അതായത് നാട്ടില്‍ നിന്ന് ഇങ്ങൊട്ടെയ്ക്ക് സാമുദായികതയും, ആള്‍ദൈവ വിശ്വാസവും ഉപയൊഗിച്ച് തഴയ്ക്കുന്ന ഹിന്ദുരാഷ്ട്ര അജണ്ടയെ ഇറക്കുമതിചെയ്യുകയും ഇവിടെനിന്ന് വഹാബിസം പോലെയുള്ള അതിയാഥാസ്ഥിതിക ധാരകളുടേതായ ആദര്‍ശ രാഷ്ട്ര സങ്കല്പം നാട്ടിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഒന്നായി ഈന്തപ്പനയ്ക്കും തെങ്ങിനും ഇടയിലെ പ്രവാസ ഗതാഗതം വഴിമാറിയിരിക്കുന്നു.
കൂട്ടായ്മകള്‍ പണ്ടത്തേതിലും വ്യാപകമായി ഇന്ന് ഗള്‍ഫ് പ്രവാസി സമൂഹത്തിലുണ്ട്. ഉള്ള ഒഴിവുവേളകള്‍ കൊണ്ട് ഓടിയെത്താനാവത്തവണ്ണം പല പല കൂട്ടായ്മകള്‍. പക്ഷേ അവ ആളിനെ കൂട്ടുന്നതും സ്വത്വബോധത്തെ നിര്‍മ്മിക്കുന്നതും ഏതൊക്കെ ഏകകങ്ങളെ കേന്ദ്രീകരിച്ചാണ് എന്നും അന്വേഷിക്കണമല്ലോ.
മതം, ജാതി, ആത്മീയത, പ്രാദേശികത എന്നിങ്ങനെ നാലുഘടകങ്ങളെ നമുക്ക് ഇവിടെ പൊതുവില്‍ കണ്ടെത്താം. മതവും ജാതിയും വിട്ട് ഒരു ആത്മീയത എന്തിന് എന്ന് വായനക്കാര്‍ക്ക് സ്വാഭാവികമായും ഒരു സംശയമുണ്ടാകാം എന്നതിനാല്‍ അത് ആദ്യം വിശദീകരിക്കാം.
ജാതിയും മതവും ജന്മസിദ്ധമായ, മാറ്റാനാകാത്തവയെന്ന് അതാത് അധികാര കേന്ദ്രങ്ങള്‍ വാദിച്ച് പോരുന്ന രണ്ട് വിച്ഛേദങ്ങളാണ്. ഇന്ത്യന്‍ അവസ്ഥയില്‍ ഹിന്ദു മതത്തിനുള്ളിലെ ഒരു ആന്തരിക വര്‍ഗ്ഗീകരണത്തിന്റെ ഭാഗമാണ് ജാതി. അതുകൊണ്ട് തന്നെ മതമുണ്ടെങ്കില്‍ ജാതിയുണ്ട്, ജാതിയുണ്ടെങ്കില്‍ മതവുമുണ്ട് എന്നതാണ് ഹിന്ദുവിന്റെ അവസ്ഥ. ഇസ്‌ലാം, ക്രിസ്ത്യന്‍ മതങ്ങളുടെ കാര്യത്തിലുമുണ്ട് ആന്തരിക വര്‍ഗ്ഗീകരണങ്ങള്‍. സുന്നി, ഷിയ തുടങ്ങിയ വിഭാഗങ്ങള്‍ ഇസ്‌ലാമിലുണ്ടെങ്കില്‍ കത്തോലിക്ക്, പ്രൊട്ടറ്റന്റ് വര്‍ഗ്ഗീകരണങ്ങള്‍ ക്രിസ്തുമതത്തിലും ഉണ്ട്.
സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതങ്ങള്‍ എന്ന നിലയ്ക്ക് ക്രിസ്ത്യന്‍, ഇസ്‌ലാം മതങ്ങള്‍ അവ ആവിര്‍ഭവിച്ച സ്ഥല കാലങ്ങള്‍ വിട്ട് മറ്റുള്ള ഇടങ്ങളിലേക്ക് വ്യാപിക്കുന്ന പ്രക്രിയ ഉണ്ടാക്കുന്ന സങ്കീര്‍ണ്ണതകളും അതിലൂടെ ജനിക്കുന്ന വിഭജനങ്ങളും വേറെ.
