണ്ട്.

അറബ് ജനതയിലെ സാഹസികരായ ധൈഷണികര്‍ രചിച്ച അവരുടെ പ്രവാസത്തിന്റെ ആദ്യ പാഠം വംശമാഹാത്മ്യത്തിലുപരി കടന്നുപോയ ഭൗതിക യാഥാര്‍ത്ഥ്യങ്ങള്‍ എഴുതിയ അതിജീവനത്വരയുടെ സാഹസികതയാണ്. അതിനെ ബഹുനില കെട്ടിടത്തിലെ ശീതീകരിച്ച മുറികളില്‍ പിറന്നുജീവിക്കുന്ന, സഞ്ചരിക്കാന്‍ കാറുകളും ആജ്ഞ സ്വീകരിക്കാന്‍ “ഗദ്ദാമ”മാരും ഉള്ള അവരുടെ പുതിയ തലമുറയ്ക്ക് മനസിലാകില്ല എന്നതാണ് സത്യം.

പത്തേമാരിയില്‍ പുറപ്പെട്ട് ആയുസ്സിന്റെ ബലം കൊണ്ട് ദുബായ് കടപ്പുറത്തെത്തി നീന്തിക്കയറി ഏതെങ്കിലും അറബിയുടെ പിക്കപ്പ് വരുന്നതും കാത്ത് വഴിയോരത്തിരുന്ന നമ്മുടെ ഗള്‍ഫ് പ്രവാസത്തിന്റെ ആദ്യ തലമുറയെ കാറുമായി അച്ഛനോ അമ്മാവനോ കൂട്ടുകാരനോ കാത്തുനില്‍ക്കുന്നുണ്ട് എന്ന ഉറപ്പിലിന്ന് ഒരു വിസിറ്റിങ് വിസ എടുത്ത് അന്യനാട്ടിലേയ്ക്ക് പോകുന്ന നമുക്ക് മനസിലാകാത്തത് പോലെ. പ്രവാസമെന്നത് സമ്പത്ത് മാത്രമായിരുന്നില്ല; ക്രൂരമായ അനിശ്ചിത്വങ്ങളുടേതായ ഒരു മറുപാഠം കൂടി അതിനുണ്ട്. അത് നമ്മള്‍ ഗള്‍ഫ് പ്രവാസത്തിലെ രണ്ടാം തരംഗത്തില്‍ പെട്ട മലയാളികളും നമ്മള്‍ ഇന്ന് ഇവിടെ ഇടപെടുന്ന അറബികളും ഏതാണ്ട് ഒരുപോലെ അറിയാത്ത, അറിയാന്‍ മെനക്കെടാത്ത ഒന്നാണ്.

പണ്ട് അറബികള്‍ കേരളത്തില്‍ വന്നെങ്കില്‍ പിന്നെ നമ്മള്‍ അവിടേയ്ക്ക് പോയി. രണ്ടും ഏകപക്ഷീയമായ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നില്ല. പണ്ട് അറബികള്‍ ഇവിടെ വന്നത് കച്ചവടത്തിനായി കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും സമാഹരിക്കാനായിരുന്നുവെങ്കില്‍ ഇന്ന് നമ്മള്‍ അങ്ങോട്ട് പോകുന്നത് നമ്മുടെ മനുഷ്യവിഭവത്തിന്റെ കച്ചവടത്തിനായാണ്.

കച്ചവടബന്ധങ്ങളില്‍ ഔദാര്യങ്ങള്‍ക്ക് സ്ഥാനമൊന്നുമില്ല. ഞാന്‍ സ്ഥിരമായി ബീഡിയും മിഠായിയും വാങ്ങുമായിരുന്ന ഒരു പെട്ടിക്കട പിന്നീട് അരിയും പലവ്യഞ്ജനങ്ങളും കിട്ടുന്ന ഒരു മുറിക്കടയായി വികസിച്ചതും, പിന്നീട് അത് തുണിയും, തുകല്‍ ഉല്പന്നങ്ങളുമൊക്കെ കിട്ടുന്ന ഒരു ചെറിയ സൂപ്പര്‍ മാര്‍ക്കറ്റായി വികസിച്ചതും എന്റെ ഉപഭോഗ ശേഷികൊണ്ട് കൂടിയാണ്. എന്നുവച്ച് അത് ഞാന്‍ ചെയ്ത ഒരു ഔദാര്യമാകുന്നില്ലല്ലൊ. കച്ചവടം ഉപഭോക്താവിനെയും കച്ചവടക്കാരനെയും ഒരുപോലെ ആ പ്രക്രിയയുടെ ഭാഗമാക്കുന്നു. അഥവാ വ്യക്തികള്‍ എന്ന നിലയില്‍ അവര്‍ രണ്ട് പേരെയും അതില്‍ നിന്ന് പുറത്താക്കുന്നു.

കച്ചവടവും ലാഭവും

പ്രവാസത്തിന്റെ ചരിത്രം എന്നത് കച്ചവടത്തിന്റെ, അഥവാ ലാഭത്തിന്റെ ചരിത്രം കൂടിയാണെന്ന് നാം കണ്ടുകഴിഞ്ഞു; അത് പ്രവാസിയിലേയ്‌ക്കോ, ആതിഥേയരിലേയ്‌ക്കോ ഏകപക്ഷീയമായി ചുരുങ്ങുന്ന ഒന്നല്ല എന്നും. അറബികള്‍ പണ്ട് കേരളത്തില്‍ വന്ന് ഇവിടത്തെ കാട്ടില്‍ താനേ കിളിര്‍ത്ത് വളര്‍ന്നുകിടന്നിരുന്ന കാട്ടുവള്ളിയില്‍ സമൃദ്ധമായി ഉണ്ടാകുമായിരുന്ന കുരുമുളക് വിലതന്ന് വാങ്ങിക്കൊണ്ടുപോയി. അതവര്‍ മറിച്ചുവിറ്റ് വന്‍ ലാഭമുണ്ടാക്കി. ഇരുവശത്തും ലാഭം.

അതുപോലെ പിന്നീട് അറേബ്യന്‍ ഭൂഗര്‍ഭത്തില്‍ ആരും കൊണ്ടുചെന്ന് നിക്ഷേപിച്ചതല്ലാത്ത എണ്ണയുടെ ഒരു വന്‍ ശേഖരം യൂറോ അമേരിക്കന്‍ ഖനനസാങ്കേതികത പണം കൊടുത്ത് കുഴിച്ചെടുത്ത് മറിച്ച് വിറ്റ് തുടങ്ങിയ അവിടത്തെ പെട്രോളിയം ഇന്‍ഡസ്ട്രി. അത് പരോക്ഷ കാരണമാക്കിക്കൊണ്ട് നമ്മള്‍ തുടങ്ങിയ മനുഷ്യ വിഭവ കച്ചവടം.

എന്തുകൊണ്ട് നീ അന്യനാട്ടില്‍ പോയി കിടക്കുന്നു എന്ന് ഏതൊരു പ്രവാസിയോട് ചോദിച്ചാലും അവരുടെ ഉത്തരം അതുകൊണ്ട് ഗുണമുള്ളതുകൊണ്ട് എന്നായിരിക്കും. ഇതിന് ദേശ, വംശ, ലിംഗഭേദമില്ലതന്നെ. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റൊരു ദേശത്ത് ചെന്ന് അവിടെ ജീവിക്കുന്ന മനുഷ്യര്‍ ഇല്ല എന്നല്ല. പക്ഷേ അവരെ നമ്മള്‍ പ്രവാസി എന്നല്ല വിളിക്കുന്നത്. പ്രവാസമെന്നത് ചാരിറ്റി, മിഷനറി പ്രവര്‍ത്തനങ്ങളല്ല. അതൊരു ഭൗതീക പ്രതിഭാസമാണ്.

ആവര്‍ത്തനം പ്രഹസനമാകുമ്പോള്‍..

ചരിത്രം ആവര്‍ത്തിക്കുന്നു, ആദ്യം ദുരന്തമായി, പിന്നീട് പ്രഹസനമായി എന്നത് മാര്‍ക്‌സിന്റെ പ്രശസ്തമായ ഒരു വാചകമാണ്. ചരിത്രം ആവര്‍ത്തിക്കുന്നു എന്നതുകൊണ്ട് മാത്രം അതൊരു ദുരന്തമൊന്നും ആവുന്നില്ല, എന്നാല്‍ അതില്‍നിന്ന് നാം ഒന്നും പഠിക്കുന്നില്ല എന്നത് തീര്‍ച്ചയായും ഒരു ദുരന്തമാണ്. ആ ദുരന്തം പിന്നെയും പിന്നെയും സംഭവിക്കുന്നതിലൂടെ ചരിത്രത്തിന്റെ ആവര്‍ത്തനം ഒരു പ്രഹസനമായി മാറുന്നു. നമുക്ക് പിന്നെയും പിന്നെയും ഒരേ തെറ്റുകള്‍ ആവര്‍ത്തിക്കുവാനുള്ള ഒരു പരിഹാസ നാടക വേദിയായി നാം ചരിത്രത്തെ പുനര്‍സംവിധാനം ചെയ്യുന്നു.

ചാരിറ്റി പ്രവര്‍ത്തനമെന്ന നിലയിലല്ല ആരും പ്രവാസം സ്വീകരിക്കുന്നത് എന്ന് മുകളില്‍ പറഞ്ഞു. അതുപോലെ പ്രവാസത്തിന് ആതിഥേയത്വമരുളുന്ന ദേശത്തിനും ജനതയ്ക്കും കാണും അതിന്റേതായ ഭൗതിക കാരണങ്ങള്‍. നഷ്ടകച്ചവടമായിരുന്നുവെങ്കില്‍ സഹസ്രാബ്ദങ്ങള്‍ നീണ്ട ഒരു ബന്ധം അറബ് വര്‍ത്തകരും കേരളവും തമ്മില്‍ ഉണ്ടാവുകയില്ലായിരുന്നു. അവര്‍ മാത്രമായിരുന്നില്ല ഇവിടം തേടി വന്ന കച്ചവട സംഘങ്ങളും.

അതുപോലെ ഏതാനും പതിറ്റാണ്ട് മുമ്പ് മലയാളി ഗല്‍ഫിലെ പുതുനിര്‍മ്മാണ മേഖലയിലേയ്ക്ക് അദ്ധ്വാന ശേഷിയായി ചെന്ന് ചേര്‍ന്നത് അവിടം ഇന്ന് കാണുന്ന അവസ്ഥയിലേയ്ക്ക് മാറ്റുക എന്ന സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നില്ല. തിരിച്ച് ഇവിടത്തെ അധിക മനുഷ്യ വിഭവത്തിന് അതിജീവന മാര്‍ഗ്ഗമൊരുക്കാനായിരുന്നില്ല അവിടെ നടന്ന ഇന്‍ഫ്രാ സ്ട്രക്ചര്‍ വികസനവും. ചരിത്രം ചാരിറ്റിവഴി പ്രവര്‍ത്തിക്കുന്ന ഒന്നല്ല. അതൊരു ഭൗതീക പ്രതിഭാസമാണ്.

ഇതില്‍ രണ്ടറ്റത്തും ധനാത്മകമായ പരിണാമങ്ങള്‍ സംഭവിക്കുന്നുണ്ട് എങ്കില്‍ അത് കച്ചവടത്തില്‍ ചാരിറ്റിയും ഉള്ളതുകൊണ്ടല്ലേ എന്നൊരു സംശയം ഇവിടെ സ്വാഭാവികമായും ഉണ്ടാകാം. അതിനുത്തരം ഇതുവരെ പറഞ്ഞുവന്നതില്‍ തന്നെയുണ്ട്.

ഇവിടെ ചുമ്മാ വിളഞ്ഞുകിടന്നിരുന്ന കുരുമുളക് അറബികള്‍ ഉള്‍പ്പെടെയുള്ള വര്‍ത്തകര്‍ സംഭരിച്ച് കൊണ്ടുപോയി വിറ്റുണ്ടാക്കിയ ലാഭം അവര്‍ അതിന് പ്രതിഫലമായി നല്‍കിയ ദ്രവ്യത്തിന്റെ മൂല്യവുമായി ഒരു താരതമ്യവും അര്‍ഹിക്കുന്നതല്ല. ഈ പറഞ്ഞത് അറബികളില്‍ മാത്രം ഒതുങ്ങുന്നതുമല്ല. അത് കറുത്ത സ്വര്‍ണ്ണം തേടി ഇവിടെയെത്തിയ എല്ലാ വര്‍ത്തകര്‍ക്കും ഏറെക്കുറെ ബാധകമാണ്. അതുപോലെ തന്നെ പിന്നീട് ഇതേ അറേബ്യയില്‍, കേരളത്തില്‍ മണ്ണിന് മുകളില്‍ എന്നപോലെ അവിടെ മണ്ണിനടിയില്‍ വിളഞ്ഞ ഇന്ധനത്തെ കുഴിച്ച് വിറ്റ് യൂറോ-അമേരിക്കന്‍ കമ്പനികള്‍ ഉണ്ടാക്കിയ ലാഭവും.

അതായത് കച്ചവടത്തില്‍ ആനുപാതികമായ നേട്ടം രണ്ടറ്റത്തും ലഭ്യമാകുന്നു എന്നതിനാല്‍ ആത്യന്തികമായി അതൊരു ചാരിറ്റി പ്രവര്‍ത്തനമായി മാറുന്നില്ല എന്നത് പോട്ടെ, നീതിയുക്തം പോലുമാകുന്നില്ല. കാരണം മേല്പറഞ്ഞപോലെ അനുപാതത്തിലുള്ള ഭീമമായ അന്തരം തന്നെ.

അതുകൊണ്ട് പ്രവാസം വഴി പ്രവാസിക്കും അവര്‍ വാസം സ്വീകരിച്ച മണ്ണിനും ഒരുപോലെ ഗുണമുണ്ടാകുന്നത് അതില്‍ അന്തര്‍ലീനമായ കച്ചവടയുക്തിയിലൂടെ ആണെങ്കിലും ആ കാരണം കൊണ്ട് കച്ചവടം ഒരു സമഗ്ര, നിര്‍മ്മാണാത്മക ചാരിറ്റി പ്രവര്‍ത്തനമൊന്നും ആയിതീരുന്നില്ല എന്ന് വ്യക്തം. അങ്ങനെ ആണെന്ന് വരുത്തി തീര്‍ക്കാന്‍ ഇന്ന് വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട് എങ്കില്‍ പോലും.

ചരിത്രത്തിലെ ആവര്‍ത്തനങ്ങള്‍

ഇത് മനസിലാക്കാതെയുള്ള ആഖ്യാനങ്ങളാണ് ഒന്നുകില്‍ പ്രവാസിയെ, അല്ലെങ്കില്‍ അവരുടെ സാന്ദര്‍ഭിക ആതിഥേയരെ ആദര്‍ശവല്‍ക്കരിക്കാതെ വയ്യ എന്ന് പൊറുതിമുട്ടുന്നത്. ഇതിലെ അസംബന്ധങ്ങള്‍ മനസിലാക്കാനും ചരിത്രം തന്നെ മതിയാവും; അതിനെ വസ്തുനിഷ്ഠമായി സമീപിക്കണം എന്ന് മാത്രം.

ഗള്‍ഫ് പ്രവാസം കടന്നുപോയ രസകരമായ ചില ചരിത്രബന്ധിയായ ആകസ്മികതകളെ പരിശോധിച്ചാല്‍ ഈ കാര്യം വ്യക്തമാകും പെട്രോളിയം ഖനനം വഴി പൊടുന്നനേ ഉണ്ടായ സാമ്പത്തിക പുരോഗതിയും അത് സാദ്ധ്യമാക്കിയ ഇന്‍ഫ്രാസ്ട്രക്ചര്‍ വിപ്ലവവും ആ നാടിനെ, ഗള്‍ഫിനെ പുറത്തുനിന്നുള്ള അദ്ധ്വാനവിഭശേഷിയുടെ ഒരു സ്വാഭാവിക കമ്പോളമാക്കി മാറ്റുകയായിരുന്നു. എങ്ങനെ ചിന്തിച്ചാലും ധനാത്മകമായ ചരിത്ര സംഭവം.

എന്നാല്‍ ചരിത്രം മറക്കുവാനുള്ളതാണെന്നും പറയാം. കാരണം അത് വര്‍ത്തമാന ഡംബുകള്‍ക്ക് എന്നും ഒരു വെല്ലുവിളിയാണ്. നമ്മുടെ എല്ലാ പുരോഗതിയും നമ്മിലേയ്ക്ക് വ്യക്തിതലത്തില്‍, അതുകഴിഞ്ഞാല്‍ കുടുംബ പാരമ്പര്യത്തില്‍, പിന്നെ മത, സമുദായ പാരമ്പര്യത്തില്‍, പരമാവധി ദേശീയ പാരമ്പര്യത്തില്‍ ചുരുക്കുക എന്നത് മാനവിക പൊതുബോധം ഏതാണ്ട് പൊതുവായി പങ്കുവയ്ക്കുന്ന ഒരു പൊള്ളത്തരമാണ്.

അതുകൊണ്ട് തന്നെ പുറത്തുനിന്ന് വരുന്ന ഈ മനുഷ്യര്‍ തങ്ങളുടെ അവസരങ്ങള്‍, സ്വത്ത് കടല്‍ കടത്തിക്കൊണ്ടുപോകുന്നു എന്ന ഒരു ചിന്ത പുറത്തുനിന്നുള്ള മനുഷ്യരെ ഉള്‍ക്കൊള്ളുന്ന എല്ലാ സമൂഹങ്ങളിലും ഉണ്ട് താനും. പുറത്തുനിന്നുള്ളവരെ ഉള്‍കൊള്ളുകയല്ല, പല കാരണങ്ങളാല്‍ ഉള്‍ക്കൊള്ളേണ്ടിവരികയാണെന്നും അതില്‍ നമ്മുടെ തന്നെ ആവശ്യം എന്ന ഒന്ന് പ്രകടമാണെന്നും പക്ഷേ ആരും സമ്മതിക്കില്ല.

ചരിത്ര നിഷേധിയായ ഇത്തരം ഒരു സ്വത്വബോധം ഇന്ന് സാധാരണ അറബികളില്‍ രൂഢമൂലമാണ്. അവര്‍ പ്രവാസി സാന്നിദ്ധ്യത്തെ ഒരു സാമ്പത്തിക- സാംസ്‌കാരിക ഭീഷണിയായി കാണുന്നു. അതില്‍ തന്നെ പ്രബല ഭീഷണി “ഹിന്ദി” എന്ന ഇന്നത്തെ ഇന്ത്യാക്കാരന്‍. അതില്‍ ആരെന്ന് ചോദിച്ചാല്‍ മലബാരി അഥവാ മലയാളി.

ഇതിനും ഉണ്ടൊരു മറുപാഠം. അത് പ്രവാസജീവിതത്തിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഗുണഭോക്തൃസംസ്ഥാനമായ കേരളം തന്നെ ഇന്ന് ആഭ്യന്തര പ്രവാസത്തിന്റെ ഏറ്റവും വലിയ ആതിഥേയ പ്രദേശവുമായി മാറിയിരിക്കുന്നു എന്നതാണ്.

ചരിത്രത്തിന്റെ ആ ആവര്‍ത്തനത്തിലെ പ്രഹസനമാണ് നമ്മള്‍ അറബ് നാട്ടില്‍ പ്രദേശവാസികളില്‍നിന്ന് നേരിടുന്ന അതേ വിമര്‍ശനങ്ങളും, അവിശ്വാസവും, അസംതൃപ്തിയും നമ്മള്‍ നമ്മുടെ നാട്ടിലെത്തുന്ന പ്രവാസി തൊഴിലന്വേഷക സമൂഹത്തിനോടും പുലര്‍ത്തുന്നു എന്നത്. ഈ വിരോധാഭാസത്തിനാകട്ടെ ഗള്‍ഫ് പ്രവാസി സമൂഹമോ, നാട്ടിലെ അവരുടെ ബന്ധുസമൂഹമോ ഒരു നിലയ്ക്കും ഒരപവാദമല്ല താനും!

ഇവിടെനിന്ന് തിരിച്ച് പോയാല്‍ ആദ്യം നടത്തിയ നിരീക്ഷണം സംഗതമല്ല എന്ന് തോന്നുന്നുവോ? സമൂഹമെന്ന നിലയില്‍ പ്രവാസികള്‍, അറബികളും മലയാളികളും ഉള്‍പ്പെടെയുള്ളവര്‍ സാദ്ധ്യമാക്കിയ ലോക പുരോഗതിയെന്നത് സഞ്ചിതമായ ഒരു ചരിത്ര നിര്‍ദ്ധാരണ പ്രക്രിയയുടെ ഭാഗമായി ഉണ്ടായ യാദൃശ്ചികതകളായിരുന്നു. എന്നാല്‍ വ്യക്തി തലത്തില്‍ നമ്മള്‍ വര്‍ത്തമാന അറബികളും മലയാളികളും ഒരുപോലെ ആ ചരിത്രത്തെ നിഷേധിക്കുകയും പ്രവാസം കലര്‍പ്പുകള്‍ ഉണ്ടാക്കുന്നു എന്ന പൊതുബോധത്തിനൊപ്പം നില്‍ക്കുകയും ചെയ്യുന്നവരാണ് എന്നതാണ് സത്യം.

പ്രവാസമെന്തെന്നേ അറിയാത്ത ഒരു സമൂഹം ഇത്തരം പൊള്ളയായ നിരീക്ഷണങ്ങള്‍ക്ക് വശംവദമാകുന്നത് മനസിലാക്കാം. എന്നാല്‍ നമ്മുടേതോ, അറബികളുടേതോ അത്തരം സമൂഹമായിരുന്നില്ല എന്നതാണ് വിചിത്രം. കച്ചവടത്തിനായി ലോകത്തെമ്പാടും സഞ്ചരിക്കുകയും പലയിടങ്ങളിലും സെറ്റില്‍മെന്റുകളുണ്ടാക്കുകയും ചെയ്ത സമൂഹമാണ് അറബ് സമൂഹം. കേരളമാകട്ടെ പ്രവാസം സ്വീകരിച്ച് ലോകമെമ്പാടും സഞ്ചരിച്ച, ഇപ്പൊഴും അത് തുടരുന്ന ഒന്നും. പ്രവാസമെന്ന പ്രക്രിയയുടെ ഗുണഭോക്താക്കളായിരുന്നിട്ടും ഈ രണ്ടുസമൂഹങ്ങള്‍ക്കും ഇന്ന് തങ്ങളുടെ മണ്ണിലേക്ക് വരുന്ന അന്യനാട്ടുകാരെക്കുറിച്ച് ഭയവും, ആശങ്കയും വെറുപ്പുമാണെങ്കില്‍ അതിന്റെ കാരണം എന്താവും?

 

മദ്ധ്യവര്‍ഗ്ഗ പൊള്ളത്തരങ്ങള്‍ എന്ന് വേണമെങ്കില്‍ ഒറ്റവാക്കില്‍ പറയാം. ക്രയവിക്രയ ശേഷിയുള്ളവരുടെ താല്പര്യങ്ങള്‍ക്ക് അനുരൂപമായായിരിക്കും കച്ചവടം. പക്ഷേ അത് അവിടെ അവസാനിക്കുന്നില്ല. മിക്കവാറും എല്ലാ സമൂഹങ്ങളിലും വാങ്ങല്‍ ശേഷി ഏറ്റവും കൂടുതല്‍ കേന്ദ്രീകരിക്കുക അതാത് മദ്ധ്യവര്‍ഗ്ഗങ്ങളിലായിരിക്കും.

അതുകൊണ്ട് തന്നെ ആ മദ്ധ്യവര്‍ഗ്ഗ സമൂഹത്തിന്റെ സാംസ്‌കാരിക ശീലങ്ങളെ, അവ എത്ര പൊള്ളയായാലും ആധികാരിക പദവി നല്‍കി നിലനിര്‍ത്തുക കമ്പോളത്തിന്റെ ആവശ്യവും. ആഗോളവല്‍ക്കരണത്തിലൂടെ കമ്പോളം ലോകത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ അവരുടെ മുഖ്യപരിഗണനയായ മദ്ധ്യവര്‍ഗ്ഗത്തിന്റെ സാംസ്‌കാരിക ശീലങ്ങളെ അനിഷേദ്ധ്യമാക്കി ഉയര്‍ത്തുക എന്ന പദ്ധതി താരത്മ്യേനെ എളുപ്പമായി. മദ്ധ്യവര്‍ഗ്ഗ മീഡിയോക്രിട്ടി ലോകത്തിന്റെ തന്നെ നിലവാരമായി മാറി.

ചുരുക്കി പറഞ്ഞാല്‍ മേല്പറഞ്ഞ പൊള്ളത്തരങ്ങളെ പൊള്ളയെന്ന് വിളിക്കുക ഇന്ന് ഫലത്തില്‍ അസാദ്ധ്യമായി മാറി. അങ്ങനെ ചെയ്യുന്നത് ഒരുപാട് മനുഷ്യര്‍ പങ്കുവയ്ക്കുന്ന ധാരണകളെ, അവരുടെ യുക്തിയെ അപമാനിക്കലാണെന്നും അത് ഹിംസയാണെന്നും ആയി.

സത്യാനന്തര കാലത്തിലേക്ക് ചരിത്രം കടക്കുന്നതോടെ ഈ എപിസ്റ്റമോളജിക്കല്‍ ഹിംസകളുടെ യുക്തി അസംബന്ധങ്ങളുടെ ഒരു എപിക് തലം തന്നെ കൈക്കൊള്ളുന്നുവെന്ന് പറയാം. കേരളത്തില്‍ നല്ലൊരു ശതമാനം മനുഷ്യരെ മദ്ധ്യവര്‍ഗ്ഗ പദവിലേക്ക് ഉയര്‍ത്തിയത് പ്രവാസമാണ്. അപ്പോള്‍ ആ സമൂഹത്തില്‍ അതിന്റെ പൊള്ളത്തരങ്ങള്‍ പ്രകടമായും ഉണ്ടാകുന്നത് സ്വാഭാവികവും. പക്ഷേ ഇതിന്റെ ചരിത്ര പശ്ചാത്തലം വേണ്ടത്ര വിശദമായി പരിശോധിച്ചില്ലെങ്കില്‍ പ്രവാസം എന്നത് ഏതാണ്ട് ഏകമുഖമായ ഒരു പ്രക്രിയയായി വായിക്കപ്പെടുമെന്ന് മാത്രം.

(തുടര്‍ന്നു വരുന്ന ഭാഗങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും)