എട്ട്- രണ്ട് തരംഗങ്ങള്‍: പ്രവാസിയില്‍നിന്ന് പൊള്ളമനുഷ്യനിലേയ്ക്കുള്ള പരിണാമദൈര്‍ഘ്യം
Daily News
എട്ട്- രണ്ട് തരംഗങ്ങള്‍: പ്രവാസിയില്‍നിന്ന് പൊള്ളമനുഷ്യനിലേയ്ക്കുള്ള പരിണാമദൈര്‍ഘ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th August 2017, 4:56 pm

ഓരോ കത്തും കൈമാറുന്ന വികാരം നീ ഒറ്റയ്ക്കല്ല, അകലെയെങ്കിലും ഞങ്ങള്‍ ഉണ്ടെന്നതാണ്. പ്രവാസികള്‍ ശ്വസിച്ചിരുന്നത് അവര്‍ ചെന്നുപെട്ട നാട്ടിലെ അന്തരീക്ഷത്തില്‍നിന്ന് കിട്ടുന്ന ഓക്‌സിജനല്ല, ഈ കത്തുകളില്‍നിന്ന് കിട്ടുന്ന സ്വന്തം നാട്ടിലെ ഓക്‌സിജന്‍ തന്നെയാണെന്ന് മനസിലായ, കത്ത് ഒരു ഓക്‌സിജന്‍ സിലിണ്ടറാണെന്ന് മനസിലായ നാളുകള്‍.


 

പണ്ടൊക്കെ നാട്ടിലെത്തിയ ഉടന്‍ ഒരു പ്രവാസിക്ക് ചെയ്യാനുള്ള ആദ്യ കടമ ബാഗിലുള്ള പത്തും അമ്പതും വരുന്ന കത്തുകള്‍ പോസ്റ്റുചെയ്യുകയാണ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനവര്‍ഷത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഒന്നായ ഒമാനിലെത്തിയ ഞാനും പത്തുമാസം കഴിഞ്ഞ് ആദ്യ അവധിക്ക് പോകുമ്പോള്‍ അമ്പതൊന്നുമില്ലെങ്കിലും ഒരു പത്തോളം കത്തുകള്‍ കൊണ്ടുപോയിരുന്നു. ഒപ്പം പറയട്ടെ, ഇവിടെ ചിലവഴിച്ച ആദ്യ പത്ത് മാസങ്ങള്‍ക്കുള്ളില്‍ കുടുംബത്തില്‍ നിന്നും ബന്ധുമിത്രാദികളില്‍ നിന്നും നാട്ടില്‍ ഞാന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥി കൂട്ടുകാരി

/കാരില്‍ നിന്നും ഒക്കെയായി നൂറോളം കത്തുകള്‍ എനിക്ക് കിട്ടുകയും ചെയ്തിരുന്നു.

കത്തൊരു കടലാസല്ല, കാലഘട്ടം തന്നെയാണ്!

ഇന്ന് മദ്ധ്യവയസ്സില്‍ എത്തിനില്‍ക്കുന്ന മിക്കവാറും മനുഷ്യരുടെ യൗവ്വനാനുഭവങ്ങളില്‍ കത്തെന്നത് ഒരു മുഖ്യ വിനിമയ ഉപാധിയായിരുന്നു എങ്കിലും അവര്‍ അതിന്റെ പ്രസക്തി വേണ്ടുംവണ്ണം മനസിലാക്കിയിരുന്നോ എന്നത് സംശയമാണ്. കത്തൊരു വലിയ സംഭവമാകുന്നത് കാത്തിരിക്കുന്നവരിലൂടെയാണ്. തപാല്‍ വകുപ്പൊക്കെ ഉണ്ടാകുന്നതിനും മുമ്പേ മേഘം തൊട്ട് ഹംസംവരെയുള്ള സന്ദേശവാഹകര്‍ വഴി കത്ത് നമുക്ക് പരിചിതമാണ്.

പക്ഷേ അതിനൊരു വൈകാരിക പ്രാധാന്യമുണ്ടാകണമെങ്കില്‍ ആശയവിനിമയത്തില്‍ രചനയ്ക്ക് ഓല മുതല്‍ കടലാസ് വരെയുള്ള എഴുത്ത് പ്രതലങ്ങളെ മുതല്‍ അതിന്റെ കൈമാറ്റത്തിന് മേഘം, ഹംസം, പ്രാവ് തുടങ്ങി തപാല്‍ ശിപായിവരെയുള്ള മാദ്ധ്യമങ്ങളെ ആശ്രയിച്ചിരുന്ന അതിദീര്‍ഘമായൊരു കാലത്തെ, അതില്‍ ഓരൊന്നിലും വിവിധ അളവുകളില്‍ നിലനിന്നിരുന്ന കാത്തിരിപ്പിനെ, അതുളവാക്കുന്ന വൈകാരിക പിരിമുറുക്കത്തെ മനസിലാവണം. എങ്കിലേ കത്തൊരു കടലാസല്ല, കാലമായിരുന്നു എന്ന് ഇന്ന് മനസിലാവൂ.

ഞാന്‍ ആദ്യം പറഞ്ഞ, കൊണ്ടുപോകുന്ന കത്തുകളുടെ മൂല്യം അത് പോസ്റ്റുചെയ്യുമ്മുമ്പേ എനിക്ക് മനസിലായിരുന്നു എന്ന് പറയാം. ജന്മാന്തര ജ്ഞാനത്തിലൂടെയൊന്നുമല്ല, മറിച്ച് എനിക്ക് കിട്ടിയെന്ന് മുമ്പ് പറഞ്ഞ നൂറോളം കത്തുകളില്‍ പലതും പലരും ഒമാനിലെ പല സ്ഥലങ്ങളില്‍ നിന്നായി എന്റെ വിലാസത്തില്‍ കൊണ്ടുവന്ന് പോസ്റ്റ് ചെയ്തവയായിരുന്നു എന്നതില്‍നിന്നാണത്.

അവ ഓരോന്നും കരയില്‍ പിടിച്ചിട്ട മീനിനെപ്പോലെ പിടയ്ക്കുന്ന എനിക്ക് തന്ന പ്രാണവായുവിന്റെ അളവിന് കണക്കില്ല. അക്കാദമിക്ക് ജീവിതത്തിന്റെ ഭാഗമായി കത്തെഴുതാന്‍ പഠിക്കുകയും അത് പിന്നീട് അങ്ങനെതന്നെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നത് വിട്ടാല്‍ പ്രായോഗിക ജീവിതത്തില്‍ ഒരുപാട് കത്തൊന്നും എഴുതിയിട്ടില്ലാത്ത, അതിന്റെ പ്രസക്തിയെക്കുറിച്ച് അത്രകണ്ട് ബോധവാനല്ലായിരുന്ന ഒരു വ്യക്തിയായിരുന്നു ഞാന്‍.