ഇവയ്ക്കും പുറത്ത് മറ്റൊരു ആത്മീയത കൂടിയുണ്ട് എന്നതിനാലാണ് അതിനെ ഒരു സ്വതന്ത്ര സംവര്‍ഗ്ഗമായി എണ്ണിയത്. മതങ്ങള്‍ വിശ്വാസത്തിലധിഷ്ഠിതമാണെങ്കില്‍ തന്നെ അതില്‍ അവര്‍ തനതായ ഒരു യുക്തിവിചാരം നടത്തുന്നുണ്ട്. അതുപയോഗിച്ചാണ് തങ്ങള്‍ പഠിപ്പിക്കുന്നതാണ് “”യഥാര്‍ത്ഥ”” വിശ്വാസം എന്ന്, തങ്ങള്‍ ആരാധിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് യഥാര്‍ത്ഥ ദൈവമെന്ന് മതം സ്ഥാപിക്കുന്നത്.
എന്നാല്‍ അവര്‍ തന്നെ ഊട്ടിവളര്‍ത്തിയ ഈ വിശ്വാസത്തിന് ഒരു കുഴപ്പമുണ്ട്. അത് തുറന്നുവിട്ട ഒരു ഭൂതത്തെ പോലെയാണ്. തങ്ങളുടെ ആവശ്യം മുന്‍ നിര്‍ത്തിയാണ് തുറന്നത് എങ്കിലും ഭൂതത്തിന് അതിന്റേതായ ഒരു നിയമ വ്യവസ്ഥയും അസ്തിത്വ സങ്കേതവുമുണ്ട്. അതുപയോഗിച്ച് അതിനെ മറ്റൊരാള്‍ കീഴടക്കിയാല്‍ ഭൂതം അയാളുടെ അടിമയായി നിലനില്‍ക്കും. എന്നുവച്ചാല്‍ മനുഷ്യരെ അതാത് ദൈവത്തില്‍ ഉറപ്പിച്ച് നിര്‍ത്താനായി മതവിശ്വാസത്തെ ഉപയോഗിക്കുന്നു. പക്ഷേ വിശ്വാസം നിലനില്‍ക്കുന്നത് മനുഷ്യന്റെ ദൗര്‍ബല്യങ്ങളുടെയും, നിസ്സഹായതകളുടെയുമായ അസ്തിത്വ സങ്കേതത്തിലാണ്. അത് കൂടുതല്‍ ഫലപ്രദമായി മറ്റാരെങ്കിലും ഉപയോഗിച്ചാല്‍ വിശ്വാസി ആ വഴി പോകും. അതിപ്പോ അന്യമതമായാലും, ആള്‍ ദൈവമായാലും.
വിചിത്രമായ ചില ഉരുത്തിരിയലുകള്‍
നമ്മുടെ മതേതരത്വത്തിന്റെ പല സവിശേഷതകളില്‍ ഒന്ന് അത് വിവിധ മതസമൂഹങ്ങള്‍ തമ്മിലുള്ള അതിജീവന ബന്ധിയും, സാംസ്‌കാരികവും, വൈകാരികവുമായ കൊടുക്കല്‍ വാങ്ങലുകളിലുടെ ജൈവമായി ഉരുത്തിരിഞ്ഞ ഒന്നാണത് എന്നതാവും. അതായത് ഒരു മതവും അന്യമതത്തെ, ദൈവത്തെ, ദൈവശാസ്ത്രത്തെ മൗലീകാര്‍ത്ഥത്തില്‍ അംഗീകരിക്കുന്നില്ല, അവയ്ക്ക് അതിനാവില്ല. എന്നാല്‍ എല്ലാ വിശ്വാസികളും മതരാഷ്ട്രങ്ങളില്‍ ജീവിക്കുന്നവരല്ല. അതുകൊണ്ട് തന്നെ അവര്‍ തങ്ങളുടെ പ്രായോഗിക അതിജീവനാവശ്യങ്ങളുമായി ബന്ധപ്പെടുത്തി നീക്കുപോക്കുകളുടെതായ ഒരു ജീവിതം രൂപീകരിക്കുന്നു. അതില്‍ വിശ്വാസം ഒരു സ്വകാര്യ അത്താണിയായി നിലനില്‍ക്കുമ്പോഴും വിവിധ വിശ്വാസങ്ങള്‍ പിന്തുടരുന്നവര്‍ക്കിടയില്‍ വിശ്വാസബാഹ്യമായ ഒരു പൊതു രാഷ്ട്രീയം രൂപപ്പെടുന്നു.
ആ രാഷ്ട്രീയത്തിലൂടെ ദൈവങ്ങള്‍ തന്നെ മതേതര വല്‍ക്കരിക്കപ്പെടുന്നു. ആരാധനാലയങ്ങള്‍ പ്രദേശത്തിന്റെ പൊതു സാംസ്‌കാരിക സ്വത്തായി തീരുന്നു. ഈ പ്രക്രിയയ്ക്ക് സമാന്തരമായി ദൈവങ്ങള്‍ക്കൊപ്പം മിത്തുകളും, അന്ധവിശ്വാസങ്ങള്‍ തന്നെയും മതേതരവല്‍ക്കരിക്കപ്പെടുന്നു എന്നും പറയാം.
മിത്തുകളും, അന്ധവിശ്വാസങ്ങളും ഉള്‍പ്പെടെ മതേതരത്വത്തിന്റെ പേരില്‍ ധനാത്മക സ്വാധീനമാകുന്നത് എങ്ങനെ പുരോഗമനപരമാകും എന്ന ഒരു ചോദ്യം സ്വാഭാവികമായും ഇവിടെ ഉയരുന്നു. അതിന്റെ മറുപടി ബഹുമത സമൂഹം എന്നത് ഒരു യാഥാര്‍ത്ഥ്യമായിരിക്കുന്നിടത്തോളം അതില്‍നിന്ന് ഉണ്ടാകാവുന്ന സ്പര്‍ദ്ധകളെ ലഘൂകരിക്കുന്ന എന്ത് തരം കൊടുക്കല്‍ വാങ്ങലുകളും, അത് അന്ധ വിശ്വാസങ്ങളുടേതായാല്‍ പോലും അവിടെ, ആ സവിശേഷ സ്ഥലകാലസീമയില്‍ ധനാത്മകമായി തീരും എന്നതാണ്.
ഇങ്ങനെ അതിസങ്കീര്‍ണ്ണമായി ഉരുത്തിരിഞ്ഞ വിചിത്രമായ ഒന്നാണ് ഇവിടത്തെ മതേതരത്വമെങ്കില്‍ കൂടി അത് യൂറോപ്പില്‍ ഉണ്ടായിവരുമ്പോള്‍ വിഭാവനം ചെയ്യപ്പെട്ടിരുന്ന മതവും രാഷ്ട്രീയവും തമ്മിലുള്ള വിച്ഛേദം എന്ന ലക്ഷ്യത്തിലേക്ക് എത്താതെ പോകുന്നുമില്ല. മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപബ്ലിക്ക് എന്ന ഭരണഘടനയുടെ ആമുഖത്തിലെ വാചകം അതിലേയ്ക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. അത് മതത്തെ നിഷേധിക്കുന്നില്ല, എന്നാല്‍ നീതിയെന്ന സങ്കലപ്പത്തെ ഏതെങ്കിലും ഒരു മതത്തിന്റെ നിയമസംഹിതയിലേക്ക് ചുരുക്കുന്നുമില്ല. ചുരുക്കി പറഞ്ഞാല്‍ മതത്തെയും വിശ്വാസത്തെയും ഉപേക്ഷിക്കാതെതന്നെ മതേതര നീതി സാദ്ധ്യമാണെന്ന ബോദ്ധ്യത്തില്‍, അതിലേക്കുള്ള ശ്രമങ്ങളില്‍ ആണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ കാതല്‍.
ഈ ലേഖനത്തിന്റെ ആദ്യ നാലു ഭാഗങ്ങള്‍ ഇവിടെ വായിക്കാം
ഒന്നാം ഭാഗം – രണ്ട് തരംഗങ്ങള്‍: പ്രവാസത്തില്‍നിന്ന് പൊള്ളത്തരത്തിലേക്കുള്ള പരിണാമദൈര്‍ഘ്യം
രണ്ടാം ഭാഗം രണ്ട്- അറബിപ്പൊന്നും കുറയുന്ന അകലങ്ങളും
മൂന്നാം ഭാഗം –ഗള്‍ഫ് പ്രവാസത്തിന്റെ ഒന്നാം തരംഗം: വിമര്‍ശനങ്ങളും വസ്തുതയും
നാലാം ഭാഗം-ഗള്‍ഫ് ആഢംബരങ്ങളുടെ പാരിസ്ഥിതിക പരിപ്രേക്ഷ്യം
അഞ്ചാം ഭാഗം- മദ്ധ്യവര്‍ഗ്ഗത്തിലേക്കുള്ള കയറ്റം
ഭാഗം ആറ്: ഈന്തപ്പനയില്‍നിന്ന് തെങ്ങിലേയ്ക്ക് വലിച്ച് കെട്ടിയ ഒരു കയര്‍
അത്തരം ഒരു തിരിച്ചറിവിലേയ്ക്ക് നമ്മുടെ സമൂഹം എത്തിച്ചേരുന്നത് പാശ്ചാത്യ മതേതരത്വത്തിന്റെ മാതൃകയെക്കുറിച്ച് ചില ബുദ്ധിജീവികള്‍ വായിച്ചറിഞ്ഞ് പറഞ്ഞുതന്നതുവഴിയാണ് എന്ന് ധരിക്കുന്നതില്‍ യുക്തിയുണ്ടെന്ന് തോന്നുന്നില്ല. ഒരു ബഹുസ്വര സമൂഹം എന്ന നിലയില്‍ ഇന്ത്യന്‍ മതേതരത്വ മാതൃക അതിന്റെ സ്ഥലകാല