| Wednesday, 14th June 2017, 6:08 pm

ഗള്‍ഫ് ആഢംബരങ്ങളുടെ പാരിസ്ഥിതിക പരിപ്രേക്ഷ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പ്രകൃതി വിഭവങ്ങളുടെ കാര്യത്തില്‍ വന്‍ ദൗര്‍ലഭ്യം അനുഭവിക്കുന്ന സാഹചര്യങ്ങളില്‍ പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ മാതൃകകള്‍ വികസിപ്പിച്ചെടുക്കുക മുതല്‍ തങ്ങളുടെ അസാന്നിദ്ധ്യത്തില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം വിശ്വസിച്ച് മുടക്കാന്‍ മറ്റൊരു മേഖലയില്ലാത്തതിനാല്‍ ഫ്‌ളാറ്റും, വസ്തുവും വാങ്ങിക്കൂട്ടുന്ന രണ്ടാം തരംഗത്തില്‍ പെട്ട പ്രവാസികള്‍ക്കായി സുരക്ഷിതവും ആകര്‍ഷകവുമായ ബദല്‍ നിക്ഷേപ പദ്ധതികള്‍ ഒരുക്കുകവരെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തിലാണ് നടക്കേണ്ടത്.


ഗള്‍ഫ് പ്രവാസത്തിന്റെ ഒന്നാം തലമുറ അന്യായമായി കേള്‍ക്കേണ്ടിവന്ന വിമര്‍ശനങ്ങളെ കുറിച്ച് മുന്‍ അദ്ധ്യായത്തില്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നല്ലോ. അത് പക്ഷേ ഏറിയ പങ്കും നാട്ടുകാര്‍ പറഞ്ഞുണ്ടാക്കിയവ ആയിരുന്നു എന്ന് കാണാം. അതുകൊണ്ട് മാത്രം അതിന്റെ സാമൂഹ്യ വ്യാപ്തിയും, ഒരു വിഭാഗം എന്നതിലുപരി വ്യക്തികള്‍ എന്ന നിലയില്‍ അത് പ്രവാസികളില്‍ ഉണ്ടാക്കിയ സമ്മര്‍ദ്ദവും ചെറുതാവുന്നില്ല എങ്കില്‍ കൂടി.


ഈ ലേഖനത്തിന്റെ ആദ്യ മൂന്ന് ഭാഗങ്ങള്‍ ഇവിടെ വായിക്കാം

ഒന്നാം ഭാഗംരണ്ട് തരംഗങ്ങള്‍: പ്രവാസത്തില്‍നിന്ന് പൊള്ളത്തരത്തിലേക്കുള്ള പരിണാമദൈര്‍ഘ്യം  

രണ്ടാം ഭാഗം രണ്ട്- അറബിപ്പൊന്നും കുറയുന്ന അകലങ്ങളും 

മൂന്നാം ഭാഗംഗള്‍ഫ് പ്രവാസത്തിന്റെ ഒന്നാം തരംഗം: വിമര്‍ശനങ്ങളും വസ്തുതയും 


ഗള്‍ഫ് പ്രവാസികള്‍ക്ക് നേരിടേണ്ടിവന്ന വിമര്‍ശനങ്ങള്‍ അങ്ങനെ കേവലം കുറെ വിടുവായരുടെ കുശുമ്പ് വര്‍ത്തമാനങ്ങളില്‍ ഒതുങ്ങുന്നവയുമായിരുന്നില്ല. കാരണം അതില്‍ പ്രൊഫസ്സര്‍ ആര്‍.വി.ജി മേനോനെ പോലെയുള്ള പണ്ഡിത, ഗ്രന്ഥകാരന്മാരുടെ മതവും പെടുന്നു.

ശാസ്ത്രത്തിന്റെ ചരിത്രത്തിനും തത്വചിന്തയ്ക്കും ആമുഖമെഴുതിയ, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റ് ആയിരുന്ന അദ്ദേഹം ഉയര്‍ത്തിയ വിമര്‍ശനം ഗള്‍ഫ് മലയാളി അവിടത്തെ ആഢംബരങ്ങളെ വികസനമായി തെറ്റിദ്ധരിച്ചത് കേരളത്തിലെ പരിസ്ഥിതി നശീകരണത്തിന് കാരണമായി എന്നാണ്.