പക്ഷേ ഇവിടെ വന്നതോടെ മനസിലായി കത്തെന്നത് കേവലം ഭാഷയോ, വിവരങ്ങളൊ മാത്രമല്ല, മറിച്ച് ഒരു വികാരമാണെന്ന്. ഓരോ കത്തും കൈമാറുന്ന വികാരം നീ ഒറ്റയ്ക്കല്ല, അകലെയെങ്കിലും ഞങ്ങള്‍ ഉണ്ടെന്നതാണ്. പ്രവാസികള്‍ ശ്വസിച്ചിരുന്നത് അവര്‍ ചെന്നുപെട്ട നാട്ടിലെ അന്തരീക്ഷത്തില്‍നിന്ന് കിട്ടുന്ന ഓക്‌സിജനല്ല, ഈ കത്തുകളില്‍നിന്ന് കിട്ടുന്ന സ്വന്തം നാട്ടിലെ ഓക്‌സിജന്‍ തന്നെയാണെന്ന് മനസിലായ, കത്ത് ഒരു ഓക്‌സിജന്‍ സിലിണ്ടറാണെന്ന് മനസിലായ നാളുകള്‍.

ഞാന്‍ കൊണ്ടുപോയ കത്തുകള്‍ പലതും എനിക്ക് നേരിട്ടറിയാവുന്നവരുടെയായിരുന്നില്ല എന്നത് പോലെ എനിക്കായി കത്തുകള്‍ ചുമന്നുകൊണ്ടുവന്ന് ഒമാനില്‍നിന്ന് പോസ്റ്റ് ചെയ്തവരില്‍ പലരും എനിക്കറിയാവുന്നവരും അല്ല. കത്തയക്കല്‍ നാട്ടിലോ, ഗള്‍ഫിലോ ഒരു ഫ്രീ സേവനമല്ല. ഗള്‍ഫുകാര്‍ പലരും നാട്ടില്‍ നിന്ന് വരുമ്പോള്‍ കുറെ സ്റ്റാമ്പുകളും വാങ്ങി വരും. പലരും സ്റ്റാമ്പൊട്ടിച്ച കത്തുകളാവും നാട്ടില്‍ പോസ്റ്റ് ചെയ്യാനായി തന്നയക്കുക. എന്നാല്‍ തിരിച്ച് ഇവിടേയ്ക്ക് തന്നയക്കുന്ന കത്തുകള്‍ മിക്കവാറും അങ്ങനെയല്ല. എന്നാല്‍ ഇവിടെ ജീവിച്ച് നാട്ടിലേക്ക് പോയി തിരികെ വരുന്ന ഒരാളും “”ചേട്ടാ/അനിയാ നിങ്ങള്‍ ഒമാനിലേക്കല്ലേ ഇതോന്ന് പോസ്റ്റ് ചെയ്‌തേക്കുമോ”” എന്ന ചോദ്യവുമായി എയര്‍പോര്‍ട്ടില്‍ സന്ധിക്കുന്ന അപരിചിതരോട് പോലും “”പോസ്റ്റിങ് ചാര്‍ജ്ജ് നിങ്ങടപ്പന്‍ തരുമോ”” എന്ന് ചോദിക്കില്ല. അത് അനുഭവത്തില്‍നിന്ന് ലഭിക്കുന്ന സഹജാവബോധമാണ്.

കത്തിലെ മടക്കിയ കടലാസിനുള്ളില്‍ ബ്രൗണ്‍ ഷുഗര്‍ നിറച്ചിട്ട് മകനുള്ള കത്താണ് എന്ന് പറഞ്ഞ വൃദ്ധന്‍ തന്ന പണിയില്‍ കഥയെന്തെന്നറിയാതെ കത്ത് വാങ്ങിയവന്റെ കഴുത്ത് പോയ കഥ വരെ പ്രചാരത്തില്‍ ഉണ്ടെങ്കിലും ആരും കത്ത് പൊട്ടിച്ച് തുറന്ന് കാണിക്കൂ എന്ന് പറയാറുമില്ല.

പ്രവാസി പ്രവാസഭൂമിയില്‍നിന്ന് വാസഭൂമിയിലെയ്ക്കും തിരിച്ചും വഹിക്കുന്ന വിനിമയങ്ങള്‍ വ്യക്തിഗതം മാത്രമല്ല എന്നല്ല പലപ്പൊഴും അവ വ്യക്തിഗതമേയല്ല. അവയിലെ വിലാസമൊരു ജാതിയിലോ, മതത്തിലോ ഒതുങ്ങന്നതുമല്ല. പോസ്റ്റ് ചെയ്താല്‍ തീരുന്ന കത്തുകളില്‍ മാത്രമായി ഒതുങ്ങുന്നതുമല്ലത്. അവിടെനിന്ന് ഉണ്ടായ പലതരം പരിചയങ്ങളിലൂടെ, കാലികമായ അടുപ്പങ്ങളിലൂടെ കൊടുത്ത് വിടപ്പെടുന്ന ചെറിയ ചെറിയ പൊതിക്കെട്ടുകളുമായി വിലാസം തേടി സമീപപ്രദേശത്തെ വീടുകളിലേയ്ക്കുള്ള യാത്രകളുമുണ്ടതില്‍.

സമീപ പ്രദേശം എന്നുവച്ചാല്‍ ഒന്ന്, രണ്ട്, അഞ്ച് തൊട്ട് അമ്പതും അറുപതും കിലോമീറ്ററുകള്‍ ഒക്കെയാവാം. സ്വാഭാവികമായും അത് ഒരു ഹിന്ദുവിന്റെയോ, ക്രിസ്ത്യാനിയുടെയോ, മുസ്‌ലീമിന്റെയോ വീട്ടിലേയ്ക്കാവും അവര്‍ ഇന്നുവരെ കണ്ടിട്ടുണ്ടാവണമെന്നില്ലാത്ത ഈ അഥിതിയുടെ കടന്നുവരവ്. അത് നല്‍കുന്ന ഒരു സന്ദേശമുണ്ട്, സര്‍ക്കാര്‍ പി.ആര്‍.ഒ വകുപ്പ് കോടികള്‍ ചിലവാക്കി നല്‍കുന്ന പരസ്യങ്ങളെക്കാലും ആഴത്തില്‍ ധനാത്മകമായ ഒരു മതേതര ദേശീയതാബോധം ഊട്ടിഉറപ്പിക്കുന്ന ഒന്ന്.

