രണ്ടായിരത്തിപതിനേഴ് ജനുവരി രണ്ട്; ഇന്ത്യന്‍ മതേതരത്വത്തിന്റെ ചരമദിനം?
Daily News
രണ്ടായിരത്തിപതിനേഴ് ജനുവരി രണ്ട്; ഇന്ത്യന്‍ മതേതരത്വത്തിന്റെ ചരമദിനം?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th January 2017, 12:23 am

നിര്‍ണ്ണായകമായ പല തിരഞ്ഞെടുപ്പുകളും ഉടന്‍ നടക്കാനിരിക്കെ ഇത് സൃഷ്ടിക്കുന്ന പ്രായോഗിക രാഷ്ട്രീയ അവസ്ഥ എന്താണ്? ബി.ജെ.പിക്ക് തങ്ങളുടെ ഹിന്ദുത്വ അജണ്ടകള്‍ പ്രത്യക്ഷമായി തന്നെ ഉയര്‍ത്തിപ്പിടിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ വിലക്കുകള്‍ ഒന്നുമില്ല. കാരണം 1995ലെ വിധി നിലനില്‍ക്കുന്നു. എന്നാല്‍ മറുപക്ഷം തങ്ങളുടെ ജാതീയവും, മതപരവും, സാമുദായികവുമായ സ്വത്വത്തെ മുന്‍ നിര്‍ത്തി സംഘടിക്കാനും ആ അജണ്ടയെ ചെറുക്കാനും ശ്രമിച്ചാല്‍ അത് നിയമവിരുദ്ധമായി വ്യാഖ്യാനിക്കപ്പെട്ടേയ്ക്കാം! ഇത്തരം ഒരു മതേതരത്വം ഭയപ്പെടുത്തുന്ന ഒന്നല്ലേ?


vish

രണ്ടായിരത്തിയേഴ് ജനുവരി രണ്ട് തിങ്കളാഴ്ച വന്ന, മതത്തിന്റെയോ വംശത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ ഭാഷയുടെയൊ പേരില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നത് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയും പതിവുപോലെ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളെ ഉല്പാദിപ്പിക്കുന്നുണ്ട്.

വിധിയെ അനുകൂലിക്കുന്നവര്‍ ഇത് ഭരണഘടനയിലെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നായ മതേതരത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് വാദിക്കുന്നു. സങ്കീര്‍ണ്ണമായ ബഹുസ്വര ഇന്ത്യന്‍ സാമൂഹ്യഘടനയിലെ ജാതി, മതം, വംശം, ഭാഷ തുടങ്ങിയ വിവിധ അടരുകളില്‍ തങ്ങള്‍ക്ക് അനുരൂപമായവയെ മാത്രം ഒറ്റതിരിച്ചെടുത്ത് കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന പതിവ് നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഇന്ന് വ്യാപകമാണെന്ന് വേണമെങ്കില്‍ പറയാം. ആ വാദത്തിന്റെ ഉള്ളടക്കം മാത്രം ആധാരമാക്കിയാല്‍ ഈ വിധി സ്വാഗതം ചെയ്യുന്നവരുടെ യുക്തി ഭദ്രമാണെന്നും തോന്നാം.

പ്രശ്‌നം ജാതി മത വംശ ഭാഷാ ഭേദങ്ങള്‍ക്കപ്പുറം വിശാലമായ ഒരു മതേതര മൂല്യത്തെ ആധാരമാക്കി പ്രവര്‍ത്തിക്കാന്‍ നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിനുള്ളില്‍ നിലനില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഒക്കെയും ഈയൊരു വിധിയിലൂടെ നിര്‍ബന്ധിതമായി തീരുകയാണെങ്കില്‍ അത് നല്ലതല്ലേ എന്ന നിഷ്‌കളങ്കമായ ആഗ്രഹ ചിന്തയല്ല.

Supreme_Court_India_new_Reuters_650_story

 

ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ മേല്‍പറഞ്ഞ ജാതി മത വംശ ഭാഷാ സ്വത്വങ്ങള്‍ അടയാളപ്പെടുന്നത് രേഖീയമായല്ല. അതുകൊണ്ട് തന്നെ അവയെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് വിഛേദിക്കുന്നതും പ്രത്യക്ഷവും, രേഖീയവുമായ പ്രത്യാഘാതങ്ങളാവില്ല ഉണ്ടാക്കുന്നത്. സുപ്രീം കോടതി വിധിയെ അതിന്റെ പ്രത്യക്ഷ മതേതര യുക്തി മാത്രം അവലംബിച്ച് ശ്ലാഘിക്കുന്നവര്‍ കാണാതെ പോകുന്നതും ഇതാണ്.