സവിശേഷതകളിലൂടെ ജൈവമായി ഉരുത്തിരിഞ്ഞ ഒന്ന് തന്നെയാവണം. അതിന്റെ പ്രവര്‍ത്തന മാതൃക രൂപപ്പെടുത്തുന്നതില്‍ സഹായിച്ച പല ഘടകങ്ങളില്‍ ഒന്ന് പ്രവാസവും. കാരണം പ്രവാസമെന്നത് പുറത്തേക്കുള്ള സഞ്ചാരമാണ്. അത് സ്വന്തം മതത്തില്‍ നിന്നോ ജാതിയില്‍ നിന്നോ രാജ്യത്തില്‍ നിന്നോ സംസ്ഥാനത്തില്‍ നിന്നോ ജില്ലയില്‍നിന്നോ മാത്രമൊന്നുമല്ല; അവരവരില്‍നിന്ന്, സ്വന്തം കംഫര്‍ട്ട് സോണില്‍നിന്ന് തന്നെയുള്ള ഒരു പുറം സഞ്ചാരമാണ്. അത് അപരങ്ങളെ മനസിലാക്കുകയും സഹവര്‍ത്തിക്കുകയും എന്നത് ആത്മീയമായ ഒരു തിരിച്ചറിവ് എന്നതിലുപരി ഭൗതീകമായ ഒരു ആവശ്യമാക്കുന്നു. അതായത് പ്രവാസം അതില്‍ തന്നെ ഒരു മതേതര ദേശേതര വംശേതര പ്രക്രിയയാകുന്നു. ആ നിലയ്ക്കാണ് പ്രവാസികളെ സ്വീകരിക്കുകയും പിന്നീട് സ്വയം പ്രവാസം സ്വീകരിക്കുകയും ചെയ്ത ഒരു സമൂഹം എന്ന നിലയില്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രവൃത്തി മാതൃക സൃഷ്ടിച്ചതില്‍ ഒരു പങ്ക് ആ പ്രക്രിയയ്ക്ക്, പ്രവാസത്തിനുണ്ട് എന്ന് പറയുന്നത്.
പുതിയ വിനിമയം
മേല്പറഞ്ഞ വിശ്വാസത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് തന്നെ മനുഷ്യര്‍ തമ്മില്‍ നടന്ന അവയുടെ കൊടുക്കല്‍ വാങ്ങലുകളിലൂടെ സംജാതമായ, അത്രത്തോളം ധനാത്മകമായ തുലനത്തെയും തകിടം മറിക്കുന്നതാണ് ഇന്നത്തെ വിശ്വാസ ശുദ്ധതാബന്ധിയായ പുനരുദ്ധാരണ വാദം. ഒന്നാം തരംഗകാലത്തെ മതേതര മാനവിക രാഷ്ട്രീയത്തിന് സ്വന്തം ജീവിതാനുഭവങ്ങള്‍ കൊണ്ട് അനുഭവ സാക്ഷ്യം പറഞ്ഞിരുന്ന ഗള്‍ഫ് പ്രവാസി സമൂഹം ഇന്നില്ല. പകരം നാട്ടിലെ മദ്ധ്യവര്‍ഗ്ഗത്തില്‍ പ്രബലമായിക്കൊണ്ടിരിക്കുന്ന മതപരവും, സാമുദായികവുമായ വിഭജനങ്ങളുടെ പ്രമേയത്തെ കടല്‍ കടത്തിക്കൊണ്ടുവന്ന് പൊലിപ്പിക്കുന്ന ഒന്നായി അത് മാറിയിരിക്കുന്നു.
വിശ്വാസം എന്നത് പൊതുവായ ഒന്നല്ല. അതിന് പൊതുവായ രാഷ്ട്രീയ, സാമൂഹ്യ, നൈതീക യുക്തികളും മുന്നോട്ട് വയ്ക്കാനാവില്ല. കാരണം അതിനാത്യന്തികമായി ഒരടഞ്ഞ ചട്ടക്കൂടാണുള്ളത്. അതിനെ തുറന്നത് വിശ്വാസികളുടെ ഭൗതീക അതിജീവനാവശ്യങ്ങളും അവയെ അവര്‍ വിശ്വാസികള്‍ ചേര്‍ന്ന് നിര്‍ദ്ധാരണം ചെയ്‌തെടുത്ത അതിന്റെ ഭൗതീക പ്രയോഗ മാതൃകകളും ചേര്‍ന്നാണ്. ഇതിനെ ചൊല്ലി തന്നെയാണ് മത രാഷ്ട്രവാദവും ശുദ്ധതാവാദവും “”വെള്ളം ചേര്‍ക്കപ്പെടുന്ന വിശ്വാസം”” എന്ന പേരില്‍വിലപിക്കുന്നതും.