അത് ഇന്നില്ലാതായെകില്‍ അതിന്റെ കാരണം തീര്‍ച്ചയായും അത് ആവശ്യപ്പെടുന്ന ഒരു ഭൗതീക സാഹചര്യം ഇന്നില്ല എന്നത് തന്നെയാണ്. പക്ഷേ ഇത് ഇന്ന് പ്രവാസം സ്വീകരിച്ച് ഇവിടെയെത്തിയവര്‍ക്ക് ലഭിക്കുന്ന ചരിത്രപരമായ മറ്റൊരു ആനുകൂല്യമാണ്. ഭൗതീക സാഹചര്യങ്ങളില്‍ വന്ന മാറ്റം കത്തിനെ ഒരു വിനിമയ ഉപാധിയേ അല്ലാതാക്കി എന്നത് സത്യം.

ആറുമാസം തൊട്ട് ഒരുവര്‍ഷ കാലാവധിക്ക് നാട്ടില്‍ വരുന്നവര്‍ക്ക് അവര്‍ ഉറ്റവര്‍ക്കായി വാങ്ങിവയ്ക്കുന്നവ മറ്റുള്ളവരുടെ കയ്യില്‍ കൊടുത്ത് വിടേണ്ട ഗതികേടില്ല എന്നതും അതേ. പക്ഷേ അതിലൂടെ മനുഷ്യബന്ധങ്ങളുടെ ആര്‍ദ്രതയും നഷ്ടമാകേണ്ടതുണ്ടോ? അന്യാധീനതയും ആപല്‍ശങ്കയും ചേര്‍ന്ന് മാത്രം ഉല്പാദിപ്പിക്കേണ്ടുന്ന ഒരു താല്‍കാലിക വികാരം മാത്രമാണൊ സഹജാവബോധം?

ആദ്യം ഓര്‍ക്കണം, പിന്നെ വിശകലനം ചെയ്യണം

ഗള്‍ഫ് പ്രവാസത്തിന്റെ ഒന്നാം തലമുറയ്ക്ക് തങ്ങളുടെ കഠിന ജീവിതത്തിനിടയ്ക്ക് സാംസ്‌കാരികമായി സ്വയം അടയാളപ്പെടുത്താന്‍ പോന്നത്ര “”മിച്ചം”” സമയമായോ അനുഭവമായോ ആര്‍ജ്ജിക്കാനായില്ല എന്ന് നാം കണ്ടു. ഒപ്പം മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിലെ രണ്ട് തരംഗങ്ങള്‍ തമ്മിലുള്ള ഭൗതീകവും സാമൂഹ്യവും സാംസ്‌കാരികവുമായ വ്യത്യാസങ്ങളെകുറിച്ചും നാം വിശദമായി പ്രതിപാദിച്ച് കഴിഞ്ഞു. അവരിലെ രണ്ടാം തലമുറ താരത്മ്യേനെ ഏറെ പ്രിവിലെജ്ഡ് ആയ ഒരു ജീവിതമാണ് നയിക്കുന്നത് എന്നും.

എന്നാല്‍ ഇതിനൊപ്പം പരിഗണിക്കേണ്ട ഒന്നുകൂടിയുണ്ട്. ഈ രണ്ടാം തലമുറയ്ക്ക് ഇങ്ങനെ ഒരു നേട്ടം കൈവരിക്കാനായതിനുപിന്നില്‍ അവര്‍ കരുതുന്നത് പോലെ വ്യക്തിഗത

പോരാട്ട മികവ് മാത്രമാണോ കാരണം? ചരിത്രത്തില്‍നിന്ന് വേറിട്ട് ഒരു വ്യക്തിയോ, വ്യക്തിഗത മഹിമകളൊ ഇല്ല എന്നതൊക്കെ ഇന്നവര്‍ ഒരു കാര്യവുമില്ലാത്ത “വല്യ”വര്‍ത്താനങ്ങളായി തള്ളികളയുന്നവയാണെങ്കിലും കണ്ണടച്ചതുകൊണ്ട് ഇരുട്ടിനെ ഉണ്ടാക്കാന്‍ പറ്റില്ലല്ലോ.

ആഗോളവല്‍ക്കരണത്തിന് നാല്പതുകളോളം ദൈര്‍ഘ്യമുള്ള വേരുകളുണ്ടെന്ന് പലരും പരമാര്‍ശിച്ച് കേള്‍ക്കാറുണ്ടെങ്കിലും സാമ്പത്തിക ഉദാരവല്ക്കരണ നയങ്ങളുടെ സ്വാധീനം ലോകത്തെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ട് തുടങ്ങുന്നത് ഒരുപക്ഷേ 1991ലെ സോവിയറ്റ് യൂണിയന്റെ പതനത്തോടെ ആയിരിക്കണം.

നവ ഉദാരവല്ക്കരണ നയങ്ങളുടെ സ്വാധീനം കേരളീയ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക മണ്ഡലങ്ങളില്‍ പ്രകടമാകുന്നതും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട് തുടങ്ങുന്നതും തൊണ്ണൂറുകളിലാണ്. ലോകം മുഴുവന്‍ ഒരൊറ്റ വിപണിയായി മാറിയപ്പോള്‍ മനുഷ്യ വിഭവത്തിന്റെ വിപണിയും ലോകത്തെമ്പാടുമായി തുറന്നിടപ്പെട്ടു. ഈ കാലഘട്ടമായതോടെ കേരളത്തില്‍ ഒന്നാം ഇ.എം.എസ് മന്ത്രിസഭ നടപ്പിലാക്കിയ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ, സാംസ്‌കാരിക നവോത്ഥാനത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കളുടെ തലമുറ ഒരുങ്ങി കഴിഞ്ഞിരുന്നു എന്ന് പറയാം.

പക്ഷേ ഇവിടെ നാം വിട്ടുപോകുന്ന ഒരു വിശേഷണം കൂടിയുണ്ട്. അത് ഗല്‍ഫ് പ്രവാസത്തിന്റെ ഒന്നാം തരംഗത്തിന്റെ ഗുണഭോക്താക്കളുടെ രണ്ടാം തലമുറ എന്നതാണ്. വിദ്യാസമ്പന്നമായ ഇന്നത്തെയീ പ്രവാസികളുടെ യുവ തലമുറയ്ക്ക് അങ്ങനെ ഒരു ചരിത്രം കൂടിയുണ്ട്. ലോകത്ത് നാനാ ഭാഗങ്ങളിലായി വിന്യസിക്കപ്പെട്ട് വരുന്ന മലയാളി പ്രവാസത്തിന്റെ പുതിയ തലമുറ. അതിന്റെ സാന്നിദ്ധ്യം ഗല്‍ഫില്‍ മാത്രമായി ചുരുങ്ങുന്നുമില്ല . എന്നാല്‍ ആ സമൂഹം വേരുമറന്ന ഒന്നാണ് എന്ന് സാമാന്യവല്‍ക്കരിക്കാന്‍ പോന്നതാണ് അതിന്റെ ഇടപെടലുകള്‍ എന്നതാണ് സത്യം.

