മദ്ധ്യവര്‍ഗ്ഗത്തിലേക്കുള്ള കയറ്റം
Opinion
മദ്ധ്യവര്‍ഗ്ഗത്തിലേക്കുള്ള കയറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd June 2017, 3:11 pm

 


ആദ്യ തരംഗത്തില്‍ പെട്ട നൂറുകിലോ പെട്ടി കെട്ടി അഞ്ച് കൊല്ലത്തില്‍ ഒരിക്കല്‍ നാട്ടില്‍ വരുന്ന “വങ്ക”ന്മാര്‍ അവര്‍ ത്യാഗമെന്നൊക്കെ അഭിമാനിച്ചിരുന്ന വങ്കത്തരങ്ങള്‍ വഴിയാണ് ഇന്ന് നമുക്ക് വിലപേശി വില്‍ക്കാന്‍ പോന്ന സ്‌കില്ലുകള്‍ ഉണ്ടായത്.


ഗള്‍ഫ് പ്രവാസികളുടെ ഒന്നാം തലമുറ പരോക്ഷമായി നിറവേറ്റിയ പല ദൗത്യങ്ങളില്‍ ഒന്നായിരുന്നു വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നത്. കേരളം വലിയൊരളവില്‍ ഇന്നൊരു മദ്ധ്യവര്‍ഗ്ഗ സമൂഹമായി മാറിയിട്ടുണ്ട്. അതിന്റെ കാരണങ്ങളില്‍ ഏറെയൊന്നും കൊണ്ടാടപ്പെട്ടിട്ടില്ലാത്ത ഒന്നാണ് ഈ തലമുറയില്‍ പെട്ട മനുഷ്യരുടെ അദ്ധ്വാനം. അതിന് ഒരുപക്ഷേ ഒരു പ്രധാന കാരണം അവരുടെ പ്രത്യക്ഷ സംഭാവനകള്‍ സാമ്പത്തികമായി, അയക്കുന്ന ഡ്രാഫ്റ്റിലേക്ക് നമ്മള്‍ ചുരുക്കി വായിച്ചു എന്നതുമാവാം.

ഈ തലമുറയില്‍ പെട്ട മനുഷ്യരില്‍ നിന്ന് പ്രവാസി സാഹിത്യം ഉണ്ടായില്ല, ബുദ്ധിജീവികളും സാംസ്‌കാരിക നായകന്മാരും ഉണ്ടായില്ല, ഗ്രന്ഥങ്ങളുണ്ടായില്ല, ഉണ്ടായ ചുരുക്കം ചിലവയാകട്ടെ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടുമില്ല. എന്നാല്‍ രണ്ടാം തലമുറ അങ്ങനെയല്ല. സാഹിത്യരൂപത്തില്‍ അടയാളപ്പെട്ടില്ലെങ്കില്‍ പിന്നെ സാംസ്‌കാരിക അസ്തിത്വമില്ല എന്നതായിരുന്നല്ലോ നമ്മുടെ പതിവ്.അതുകൊണ്ട് ആ ജീവിതങ്ങള്‍ ദൃശ്യമായുമില്ല.


ഈ ലേഖനത്തിന്റെ ആദ്യ നാലു ഭാഗങ്ങള്‍ ഇവിടെ വായിക്കാം

ഒന്നാം ഭാഗംരണ്ട് തരംഗങ്ങള്‍: പ്രവാസത്തില്‍നിന്ന് പൊള്ളത്തരത്തിലേക്കുള്ള പരിണാമദൈര്‍ഘ്യം  