എന്താണ് ഇന്ത്യന്‍ മതേതരത്വം

മതേതരത്വം എന്നത് യൂറോപ്യന്‍ ആധുനികത കെട്ടിയിറക്കിയ ഒന്ന് എന്ന നിലയില്‍ അടിമുടി തള്ളിക്കളയേണ്ട ഒന്നല്ല. എന്നാല്‍ യൂറോപ്പില്‍ നിന്ന് വിഭിന്നമായ ഒരു സാമൂഹ്യ ചരിത്ര സാഹചര്യത്തില്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ ആ ആശയത്തെ അതുപോലെ എടുത്ത് പ്രയോഗിക്കാനുമാവില്ല.

ഭരണകൂടം ജാതി, മത, വംശ, വര്‍ഗ്ഗ, ഭാഷാ, ലിംഗ, ലൈംഗീകതാല്പര്യ  അതീതമായ ഒരു തുല്യ നൈതീകതയെ ഉയര്‍ത്തിപ്പിടിക്കണം എന്ന് മതേതരത്വം അനുശാസിക്കുന്നു.അതായത് ഭരണകൂടം മേല്‍പറഞ്ഞ തരം സ്വത്വങ്ങളില്‍ നിന്ന് തുല്യ അകലം പാലിക്കണം എന്ന്. ഇതില്‍ ആദ്യ ഭാഗം ഇന്ത്യന്‍ സാഹചര്യങ്ങളിലും സാധുവാണ്.

അതായത് ഭരണകൂടം കേവല ജാതി, മത ,വംശ, വര്‍ഗ്ഗ ,ഭാഷാ ലിംഗ, ലൈംഗീകതാല്പര്യ ബന്ധിയായ സ്വത്വ വിഭജനങ്ങളെ അതിന്റെ സമഗ്ര മാനവിക യുക്തിയില്‍ മനസിലാക്കാതെ അവയില്‍ എതേങ്കിലും ഒന്നിന്റെ, ചിലതിന്റെ പക്ഷം ചേര്‍ന്ന് നിലകൊള്ളാന്‍ പാടില്ല എന്ന അര്‍ത്ഥത്തില്‍. എന്നാല്‍ അതിനര്‍ത്ഥം ഇവയില്‍ നിന്ന് ഒക്കെയും തുല്യ അകലം പാലിക്കുകയും അതിലൂടെ ഇവയെ ഒക്കെയും ഫലത്തില്‍ ഒന്നാക്കി തീര്‍ക്കുകയും എന്നല്ല. കാരണം ഒരുപോലെ അകലം പാലിക്കാന്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ എല്ലാ ജാതികളുടെയും ഉള്ളടക്കവും, ചരിത്രവും ഒന്നല്ല.  

rss

 

മതങ്ങളുടെയോ, വംശങ്ങളുടെയോ, വര്‍ഗ്ഗങ്ങളുടെയോ ലിംഗങ്ങളുടെയോ, ലൈംഗീക താല്പര്യങ്ങളുടെ പേരില്‍ വര്‍ഗ്ഗീകരിക്കപ്പെരിരിക്കുന്നവരുടെയോ കാര്യത്തില്‍ ഒന്നും അങ്ങനെയല്ല. മേല്‍ പട്ടികപ്പെടുത്തിയ വര്‍ഗ്ഗീകരണങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ ആനുകൂല്യങ്ങളുടെയും, അടിച്ചമര്‍ത്തലിന്റെയും വിരുദ്ധ പാഠങ്ങളിലൂടെ കടന്ന് പോയ ഉപ വര്‍ഗ്ഗങ്ങളുണ്ട്.