ഗള്‍ഫ് പ്രവാസത്തിന്റെ കഷ്ട പര്‍വ്വങ്ങള്‍ അനുഭവിച്ചിട്ടില്ലാത്ത, അതുകൊണ്ട് തന്നെ അത് കേരളത്തില്‍ സാദ്ധ്യമാക്കിയ സാമൂഹ്യ- രാഷ്ട്രീയ പരിണാമങ്ങളില്‍ നേരിട്ട് പങ്കാളികളായിട്ടില്ലാത്ത, എന്നാല്‍ ഒന്നാം തരംഗത്തില്‍ പെട്ട മനുഷ്യര്‍ കഷ്ടപ്പെട്ട് സാദ്ധ്യമാക്കിയ സാമൂഹ്യ ശ്രേണികയറ്റത്തിന്റെ ചരിത്രത്തെ ഉള്‍ക്കൊള്ളാന്‍ ബാദ്ധ്യതയില്ലെന്ന് സ്വയം വിശ്വസിക്കുന്ന ഒരു പ്രവാസി തലമുറയാണ് ഈ രണ്ടാം തരംഗം.
രണ്ട് പതിറ്റാണ്ടിനിടയിലെ മാറ്റങ്ങള്‍

സഹസ്രാബ്ദങ്ങള്‍ നീളുന്ന ചരിത്രത്തെ അതിന്റെ ദൈര്‍ഘ്യവും, സങ്കീര്‍ണ്ണതയും, വൈരുദ്ധ്യങ്ങളും ഒക്കെ ഉള്‍ക്കൊണ്ട് അക്കാദമിക്ക് കൃത്യതയോടെ പഠിച്ചിരിക്കണം എല്ലാ മനുഷ്യരും എന്ന വിചിത്രവാദമൊന്നുമില്ലെങ്കിലും ഏതാനും പതിറ്റാണ്ടുകള്‍ മാത്രം വരുന്ന നമ്മുടെ വര്‍ത്തമാന ചരിത്രമെങ്കിലും നമുക്ക് ഓര്‍മ്മയുണ്ടാകണം. അതിനെ സാമാന്യമായി ഒന്ന് വിശകലനം ചെയ്യാനും നമ്മള്‍ വിദ്യാസമ്പന്നരായ, സ്വയം പര്യാപ്തരായ മിടുക്കര്‍ക്ക് കഴിയണം. അവയില്‍ എന്റെ മിടുക്കിന്റെ പരിധിയില്‍ ലഭിച്ച ചിലത് പങ്കുവയ്ക്കാം.

തൊണ്ണൂറ്റിയൊമ്പതില്‍ ഞാന്‍ ഒമാനില്‍ വരുമ്പോള്‍ (അതത്ര പഴയ ഒരു കാലമല്ലെന്ന് ഓര്‍ക്കണം) മൊബൈല്‍ ഫോണ്‍ പോലും അത്ര സാധാരണമല്ല. അത് സ്വദേശികളും വിദേശികളിലെ വമ്പന്മാരും മാത്രം ആസ്വദിക്കുന്ന ഒരു ആഢംബരമാണ്. മികച്ച റോഡുകളും, ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ഒന്നും ഉള്‍നാടന്‍ ഗ്രാമങ്ങളിലേയ്ക്ക് എത്തിയിട്ടില്ല. നഗരങ്ങളില്‍ പോലും നാട്ടിലേയ്ക്ക് ഫോണ്‍ വിളിക്കാന്‍ ആളുകള്‍ പാതയോരത്ത് സ്ഥാപിച്ച പബ്ലിക് ഫോണ്‍ ബൂത്തുകളും അതിലേയ്ക്കായുള്ള കാര്‍ഡുകളും ഒക്കെയാണ് ഉപയോഗിക്കുന്നത്.

പറയുവാനുള്ളത് എഴുതിക്കൊണ്ട് പോയി വായിക്കുന്നത് വിചിത്രമായ തമാശയൊന്നും അല്ലാത്ത വണ്ണം സാധാരണമായിരുന്ന കാലം. നാട്ടിലേയ്ക്ക് എത്താന്‍ മൂന്നര മണിക്കൂര്‍ മതിയെങ്കിലും ഇവിടെ ഏതെങ്കിലും ഉള്‍നാട്ടിലാണ് പണിയെങ്കില്‍ ഏറ്റവും അടുത്തുള്ള ഒരു എയര്‍പോര്‍ട്ടില്‍ എത്താന്‍ ഒരു വാഹനത്തിനായി ചിലപ്പോള്‍ ഒന്നും രണ്ടും ദിവസം ചിലപ്പോള്‍ കാത്തിരിക്കേണ്ടിവരുന്ന കാലം.

എന്നാല്‍ അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ കഥ മാറി. മൊബൈല്‍ ഫോണ്‍ “ഹിന്ദി”കള്‍ ഉള്‍പ്പെടെയുള്ള വിദേശികളുടെ കയ്യിലും സാധാരണമായി മാറി. ഉള്‍നാടന്‍ ഗ്രാമങ്ങളിലേയ്ക്കും ടാറിട്ട വഴി വന്നതോടെ നാലഞ്ച് മണിക്കൂറുകൊണ്ട് ഏത് വിദൂര ഗ്രാമത്തില്‍ നിന്നും പ്രധാന നഗരത്തിലേയ്ക്ക് എത്താവുന്ന അവസ്ഥയായി. രണ്ടായിരത്തിയഞ്ചില്‍ ലോ കോസ്റ്റ് എയര്‍ ക്യാരിയര്‍ എന്ന ആശയത്തിന് എയര്‍ ഇന്ത്യ എക്‌സ്‌പ്രെസ്സ് വഴി നാന്ദി കുറിക്കപ്പെട്ടതോടെ ഉണ്ടായത് വിപ്ലവകരമായ ഒരു മാറ്റമാണ്.

പിന്നീട് സംഭവം ഔദ്യോഗികമാണൊ, അനൗദ്യോഗികമാണൊ എന്നൊക്കെ വര്‍ണ്യത്തില്‍ ആശങ്കയുണ്ടെങ്കിലും കൊള്ളാവുന്ന ഒരു ഫോണ്‍ സെക്കന്‍ഡ് ഹാന്‍ഡായെങ്കിലും സംഘടിപ്പിച്ചാല്‍ നാട്ടിലേയ്ക്ക് നിസ്സാര പൈസയ്ക്ക് വിളിക്കാവുന്ന അവസ്ഥയായി. ഇപ്പോള്‍ അത് നെറ്റ് ഉണ്ടെങ്കില്‍ ഫ്രീയായി പരസ്പരം കണ്ട് സംസാരിക്കാവുന്ന അവസ്ഥയിലേയ്ക്ക് തന്നെ വികസിച്ചു.