ലോക്കല്‍ കുശുമ്പ് വര്‍ത്തമാനങ്ങളെപ്പോലെയല്ല ഇത്തരം വിമര്‍ശനങ്ങള്‍ വായിക്കപ്പെടുക. ആര്‍.വി.ജി മേനോനെപ്പോലെയുള്ളവര്‍ ഇത്തരം ഒരു നിരീക്ഷണം നടത്തുമ്പോള്‍ സ്വാഭാവികമായും അതിനൊരു ആധികാരികത കൈവരും. എന്നാല്‍ എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രാഥമികമായും ഗള്‍ഫ് പ്രവാസി എന്ന ഒരു വിഭാഗം മനുഷ്യരുടെ ചിലവില്‍ മാതൃദേശത്തിന്റെ പരിസ്ഥിതി നാശത്തെ വകകൊള്ളിച്ചത് എന്ന് വ്യക്തവുമല്ല.

ഗള്‍ഫ് ബൂം

ഗള്‍ഫ് ബൂം എന്നത് 1972 മുതല്‍ 83 വരെയുള്ള കാലഘട്ടത്തില്‍ ഗള്‍ഫ് മേഖലയിലേയ്ക്ക് നടന്ന വന്‍ തോതിലുള്ള പ്രവാസമാണെന്ന് പൊതുവില്‍ പറയപ്പെടുന്നു. ഈ കാലഘട്ടം മുതല്‍ക്ക് തന്നെ അതിന്റെ പ്രതിചലനങ്ങള്‍ നാട്ടിലും അനുഭവപ്പെട്ട് തുടങ്ങുന്നുണ്ട്. ഗള്‍ഫില്‍ പോയി ഒന്ന് പച്ചപിടിച്ച് നാട്ടിലേയ്ക്ക് അഞ്ച് കാശക്കാന്‍ വ്യക്തിയെന്ന നിലയില്‍ അഞ്ചും എട്ടും വര്‍ഷം അവിടെ നരകയാതനകള്‍ അനുഭവിക്കേണ്ടിവന്ന വ്യക്തികള്‍ ഉണ്ട് എന്നത് നേര്. പക്ഷേ ഒരു സമൂഹം എന്ന നിലയില്‍ എഴുപതുകളില്‍ തന്നെ അവര്‍ നാട്ടില്‍ ഉണ്ടാക്കിയ സ്വാധീനം പ്രകടമായിരുന്നു എന്ന് പറയാം.

ഗള്‍ഫ് പ്രവാസത്തിന്റെ ആദ്യതരംഗം മുതല്‍ക്ക് തന്നെ കേരളത്തിന്റെ വിവിധ വ്യാപാര സാമ്പത്തിക മേഖലകളില്‍ ഒരു പുത്തന്‍ ഉണര്‍വ്വ് ഉണ്ടായിരുന്നു എന്നുപറഞ്ഞു.സാമ്പത്തിക ക്രയവിക്രയ ശേഷിയുള്ള ഒരുപുതിയവിഭാഗം ഉയര്‍ന്നുവരുന്നതോടെ ഏത് ഇക്കോണമിയിലും ഉണ്ടാകുന്ന ഒന്ന്. പക്ഷേ അത്തരം ഒരു ഉണര്‍വ്വ് അതുവരെ നിലനിന്നിരുന്നു സാമ്പത്തിക തുലനത്തിന്റെ ഭൗതീക ശാസ്ത്ര സമവാക്യങ്ങളെ ഉലയ്ക്കും എന്നതും അതുപോലെ സ്വാഭാവികം.

കേരളത്തില്‍ സംഭവിച്ചതും മറ്റൊന്നായിരുന്നില്ല. ഗള്‍ഫുകാരന്റെ പണം വരാന്‍തുടങ്ങിയതോടെ നാട്ടില്‍ മീനുതൊട്ട് മണ്ണിനുവരെ വിലകൂടി എന്ന സാമാന്യവല്‍ക്കരിക്കപ്പെട്ട നിരീക്ഷണം യഥാര്‍ത്ഥത്തില്‍ ഊന്നുന്നതിവിടെയാണ്. മാറ്റമുണ്ടായി എന്നത് സത്യം. അത് പക്ഷേ ഒരു വിഭാഗം മനുഷ്യര്‍ പൊടുന്നനേ ആഢംബരത്തിലേയ്ക്ക് കൂപ്പുകുത്തി എന്നതല്ല. മറിച്ച് തങ്ങള്‍ക്ക് മാത്രമാവുന്നതെന്ന് ഒരുവിഭാഗം ധരിച്ച് വശായ ഭൗതീക ആവശ്യങ്ങളില്‍ അവരുമായി മത്സരിക്കാന്‍ പോന്ന മറ്റൊരു വിഭാഗം പൊടുന്നനേ ഉണ്ടായിവന്നു എന്നതാണ്.

ഈ വിഭാഗം നമ്മുടെ സമൂഹത്തില്‍ നൂറ്റാണ്ടുകളായി നിലനിന്ന് പോന്ന സാമൂഹ്യ-സാമ്പത്തിക സമവാക്യങ്ങളെ അടിപടലെ ഇളക്കി എന്നതാണ് സത്യം.

പഴയ സമവാക്യം

ജാതി വ്യവസ്ഥയെന്ന വിചിത്രമായ സാമൂഹ്യ-സാമ്പത്തിക ഘടനയിലൂടെ എല്ലാത്തരം നിര്‍മ്മാണാത്മക സംരംഭങ്ങള്‍ക്കും പുറംതിരിഞ്ഞ് നിന്ന ഒരു സമൂഹം അതിന്റെ ശ്രേണീവല്‍കൃതമായ ഉച്ചനീചത്വ സങ്കല്‍പ്പങ്ങളെ എത്ര പരിഹാസ്യമായാണ് കത്തുരക്ഷിച്ച് പോന്നതെന്ന് മനസിലാക്കാന്‍ പി.കെ ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥയും കേരളചരിത്രവും എന്ന ഗ്രന്ഥംമാത്രം വായിച്ചാല്‍ മതിയാവും. മേമ്പോടിക്ക് വേണമെങ്കില്‍ ഇത്തിരി വി.കെ.എന്നും ആവാം.

കരയില്‍ നല്ലൊരു ഭാഗം സ്ഥലവും കാടായിരുന്ന കാലത്ത് അതില്‍ താനെ മരത്തില്‍ ചുറ്റിപ്പിടിച്ച് കയറുന്ന ഒരു വള്ളിച്ചെടിയില്‍ കായ്ച്ച് കിടക്കുന്ന കുരുമുളക്. ഭൂമി എതാണ്ട് മുഴുവനും മൊത്തം ജനസംഖ്യയെടുത്താലും ശതമാന കണക്കില്‍ രണ്ടക്കം തൊടാത്ത ബ്രാഹ്മണരുടെ കയ്യില്‍. കാര്യസ്ഥരായ നായന്മാര്‍. ചുമ്മാ വളര്‍ന്ന് കായ്ക്കുന്ന ഈ സാധനത്തെ വിലതന്ന് മേടിക്കാന്‍ ആളുണ്ട്.

ഈ നമ്പൂതിരി, നായര്‍ ടീമുകളില്‍ നല്ലൊരു വിഭാഗവും ഉണ്ട് ഏമ്പക്കം വിടുന്നതാണ് ആയുസ്സില്‍ കിട്ടാവുന്ന ഏറ്റവും വലിയ ആഢംബരം എന്ന് കരുതി ജീവിക്കുന്ന അവസ്ഥയാണ്, എന്നാല്‍ അതുതന്നെയും തരമാവുക കഷ്ടിയുമാണ്. അവസ്ഥ ഇതൊക്കെയാണെങ്കിലും ചുമ്മാ കിടക്കുന്ന കുരുമുളക് പെറുക്കി അറബിക് വിറ്റ് നാലുകാശുണ്ടാക്കുമോ? ഹെയ്…, കച്ചോടമോ…

മന്ത്രം ചൊല്ലല്‍, കവനം, കണക്ക്, നക്ഷത്രമെണ്ണല്‍ സംബന്ധാദി സുകുമാര കലകള്‍ മാത്രം അനുവദനീയമായ നമ്പൂതിരി, യുദ്ധക്കളി തീണ്ടാപ്പാടകലം തെറ്റിച്ച അയിത്തക്കാരുടെ തലവെട്ടല്‍ തുടങ്ങിയ കായിക കലകളല്ലാതെ മറ്റൊന്നും പാടില്ലാത്ത നായര്‍. കച്ചവടം കുലത്തൊഴിലായ ഒരു കൃത്യമായ വൈശ്യ സമൂഹം ഇല്ല. വാസ്തവത്തില്‍ ബ്രാഹ്മണന്‍ കഴിഞ്ഞാല്‍ ക്ഷത്രിയനോ, വൈശ്യനോ ഇല്ലാതെ നേരേ ശൂദ്രനിലും അഞ്ചാം വേദക്കാരനിലും എത്തിനില്‍ക്കുന്ന, സാമൂഹ്യ ഘടനയെ സംബന്ധിച്ചിടത്തോളം ആ അസംബന്ധത്തില്‍ പോലും വികലാംഗമായിരിക്കുന്ന ഒന്നായിരുന്നു കേരളീയ സമൂഹം.

സാമൂഹ്യമായ ചലനാത്മക അമ്പേ നഷ്ടമായ അതിലെ മാടമ്പി പ്രമാണിത്ത ഘോഷങ്ങളൊക്കെയും ആനുപാതികമായ പിന്നോക്കാവസ്ഥകളിലൂടെ നിര്‍മ്മിച്ചെടുത്ത് സ്ഥാപനവല്‍ക്കരിച്ച, ഭൗതീകമായ ഒരു ബാക്ക് അപ്പുമില്ലാത്ത വെറും അധീശത്വ ബോധം മാത്രമായിരുന്നു.

ഓല മേയുന്നതിന് കരം. ഓടുമേഞ്ഞാല്‍ വേറെ പ്രത്യേക കരം. അതൊക്കെ പോട്ടെ, മുലയ്ക്കും മീശയ്ക്കും വരെ കരം! നിര്‍മ്മാണോന്മുഖമായ ഒരു മുലാധനസമാഹരണത്തിന്റെ ഭാഗമെന്ന നാട്യത്തില്‍ പോലുമല്ല ഇതൊന്നും എന്ന് ഓര്‍ക്കണം. എല്ലാം അടഞ്ഞതും വിചിത്രവുമായ ഒരു ഉച്ചനീചത്വ വ്യവസ്ഥയെ നിലനിര്‍ത്താന്‍ വേണ്ടിയുള്ള നിയന്ത്രണങ്ങള്‍!

പണമുണ്ടെങ്കിലും പാടില്ലായ്മ മാറില്ല

അംബേദ്കറെ പോലുള്ളവര്‍ സാമൂഹ്യ അസമത്വങ്ങളുടെ കേന്ദ്രബിന്ദുവായി സാമ്പത്തിക അസമത്വങ്ങളെ എണ്ണുന്ന സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള പ്രമുഖ വിമര്‍ശനമായി ഉന്നയിച്ചത് അത് ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ വിചിത്രമായ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യാന്‍ അപര്യാപതമാണെന്ന യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടിയാണ്. ഓടിപ്പോകുന്ന സ്വന്തം കാറില്‍ കയറാന്‍ കേരളീയന്‍ പണ്ട് ചെയ്ത് പോന്നിരുന്ന ആറുനീന്തിക്കടക്കേണ്ടതുള്‍പ്പെടെയുള്ള പരാക്രമങ്ങളെ പരിഹസിക്കുന്ന വി.കെ.എന്‍ എഴുത്തുകള്‍ ഓര്‍ക്കുക.

ഇത്തരം പണമുണ്ടായാലും മാറാത്ത പാടില്ലായ്മകളെ നവോത്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും ചേര്‍ന്ന് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ഗള്‍ഫില്‍ നിന്ന് ഉണ്ടാക്കിയ പ്രവാസിയുടെ പണം കൊണ്ട് നാട്ടില്‍ പുതിയൊരു വിഭാഗം മനുഷ്യര്‍ കൂടി മീനിനുതൊട്ട് മണ്ണിനുവരെ നാലുക്കൊപ്പം വിലപറഞ്ഞ് തുടങ്ങിയത്.

അതുകൊണ്ടുണ്ടായ വ്യത്യാസം ഈഴവനും മുസല്‍മാനും ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗക്കാരും, ദളിതനും ഒക്കെ ചന്തയില്‍ പോയി മീനും മാംസവും എന്നല്ല സ്വന്തമായി ഭൂമി വാങ്ങാനും, ഗൃഹം നിര്‍മ്മിക്കാനും, മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും ഒക്കെ തുടങ്ങി എന്നതാണ്. ദളിതന്‍ സ്വന്തം അദ്ധ്വാനത്തില്‍ ഒരു പുത്തന്‍ കുപ്പായം വാങ്ങി ഇട്ടാലും അത് മണ്ണിലിട്ട് ഉരുട്ടി മുഷിച്ചേ ഇടാവു എന്നതരം വിചിത്രമായ “നാട്ട്‌നടപ്പുകളെ” മനുഷ്യര്‍ സംഘടിതരായി ചെറുത്ത് തോല്പിക്കാന്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ ആ പ്രക്രിയ കുറച്ച് കൂടി സുഗമമായി താനും.

ഈയൊരു പശ്ചാത്തലത്തിലാണ് സവര്‍ണ്ണ കേരളം വേറൊരു പരിദേവനവുമായി രംഗത്തെത്തുന്നത്. അത് പുതുപ്പണക്കാരായ ഗള്‍ഫ് പ്രവാസികള്‍ കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥ, പാരിസ്ഥിതിക സന്തുലിതാവസ്ഥയൊക്കെ തകര്‍ക്കുന്നു, നമ്മുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തെ മുതലാളിത്തത്തിനും, ഉപഭോഗ സംസ്‌കാരത്തിനും തീറെഴുതി കൊടുക്കുന്നു എന്നൊക്കെയാണ്. അതായത് പണമുണ്ടായാലും പാടില്ലായ്മ പിന്നെയും നിലനില്‍ക്കും എന്ന അവസ്ഥ മാറ്റിയതില്‍ കമ്യൂണിസ്റ്റ് സംഘടനാ ബോധത്തിന് വലിയ പങ്കുണ്ട് എങ്കിലും അത് സാമ്പത്തിക മാതൃകകളിലൂടെ സ്വാഭാവികവല്‍ക്കരിച്ചത് പ്രവാസവുമാണ്.

സവര്‍ണ്ണ യാഥാസ്ഥിതികത്വത്തിന്റെ ഗൃഹാതുര ഭൂതകാല ആഖ്യാനങ്ങളില്‍ പ്രവാസിയും, കമ്യൂണിസ്റ്റ്കാരനും ഒരുപോലെ വില്ലന്‍ വേഷത്തില്‍ ആയിരുന്നു എന്നതിന് കാരണം ഇതാണ്. ഇന്ന് പക്ഷേ അത് മാറി. പുത്തന്‍ ആഖ്യാന സങ്കേതങ്ങള്‍ നിലവില്‍ വന്നു.

ബ്രാഹ്മണിക് പരിസ്ഥിതിവാദം

രക്തരൂക്ഷിതമായ ഒരു കായികാധിനിവേശപ്രക്രിയയുടെ കഷ്ടപ്പാടുകളും ആള്‍നഷ്ടവുമൊന്നും കൂടാതെതന്നെ “സൂത്രത്തില്‍ തരായ പ്രാകൃതിക വിഭവസമൃദ്ധിയെ നിലനിര്‍ത്തിപോരാനായി അന്ന് കേരളത്തിലെ നമ്പൂതിരിമാര്‍ കണ്ടെത്തിയ മാറ്റിനിര്‍ത്തലുകളുടെയും, വിലക്കുകളുടെയുമായ സാമൂഹ്യ മാതൃക നമുക്കറിയാം. അതില്‍ തീര്‍ച്ചയായും “ഇനിവരുന്നൊരു തലമുറ” കള്‍ക്കായുള്ള കരുതല്‍ വ്യാഖ്യാനിച്ചെടുക്കുകയുമാകാം.

പക്ഷെ എല്ലാവര്‍ക്കും വിഭവലഭ്യത ഉറപ്പുവരുത്തുക എന്ന മാനവികമായ ആവശ്യത്തെ ആചാരങ്ങള്‍ കൊണ്ട് അട്ടിമറിച്ച് “നമ്പൂതിരി തലമുറ”കള്‍ക്ക് വേണ്ടി മാത്രമായി നിജപ്പെടുത്തിയ ഒന്നായിരുന്നു അവരുടെ ആ പരിസ്ഥിതിവാദം.

ധവളവിപ്ലവത്തിന്റെ, കാര്‍ഷിക വിപ്‌ളവത്തിന്റെ, വ്യവസായ വിപ്ലവത്തിന്റെയൊക്കെ ആദ്യ ഗുണഭോക്താക്കളായ യൂറോപ്പ് മൂന്നാം ലോകത്തെ പശുക്കള്‍ വളിവിട്ട് ഉണ്ടാക്കുന്ന പാരിസ്ഥിതിക ഭീഷണിയാണ് ആഗോളതാപനം എന്നൊക്കെ പറയുന്നപോലെ ഒന്നാണത്.

പരിസ്ഥിതി എന്നത് ഇപ്പോള്‍ ജീവിക്കുന്നതും ഇനി ജനിക്കാനിരിക്കുന്നതുമായ എല്ലാ ജീവജാലങ്ങള്‍ക്കും വേണ്ടിയുള്ള ഒരു കരുതലാണെന്നത് ശരി. പക്ഷേ അത് എല്ലാവരുടെയും ചിലവിലായിരിക്കണം എന്ന് മാത്രം.അസന്തുലിതമായ വിഭവവിന്യാസം ഉയര്‍ത്തുന്ന നിരവധിയായ സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കവേ പൊടുന്നനേ ഇന്നുമുതല്‍ ഇനി നമുക്കെല്ലാവര്‍ക്കും വരും തലമുറകളെ ഓര്‍ക്കാം എന്ന് പറയുന്നതിനെ, പരിസ്ഥിതിയേ ഓര്‍ത്തെങ്കിലും ഇവിടെനിന്നങ്ങോട്ട് സ്റ്റാറ്റസ്‌കോ നിലനിര്‍ത്തി അങ്ങ് പോകാം എന്ന് പറയുന്നതിനെ നിലനില്‍ക്കുന്ന അസമത്വങ്ങളെ സ്ഥാപനവല്‍ക്കരിക്കുവാനുള്ള ഒരു പരോക്ഷ ആഹ്വാനമായേ മനസിലാക്കാനാവൂ.

അതുകൊണ്ട് തന്നെ ഗള്‍ഫിലെ ആഢംബരങ്ങളെ വികസനമായി തെറ്റിദ്ധരിച്ച ഗള്‍ഫ് പ്രവാസികള്‍ കേരളത്തിന്റെ പരിസ്ഥിതിയെ നാശകോശമാക്കി എന്ന ആര്‍.വി.ജി മേനോന്‍ പണ്ട് നടത്തിയ നിരീക്ഷണം പോലെയുള്ള പാരിസ്ഥിതിക ഉണര്‍വ്വുകളെ നമുക്ക് മുഖവിലയ്‌ക്കെടുക്കാനാവില്ല.

ആര്‍.വി.ജി മേനോന്‍ വിമര്‍ശിക്കുന്ന ഈ ഗള്‍ഫ് പ്രവാസി ആരെന്നത്, അയാള്‍ അതിന്റെ ഏത് തരംഗത്തില്‍ പെടുന്നു എന്നത് ഒന്നുമിവിടെ വ്യക്തമല്ല. സാന്ദര്‍ഭികമായി നടത്തിയ ഒരു നിരീക്ഷണം എന്നതില്‍ ഉപരി അദ്ദേഹത്തിന് അതില്‍ ആധികാരികതാവാദം ഒന്നും ഉണ്ടാവുകയില്ലായിരിക്കാം.ഒരുപക്ഷേ ആകെ പത്തറുപത് കൊല്ലം പഴക്കമുള്ള ഇതിലൊക്കെ എന്തൊന്ന് കാലവും തരംഗവും എന്ന് ആശ്ചര്യപ്പെടുന്നുപൊലുമുണ്ടാകാം. പക്ഷേ അതുകൊണ്ട് വസ്തുതകള്‍ ഇല്ലാതാകുന്നില്ലല്ലൊ.

ഗള്‍ഫിലെ നിര്‍മ്മാണ മേഖലയിലേയ്ക്ക് കുടിയേറിയ മലയാളി പ്രവാസികളുടെ ഒന്നാം തരംഗത്തില്‍ നമ്പൂതിരിമാരും, മാടമ്പി നായന്മാരും തുലോം തുച്ഛമായിരുന്നു എന്ന് നാം കണ്ടു. അപ്പോള്‍ ആഢംബര ഭ്രമം കൊണ്ട് പാരിസ്ഥിതിക വെല്ലുവിളികള്‍ ഉയര്‍ത്തിയ ഗള്‍ഫ് പ്രവാസി എന്ന പരത്തിപ്പറയലില്‍ ആ തരംഗത്തിലുള്ളവരും ഉള്‍പ്പെടുന്നു എങ്കില്‍ അവര്‍ ആ വിമര്‍ശനം അര്‍ഹിക്കുന്നവരല്ല.

ഭൂമിയെന്ന, അതില്‍ വൃത്തിയും ഉറപ്പുമുള്ള പാര്‍പ്പിടം എന്ന അടിസ്ഥാന മനുഷ്യാവകാശങ്ങളില്‍നിന്ന് ജാതിവ്യവസ്ഥയും കീഴാചാരങ്ങളും ചേര്‍ന്ന് മാറ്റിനിര്‍ത്തിയ ഒരുവിഭാഗം മനുഷ്യരുടെ ആത്മാഭിമാന പോരാട്ടങ്ങളുടെ ഭാഗമാണ് ആ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. അത് ആഢംബരമല്ല, അതിജീവനമാണ്.

ഇനി അങ്ങനെ എല്ലാവരുടെയും ആത്മാഭിമാനം പരിസ്ഥിതി താങ്ങുകയില്ല എന്നാണെങ്കില്‍ അത് ആദ്യം അനുഭവിച്ചവര്‍ മാറിനില്‍ക്കട്ടെ. യൂറോപ്പ് ധവള, കാര്‍ഷിക, വ്യാവസായിക വിപ്ലവത്തിന്റെ മാതൃകകളെ ഉപേക്ഷിച്ച് പതിനേഴാം നൂറ്റാണ്ടിലെ അതിജീവന ശൈലിയിലേയ്ക്ക് മടങ്ങട്ടെ. നമ്പൂതിരിമാരും നായര്‍ മാടമ്പികളും കുടിലിലേയ്ക്ക് മടങ്ങി മാതൃക കാണിക്കട്ടെ. ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് അവര്‍ ഒഴിഞ്ഞുപോയ ഗൃഹങ്ങള്‍ നല്‍കട്ടെ. നടപ്പില്ല അല്ലേ?

എങ്കില്‍ പിന്നെ രണ്ടാം തരംഗമായിരിക്കും..

ഇനി തൊണ്ണുറുകളുടെ രണ്ടാം പകുതി മുതല്‍ക്ക് ആരംഭിക്കുന്ന പ്രവാസത്തിന്റെ രണ്ടാം തരംഗത്തെയാണ് ഇത് ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ അത് ഒരു പരിധിവരെ ശരിയാണ്. എന്നാല്‍ കേരളത്തില്‍ കൂണുപോലെ മുളച്ച് പൊന്തുന്ന ബില്‍ഡിങ്ങ് കമ്പനികള്‍ പണിഞ്ഞിട്ട ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ പലതും വാങ്ങി വെറുതേ അടച്ചിട്ടിരിക്കുന്ന, അയ്യായിരവും ആറായിരവും സ്‌ക്വയര്‍ ഫീറ്റ് വരുന്ന വീടുകളെ കെയര്‍ടേക്കര്‍മാരെ നിയമിച്ച് പരിപാലിച്ച് പോരുന്ന മലയാളികള്‍ ഗള്‍ഫ് പ്രവാസികള്‍ മാത്രമല്ല താനും.

ശരാശരി നാല്പത് ലക്ഷം മുതല്‍ മുകളിലോട്ട് ചിലവാക്കി രണ്ടായിരം സ്‌ക്വയര്‍ ഫീറ്റ് മുതല്‍ക്കങ്ങോട്ട് പല അളവില്‍ കൊട്ടാര സദൃശമായ കെട്ടിടങ്ങള്‍ പണിയുന്നവരില്‍ കേരളത്തിലെ മദ്ധ്യവര്‍ഗ്ഗ ഉദ്യോഗസ്ഥ കുടുംബങ്ങള്‍ മുതല്‍ കച്ചവടക്കാര്‍ വരെ പെടും. ഇത് കൂടാതെയാണ് യൂറോപ്പിലും, അമേരിക്കയിലും, ഇംഗ്‌ളണ്ടിലും ഒക്കെയായി വ്യാപിച്ച് കിടക്കുന്ന ഗള്‍ഫിതര പ്രവാസി സമൂഹങ്ങള്‍.തങ്ങളുടെ സമ്പാദ്യത്തിന് റിയല്‍ എസ്റ്റേറ്റല്ലാതെ വേറേ ഭദ്രമായ നിക്ഷേപ മേഖലയില്ലെന്ന് വിശ്വസിക്കുന്ന ഇത്തരം മനുഷ്യരുടെ കൂട്ടത്തില്‍ ഗള്‍ഫ് പ്രവാസികളും തീര്‍ച്ചയായും ഉണ്ട്.

പക്ഷേ അതുകൊണ്ട് സ്വകാര്യ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ധാരാളിത്തം മൂലം കേരളത്തിലുണ്ടായ പരിസ്ഥിതി പ്രശ്‌നങ്ങളെ മുഴുവന്‍ ഗള്‍ഫ് പ്രവാസികളുടെ ചുമലില്‍ വയ്ക്കാനാകുമോ?

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പ്രകൃതി വിഭവങ്ങളുടെ കാര്യത്തില്‍ വന്‍ ദൗര്‍ലഭ്യം അനുഭവിക്കുന്ന സാഹചര്യങ്ങളില്‍ പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ മാതൃകകള്‍ വികസിപ്പിച്ചെടുക്കുക മുതല്‍ തങ്ങളുടെ അസാന്നിദ്ധ്യത്തില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം വിശ്വസിച്ച് മുടക്കാന്‍ മറ്റൊരു മേഖലയില്ലാത്തതിനാല്‍ ഫ്‌ളാറ്റും, വസ്തുവും വാങ്ങിക്കൂട്ടുന്ന രണ്ടാം തരംഗത്തില്‍ പെട്ട പ്രവാസികള്‍ക്കായി സുരക്ഷിതവും ആകര്‍ഷകവുമായ ബദല്‍ നിക്ഷേപ പദ്ധതികള്‍ ഒരുക്കുകവരെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തിലാണ് നടക്കേണ്ടത്.

എന്ത് ചോദിച്ചാലും പണമില്ലെന്ന് പറയുന്ന സര്‍ക്കാരുകള്‍ക്ക് മുമ്പില്‍ ഒരു വന്‍ നിക്ഷേപ സമാഹരണ സാദ്ധ്യതതന്നെ ഇത് തുറന്നിടുന്നുണ്ട്. പക്ഷേ അതിന് ഭാവനാസമ്പുഷ്ടമായ കര്‍മ്മപരിപാടികള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഉയര്‍ന്നുവരേണ്ടതുണ്ട് എന്ന് മാത്രം.

ഇതൊക്കെയാണ് യാഥാര്‍ത്ഥ്യം. എന്നാലും ചില വിമര്‍ശകര്‍ക്ക് ഗള്‍ഫ് പ്രവാസിയെ തന്നെ ചൊറിയണം സായൂജ്യം കിട്ടണമെങ്കില്‍! അതിന് കാരണമാകട്ടെ മുമ്പ് സൂചിപ്പിച്ചതും. കണ്ട തീയനും, മേത്തനും, ദളിതനും ഒക്കെ മണിമാളിക കെട്ടാന്‍ തുടങ്ങിയതോടെ നാട് കുട്ടിച്ചോറായി എന്ന വികാരം.

പ്രൊഫസര്‍ ആര്‍.വി.ജി മേനോന്‍ അത് പങ്കുവയ്ക്കുന്നു എന്നല്ല, മറിച്ച് അദ്ദേഹം സ്വന്തം പാണ്ഡിത്യത്തിലൂടെ ആര്‍ജ്ജിച്ച ആധികാരികതയുടെ പശ്ചാത്തലത്തില്‍ ഇത്തരം ഒരു “ഓഫ് ഹാന്‍ഡ്” നിരീക്ഷണം പോലും ( അങ്ങനെയാണെങ്കില്‍) ആ വികാരത്തെ ലെജിറ്റിമൈസ് ചെയ്യുന്നു എന്നതാണ് പ്രശ്‌നം. കാരണം മേല്പറഞ്ഞ ആ ചോറിച്ചിലിന്റെ കാരണം എന്തായാലും പരിസ്ഥിതി പ്രേമമല്ല.

(തുടര്‍ന്നുള്ള ഭാഗങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും)

We use cookies to give you the best possible experience. Learn more