ജാതി എന്ന് പറയുമ്പോള്‍ സവര്‍ണ്ണജാതികളുടെ സുഖ ശീതളമായ ചരിത്രാനുഭവമല്ല കീഴാള ജാതികളുടേത്.   വര്‍ണ്ണവ്യവസ്ഥയ്ക്ക് പുറത്ത് പഞ്ചമെരെന്ന് മുദ്രകുത്തി മാറ്റിനിര്‍ത്തപ്പെടുന്ന, “ദൃഷ്ടിയില്‍ പെട്ടാലും കുറ്റ”മുള്ള മനുഷ്യരുടെ ജാതി എന്ന അനുഭവം എങ്ങനെ സവര്‍ണ്ണരുടേതിന് തുല്യമാകും? അതങ്ങനെ അല്ലാതിരിക്കുന്നിടത്തോളം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നുള്ള ജാതിയുടെ യാന്ത്രികമായ ഒഴിവാക്കല്‍ അത്തരം സമൂഹങ്ങളുടെ രാഷ്ട്രീയ ഉണര്‍വ്വുകളില്‍ നിന്ന് അതിന്റെ മുഖ്യപ്രമേയത്തെ; ജാതിയെ, ജാതീയമായ കൊടുംവിവേചനങ്ങളുടെ ചരിത്രത്തെ കൊള്ളയടിക്കുകയല്ലേ?  ദളിതനും ആദിവാസിയുമുള്‍പ്പെടെയുള്ള വിഭാഗങ്ങളെയൊക്കെയും ഒരുമിച്ച് അടുക്കപ്പെടുന്ന ഹിന്ദു മതത്തിന്റെ കാര്യത്തില്‍ അത്തരം ഒരു സംവര്‍ഗ്ഗ നിര്‍മ്മിതി തന്നെയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

അംബേദ്കര്‍ തുടങ്ങിവച്ച അത്തരം ചോദ്യം ചെയ്യലുകളുടെ ഇങ്ങേ തലയ്ക്കല്‍ നിന്ന് ആ കൃത്യത്തിന്റെ ചരിത്രപരമായ നൈരന്തര്യം ഉറപ്പുവരുത്തുന്നുണ്ട് നമ്മുടെ സമകാലികനായ കാഞ്ചാ ഏലയ്യ, തന്റെ “എന്തുകൊണ്ട് ഞാനൊരു ഹിന്ദുവല്ല” എന്ന പുസ്തകത്തിലൂടെ.പഞ്ചമരും, ആദിവാസികളും ഫലത്തില്‍ ഉള്‍പ്പെടാത്ത ഹിന്ദു എന്ന വ്യാജ നിര്‍മ്മിതിയും, മറ്റ് മതങ്ങളുമായുള്ള തുലനവും ഇതുപോലെ അസംബന്ധം നിറഞ്ഞ ഒന്നാണ്.

………………………………………………………………………………………………………………………………………………………………………………………………………………………………..

ഒരു ബഹുമത സമൂഹത്തിലെ  ന്യൂനപക്ഷ വിഭാഗങ്ങളില്‍ മതം അടയാളപ്പെടുന്നത് അതിലെ ഭൂരിപക്ഷമതത്തിലേതിന് സമാനമായല്ല എന്നത് ഒരു അടിസ്ഥാന വിവരമാണ്. ഏറി വരുന്ന മതസംഘര്‍ഷങ്ങളുടെ വര്‍ത്തമാനത്തില്‍ പ്രത്യേകിച്ചും. രാഷ്ട്രീയവും, കായികവുമായ അധികാരം ഉപയോഗിച്ച് ഭൂരിപക്ഷ മതസമൂഹത്തിന്റെ പ്രതിനിധാനം അവകാശപ്പെടുന്ന ചില സംഘടനകള്‍ ഇതര ന്യൂനപക്ഷ സമൂഹങ്ങളെ വേട്ടയാടുകയും അതിലൂടെ ധ്രുവീകരിക്കപ്പെടുന്ന മതവികാരത്തെ ഉപയോഗിച്ച് തങ്ങളുടെ പാര്‍ലമെന്ററി അധികാരത്തെ വീണ്ടും ബലപ്പെടുത്തി നിര്‍ത്തുകയും ചെയ്യുന്ന അവസ്ഥ നിലനില്‍ക്കെയാണ് ഈ മതങ്ങളൊക്കെയും ഒരു വിധിയിലൂടെ കേവലമായി സമീകരിക്കപ്പെടുന്നത്.

മതത്തിന്റെ പേരില്‍ കൂട്ടം കൂടി മറ്റുള്ളവരെ ആക്രമിക്കുന്നത് തെറ്റ് എന്ന് പറഞ്ഞാല്‍ മനസിലാക്കാം. എന്നാല്‍ അതുപോലെ ഒരു തെറ്റാണ് ആക്രമിക്കപ്പെടുന്നവര്‍ തങ്ങള്‍ എന്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നുവോ ആ സ്വത്വം കേന്ദ്രമാക്കി സംഘടിക്കുന്നതും, പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും എന്നത് വിചിത്രമായ വാദമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതസ്വത്വം എന്നത് ആക്രമണോന്മുഖമായും , പ്രതിരോധാര്‍ത്ഥവും