പക്ഷേ ഇതൊന്നും നമ്മുടെ വ്യക്തിഗത മഹിമയിലൂടെ ഉണ്ടായതല്ല. വീണ്ടും ആവര്‍ത്തിക്കട്ടെ, അയ്യങ്കാളിയും, കണ്ഠന്‍ കുമാരനും, പൊയ്കയില്‍ അപ്പച്ചനും, സഹോദരന്‍ അയ്യപ്പനും, മക്തി തങ്ങളും ഉള്‍പ്പെടെ നിരവധി സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ ചേര്‍ന്ന് നയിച്ച, സമാന്തര സ്വഭാവമുള്ള പല ധാരകള്‍ ചേര്‍ന്ന ഒന്നാണ് നരായണഗുരുവിനെ കേന്ദ്രമാക്കി നാമിന്ന് വായിക്കുന്ന കേരളീയ നവോത്ഥാനം തന്നെ. അതില്‍ നിന്ന് സാംസ്‌കാരിക ഊര്‍ജ്ജവും, ഇടത് പുരോഗമന പ്രസ്ഥാനങ്ങളില്‍നിന്ന് രാഷ്ട്രീയ ഊര്‍ജ്ജവും ഉള്‍ക്കൊണ്ട് നടന്ന ദീര്‍ഘമായ ഒരു സാമൂഹ്യ വിപ്‌ളവത്തിന്റെ ഭാഗമാണ് ആദ്യ ഈ എം എസ് സര്‍ക്കാര്‍ തൊട്ട് അറുപതുകളില്‍ തുടങ്ങിയ ഗള്‍ഫ് പ്രവാസം വരെ. ഇവയുടെയെല്ലാം ഗുണഭോക്താക്കളായ ഒരു തലമുറയാണ് ഈ രണ്ടാം തരംഗത്തില്‍ ഇവിടെ എത്തിയത്. എന്നാല്‍ ഇതൊന്നും അവര്‍ ഓര്‍ക്കുന്നില്ല എന്ന് മാത്രമല്ല പ്രവാസി സമൂഹത്തില്‍നിന്ന് അക്കാദമികവും, സാങ്കേതികവുമായ പരിജ്ഞാനം നേടി ഉയര്‍ന്നുവന്ന ഈ തലമുറ അവരുടെ ജൈവ ബുദ്ധിജീവികളായി പരിണമിക്കുന്നതിനുപകരം മദ്ധ്യവര്‍ഗ്ഗ പൊള്ളത്തരങ്ങളുടെ അപ്പോസ്തലന്മാരായി മാറുന്നു. ( ബുദ്ധിജീവികളെ കുറിച്ചുള്ള ഒരു ഗ്രാംഷിയന്‍ നിരീക്ഷണത്തെ കുറിച്ച് മുന്‍ അദ്ധ്യായങ്ങളില്‍ ഒരിടത്ത് സൂചിപ്പിച്ചിരുന്നത് ഓര്‍ക്കുക)

അങ്ങനെയാണ് ഒരു പ്രവാസി സമൂഹത്തില്‍നിന്ന് സാധാരണഗതിയില്‍ ഒരിക്കലും ഉണ്ടായിക്കൂടാത്തതരം ചരിത്രനിഷേധത്തിന്റെയും അരാഷ്ട്രീയതയുടെയും ധൈഷണികതാ വിരുദ്ധതയുടെയുമായ ഒരു പുതുതലമുറ ഉണ്ടാകുന്നത്. അവര്‍ക്ക് തങ്ങളനുഭവിക്കുന്ന ചരിത്രപരമായ ആനുകൂല്യങ്ങള്‍ പോട്ടെ, ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ ഉണ്ടായ പുരോഗതികള്‍ വഴി കിട്ടിയവയെ പോലും അവര്‍ക്ക് ആ അര്‍ത്ഥത്തില്‍ മനസിലാക്കാനാവാതെ പോയത് ഇതിനിടയില്‍ എപ്പൊഴോ സ്വയം അറിയാതെ അവര്‍ ജ്ഞാനസ്‌നാനപ്പെട്ട മദ്ധ്യവര്‍ഗ്ഗ പൊള്ളത്തരങ്ങളുടെ സ്വാധീനം കൊണ്ടാണ്.

ലോകം കൂടുതല്‍ കൂടുതല്‍ തുറക്കുമ്പോള്‍ ആ സൗകര്യങ്ങള്‍ ഉപയോഗിച്ചാണെങ്കില്‍ പോലും അവരവരെ കൂടൂതല്‍ അടച്ചിടുക, വ്യക്തിയിലേയ്ക്ക് കൂടുതല്‍ ചുരുങ്ങുക എന്നത് ആ വര്‍ഗ്ഗത്തിന്റെ മറ്റൊരു സവിശേഷതയാണ്. അത് അതേപടി മദ്ധ്യവര്‍ഗ്ഗവല്‍ക്കരിക്കപ്പെട്ട പുത്തന്‍ പ്രവാസി സമൂഹവും ഉള്‍ക്കൊള്ളുന്നു.

മദ്ധ്യവര്‍ഗ്ഗ ജാഢകള്‍

ഇതുവരെ പറഞ്ഞുവന്നത് പോലെയുള്ള പരോക്ഷവും, അപനിര്‍മ്മാണമാവശ്യപ്പെടുന്നവയുമായ ഘടകങ്ങള്‍ മാത്രമല്ല, പ്രത്യക്ഷവും സുതാര്യവുമായ മദ്ധ്യവര്‍ഗ്ഗ ജാഢകളുടെ പരസ്യമായ ആഖ്യാനങ്ങളും കണ്ടെടുക്കനാവും ഈ സമൂഹത്തില്‍നിന്ന്.

ഇതിന് ലഭ്യമായ നിരവധി ഉദാഹരണങ്ങളില്‍ താരതമ്യേനെ കൂടുതല്‍ സാമാന്യമായ ഒന്നെടുക്കാം. എയര്‍ ഇന്ത്യാ എക്‌സ്‌പ്രെസ്സ് വഴി നിലവില്‍ വന്ന ചിലവുകുറഞ്ഞ വിമാന യാത്രാ സങ്കല്പത്തിന്റെ നടപ്പിലാക്കല്‍ വിപ്ലവാത്മകമായ മാറ്റമാണ് ഗള്‍ഫ് പ്രവാസികളുടെ നിത്യജീവിതത്തില്‍ ഉണ്ടാക്കിയതെന്നത് നിസ്തര്‍ക്കമായ ഒരു കാര്യമാണ്. പണ്ട് മനുഷ്യര്‍ അഞ്ചും ആറും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നാട്ടില്‍ പോകുന്നത് രാജകുമാരനാകാന്‍ തക്ക കാശ് തരമാകാത്തതുകൊണ്ടല്ല എന്നത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. ലോ കോസ്റ്റെയര്‍ ക്യാരിയെജ് എന്ന ആശയം നിലവില്‍ വന്നതിനുശേഷം വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നാട്ടില്‍ പോകാത്ത വിദേശി ഒരു അപവാദമായി മാറി എന്നതാണ് സത്യം.


ഈ ലേഖനത്തിന്റെ ആദ്യ നാലു ഭാഗങ്ങള്‍ ഇവിടെ വായിക്കാം

ഒന്നാം ഭാഗം – രണ്ട് തരംഗങ്ങള്‍: പ്രവാസത്തില്‍നിന്ന് പൊള്ളത്തരത്തിലേക്കുള്ള പരിണാമദൈര്‍ഘ്യം  

രണ്ടാം ഭാഗം രണ്ട്- അറബിപ്പൊന്നും കുറയുന്ന അകലങ്ങളും 

മൂന്നാം ഭാഗം –ഗള്‍ഫ് പ്രവാസത്തിന്റെ ഒന്നാം തരംഗം: വിമര്‍ശനങ്ങളും വസ്തുതയും 

നാലാം ഭാഗം-ഗള്‍ഫ് ആഢംബരങ്ങളുടെ പാരിസ്ഥിതിക പരിപ്രേക്ഷ്യം
അഞ്ചാം ഭാഗം- മദ്ധ്യവര്‍ഗ്ഗത്തിലേക്കുള്ള കയറ്റം

ഭാഗം ആറ്: ഈന്തപ്പനയില്‍നിന്ന് തെങ്ങിലേയ്ക്ക് വലിച്ച് കെട്ടിയ ഒരു കയര്‍

ഭാഗം ഏഴ്:പുത്തന്‍ ഗതാഗതവും പുതിയ വിനിമയങ്ങളും


എയര്‍ ഇന്ത്യാ എക്‌സ്‌പ്രെസ്സിനെതിരേ ഉയര്‍ന്ന ആദ്യ പരിഹാസപദം “കെ.എസ്.ആര്‍.ടി.സി” എന്നതായിരുന്നു. അത് ഉല്‍ഭവിച്ചതും പ്രചരിച്ചതും ഉപരിവര്‍ഗ്ഗത്തില്‌പെട്ട ബിസിനസ് മാഗ്‌നറ്റുകളില്‍നിന്നോ, ബ്യൂറോക്രാറ്റുകളില്‍ നിന്നോ ഒന്നുമായിരുന്നില്ല മറിച്ച് അന്നുമുതല്‍ ഇന്നുവരെ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായിരുന്ന മദ്ധ്യവര്‍ഗ്ഗത്തില്‍നിന്ന് തന്നെയാണ്.

ഈ പരിഹാസത്തില്‍ വര്‍ഗ്ഗപരവും അരാഷ്ട്രീയവുമായ ഒരു ഉള്ളടക്കമുണ്ട്. നാട്ടില്‍ ഒറ്റപ്പെട്ട പല സ്ഥലങ്ങളിലേയ്ക്കും നഷ്ടം സഹിച്ചും പോകുന്ന ഒരു ബസ് സര്‍വീസ് കെ.എസ്.ആര്‍.ടി.സി ആണ്. അതുകൊണ്ട് തന്നെയാണ് കെ.എസ്.ആര്‍.ടി.സി പണിമുടക്ക് കേരളത്തെ വല്ലാതെ ബാധിക്കുന്നതും. സാധാരണക്കാര്‍ അതിജീവനത്തിനായി വന്‍ തോതില്‍ ആശ്രയിക്കുന്ന അത്തരം ഒരു ഒരു സര്‍ക്കാര്‍ സര്‍വീസിനെ അധമവല്‍ക്കരിക്കുക എന്ന നവ മദ്ധ്യവര്‍ഗ്ഗ അധീശബോധത്തിന്റെ പ്രതീകമാണ് മേല്പറഞ്ഞ പറക്കുന്ന “കെ.എസ്.ആര്‍.ടി.സി”. പണ്ടൊക്കെ തറവാടികള്‍ വര്‍ഷാവര്‍ഷം നാട്ടില്‍ പോയിരുന്നുവെങ്കില്‍ ഇന്ന് എല്ലാവനും പോകും. അപ്പോള്‍ അതില്‍ ഒരു വ്യത്യാസം വേണ്ടേ? അതാണ് കെ.എസ്.ആര്‍.ടി.സി സിയിലാണൊ, വിമാനത്തിലാണോ എന്ന പരിഹാസത്തിന്റെ ഉള്ളടക്കം.

എന്നുവച്ച് ഇവരെല്ലാം ആഢംബര വിമാനങ്ങളില്‍ മാത്രം യാത്ര ചെയ്യുന്നവരാണോ? ആയിരുന്നുവെങ്കില്‍ അതുകൊണ്ട് ഒരു ഗുണമുണ്ടായേനേ. എയര്‍ ഇന്ത്യാ എക്‌സ്‌പ്രെസ്സ് പോലുള്ള വിമാനങ്ങള്‍ക്ക് സ്ഥിരമായ നിരക്കല്ല. തിരക്കുള്ളതനുസരിച്ച് അത് കൂടും. കെ.എസ്.ആര്‍.ടി.സിയില്‍ കേറാന്‍ കുറച്ചിലുള്ളവര്‍ “വിമാന”ത്തില്‍ പോയിരുന്നുവെങ്കില്‍ വേറെ ഗതിയില്ലാത്ത “ഊള”കള്‍ക്ക് പത്ത് പൈസയുടെ ലാഭമുണ്ടായേനെ. അതൊട്ട് ഈ “വരേണ്യര്‍”ചെയ്യുകയുമില്ല. വിമര്‍ശിക്കും. പക്ഷേ അടുത്ത വര്‍ഷം പോകാന്‍ ഇന്നേ ക്രേഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റെടുത്ത് വയ്ക്കുകയും ചെയ്യും. അത്തരം ഒരു മദ്ധ്യവര്‍ഗ്ഗത്തിന് പ്രാമുഖ്യമുള്ളതാണ് ഗള്‍ഫ് പ്രവാസത്തിന്റെ ഈ രണ്ടാം തരംഗം. അവരുടെ സമൂഹത്തെയാണ് “”വ്യക്തിതലത്തിലെടുത്താല്‍ മദ്ധ്യവര്‍ഗ്ഗ പൊള്ളത്തരങ്ങളുടെ ഏറ്റവും ക്ലിനിക്കലായ ലക്ഷണങ്ങള്‍ പേറുന്ന ഒന്നാണ് ഗള്‍ഫ് പ്രവാസി സമൂഹം”” എന്ന ഈ ലേഖനത്തിലെ ആദ്യ വാചകം പ്രത്യക്ഷത്തില്‍ അഭിസംബോദന ചെയ്യുന്നതും.

കണ്ണാടിയോടെങ്കിലും ചോദിക്കണം, നാണമുണ്ടോ?

അവരവരൊഴികെ സകലതിനോടും പുച്ഛം വിതറി ജീവിക്കുന്ന പ്രവാസി മദ്ധ്യവര്‍ഗ്ഗവും സ്ഥിരം തലചോറിഞ്ഞ് നില്‍ക്കുന്ന ചില ക്യൂകളുണ്ട്. അതില്‍ ഒന്നാണ് നാം ഇന്നും എയര്‍പോര്‍ട്ടിലെ ചെകിന്‍ കൗണ്ടറിന്റെ മുമ്പില്‍ കാണുന്നത്. ടി റ്റ്വെന്റി ക്രിക്കറ്റിലെ അവസാന പന്ത്, ആറുറണ്‍സ് സമവാക്യത്തിനുമുമ്പില്‍ എന്നോണം ഉദ്വെഗഭരിതരായി ആകെ വിറച്ച് നില്‍ക്കുന്നത് “നൂറുകിലോ വങ്കത്ത”വും പെട്ടികെട്ടി അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പോകുന്ന നിരക്ഷര ഭാഗ്യാന്വേഷികളല്ലെന്ന് ഓര്‍ക്കണം. ആറുമാസം മുതല്‍ ഒന്നര വര്‍ഷം വരെ അവരവര്‍ തീരുമാനിക്കുന്ന കാലയളവില്‍ അവര്‍ നാട്ടില്‍ പോകുന്നു. നിത്യേനെ സ്വന്തം സ്മാര്‍ട്ട് ഫോണില്‍ കുടുംബവുമായി സംസാരിക്കുന്നു. എന്നിട്ടും പഴയ ചില ശീലങ്ങള്‍ ഇന്നും ബാക്കിയാണ്, ഇതില്‍ ബഹുഭൂരിപക്ഷത്തിനും.

നൂറുകിലോ കാര്‍ട്ടൂണ്‍ കെട്ടി നാട്ടില്‍ പോകുന്ന കാലം കഴിഞ്ഞു. എന്നിരുന്നാലും എയര്‍പോര്‍ട്ടില്‍ ഇപ്പൊഴും അനുവദനീയമായ ഇരുപതോ മുപ്പതോ കിലോയ്ക്ക് അഞ്ചും എട്ടും കിലോ അധികമായി കെഞ്ചലും കരച്ചിലുമായി നടക്കുന്നവരുടെ എണ്ണം ഈ രണ്ടാം തരംഗത്തിലും പക്ഷേ കുറവില്ല. കൊണ്ടുപോകുന്നത് വല്ലവരും തന്നയച്ച ഗതികേടിന്റെ ചെറുകെട്ടുകള്‍ കൂടി ചേര്‍ന്ന ഭാരമൊന്നുമല്ല. നാട്ടില്‍ മുക്കിനുമുക്കിനുള്ള മാര്‍ജിന്‍ ഫ്രീ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റുമൊക്കെയായി സുലഭമായി കിട്ടുന്ന നിഡോയും ടാങ്കും ഉള്‍പ്പെടെയുള്ള സാധനങ്ങളാണ്. ഇതെന്താ നാട്ടില്‍ കിട്ടില്ലേ എന്നുചോദിച്ചാല്‍ നാട്ടിലെ ടാങ്കും, നിഡോയും “ഞങ്ങളുടെ” കുട്ടികള്‍ കുടിക്കില്ല എന്നതാണ് മറുപടി!

നിലവാര ബന്ധിയെന്ന് ഇവര്‍ വിശ്വസിക്കുന്നതും ഏറിയപങ്കും കെട്ടുകഥള്‍ക്ക് ഒക്കുന്ന അന്ധവിശ്വാസങ്ങളാണ് എന്നിരിക്കിലും ഈ വിദ്യാസമ്പന്നരുടെ കാര്‍ട്ടൂണ്‍ കെഞ്ചലുകളുടെ കാര്യത്തില്‍ കുറവൊന്നുമില്ല. ഒപ്പം ഹാന്‍ഡ് ബാഗേജ് ഒളിപ്പിച്ച് വച്ചിട്ട് അത് ഉള്‍പ്പെടെ എന്ന് കൗണ്ടറില്‍ പറയുക, പിന്നെ “നൈസായി” ഏഴ് കിലോ അനുവദിച്ച ഹാന്‍ഡ് ബാഗേജില്‍ ഇരുപത് കിലോ തിരുകി കാണുന്നവര്‍ക്ക് പരമാവധി എട്ടുകിലോ തോന്നിക്കുംവിധം അത് എടുത്ത് നടക്കുക തുടങ്ങിയ പലതരം സുകുമാര കലകള്‍. നാട്ടില്‍ മുഴുവന്‍ അഴിമതിയാണ്, ഒരാളും നിയമങ്ങളെ ബഹുമാനിക്കുന്നില്ല എന്ന ആജന്മ വിമര്‍ശനം കൂടാതെയാണ് ഈ ഭാരവും ഇങ്ങനെ “കണ്ടാല്‍ തോന്നാത്തവണ്ണം” ഇവര്‍ പേറുന്നത് എന്ന് ഓര്‍ക്കണം!

ആ അങ്കമൊക്കെ കഴിഞ്ഞ് നാട്ടിലെത്തി പെട്ടിയിറക്കിവച്ച് ഒന്ന് കുളിച്ച് വീണ്ടും ആദര്‍ശക്കുപ്പായമിട്ട് വരുമ്പോള്‍ കണ്ണാടിയെന്തോ ചോദിക്കുന്നതായി തൊന്നിയിട്ടുണ്ടോ?
ഉപസംഹാരം

കേരളത്തിന്റെ വര്‍ത്തമാന കാലത്തിന് നല്‍കാവുന്ന ഏറ്റവും ചുരുങ്ങിയ വാക്കുകളിലുള്ള ഒരു നിര്‍വചനം മതേതര മാനവികത പരിഹാസ്യമാകുന്ന കാലം എന്നതാണ്. “സ്യൂഡോ സെക്കുലറിസം”, “ഹിന്ദുത്വ സെക്കുലറിസം” എന്നിങ്ങനെ പ്രത്യക്ഷത്തില്‍ വിരുദ്ധചേരികളില്‍നിന്ന് വരുന്നത് എന്ന് തോന്നിപ്പിക്കുന്ന വിമര്‍ശനങ്ങള്‍ ഫലത്തില്‍ കീഴടക്കിക്കൊണ്ടിരിക്കുന്നത് നാമമാത്രമെങ്കിലും ഇന്നും നാട്ടില്‍ നിലനില്‍ക്കുന്ന മതേതരമാനവികതയുടെ സാംസ്‌കാരിക യുക്തികളെയാണെന്ന കാര്യത്തില്‍ കണ്ണുതുറന്ന് സമൂഹത്തില്‍ ജീവിക്കുന്ന ആര്‍ക്കും ആശയക്കുഴപ്പമുണ്ടാകേണ്ട കാര്യമില്ല.

കേരളത്തിന്റെ ഡെമോഗ്രഫിയിലെ സിംഹഭാഗം വരുന്ന ഹിന്ദു മുസ്‌ലിം സമൂഹങ്ങളിലേയ്ക്ക് ഇത് കടത്തിവിടുന്ന ആശയക്കുഴപ്പങ്ങളും അബദ്ധ ധാരണകളും ചെറുതല്ല. സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടകളെ ഉയര്‍ത്തിക്കാട്ടി അതിന് ഏക പ്രതിരോധമെന്ന നിലയില്‍ സൗദീ മോഡല്‍ സലഫിസത്തെ താരതമ്യേനെ ഇന്നും മതേതരമായി തുടരുന്ന ഇവിടത്തെ മുസ്‌ളീം സമൂഹത്തിലേയ്ക്ക് ഒളിച്ച് കടത്താനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്ത്. അതിനെ അനുപാതരഹിതമായി പെരുപ്പിച്ച് ഉയര്‍ത്തിക്കാട്ടി ഒരു മുസ്ലിം അപരത്തെ സൃഷ്ടിക്കുകയും അതിനെവച്ച് ഹിന്ദുത്വ കേന്ദ്രീകരണം നടത്തുകയും ചെയ്യാനുള്ള ശ്രമങ്ങള്‍ മറുവശത്ത്.

നമ്മുടെതുപോലെ ഒരു ബഹുസ്വര സമൂഹത്തിന്റെ നിലനില്‍പ്പിനെ സംബന്ധിച്ചിടത്തോളം ആണിക്കല്ലെന്ന് വിളിക്കാവുന്ന മതേതര രാഷ്ട്രീയമെന്ന ബൃഹദാഖ്യാനത്തെ സെക്ടേറിയനിസം കൊണ്ട് പകരം വയ്ക്കാനുള്ള ആത്മഹത്യാപരമായ ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുക. ഒപ്പം പ്രാദേശികവും, സാമുദായികവുമായ വികാരം തൊട്ട് ആള്‍ദൈവ വിശ്വാസം വരെയുള്ള ഘടകങ്ങള്‍ ഉപയോഗിച്ച് സ്വയം ചിതറുവാനുള്ള അപകടകരമായ പ്രവണതയെ സൂക്ഷ്മാഖ്യാനങ്ങളെന്ന് വ്യാഖ്യാനിച്ച് അവയ്ക്ക് സാംസ്‌കാരിക സാധുത നേടിക്കൊടുക്കുക. വര്‍ഷാവര്‍ഷം നാരായണഗുരു ജയന്തിയോടനുബന്ധിച്ച് കേരളീയ നവോത്ഥാനത്തെക്കുറിച്ചും, മാനവികതാ പ്രസ്ഥാനങ്ങളെക്കുറിച്ചും ഒക്കെ സെമിനാറുകളും മറ്റും സംഘടിപ്പിക്കുമ്പൊഴും നമ്മള്‍ ഫലത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത് ആ മൂല്യങ്ങളില്‍നിന്നുള്ള മടങ്ങിപ്പോക്കിന് ത്വരണം നല്‍കുകയല്ലേ? ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ രണ്ടാം തരംഗത്തില്‍ പെട്ട പ്രവാസികള്‍ പ്രതിനിധീകരിക്കുന്നത് സാംസ്‌കാരികമായ ഒരു മടങ്ങിപ്പോക്കിനെ തന്നെയല്ലേ? അല്ലെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായി നമുക്ക് ഇതുവരെ എന്തൊക്കെ ചെയ്യാനായി?

ചില ചോദ്യങ്ങള്‍ നമ്മള്‍ നമ്മോട് ചോദിക്കേണ്ടിയിരിക്കുന്നു; അതിന്റെ സമയം അതിക്രമിച്ചിരിക്കുന്നു. അവ ശല്യപ്പെടുത്തുന്നുവ തന്നെയാണ്. പക്ഷേ അവയെ ഒന്നാം തലമുറയില്‍ പെട്ട മനുഷ്യര്‍ സാദ്ധ്യമാക്കിയ സാമൂഹ്യ, സാമ്പത്തിക മാറ്റങ്ങളുടെ തഴമ്പുവച്ച് എത്രനാള്‍ തടുക്കും?നാടിന്റെ വിദേശ നാണയ ശേഖരത്തില്‍ ഇന്നും മുഖ്യ സമ്പാദക പദവി ഗള്‍ഫ് പ്രവാസികള്‍ക്ക് തന്നെയാവാം. പക്ഷേ അതുമാത്രം വച്ച് പ്രവാസിയുടെ പണം കൊണ്ടാണ് നാട്ടിലെ വികസന പ്രവര്‍ത്തനങ്ങളൊക്കെയും നടക്കുന്നത് എന്ന അവകാശവാദത്തെയും ആവര്‍ത്തിച്ച് ഉയര്‍ത്തിക്കാട്ടി ആ ചോദ്യങ്ങളെ പ്രതിരോധിക്കാന്‍ എന്നുമായെന്ന് വരില്ല.

പ്രവാസമെന്നത് ചലനത്തെ, ക്രയവിക്രയങ്ങളെ, കലര്‍പ്പിനെ പ്രതിനിധീകരിക്കുന്ന ഒന്നാണ്. അത് ഒരുതരം ശുദ്ധതാവാദവുമായും, സ്വദേശിവാദവുമായും ഒത്തുപോകുന്നതല്ല. എന്നുവച്ചാല്‍ ആര്‍ക്കും ഒരേ സമയം ഒരു പ്രവാസിയും ഒപ്പം ഹിന്ദു, ഇസ്‌ലാമിക രാഷ്ട്രവാദിയുമായിരികാന്‍ പറ്റില്ല എന്ന്. അതിലെ വര്‍ഗ്ഗസങ്കല്പവും കെട്ടിക്കിടക്കുന്ന ഒന്നല്ല. നിരന്തരമായ പറിച്ചുനടലുകളിലൂടെ വാസത്തിന് ഒരു പ്രതിസാംസ്‌കാരികമാത്രമല്ല, പ്രതിജൈവീകതതന്നെ സൃഷ്ടിച്ച ഒന്നാണത്.

സംഘകാലത്തും സംഘികാലത്തും അതിന്റെ ആന്തരിക ഉള്ളടക്കം മാറുന്നില്ല. സംശയമുണ്ടെങ്കില്‍ നമുക്കൊപ്പം ജീവിക്കുന്ന കവി മനോജ് കുറൂര്‍ എഴുതിയ ആദ്യ നോവല്‍ വായിക്കുക.

ഒപ്പം ഒന്ന് കൂടി. വായിച്ചാല്‍ പോര, മനസിലാക്കണം.