മതേതരത്വത്തിന്റെ പേരില്‍ നമ്മുടെ വിശ്വാസങ്ങള്‍ മാത്രം കോമ്പ്രമൈസ് ചെയ്യപ്പെടുന്നു എന്നതാണ് ഇവര്‍ ഓരോരുത്തരുടെയും പൊതുവായ വാദം. ഇതിനെ സ്ഥാപിക്കാനായി വിശ്വാസത്തെ കൂടുതല്‍ കൂടുതല്‍ മൗലീകമായ തലങ്ങളിലേക്ക് അവര്‍ വളര്‍ത്തിയെടുക്കുകയും അവിടെ സ്വാഭാവികമായും നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങളെ വസ്തുതകളും സ്ഥിതിവിവര കണക്കുകളും ഒക്കെ വളച്ചൊടിച്ചും വെറും റെട്ടറിക്കിലൂടെ മറികടന്നും പരിഹരിക്കാനാവാത്ത തര്‍ക്കങ്ങളായി വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു. എല്ലാ വിശ്വാസി സമൂഹങ്ങളിലെയും മദ്ധ്യവര്‍ഗ്ഗമാണ് ഇതിന്റെ സാംസ്‌കാരിക പ്രചാരകര്‍.
എന്നാല്‍ ഇതില്‍നിന്ന് വിഭിന്നമായി പ്രവാസമാവട്ടെ മുഖ്യമായും ഭൗതീകമായ അതിജീവന ത്വരയുടെയും അത് ആവശ്യപ്പെടുന്ന സഹവര്‍ത്തിത്വത്തിന്റെയും മനുഷ്യപക്ഷ പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ്. അതിന് ഒരിക്കലും വിഭനജത്തിന്റെ, വിഭാഗീയതയുടെ അടഞ്ഞ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാന്‍ സാധാരണ ഗതിയില്‍ ആവുന്നതല്ല. എന്നാല്‍ ഇന്നത്തെ നമ്മുടെ ഗള്‍ഫ് പ്രവാസി സമൂഹം അത്തരം ഒന്നായി മാറിയിരിക്കുന്നു. ഇത്തരം ഒരു പൊതു സാമൂഹ്യ അവസ്ഥയില്‍ നിന്ന് വേണം ഇന്ന് ഈന്തപ്പനയില്‍ നിന്ന് തെങ്ങിലേയ്ക്കും തിരിച്ചും നടക്കുന്ന പുതിയ വിനിമയങ്ങളെ വിലയിരുത്താന്‍.
നാട്ടില്‍നിന്ന് ഇങ്ങോട്ട്
കൂട്ടായ്മകള്‍ക്ക് ഇന്നും ഇവിടെ കുറവൊന്നുമില്ല എന്ന് പറഞ്ഞു. പക്ഷേ കെട്ടുറപ്പുള്ള കൂട്ടായ്മകള്‍ ഏറിയ പങ്കും ജാതി മത ഓള്‍ടര്‍നേറ്റ് ആത്മീയതാ അടിസ്ഥാനത്തില്‍ ആയിരിക്കുന്നു. ഇവയില്‍ ലക്ഷക്കണക്കിന് ആള്‍ക്കാരൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. പക്ഷേ ഉള്ളവര്‍ക്കിടയില്‍ അത് നിലനില്‍ക്കും, കാരണം അത്രയാണ് സഹജാവബോധം.
എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് തുടങ്ങിയ സാമുദായിക കൂട്ടായ്മകള്‍ക്ക് ഗള്‍ഫില്‍ എല്ലായിടത്തും ഘടകങ്ങള്‍ ഉണ്ടായിട്ട് ഒരുപാട് കാലമൊന്നുമായിട്ടില്ല. അതുകൊണ്ട് എന്താണ് കുഴപ്പം എന്ന് ചോദിച്ചാല്‍ പ്രത്യക്ഷത്തില്‍ അങ്ങനെ ഒന്നുമില്ല. സാമുദായികതയെയും ഗോത്രീയതയെ വരെയും സൂക്ഷ്മാഖ്യാനങ്ങള്‍ എന്ന നിലയ്ക്ക് വെളുപ്പിച്ചെടുക്കുന്ന ഉത്തരാധുനിക യുക്തികള്‍ അക്കാദമിക് തലത്തില്‍ പോലും ഫാഷനബളായ കാലത്ത് പ്രത്യേകിച്ചും.
എന്നാല്‍ ഇവയിലൂടെ പരോക്ഷമായി നിര്‍മ്മിക്കപ്പെടുന്ന വിഭജനങ്ങള്‍ ഫലത്തില്‍ ആര്‍ക്ക് ഗുണമായി തീരുന്നു എന്ന ഒരു ചോദ്യമുണ്ട്. വിഭജനത്തിന്റെ രാഷ്ട്രീയം ഫലപ്രദമായി ഉപയോഗിക്കാനറിയാമെങ്കില്‍ മൊത്തം ജനസംഖ്യയിലെ വെറും മൂന്നിലൊന്നിന്റെ മാത്രം സമ്മതിയോടെയും അട്ടിമറിക്കാവുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്ന് തെളിയുന്ന വര്‍ത്തമാന സാഹചര്യത്തിലെങ്കിലും പക്ഷേ അത്തരം അക്കാദമിക്ക് ഫാഷനുകളെ വിശുദ്ധ പശുക്കളായി കണ്ട് ചോദ്യം ചെയ്യാതെ വിടുന്നത് എത്രത്തോളം ആത്മഹത്യാപരമായിരിക്കുമെന്ന് ജീവിച്ചിരിക്കുന്ന ഓരോരുത്തരും ഇനി ആവര്‍ത്തിച്ച് ചിന്തിക്കേണ്ടതുണ്ട്.
ഇത് കൂടാതെയാണ് അമൃതാനന്ദമയിക്കും സത്യ സായിബാബയ്ക്കും തൊട്ട് നാട്ടില്‍ കൂണുപോലെ മുളച്ച് പൊന്തുന്ന മറ്റ് നിരവധിയായ ആള്‍ദൈവ ആരാധനാ സംഘങ്ങള്‍ക്കൊക്കെയും ഇവിടെ സജീവ ഘടകങ്ങളുണ്ടാകുന്ന അവസ്ഥ. അവര്‍ സ്ഥിരമായി സംഗമങ്ങള്‍ നടത്തുകയും ഒരു ആന്തരിക സമൂഹത്തിനുള്ളിലാണെങ്കില്‍ പോലും വിശ്വാസ പ്രചരണം നടത്തുകയും ചെയ്യുന്നു. അവര്‍ക്ക് മാത്രം മനസിലാകുന്ന ചില ചിഹ്നങ്ങളിലും സവിശേഷ അഭിസംബോധനാ രീതികളിലൂടെയും പരസ്പരം പങ്കുവയ്ക്കപ്പെടുന്ന ഈ സെക്ടുകള്‍ക്കൊന്നും ഔദ്യോഗിക രൂപമോ, ഘടനയോ അംഗത്വ രജിസ്റ്ററോ ഇല്ല. അതുകൊണ്ട് തന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍ അതിന് പുറത്തുനിന്ന് നിരീഷിക്കുന്നത് തന്നെ അസാധ്യം.
ഇവയൊക്കെയും വിധ്വംസക കൂട്ടായ്മകളാണെന്ന ആരോപണമൊന്നും എനിക്കില്ല. ഹിന്ദുക്കളാണെന്നതിനാല്‍ മാത്രം ഇവയൊക്കെ പ്രത്യക്ഷമായി ഇസ്‌ലാമോഫോബിയ പടര്‍ത്തുന്നവരാണെന്ന തെറ്റിദ്ധാരണയുമില്ല. പക്ഷേ ഒരു ചരട് വലിച്ചാല്‍ ബ്രാഹ്മണിക് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അജണ്ടകളുമായി നേരിട്ട് ബന്ധപ്പെടുത്താന്‍ പറ്റിയ ഒരു ഘടന ഇവയ്‌ക്കെല്ലാം പൊതുവായി ഉണ്ട് താനും. അത് വ്യക്തികളിലൂടെ നിലനില്‍ക്കുന്ന ഒന്നല്ല, മറിച്ച് പ്രച്ഛന്നവും പരോക്ഷവുമായി പ്രചരിപ്പിക്കപ്പെടുന്ന പ്രത്യയശാസ്ത്രബന്ധിയായി നിലനില്‍ക്കുന്നതാണ്.
പ്രശ്‌നം സംഘപരിവാറില്‍ അംഗത്വമുണ്ടോ എന്നതല്ല, അതില്‍ അങ്ങനെ ഒരു സമ്പ്രദായമുണ്ടോ എന്നത് തന്നെ തര്‍ക്കവിഷയമായിരിക്കുമ്പോള്‍ പ്രത്യേകിച്ചും. പരിഗണിക്കപ്പെടേണ്ടത് അത്തരം മുട്ടാപ്പോക്കുകള്‍ക്ക് അപ്പുറം ഹിന്ദുത്വ രാഷ്ട്രീയത്തിനോടുള്ള നിലപാടാണ്. അതാവട്ടെ സംഘപരിവാറിന്റെ പരോക്ഷ സ്‌പോണ്‍സര്‍ഷിപ്പിന്റെ തണലില്‍ തഴയ്ക്കുന്ന ഇത്തരം കൂട്ടായ്മകളിലെല്ലാം ഒന്നുകില്‍ തീവ്രം, അല്ലെങ്കില്‍ മൃദുവായ അനുഭാവത്തിന്റേതും.
ഇവിടെനിന്ന് തിരിച്ച്
വന്‍ അളവില്‍ മതേതരവല്‍ക്കരിക്കപ്പെട്ടതും, തനത് പ്രാദേശിക സ്വഭാവമുള്ളതുമായ ഒന്നാണ് കേരളത്തിലെ മുസ്‌ളീം സമൂഹം. വിശ്വാസം കൊണ്ട് ലോകത്തെമ്പാടും പടര്‍ന്നുകിടക്കുന്ന ഒരു വലിയ മതത്തിന്റെ ഭാഗമായിരിക്കുമ്പോഴും ജീവിതരീതികൊണ്ടും സംസ്‌കാരം കൊണ്ടും അവര്‍ ഒരു തനത് കേരളാ മാതൃക തന്നെയാണ്.ഒരൊറ്റ അച്ചില്‍ വാര്‍ത്ത ലോക മുസല്‍മാനെന്ന പാന്‍ ഇസ്‌ളാമിസ്റ്റുകളുടെ വാദത്തിന് ഇവിടെ വേരോട്ടം ലഭിക്കാതിരുന്നതിന്റെ കാരണം ഈ തനത് സ്വഭാവമാണ്. സ്വാതന്ത്ര്യ പൂര്‍വ്വ കാലം തൊട്ടെ ജമായത്തേ ഇസ്‌ളാമിയുടെ സ്ഥാപകനായ മൗദുദിയുടെ രാഷ്ട്രീയ ഇസ്‌ളാമും “ശരിയായ” മുസല്‍മാനുമായി ബന്ധപ്പെട്ട ആശയങ്ങള്‍ ഇവിടെയുണ്ടെങ്കിലും അതിന് വലിയ പ്രചാരം കിട്ടാതെ പോയത് അതുകൊണ്ടാണ്.
സാമൂഹ്യവും, വിദ്യാഭ്യാസപരവുമായ പിന്നൊക്കാവസ്ഥ, ദാരിദ്ര്യം തുടങ്ങിയ നിരവധി പ്രശ്‌നങ്ങളില്‍പെട്ട് ഉഴലുമ്പൊഴും അവര്‍ തങ്ങളുടെ തനത് പ്രാദേശിക മുസ്‌ലിം സ്വത്വം വിട്ട് ഒരു “പാനിസ്‌ലാമിക്ക്” പരീക്ഷണത്തിന് തയ്യാറായില്ല എന്ന് ചുരുക്കം. അങ്ങനെയിരിക്കെയാണ് ഗള്‍ഫ് പ്രവാസം എന്ന സാദ്ധ്യത ഉയര്‍ന്നുവരുന്നത്. അതിന്റെ ആദ്യനാളുകളില്‍ കടല്‍ കടന്നവരില്‍ ഏറിയ പങ്കും മലബാര്‍ ഭാഗത്തുനിന്നുള്ള മുസ്‌ലീങ്ങളായിരുന്നു. ഇന്നും അറബികള്‍ വിട്ടിട്ടില്ലാത്ത “”ഇന്തെ മലബാറി?”” എന്ന ചോദ്യം തന്നെ ഇതിനൊരു തെളിവാണ്. മലബാറി മുസ്‌ലിം നല്ല പത്തര മാറ്റ് അറബിയുടെ നാട്ടില്‍, ഇസ്‌ലാമിന്റെ ജന്മഭൂമിയില്‍ എത്തിയിട്ടും പക്ഷേ അവന്റെ മലബാറിത്തം മാറിയില്ല.
പില്‍കാലത്ത് ഇതര മതസ്ഥരും വന്‍ തോതില്‍ പ്രവാസം സ്വീകരിച്ച് ഗള്‍ഫില്‍ എത്തുകയും നാട്ടിലെ മതസൗഹാര്‍ദ്ദത്തിനെ കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്ന ഒന്നായി അറബ് നാട്ടില്‍ വച്ച് മലയാളി പ്രവാസി സമൂഹം അഖണ്ഢവല്‍ക്കരിക്കപ്പെടുകയും ചെയ്തു. അതിന്റെ രണ്ടാം തരംഗത്തില്‍ നിന്ന് ഇപ്പോള്‍ സംഭവിക്കുന്നതോ? മദ്ധ്യവര്‍ഗ്ഗ സമൂഹത്തിന്റെ ഭൗതീക സുഭിക്ഷതയില്‍നിന്ന് ഉണ്ടായത് ആര്‍ വി ജി മേനോന്‍ നിരീക്ഷിക്കുന്നത് പോലെ ഒരു പാരിസ്ഥിതിക മലിനീകരണമല്ല, ആത്മീയ മൗലീകവല്‍ക്കരണമാണ്.
ജൈവമായ ഏത് സമൂഹത്തിന്റെയും വിശ്വാസപ്രമാണങ്ങളില്‍ സംഭവിക്കുന്ന സ്ഥല, കാല ബന്ധിയായ കലര്‍പ്പുകളെ, കൊടുക്കല്‍ വാങ്ങലുകളെ, സമരസങ്ങളെ അതിന്റെ സ്വാഭാവിക അതിജീവന ചരിത്രത്തില്‍നിന്ന് അടര്‍ത്തിമാറ്റി മൗലീക വ്യതിയാനങ്ങളായി വ്യാഖ്യാനിച്ചാണ് അതാത് വിശ്വാസി സമൂഹങ്ങളിലെ പ്യൂരിറ്റന്‍ അതിയാഥാസ്ഥിതികവാദികള്‍ തങ്ങളുടെ സാന്നിദ്ധ്യം വിളംബരം ചെയ്യുന്നത്.
ഇസ്‌ലാം മതവിശ്വാസത്തിന്റെ ജൈവമായ പ്രാദേശിക അതിജീവനമാതൃകകളെ മതഗ്രന്ഥത്തിന്റെ മൗലീകവ്യാഖ്യാനങ്ങള്‍ വച്ച് പ്രശ്‌നവല്‍ക്കരിക്കുന്ന വഹാബിസ്റ്റ് ആശയങ്ങളുടെ സാന്നിദ്ധ്യം ദീര്‍ഘകാലമായി അറബ് മണ്ണിലുണ്ട്. തദ്ദേശി മുസ്‌ലീങ്ങള്‍ പോലും പൂര്‍ണ്ണമായും അംഗീകരിക്കാത്ത അത്തരം ആശയധാരകളെപ്പോലും അവിടെനിന്ന് നാട്ടിലേക്ക് എത്തിക്കുന്നതില്‍ നേരത്തെ സൂചിപ്പിച്ച ഈന്തപ്പനയില്‍ നിന്ന് തെങ്ങിലേയ്ക്ക് വലിച്ചുകെട്ടിയ കയര്‍ ഉപയോഗിക്കപ്പെടുന്നു എന്നതാണ് സമീപകാല സംഭവവികാസങ്ങള്‍ തരുന്ന സങ്കടകരമായ സൂചന.
അതായത് നാട്ടില്‍ നിന്ന് ഇങ്ങൊട്ടെയ്ക്ക് സാമുദായികതയും, ആള്‍ദൈവ വിശ്വാസവും ഉപയൊഗിച്ച് തഴയ്ക്കുന്ന ഹിന്ദുരാഷ്ട്ര അജണ്ടയെ ഇറക്കുമതിചെയ്യുകയും ഇവിടെനിന്ന് വഹാബിസം പോലെയുള്ള അതിയാഥാസ്ഥിതിക ധാരകളുടേതായ ആദര്‍ശ രാഷ്ട്ര സങ്കല്പം നാട്ടിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഒന്നായി ഈന്തപ്പനയ്ക്കും തെങ്ങിനും ഇടയിലെ പ്രവാസ ഗതാഗതം വഴിമാറിയിരിക്കുന്നു.
വഹാബിസ്റ്റ് ആശയ ധാരകളുടെ വര്‍ദ്ധിച്ച് വരുന്ന പ്രചാരം ചൂണ്ടി സംഘപരിവാറും, അവരുടെ അപരിഷ്‌കൃതവും അമാനവികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ അധികാരം തന്നെ ലഭിക്കുന്ന അവസ്ഥ ചൂണ്ടിക്കാട്ടി വഹാബികളും തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഒരേ കാര്യത്തെയാണ്; അതാത് സമൂഹങ്ങളില്‍ ഇന്നും പ്രബലമായി തുടരുന്ന മതസൗഹാര്‍ദ്ദത്തെ, മതേതരത്വത്തെ. ഇതിനെ ഇത്തരത്തില്‍ നിര്‍മ്മിച്ചെടുത്ത പ്രവാസി സമൂഹം തന്നെ ഇന്നതിന്റെ നാശത്തിനും രാസത്വരകമാകുന്നു എന്നതാണ് ഏറ്റവും ദുഖകരമായ വൈരുദ്ധ്യം.