രണ്ടാം ഭാഗം രണ്ട്- അറബിപ്പൊന്നും കുറയുന്ന അകലങ്ങളും 

മൂന്നാം ഭാഗംഗള്‍ഫ് പ്രവാസത്തിന്റെ ഒന്നാം തരംഗം: വിമര്‍ശനങ്ങളും വസ്തുതയും 


പ്രവാസത്തിന്റെ അത്ര പരിചിതമല്ലാത്ത ഒരു അദ്ധ്യായം മലയാളിയെ കേള്‍പിച്ച “”ആടുജീവിതം”” നൂറുപതിപ്പ് ഇറങ്ങി. ബെന്യാമിന്‍ പ്രവാസജീവിതമവസാനിപ്പിച്ച് മുഴുവന്‍ സമയ എഴുത്തുകാരനായി മാറി. എന്നാല്‍ നജീബ് നയിച്ച ആടുജീവിതത്തിന്റെ കഥ ഒറ്റപ്പെട്ട ഒന്നല്ല. അത്തരം ജീതങ്ങള്‍, ഒരുപക്ഷേ അതിലും കഠിനമായവതന്നെ മുമ്പ് ഉണ്ടായിട്ടുണ്ട്. പക്ഷേ അവ സാഹിത്യമായില്ല. കാരണം അതിന് പോന്ന “മിച്ചം” എന്ന ആനുകൂല്യം അവര്‍ക്ക് ഇല്ലായിരുന്നു.

എന്നാല്‍ ഇന്ന് പ്രവാസത്തിന്റെ രണ്ടാം തരംഗകാലത്ത് കല, സാഹിത്യ മേഖലകളിലൊക്കെയും അവരുടെ സാന്നിദ്ധ്യമുണ്ട്. ചരിത്രപരമായ കാലഗണനാ സമ്പ്രദായം വച്ച് നോക്കുമ്പോള്‍ നിസ്സാരമായ, ഏതാനും പതിറ്റാണ്ടുകളുടെ അന്തരം മാത്രമുള്ള രണ്ട് ഘട്ടങ്ങള്‍ക്കിടയില്‍ നടന്ന ഭീമമായ ഒരു മാറ്റമാണിത്. ഒരുപക്ഷേ അതുകൊണ്ട് തന്നെയാവണം ആ മാറ്റവും അതിന്റെ കാരണങ്ങളും വേണ്ടത്ര പഠിക്കപ്പെടാതെ പോയതും.

രണ്ടാം തരംഗം

1990 ഓഗസ്റ്റ് രണ്ടാം തിയതി രാത്രി തുടങ്ങിയ ഇറാഖിന്റെ കുവൈറ്റ് ആക്രമണത്തോടെ ഒന്നാം തരംഗം അവസാനിക്കുന്നു എന്ന് കൃത്യമായി ഒരു കുത്തിടുന്നത് എത്രത്തോളം സംഗതമാകും എന്ന് സംശയമുണ്ടാകാം. എങ്കിലും അങ്ങനെ ഒരു വിഛേദത്തിന് സാദ്ധ്യതയുണ്ട് എന്ന് തന്നെ കാണാം.

കാരണം 1991 ഫെബ്രുവരി 28 ന് യുദ്ധം അവസാനിക്കുന്നതിനിടയിലുള്ള കാലഘട്ടത്തില്‍ കുവൈറ്റിലും, അതിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും നിന്ന് ഏതാണ്ട് മുഴുവന്‍ പ്രവാസികളും ഒഴിഞ്ഞ് പോകേണ്ടിവന്നു. ഇത് ഗള്‍ഫ് മുഴുവന്‍ വ്യാപിക്കുന്ന ഒരു യുദ്ധമായേക്കാം എന്ന ഭീതിയില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിരവധി പ്രവാസികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകാന്‍ നിര്‍ബന്ധിതരായി.

നവ ഉദാരവല്‍ക്കരണ പ്രക്രിയ മൂന്നാം ലോകത്തേയ്ക്ക് കടക്കുകയും വ്യാപിക്കുകയും ചെയ്യുന്ന പ്രക്രിയ ഏതാണ്ട് പ്രകടമാവുകയും ഗതിവേഗം ആര്‍ജ്ജിക്കുകയും ചെയ്യുന്നതും ഈ കാലഘട്ടത്തിലാണ്. സോവിയറ്റ് റഷ്യയുടെ പതനത്തോടെ ദീര്‍ഘമായ ഒരു കമ്യൂണിസ്റ്റ് സ്വപ്നത്തിന്റെ അന്ത്യം സിനിസിസം വിട്ട് യാഥാര്‍ത്ഥ്യമാകുന്ന കാലം.

ഇതൊക്കെ ഉല്പാദിപ്പിച്ച സാംസ്‌കാരിക ദാര്‍ശനിക പരിണാമത്തിലൂടെ കടന്നുപോയ ചെറുപ്പക്കാരുടെ തലമുറയാണ് കുവൈറ്റ് യുദ്ധത്തിനുശേഷം തൊണ്ണുറുകളുടെ രണ്ടാം പകുതിയോടെ കടല്‍ കടക്കുന്നത്. ഏതാണ്ട് 93-94 കലഘട്ടം മുതല്‍ തുടങ്ങുന്ന ഈ രണ്ടാം തരംഗം നാളിതുവരെയും തുടരുന്നു. ഈ പറഞ്ഞതിനര്‍ത്ഥം ഒന്നാം തരംഗത്തില്‍പെട്ട സകല മനുഷ്യരെയും പുറത്താക്കി പുതുതായി ഒരു മനുഷ്യവിഭവ ഇറക്കുമതി ആരംഭിച്ചു എന്നല്ല.

പഴയ തലമുറയില്‍പെട്ട തൊഴിലാളികള്‍ ഒന്നൊന്നായി അരങ്ങൊഴിഞ്ഞു. പുതിയ തൊഴിലാളികള്‍ക്ക് ഗള്‍ഫ് ഒരു പ്രലോഭനമായില്ല. ഇതൊക്കെ ചേര്‍ന്നാണ് ഗള്‍ഫ് പ്രവാസത്തിന്റെ ഈ പുതിയ തലമുറയെ ഒന്നാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഗള്‍ഫില്‍ സംഭവിച്ച വലിയൊരു വ്യത്യാസം അടിസ്ഥാന വര്‍ഗ്ഗത്തില്‍പെടുന്ന കേരളീയരായ തൊഴിലാളികളുടെ എണ്ണത്തില്‍ വന്ന വന്‍ ഇടിവാണ്. പുതിയതായി വരുന്നവര്‍ കുറഞ്ഞു എന്ന് മാത്രമല്ല ഉണ്ടായിരുന്ന പലരും അവധിക്ക് പോയിട്ട് തിരിച്ചും വന്നില്ല. മുന്‍ കാലങ്ങളില്‍ എണ്ണം കൊണ്ട് മലയാളി തൊഴിലാളികള്‍ക്ക് വന്‍ മേല്‍കൈ ഉണ്ടായിരുന്ന നിര്‍മ്മാണ മേഖലയില്‍നിന്നുള്ള അവരുടെ കൊഴിഞ്ഞുപോക്ക് ഇന്ന് ഏതാണ്ട് പൂര്‍ണ്ണമായിരിക്കുന്നു.

നിര്‍മ്മാണ മേഖലയിലുള്‍പ്പെടെ അടിസ്ഥാന വര്‍ഗ്ഗത്തില്‍പെട്ട തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുണ്ടായി എന്നുവച്ച് മലയാളി സാന്നിദ്ധ്യം ഗള്‍ഫില്‍ അന്യംനിന്നുപോയൊന്നുമില്ല. പക്ഷേ പിന്നീട് പ്രവാസം സ്വീകരിച്ച് ഗള്‍ഫിലേക്ക് പോയ മലയാളികളില്‍ നല്ലൊരു ശതമാനം ഉന്നത വിദ്യാഭ്യാസം നേടിയ പ്രൊഫഷണലുകള്‍ ആയിരുന്നു എന്നുമാത്രം.

ഐ.ടി പ്രൊഫഷണലുകള്‍, ഡോക്ടര്‍, നേഴ്‌സ്, എഞ്ചിനീയര്‍, അദ്ധ്യാപകര്‍, ബിസിനസ്സ് എക്‌സിക്യൂട്ടിവുമാര്‍ തൊട്ട് മെര്‍ചന്‍ഡൈസര്‍മാര്‍ വരെയുള്‍പ്പെടുന്ന ഈ തലമുറയില്‍ പെട്ടവരില്‍ ഏറിയപങ്കും മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉറപ്പ് വരുത്തിക്കൊണ്ട് പ്രവാസത്തിലേക്ക് കടന്നവര്‍ ആയിരുന്നു.

ഇതിനര്‍ത്ഥം തോണ്ണൂറുകള്‍ക്ക് മുമ്പ് ഗള്‍ഫ് നാടുകളില്‍ മുന്തിയ പദവികള്‍ അലങ്കരിച്ചിരുന്ന മലയാളികള്‍ ഇല്ലായിരുന്നു എന്നൊന്നുമല്ല. മറിച്ച് അവരായിരുന്നില്ല എണ്ണത്തില്‍ അധികവും എന്നുമാത്രം. അതായത് രണ്ടാം തരംഗത്തിലേയ്ക്ക് എത്തുമ്പൊഴേയ്ക്കും പ്രകടമായ ഒരു വലിയൊരു വര്‍ഗ്ഗവ്യത്യാസം സംഭവിക്കുന്നു.

