ബുദ്ധിശക്തി എന്നത് മസ്തിഷ്‌ക വികാസവുമായി ബന്ധപ്പെട്ട ഒരു പദമാണ്.അത് സാധാരണഗതിയില്‍ പൂര്‍ണ്ണ ആരോഗ്യമുള്ള എല്ലാവര്‍ക്കും ഉള്ളതുമാണ്. അല്ലാത്തവരെ നാം ഭിന്നശേഷിക്കാര്‍ എന്ന് വിളിക്കുന്നു. വിദ്യാഭ്യാസം എന്നത് മനുഷ്യര്‍ തങ്ങളുടെ ബുദ്ധിശക്തി ഉപയോഗിച്ച് നടത്തിയ മുമ്പോട്ട് പോക്കുകളുടെ, അങ്ങനെ അവര്‍ ആര്‍ജിച്ച അറിവുകളുടെ തലമുറകളിലേക്കുള്ള ഒരു കൈമാറ്റ വ്യവസ്ഥയാണ്. ഓരോ തലമുറയും വീണ്ടും വീണ്ടും ചക്രം കണ്ടുപിടിക്കാത്ത വിധം അത് അറിവിനെ ചലനാത്മകമാക്കുന്നു.
എന്നാല്‍ വിദ്യാഭ്യാസം ഒരു സ്വാഭാവിക പ്രക്രിയയല്ല. അതിലേക്ക് ഒരു കുട്ടിയും സ്വാഭാവികമായി ആകര്‍ഷിക്കപ്പെടുന്നില്ല. സ്‌കൂളില്‍ പോകുന്ന കുട്ടികളെ കണ്ട് വീട്ടിലിരിക്കുന്ന കുട്ടിക്ക് അങ്ങനെ ഒരാഗ്രഹമുണ്ടാവുന്നതിനെ വിദ്യാഭ്യാസ പ്രക്രിയയിലേയ്ക്കുള്ള സ്വാഭാവിക ആകര്‍ഷണമായി കരുതേണ്ടതുമില്ല. അതുകൊണ്ട് തന്നെ വിദ്യാഭ്യാസത്തില്‍ കുട്ടികള്‍ക്ക് താല്പര്യം ജനിപ്പിക്കാനും ആ താല്പര്യം ഉറപ്പിച്ച് നിര്‍ത്താനും ചില ചുറ്റുപാടുകളുടെ ആവശ്യമുണ്ട്. വിദ്യാഭ്യാസമുള്ള മുതിര്‍ന്നവര്‍ ആ ചുറ്റുപാടിന്റെ അവിഭാജ്യ ഘടകമാണ്. സാധാരണഗതിയില്‍ അങ്ങനെ എത്ര പേര്‍ ഒരു കുട്ടിയുടെ ചുറ്റുമുണ്ടോ അത്രകണ്ട് ആ കുട്ടിയുടെ വിദ്യാഭ്യാസം സുഗമമാകുന്നു. ഇതിനെ നമുക്ക് വിദ്യാഭ്യാസംബന്ധിയായ പാരമ്പര്യം എന്ന് വിളിക്കാം.
ഇത്രയും ആമുഖമായി പറഞ്ഞത് തലമുറകളായി അഭ്യസ്തവിദ്യരായ മാതാപിതാക്കളും ബന്ധുക്കളുമൊക്കെയുള്ള ഒരു കുടുംബ പാരമ്പര്യത്തില്‍ നിന്നും വരുന്ന കുട്ടിയും അതിലേക്ക് ആദ്യമായി പ്രവേശിപ്പിക്കപ്പെടുന്ന നിരക്ഷരമായ കുടുംബ പാരമ്പര്യത്തില്‍ നിന്നും വരുന്ന കുട്ടിയും തമ്മിലുള്ള അന്തരം കേവലം വ്യക്തിഗത ബുദ്ധിശക്തിയുടെ അന്തരമല്ല എന്ന് സൂചിപ്പിക്കാനാണ്.
ലക്ഷ്മണനെ പഠിപ്പിക്കണം എന്ന് മാര്‍ത്താണ്ടനു തോന്നി. അയാള്‍ അവനെ സ്‌കൂളില്‍ ചേര്‍ത്തു. എന്നാല്‍ ഇതിനോട് വീട്ടിലോ, കുടുംബത്തിലോ സമുദായത്തിലോ ഉള്ളവര്‍ അനുകൂലമായല്ല പ്രതികരിച്ചത്. ഇത് മണ്ടത്തരമാണെന്നും മകനെ തൊഴിലുപഠിപ്പിക്കുന്നതാണ് മെച്ചമെന്നും അവര്‍ നിരന്തരം മാര്‍ത്താണ്ടനെ ഉപദേശിച്ചുകൊണ്ടേയിരുന്നു. എന്തുകൊണ്ടോ പുള്ളി അതിനുവഴങ്ങിയില്ല എന്ന് മാത്രം.