ambedkar

ഇത്രയും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് ജാതി, മതം തുടങ്ങിയവ എന്നിരിക്കേ ഇതിലും സങ്കീര്‍ണ്ണമാകുന്നു ഇവയ്ക്കുള്ളിലെ ലിംഗ, ലൈംഗിക താല്പര്യബന്ധിയായ വര്‍ഗ്ഗീകരണങ്ങള്‍. കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന ആനുപാതിക നന്മയുടെ രാഷ്ട്രീയ പാഠങ്ങളിലല്ലാതെ ലിംഗ സമത്വം ഒരു ജാതിമത സമുദായങ്ങളിലും സാര്‍വ്വകാലികമായ ഒരു സാംസ്‌കാരിക തിരിച്ചറിവായി നിലനില്‍ക്കുന്നില്ല. ലൈംഗീക ന്യൂനപക്ഷങ്ങളാവട്ടെ പരിഗണനാ പരിധിയില്‍ പോലും എത്തുന്നില്ല എന്ന് മാത്രമല്ല മിക്കവാറും എല്ലാത്തിലും (എന്നുവച്ചാല്‍ എല്ലാറ്റിലും അല്ല എന്ന്) മുഖ്യധാരയില്‍ നിന്ന് ആട്ടി പായിക്കേണ്ട അധമ സ്വത്വങ്ങളായി തന്നെ നിലനില്‍ക്കുന്നു.

ഈ വൈവിദ്ധ്യങ്ങളോടൊക്കെയും തുല്യമായ അകലം പാലിച്ചുകൊണ്ട് ഒരു ഭരണകൂടത്തിന് വിശാലമായ മാനവികതയുടെ നൈതീക ഉള്ളടക്കത്തെ എങ്ങനെ നിലനിര്‍ത്താനാവും? അതായത് മതേതരത്വത്തെ ഉയര്‍ത്തിപ്പിടിക്കാനാവും? ഇന്ത്യന്‍ മതേതരത്വമെന്നത് ഭരണകൂടം  എല്ലാ  ജാതി, മത, വംശ പരിഗണനകളില്‍ നിന്നും പൂര്‍ണ്ണമായും വിമുക്തമായിരിക്കുക എന്നതല്ല,  അവയെ അതാതിന്റെ വ്യതിരിക്ത ചരിത്ര സ്ഥലങ്ങളില്‍ വച്ച് അഭിസംബോധന ചെയ്യുകയും അവിടങ്ങളിലാകെ നിറഞ്ഞ് നില്‍ക്കുന്ന വിവേചനങ്ങളുടെയും അനീതികളുടെയും വര്‍ത്തമാനകാലത്തിലേയ്ക്കുള്ള ഒഴുക്കിന് ഫലപ്രദമായി തടപണിയുകയും ചെയ്യുക എന്നതാണ്.

ഭയപ്പെടുത്തുന്ന ഈ പുതിയ മതേതരത്വം

ശിവസേനാ നേതാവായിരുന്ന മനോഹര്‍ ജോഷിയ്ക്ക് എതിരേയുള്ള അന്യായം തള്ളിക്കൊണ്ട് ഹിന്ദുത്വം എന്നത് ഒരു മതമല്ല, ജീവിത ചര്യയാണെന്ന് വ്യാഖ്യാനിച്ച 1995 ലെ വിധിയെ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ അവശ്യം കോടതി നിരസിക്കുകയായിരുന്നു. അതായത് ഹിന്ദു, ഹിന്ദുരാഷ്ട്രം, ഹിന്ദുത്വം തുടങ്ങിയ കല്പനകളെ ആധാരമാക്കിക്കൊണ്ടുള്ള സ്വത്വനിര്‍മ്മിതിയ്ക്കുള്ള ആഹ്വാനങ്ങളില്‍ ഉള്ള മതപരമായ ഉള്ളടക്കത്തെ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കണം എന്ന ആവശ്യം ഇവിടെ തള്ളപ്പെടുകയാണ്.

manoha-joshi

മനോഹര്‍ ജോഷി

നിര്‍ണ്ണായകമായ പല തിരഞ്ഞെടുപ്പുകളും ഉടന്‍ നടക്കാനിരിക്കെ ഇത് സൃഷ്ടിക്കുന്ന പ്രായോഗിക രാഷ്ട്രീയ അവസ്ഥ എന്താണ്? ബി.ജെ.പിക്ക് തങ്ങളുടെ ഹിന്ദുത്വ അജണ്ടകള്‍ പ്രത്യക്ഷമായി തന്നെ ഉയര്‍ത്തിപ്പിടിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ വിലക്കുകള്‍ ഒന്നുമില്ല. കാരണം 1995ലെ വിധി നിലനില്‍ക്കുന്നു. എന്നാല്‍ മറുപക്ഷം തങ്ങളുടെ ജാതീയവും, മതപരവും, സാമുദായികവുമായ സ്വത്വത്തെ മുന്‍ നിര്‍ത്തി സംഘടിക്കാനും ആ അജണ്ടയെ ചെറുക്കാനും ശ്രമിച്ചാല്‍ അത് നിയമവിരുദ്ധമായി വ്യാഖ്യാനിക്കപ്പെട്ടേയ്ക്കാം! ഇത്തരം ഒരു മതേതരത്വം ഭയപ്പെടുത്തുന്ന ഒന്നല്ലേ?

ഹിന്ദുത്വം ഒരു ജീവിത ചര്യയാണെന്ന് നിയമപരമായി സ്ഥാപിക്കുന്നതിന് മുമ്പ് സാങ്കേതികമായി  അതിന്റെ ഭാഗമായി എണ്ണപ്പെടുന്ന മനുഷ്യരില്‍ എത്രപേര്‍ അതിനോട് സാമൂഹ്യവും, രാഷ്ട്രീയവും, സാംസ്‌കാരികവുമായി ഐക്യപ്പെടുന്നു എന്ന്, ഹിന്ദുത്വം എന്നത് മേല്പറഞ്ഞ നിലകളില്‍ എങ്ങനെ നിലനില്‍ക്കുന്നു എന്ന് വേണ്ടത്ര അന്വേഷണങ്ങള്‍ നടത്തിയിരുന്നോ?

ഭരണഘടനാ ശില്‍പിയായ അംബേദ്കറുടെത് മുതല്‍ ഇന്ന് ജീവിച്ചിരിക്കുന്ന ദളിത്പക്ഷ എഴുത്തുകാരനായ കാഞ്ചാ ഏലയ്യ വരെയുള്ളവരുടേതായി വേറിട്ട ശബ്ദങ്ങള്‍ അടയാളപ്പെടുന്ന നിരവധി പുസ്തകങ്ങള്‍  ലഭ്യമാണെന്നിരിക്കെ അവ ഏതെങ്കിലും പരിശോധിച്ചിരുന്നുവോ?  കോടതി കണ്ടെത്തിയതുപോലെ ഹിന്ദുത്വം ഒരു ജീവിതചര്യയാണ് എന്നതല്ല, മറിച്ച് അതൊരു സവര്‍ണ്ണമാത്ര ജീവിതചര്യയാണ് എന്നതാവും കൂടുതല്‍ വസ്തുതാപരം എന്നിരിക്കെ  ഇവിടെ ഫലത്തില്‍ സംഭവിക്കുന്നത് ആ സവര്‍ണ്ണചര്യകള്‍ക്ക് ഒരു മതേതര പദവി കൈവരിക എന്നതാണ്.

kancha

കാഞ്ചാ ഏലയ്യ

സാധാരണ മതപരമായ പ്രശ്‌നങ്ങള്‍ പരിഗണിക്കുമ്പോള്‍ അതിലെ വിദഗ്ധാഭിപ്രായം അതാത് സമൂഹങ്ങളില്‍ നിന്ന് തേടുക എന്നതാണ് പതിവ്. എന്നാല്‍ ഇവിടെ  ഹിന്ദുവിന്റെ കാര്യത്തില്‍ തങ്ങള്‍ തന്നെ പണ്ഡിത മതം എന്ന സംഘപരിവാറിന്റെ അവകാശവാദത്തിന് കീഴില്‍ നമ്മുടെ നിയമവ്യവസ്ഥ പരോക്ഷമായി  കയ്യൊപ്പ് ചാര്‍ത്തുകയാണ്.

ഇത് സഘപരിവാറിയല്ലാത്ത ഒരു ഇന്ത്യാക്കാരന്‍ ഹിന്ദുവിന്റെ ഉള്ളില്‍ പോലും ഭയമേ ജനിപ്പിക്കുക്കു എന്നിരിക്കെ എന്താവും ഇതര ന്യൂനപക്ഷ മത, വംശ, ലിംഗ ഭാഷാ വിഭാഗങ്ങളില്‍ പെടുന്നവരുടെ ഉള്ളിലെ വികാരം? മറ്റൊന്നും സാധുവല്ലാത്ത വണ്ണം നമ്മുടെ ബഹുസ്വരജനാധിപത്യം ഒരൊറ്റ ശബ്ദത്താല്‍ വിലയം ചെയ്യപ്പെടുന്നു എന്ന് തന്നെയാണ് ഈ വിധിയുടെ ശ്രുതിയും ഒരു മതേതര ഭാരതീയന്റെ ചെവിയില്‍ മൂളുന്നത്.