മുന്‍ തലമുറയിലേത് പോലെ വിലപേശല്‍ ശേഷിയില്ലാത്ത വെറും ഭാഗ്യാന്വേഷികള്‍ ആയിരുന്നില്ല ഈ പുതിയ മനുഷ്യര്‍. ഗള്‍ഫ് പ്രവാസത്തിന്റെ ഒന്നാം തരംഗത്തിലെ പോലെ വ്യര്‍ത്ഥ സംരംഭങ്ങളുടെ ഒരുപാട് മാതൃകകള്‍ ഈ കഴിഞ്ഞ രണ്ടുമൂന്ന് പതിറ്റാണ്ടുകളില്‍ നിന്ന് ഒരുപാടൊന്നും കണ്ടെടുക്കാന്‍ ആവില്ല എന്ന് മുകളില്‍ പറഞ്ഞിരുന്നു. അതിന്റെ കാരണവും ക്രമേണ സംഭവിച്ച ഈ വര്‍ഗ്ഗ വ്യത്യാസമായിരുന്നു എന്ന് പറയാം.

നവ പ്രവാസിവര്‍ഗ്ഗം

വെറും ഭാഗ്യാന്വേഷികളുടേതായിരുന്നില്ല ഈ തലമുറ എന്നത് മാത്രമല്ല അവരെ വ്യത്യസ്തമാക്കുന്നത്. അറുപതുകളിലും എഴുപതുകളിലും കായികാദ്ധ്വാനശേഷി മാത്രം കൈമുതലായി വന്ന ചെറുപ്പക്കാര്‍ തൊണ്ണൂറുകളില്‍ എത്തുന്നതോടെ മദ്ധ്യവയ്‌സ്‌കരായി, രോഗികളായി പലതലങ്ങളില്‍ പല കാരണങ്ങളാല്‍ പുറന്തള്ളപ്പെട്ടു. എന്നാല്‍ ഇടക്കാലത്ത് വന്ന യൗവ്വനവും അദ്ധ്വാനശേഷിയും നഷ്ടപ്പെട്ടിട്ടില്ലാത്തവര്‍ക്ക് ഗള്‍ഫ് പ്രവാസം ഒരു സാമ്പത്തിക പ്രലോഭനമല്ലാത്ത അവസ്ഥ നാട്ടില്‍ ഉരുത്തിരിയുകയും ചെയ്തു.

എന്നുവച്ചാല്‍ അദ്ധ്വാനശേഷിയ്ക്ക് നാട്ടില്‍ കമ്പോളമില്ല, ഉണ്ടെങ്കില്‍ തന്നെ വിലയില്ല എന്ന അവസ്ഥ മാറി. അതോടെ ഈ വിഭാഗത്തില്‍ പെട്ട പലരും നാട്ടില്‍ പോയാല്‍ തിരിച്ച് വരാതെയായി. അതായത് ആഭ്യന്തര സാമ്പത്തികാവസ്ഥയില്‍ വന്ന പുരോഗതികൊണ്ട് കൂടിയാണ് ഗള്‍ഫ്പ്രവാസത്തിന്റെ രണ്ടാം തരംഗത്തില്‍ മേല്പറഞ്ഞതുപോലെ പ്രകടമായ ഒരു വര്‍ഗ്ഗ വ്യത്യാസം ഉണ്ടയത്.

ഒന്നാം തരംഗത്തില്‍പെട്ട മനുഷ്യര്‍ ലേബര്‍ ക്യാമ്പുകളിലും മറ്റുമായി ഏതാണ്ട് ഒറ്റപ്പെട്ട ജീവിതം നയിച്ചവരാണ്. ആഴ്ചയില്‍ ആറുദിവസവും ആറോടാറുമണി സമയം തൊഴിലും, ഓവര്‍ ടൈമുമായി അദ്ധ്വാനം.