കുട്ടിയായ ലക്ഷ്മണനും പലപ്പൊഴും ബന്ധുക്കള്‍ പറയുന്നതാണ് കാര്യം എന്ന് തോന്നിയിട്ടുണ്ട്. ഒന്നാമത് സ്‌കൂളില്‍ വെറുതേ പോയാല്‍ പോര, പുസ്തകങ്ങളും മറ്റ് അനുബന്ധ സംഗതികളും വേണം. പോകുമ്പൊഴും തിരികെ വരുമ്പൊഴും വീട്ടില്‍ എന്തെങ്കിലും കഴിക്കാന്‍ ഉറപ്പുണ്ടാവണം. ഇതൊന്നുമില്ലാതെ പൊട്ടിയ സ്ലേറ്റും പട്ടിണിയുമായി പള്ളിക്കൂടത്തില്‍ പോകുന്നതിലും ഭേദം സമുദായത്തിലെ സമപ്രായക്കാരൊത്ത് കക്കാന്‍ പോകുന്നതാണെന്ന് ലക്ഷ്മണന് പലവട്ടം തോന്നിയിരുന്നു.
എന്തോ ഹിസ്റ്റീരിയയാല്‍ എന്നപോലെ പക്ഷേ മാര്‍ത്താണ്ടന്‍ അതിനെ അക്രമാസക്തമായി എതിര്‍ത്തുകൊണ്ടിരുന്നു. അവനെ കക്കാന്‍ കൊണ്ടുപോയെന്നറിഞ്ഞാല്‍ അയാള്‍ ഭാര്യയെയും മക്കളെയും ഭ്രാന്ത് പിടിച്ചപോലെ തല്ലുമായിരുന്നു. പിന്നെയും എത്രയോ നാളുകള്‍ കഴിഞ്ഞാണ് അവനു പുസ്തകങ്ങളും മറ്റും വാങ്ങി കൊടുക്കാന്‍ തന്നെ അയാള്‍ക്കായത്. പക്ഷേ ലക്ഷ്മണന്‍ മിടുക്കനാണ്, അവന്‍ വലിയ ആളാവും എന്ന് ഏതോ വെളിപാടില്‍ നിന്നുമെന്നോണം അയാള്‍ക്ക് തോന്നിയിരുന്നു. ബാക്കിയുള്ളവര്‍ ഭ്രാന്ത് എന്ന് തന്നെ കരുതിയ ആ നിയോഗമായിരിക്കണം ലക്ഷ്മണ്‍ ഗെയ്ക്ക്വാദ് എന്ന മഹാനായ ദളിത് സാമൂഹ്യ പ്രവര്‍ത്തകനെയും സാഹിത്യകാരനെയും പിന്നീട് സൃഷ്ടിച്ചത്.
ഇതില്‍ നിന്നും ഒരുകാര്യം വ്യക്തമാണ്. വിദ്യാഭ്യാസത്തിന്റെ ഒരു പശ്ചാത്തല പാരമ്പര്യമില്ലാതെ വ്യക്തികള്‍ക്ക് അതില്‍ തുടരുക എത്രകണ്ട് ദുഷ്‌കരമാണ്! ലക്ഷ്മണനു പാഠഭാഗങ്ങളിലെ സംശയങ്ങള്‍ നിവര്‍ത്തിക്കാന്‍ വീട്ടില്‍ മുതിര്‍ന്നവരില്ല എന്നതുപോലുമായിരുന്നില്ല പ്രശ്‌നം, ഭക്ഷണവും, വസ്ത്രവും, പുസ്തകങ്ങളുമായിരുന്നു. ഒപ്പം നാലുപാടുനിന്നുമുള്ള, ഇത് നിഷ്ഫലമാണ്, കുലത്തൊഴില്‍ പഠിക്കുന്നതാവും മെച്ചം എന്ന പ്രലോഭനവും.
ഇവയെയൊക്കെ അതിജീവിച്ച് ലക്ഷ്മണന്‍ പരീക്ഷയില്‍ നേടുന്ന നൂറില്‍ അന്‍പതും ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്ത ഒരാള്‍ അടവച്ച് വിരിയിച്ചതെന്നോണം നേടുന്ന എണ്‍പതും തമ്മില്‍ നിലവാര ബന്ധിയായി തന്നെ എന്ത് താരതമ്യമാണുള്ളത്? കേവലമായ സംഖ്യകൊണ്ട് അവയിലെ ബൗദ്ധിക ഉണര്‍വിനെ അളക്കുന്നവര്‍ നിലവാരം ഉറപ്പുവരുത്തുകയല്ല, അതിനെ അട്ടിമറിക്കുകയാണ്.
അതുകൊണ്ട് ഒരുകാര്യം മനസിലാക്കുക. വിദ്യാഭ്യാസ രംഗത്ത് ദളിത് ആദിവാസി സമൂഹങ്ങള്‍ക്ക് നല്‍കുന്ന സംവരണ ബന്ധിയായ ഇളവുകള്‍ ഇളവുകളല്ല, അവരുടെ വേറിട്ട വ്യക്തിഗത ബൗദ്ധിക മൂലധനത്തിന്റെ അംഗീകാരം തന്നെയാണ്.അതും തലമുറകളായി വിദ്യാഭ്യാസത്തിന്റെ പാരമ്പര്യമുള്ള സമുദായങ്ങളില്‍ നിന്നും ഉള്ള കുട്ടികള്‍ നേടുന്ന മാര്‍ക്കും തമ്മില്‍ താരതമ്യമേ സാധ്യമല്ല.