|

ഒരു മനുഷ്യനും വന്നില്ലെങ്കിലും എല്ലാ സിനിമകളും കുറഞ്ഞത് രണ്ടു ആഴ്ച എന്റെ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കും; വിശാഖ് സുബ്രഹ്മണ്യം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കേരളത്തില്‍ തിയറ്ററുകള്‍ തുറക്കുന്നതില്‍ പ്രതികരണവുമായി മെരിലാന്‍ഡ് സ്ഥാപകന്‍ സുബ്രഹ്മണ്യത്തിന്റെ ചെറുമകനും നിര്‍മാതാവുമായ വിശാഖ് സുബ്രഹ്മണ്യം. നിവിന്‍ പോളി നായകനായ ലൗ ആക്ഷന്‍ ഡ്രാമയിലൂടെ അജു വര്‍ഗ്ഗീസിനൊപ്പം നിര്‍മ്മാണ രംഗത്തേക്ക് എത്തിയ വിശാഖ് ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍-പ്രണവ്-കല്യാണി ചിത്രം ‘ഹൃദയത്തി’ലൂടെ നിര്‍മ്മാണ രംഗത്ത് ചുവടുറപ്പിച്ചിരിക്കുകയാണ്.

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ പ്രധാനമായും വമ്പന്‍ ബാനറുകളേയും വലിയ സിനിമകളേയും മാത്രമാണ് ലക്ഷ്യമിടുന്നതെന്നും അങ്ങനെ വരുമ്പോള്‍ ചെറിയ ചിത്രങ്ങള്‍ ഒരുക്കുന്ന നിര്‍മാതാക്കള്‍ക്ക് തിയറ്ററുകളില്‍ ചെയ്യുകയെന്നതല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ ഡാഡി.കോമിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നിരവധി ഓഫറുകള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ ഭാവിയില്‍ ഒരു ചെറിയ സിനിമ ചെയ്യുകയാണെങ്കില്‍ അവര്‍ ഈ ഓഫര്‍ മുന്നോട്ട് വെയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു തീയറ്റര്‍ ഉടമ എന്ന നിലയില്‍ തീയറ്ററുകളില്‍ ഇല്ലാത്ത അവസ്ഥയില്‍ ഇത്തരം പ്ലാറ്റ്ഫോമുകളുടെ ഒരു ഏകാധിപത്യം ഉടലെടുക്കുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആളുകള്‍ വന്നില്ലെങ്കില്‍ പോലും തീയറ്ററുകള്‍ തുറക്കുമ്പോള്‍ സാജന്‍ ബേക്കറി റിലീസ് ചെയ്യുമെന്ന് ഞാന്‍ അജുവിനോട് പറഞ്ഞിരുന്നു. സാങ്കേതിക വിദഗ്ദ്ധര്‍ അടക്കം ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം എന്റെ ഈ തീരുമാനത്തില്‍ സന്തുഷ്ടരാണ്’ വിശാഖ് പറഞ്ഞു.

യുവാക്കള്‍ തിയറ്ററുകളിലേക്ക് വരും എന്നുള്ള കാര്യത്തില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്നും വിശാഖ് പറഞ്ഞു. തിയറ്ററിലും ഇത് തന്നെയാണ് സംഭവിക്കുന്നതെന്നും നല്ല സിനിമ ആണെങ്കില്‍ യുവാക്കള്‍ അത് തീയറ്ററുകളില്‍ കാണുകയും അവരുടെ അഭിപ്രായം അറിഞ്ഞ് കുടുംബപ്രേക്ഷകര്‍ തീയറ്ററുകളിലേക്ക് എത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഹൃദയത്തിന് വേണ്ടി വിനീത് ശ്രീനിവാസനോ പ്രണവോ സാജന്‍ ബേക്കറിക്ക് വേണ്ടി അജു വര്‍ഗീസോ ഒരു രൂപ പോലും പ്രതിഫലം വാങ്ങിച്ചിട്ടില്ലെന്നും ഈ ചിത്രങ്ങള്‍ തീയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് ഇവരും പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും വിശാഖ് പറഞ്ഞു.

‘ഇത് പോലെ ഒരേ മനസ്സുള്ള വ്യക്തികള്‍ ഒന്ന് ചേര്‍ന്നാലേ കൊവിഡിന് മുന്‍പ് തിയറ്ററുകള്‍ എങ്ങനെയായിരുന്നുവോ അതേ നിലയില്‍ തിരിച്ചെത്തുവാന്‍ നമുക്ക് സാധിക്കൂ. തിയറ്ററുകള്‍ എല്ലാം തന്നെ കഴിഞ്ഞ ഒന്‍പത് മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഒരു രൂപയുടെ വരുമാനം പോലും കിട്ടുന്നുമില്ല’, വിശാഖ് പറഞ്ഞു.

ഒരു മനുഷ്യന്‍ വന്നില്ലെങ്കില്‍ പോലും കുറഞ്ഞത് രണ്ടു ആഴ്ച എങ്കിലും ഓരോ ചിത്രങ്ങളും തന്റെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും ഒരു തിയറ്റര്‍ ഉടമ എന്ന നിലയില്‍ അതെന്റെ കടമയാണെന്നും വിശാഖ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Vishak Subramanyam Talks About  Opening Theatre