ഒരു ദിവസം തരപ്പെട്ടാല്‍ അന്ന് അലക്കും “തേച്ച്”കുളിയും ഊണുകഴിഞ്ഞൊരു ഉച്ചയുറക്കവുമൊക്കെയായി ഇത്തിരി ആഢംബരം. അന്ന് വൈകിട്ട് ക്യൂനിന്ന് കിട്ടുന്ന മുറയ്ക്ക് കുടുംബവുമായി ഒരു അഞ്ച് മിനിട്ട് വര്‍ത്തമാനം. സാധാരണ അഞ്ച് വര്‍ഷം, അപൂര്‍വ്വം ചില കമ്പനികളിലെ ഭാഗ്യവാന്മാര്‍ക്ക് അതില്‍ കുറഞ്ഞ ഇടവേളകളില്‍ അവധി, നാട്ടില്‍ പോക്ക്. ഇതൊക്കെയായിരുന്നു പഴയ മലയാളി പ്രവാസികളുടെ കഥയെങ്കില്‍ ഇന്നത് മാറിയിരിക്കുന്നു.

നിത്യേനെ കുടുംബവുമായി സംസാരിക്കാത്ത, വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ പോകാത്ത ഒരു മലയാളിയും സാധാരണ ഗതിയില്‍ ഇന്ന് ഇവിടെ ഉണ്ടാവില്ല. അവര്‍ക്ക് പരിമിതമെങ്കിലും ഒരു സാമൂഹ്യ ജീവിതമുണ്ട് ഇവിടെയും നാട്ടിലും. കുടുംബത്തില്‍ അവര്‍ ഇന്ന് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ അവതരിക്കുന്ന ഒരു ദിവ്യനല്ലാതായിരിക്കുന്നു.

താരതമ്യേനെ മെച്ചപ്പെട്ട തൊഴില്‍, വേതന ലഭ്യതകൊണ്ട് ഇവരില്‍ ഭൂരിഭാഗത്തിനും കുടുംബത്തെ കൂടെ നിര്‍ത്താനാവുന്നു. അതിന് പറ്റാത്തവര്‍ക്കും കുടുംബ ജീവിതത്തിന്റെ ഇടവേള ഏതാണ്ട് ഒരു വര്‍ഷമായെങ്കിലും ചുരുക്കി കിട്ടിയിട്ടുമുണ്ട്. ഇവയൊന്നും താനെ സംഭവിച്ചതല്ല, നമ്മുടെ വ്യക്തിഗത മിടുക്കുകൊണ്ട് നാം നേടിയെടുത്തവയുമല്ല എന്നതാണ് ഇവിടെ നിര്‍ണ്ണായകമായ ഒരു തിരിച്ചറിവ്.

ബാറ്റണ്‍ കൈമാറ്റം

പറഞ്ഞുവരുന്നത് ഗള്‍ഫ് പ്രവാസത്തിന്റെ രണ്ടാം തരംഗത്തില്‍ പെടുന്ന നാം ഇന്ന് അനുഭവിക്കുന്ന ആനുകൂല്യങ്ങളൊന്നും നമ്മുടെ വ്യക്തിഗത നേട്ടങ്ങളല്ല എന്നാണ്. അത് ചരിത്രപരമായ ഒരു കൈമാറ്റത്തിലൂടെ നമ്മുടെ കയ്യിലെത്തിയ ഒരു ബാറ്റണ്‍ മാത്രമാണ്.

ആദ്യ തരംഗത്തില്‍ പെട്ട നൂറുകിലോ പെട്ടി കെട്ടി അഞ്ച് കൊല്ലത്തില്‍ ഒരിക്കല്‍ നാട്ടില്‍ വരുന്ന “വങ്ക”ന്മാര്‍ അവര്‍ ത്യാഗമെന്നൊക്കെ അഭിമാനിച്ചിരുന്ന വങ്കത്തരങ്ങള്‍ വഴിയാണ് ഇന്ന് നമുക്ക് വിലപേശി വില്‍ക്കാന്‍ പോന്ന സ്‌കില്ലുകള്‍ ഉണ്ടായത്.

പ്രവാസം എന്നത് “ഒരുപോക്ക്” അല്ലാതെ ഒരു വ്യവസ്ഥയൊക്കെ ഉള്ളതായി മാറിയത് ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ ഉണ്ടായ വന്‍ പുരോഗതിയിലൂടെയാണ്. അതായത് ഒന്നാം തരംഗത്തില്‍ പെടുന്ന മനുഷ്യരുടെ വ്യക്തിഗത ത്യാഗങ്ങളും, ലോകത്തെമ്പാടുമായി ഉണ്ടായ ശാസ്ത്ര, വിവര, സാങ്കേതിക വിദ്യകളിലെ വികാസവും, മനുഷ്യപക്ഷ ചിന്തകളും ഒക്കെ ചേര്‍ന്നുള്ള പ്രത്യക്ഷവും പരോക്ഷവുമായ പല ഇടപെടലുകളിലൂടെ സാദ്ധ്യമായ ഒന്നാണ് നാം ഇന്ന് അനുഭവിക്കുന്ന താരതമ്യേനെ സുഖകരവും ആയാസരഹിതവുമായ പ്രവാസം.

ഗള്‍ഫില്‍ പല സ്ഥലങ്ങളില്‍ നിന്നുമായി കഴിഞ്ഞ സ്വദേശി വല്‍ക്കരണത്തിന്റെ ഭീഷണി ഉയരാന്‍ തുടങ്ങിയിട്ട് ഏകദേശം രണ്ട് പതിറ്റാണ്ടോളമായി ഒരു എന്ന് വേണം പറയാന്‍. എന്നിട്ടും കേരളത്തില്‍ ഭയക്കുന്നതുപോലെ ഒന്നും സംഭവിച്ചില്ല. മറിച്ച് കഴിഞ്ഞ ഒരു പതിറ്റാണ്ടായി അവിടെയ്ക്ക് മനുഷ്യവിഭവം ഇറക്കുമതി ചെയ്യേണ്ടുന്ന അവസ്ഥയാണുണ്ടായത്. ഇന്ത്യയിലെ പ്രവാസി സമൂഹങ്ങളില്‍ ആദ്യതലമുറ തൊട്ടേ അടയാളപ്പെടുന്ന കേരളീയ സമൂഹം ഇന്ന് ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളവും ഒരു ആഭ്യന്തര “പേര്‍ഷ്യ”യായി മാറിയിരിക്കുന്നു.

ബംഗാളിലും, നോര്‍ത്ത് ഈസ്റ്റില്‍ നിന്നുമൊക്കെയുള്ള മനുഷ്യര്‍ ഇന്ന് “കേരളത്തില്‍ പോയി” നാലുകാശുണ്ടാക്കണമെന്ന് ചിന്തിക്കുന്നുവെങ്കില്‍ അതില്‍ നമുക്ക് ആപല്‍ശങ്കയല്ല, അഭിമാനമാണ് വേണ്ടതും. പറഞ്ഞുവരുന്നത് ഗള്‍ഫിലെ നിര്‍മ്മാണ മേഖല മുതല്‍ക്കുള്ള കായികാദ്ധ്വാനശേഷി മേല്‍കൈ നേടുന്ന മേഖലകളില്‍നിന്നൊക്കെ മലയാളി സമൂഹത്തിന്റെ വന്‍ കൊഴിഞ്ഞുപോക്ക് ഇവിടത്തെ സ്വദേശിവല്‍ക്കരണ ഭീഷണിയില്‍ ഉപരി നാട്ടില്‍ മെച്ചപ്പെട്ട വേതനം ലഭ്യമാണെന്നത് കൂടെ ചേര്‍ന്ന് ഉണ്ടാക്കുന്ന ഒന്നാണ്. പൊടുന്നനേ വന്‍ സംഖ്യകളിലുള്ള ഒരു തിരിച്ചുവരവ് മാത്രമേ നമ്മെ ബാധിക്കുകയുള്ളു. കാരണം ക്രമേണെയുള്ള തിരിച്ചുവരവ് ദീര്‍ഘകാലമായി നടന്നുകൊണ്ടിരിക്കുകയാണ് എന്നതും അവരെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ ആഭ്യന്തര തൊഴില്‍ മേഖല ഏതാണ്ട് സജ്ജമാണെന്നതും തന്നെ.

ഇതുവരെ പറഞ്ഞുവന്നത് ഒന്ന് സംഗ്രഹിച്ചാല്‍ ഈ രണ്ടാം തലമുറയിലെത്തുന്നതോടെ ഗള്‍ഫ് പ്രവാസി സമൂഹം ഏതാണ്ട് മദ്ധ്യവര്‍ഗ്ഗവല്‍ക്കരിക്കപ്പെട്ട് കഴിഞ്ഞിരുന്നു എന്ന് കാണാം. ഇവിടെ ദുരിത ജീവിതം നയിച്ചുകൊണ്ട് നാട്ടിലെ കുടുംബങ്ങള്‍ക്ക് സാമൂഹ്യവും, സാമ്പത്തികവുമായ കയറ്റം നേടിക്കൊടുത്ത ഒന്നാം തലമുറയില്‍നിന്ന് തികച്ചും വ്യത്യസ്തമാണിത്.

കാരണം അവര്‍ വരുന്നതുതന്നെ മദ്ധ്യവര്‍ഗ്ഗ കുടൂംബങ്ങളില്‍നിന്നാണ്. ഇവിടെ നയിക്കുന്നത് മദ്ധ്യവര്‍ഗ്ഗ ജീവിതമാണ്. അവര്‍ ലക്ഷ്യം വയ്ക്കുന്നതാവട്ടെ ഉപരിമദ്ധ്യ, വരേണ്യ, വര്‍ഗ്ഗ ജീവിതവും. തീര്‍ച്ചയായും ഇതില്‍ ആശ്ചര്യപ്പെടാനും ഒന്നുമില്ല. കാരണം ഒന്നാം തലമുറയിലെ പോരാളികള്‍ നമുക്ക് ബാറ്റണ്‍ കൈമാറിയത് പിന്നോട്ടോടാനല്ലല്ലൊ. എന്നാല്‍ അവരെ അപേക്ഷിച്ച് താരമ്യേനെ സുരക്ഷിതരാണ് നാം, സാമ്പത്തികമായും തൊഴില്‍പരമായും. അതിന് കാരണങ്ങളുണ്ട്.

എന്നാല്‍ അവ നാം പലപ്പൊഴും മനസിലാക്കുന്നത് പോലെ വ്യക്തിഗത മികവ് മാത്രമല്ല, അതില്‍ ഒരു സഞ്ചിത ചരിത്ര മൂലധനം കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ രാഷ്ട്രീയമുണ്ട്. എന്നാല്‍ രാഷ്ട്രീയാതീതമായ ഒരു സ്വാശ്രയത്വം ഉള്ളവര്‍ എന്ന് സ്വയം വിലയിരുത്തുന്ന പ്രവാസി മദ്ധ്യവര്‍ഗ്ഗം അത് പലപ്പോഴും കാണുന്നില്ല എന്ന് മാത്രം.

മദ്ധ്യവര്‍ഗ്ഗത്തിലെ ഞാന്‍ എന്ന കണ്‍കെട്ട്

മദ്ധ്യവര്‍ഗ്ഗമെന്നത് ദേശ വംശ വര്‍ണ്ണ ലിംഗ ഭേദമില്ലാത്ത ചില പൊതു സ്വഭാവങ്ങള്‍ സൂക്ഷിക്കുന്ന ഒന്നാണ്. വിവിധ ജാതി, മത സമൂഹങ്ങളില്‍ പെടുമ്പോഴും, തൊഴില്‍ പരമായ വൈവിദ്ധ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും, വരുമാനത്തില്‍ തന്നെയുംഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരിക്കുമ്പോഴും അവയെയൊക്കെ അപ്രസക്തമാക്കുംവിധം ഒരു പൊതു സ്വത്വം അവര്‍ക്കിടയിലുണ്ട്. അതിന്റെ പേര്‍ മദ്ധ്യവര്‍ഗ്ഗ സ്വത്വം എന്നാണ്. കറകളഞ്ഞ അരാഷ്ട്രീയത, ചരിത്രനിരാസം, ധൈഷണികതയോടുള്ള പുച്ഛം, വ്യക്തിവാദം തുടങ്ങിയവയാണ് ഈ മദ്ധ്യവര്‍ഗ്ഗ സാംസ്‌കാരികതയെ രൂപീകരിക്കുന്നത്.

ഗ്രാംഷി തന്റെ ജയില്‍ കുറിപ്പുകളില്‍ ബുദ്ധിജീവികളെക്കുറിച്ച് പ്രതിപാദിക്കുന്നിടത്ത് നടത്തുന്ന ശ്രദ്ധേയമായ ഒരുനിരീക്ഷണമുണ്ട്. വ്യാവസായിക, കാര്‍ഷിക തൊഴിലാളികളില്‍നിന്ന് ഉയര്‍ന്നുവരുന്ന ബുദ്ധിജീവികളായാല്‍ പോലും മതപരവും, ഭരണപരവുമായ അധികാര സ്ഥാപനങ്ങളുടെ ഭാഗമാകുന്നതോടെ അവരുടെ ധിഷണകള്‍ അതിനെ ജൈവ സ്വഭാവം

വെടിഞ്ഞ് വ്യവസ്ഥ നിര്‍മ്മിക്കുന്ന ഹെജമണി അഥവാ സാംസ്‌കാരിക മേല്‍കോയ്മയുടെ ഭാഗമായി മാറുന്നു എന്നതാണത്. കേരളത്തിലെയായാലും ഗള്‍ഫിലെയായാലും ഉത്തരാധുനിക മലയാളി മദ്ധ്യവര്‍ഗ്ഗത്തിന്റെ കാര്യത്തില്‍ ഇത് പൂര്‍ണ്ണമായും സാധുവാണ്.

പ്രവാസത്തിന്റെ ഒന്നാം തരം സ്വന്തം ജീവിതം വിലനല്‍കി നേടിയെടുത്തതാണ് ഈ വര്‍ഗ്ഗകയറ്റം എന്ന് കണ്ടു. എന്നാല്‍ അങ്ങനെ മദ്ധ്യവര്‍ഗ്ഗത്തിലേക്ക് കയറ്റം നേടിയെത്തിയ പുതുസമൂഹത്തിന് തനതായ ഒരു സാംസ്‌കാരിക ഉള്ളടക്കം കൂടി ഉറപ്പുവരുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. തങ്ങളുടെ അദ്ധ്വാനത്തിലൂടെ അവര്‍ സാദ്ധ്യമാക്കിയത് സാമ്പത്തികമായ ഒരു വര്‍ഗ്ഗ പരിണാമംമാത്രമാണെന്ന് പറയുമ്പോള്‍ സാംസ്‌കാരികമായ ഒരു പരിണാമത്തിന് കൂടി ചാലക ശക്തിയാവാന്‍ പോന്നവണ്ണം അവര്‍ക്ക് “”മിച്ചം വന്ന ചോറി””ല്ലായിരുന്നു എന്നതും പരിഗണിക്കണം.

അവര്‍ അതിനായി ആശ്രയിച്ച നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കാവട്ടെ നവോത്ഥാന കാലത്തെ സാംസ്‌കാരിക ഉണര്‍വുകളെ മുമ്പോട്ട് കൊണ്ടുപോകാനുമായില്ല.അങ്ങനെ അവര്‍ സാദ്ധ്യമാക്കിയ സാമൂഹ്യ പരിണാമം ഒടുവില്‍ അതിന്റെ സാംസ്‌കാരിക ലക്ഷ്യങ്ങള്‍ റദ്ദ് ചെയ്യപ്പെട്ട് കേവലം സാമ്പത്തികം മാത്രമായി ചുരുങ്ങി.

പ്രവാസത്തിന്റെ രണ്ടാം തരംഗത്തിലും കേരളത്തിന്റെ വിദേശ നാണയ ശേഖരത്തിലെ മുഖ്യസമ്പാദകരെന്ന പദവി ഗള്‍ഫ് പ്രവാസി സമൂഹത്തിന് തന്നെയാവും. പക്ഷേ അതിനപ്പുറം ഒന്നാം തരംഗം സാദ്ധ്യമാക്കിയ ധനാത്മക സാമൂഹ്യ, സാംസ്‌കാരിക പരിണാമങ്ങളെ മുമ്പോട്ട് കൊണ്ടുപോകാന്‍ അവര്‍ക്കായില്ല എന്ന് മാത്രമല്ല മദ്ധ്യവര്‍ഗ്ഗത്തിലേയ്ക്ക് ജ്ഞാനസ്‌നാനപ്പെടുന്നതോടെ അതിനെ തങ്ങളുടെ സാമ്പത്തികശക്തിയും വിലപേശല്‍ ശേഷിയുമുപയോഗിച്ച് അവര്‍ ഋണാത്മകമായി വഴിതിരിച്ച് വിടുകയും ചെയ്തു എന്നതാണ് വര്‍ത്തമാന സത്യം.

(തുടര്‍ന്നുള്ള ഭാഗങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും)