സാമ്പത്തിക സംവരണത്തിനനുകൂലമായ വാദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയത് ഇന്നുമിന്നലെയുമോന്നുമല്ല. അവ പതിറ്റാണ്ടുകളായി നമ്മുടെ സാംസ്‌കാരിക മണ്ഡലത്തില്‍ നിലനിന്നുപോരുന്നവയാണ്.
ഒരേവാദങ്ങള്‍ തന്നെ മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് ഊന്നലില്‍ വ്യത്യാസം വരുത്തി പരിഷ്‌കരിച്ച രൂപത്തില്‍ ആവര്‍ത്തിക്കുക എന്നതുമാറ്റിവച്ചാല്‍ യുക്തിബന്ധിയായോ, ആശയപരമായോ അവയില്‍ വലിയ പുതുമയൊന്നുമില്ല. സംവരണം സാമ്പത്തിക അടിസ്ഥാനത്തില്‍ ആക്കിയാല്‍ അതിന്റെ ഗുണം എല്ലാമനുഷ്യരിലും എത്തില്ലേ, അതല്ലേസമത്വം എന്ന് തുടങ്ങി ഇത് സാമൂഹ്യപിന്നോക്കാവസ്ഥ ഇല്ലാതാക്കുന്നതിന് പകരം വലതുകാലില്‍ നിന്ന് ഇടതുകാലിലേക്ക് എന്നനിലയില്‍ മാറ്റിവയ്ക്കുക മാത്രമല്ലേ എന്നുവരെയുള്ള “നിഷ്‌കളങ്ക”മായ നിരവധി ചോദ്യങ്ങള്‍ നാം പണ്ടുമുതലേ കേള്‍ക്കുന്നതാണ്. ഒപ്പം”നിലവാര”ബന്ധിയായ ആശങ്കകളും ഉണ്ട്.
ഇവയൊക്കെ അതാത് കാലത്ത് തന്നെ മുനയോടിക്കപ്പെട്ട വാദങ്ങളാണ് എങ്കിലും അവമുന്നോട്ടു വെയ്ക്കുന്ന വിഭാഗങ്ങളുടെ താല്പര്യങ്ങള്‍ ഈവാദങ്ങളുടെ പരാജയംകൊണ്ട് ഇല്ലാതാവുന്നില്ല. പുതുതായി ഇതില്‍ ഒന്നും കുട്ടിചേര്‍ക്കാനില്ലാത്ത അവസ്ഥയില്‍ അവര്‍ക്ക് പിന്നെ ആകുന്നത് പഴയവാദങ്ങള്‍തന്നെ പുതിയ കുപ്പിയില്‍ വീണ്ടും വിണ്ടും ഇറക്കുക എന്നതുമാത്രമാണ്.
ഇപ്പോള്‍ കണ്ടു വരുന്ന, താരതമ്യേനെ പുതിയത് എന്ന പ്രതീതി ജനിപ്പിക്കുന്ന വാദങ്ങളുടെയും സത്തയും ലക്ഷ്യവും പഴയത് ത്തന്നെ. ഒരു മാറ്റം ഉള്ളത് രീതിശാസ്ത്രത്തിലാണ്. ആദ്യം സാമുദായിക സംവരണമെന്ന ആശയത്തില്‍ ഒരുനിലയ്ക്കും അതുള്‍ക്കൊള്ളുന്നു എന്ന് അവകാശപ്പെടാത്ത ഉദ്ദേശ, ലക്ഷ്യങ്ങളെ ആരോപിക്കുക. എന്നിട്ട് അവയെ വിമര്‍ശിച്ച് തകര്‍ക്കുക. ഇതാണ് ആ പുതിയ രീതി. ആടിനെ പട്ടിയാക്കല്‍- ആടിനെ ആദ്യം പട്ടിയാക്കുക, പട്ടിയെ പിന്നീട് പേപ്പട്ടിയും. അപ്പോള്‍ പിന്നെ തല്ലികൊല്ലല്‍ എളുപ്പമായല്ലോ. സംവരണവിരോധികളുടെ പുതിയതലമുറയ്ക്ക് അതൊരു ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടിയല്ല എന്ന പ്രതിവാദം ഇപ്പോള്‍ ക്ലീഷേയാണ്.
പക്ഷേ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എന്‍.എസ്.എസ് പോലെയുള്ള സംഘടനകള്‍ മുന്നോട്ടുവെച്ച സാമ്പത്തിക സംവരണം എന്ന ആശയത്തെ പ്രതിരോധിക്കുമ്പോള്‍ അത് ക്ലീഷേ ആയിരുന്നില്ല എന്നും ആ പഴയവാദത്തിന്റെ ഭേദഗതികള്‍ വരുത്തിയ പതിപ്പുമായി ഇറങ്ങുന്നവര്‍ ഓര്‍ക്കണം.
അപ്പോള്‍ സാമ്പത്തികം വിടാം. അടുത്തവാദം ജാതിസംവരണം കൊണ്ട് ജാതീയതയെന്ന സാമൂഹ്യതിന്മയെ നേരിടാനാവില്ല എന്നതാണ്. “അതിനായി അവര്‍ നിരവധി കണക്കുകളും നിരത്തുന്നുണ്ട്. തമിഴ്നാട്ടില്‍ കാലങ്ങളായി സംവരണം ഉണ്ട്, അതും കേരളത്തെക്കാള്‍ ഉയര്‍ന്ന ശതമാനത്തില്‍. എന്നിട്ടും അവിടെ ജാതീയ വിവേചനങ്ങളും ജാതിമതില്‍ തന്നെയും നിലനില്‍ക്കുന്നുവെന്നതുള്‍പ്പെടെ.
കേള്‍ക്കുമ്പോള്‍ ശരിയാണല്ലോ എന്നുതോന്നും. പക്ഷെ ജാതി നിര്‍മ്മാര്‍ജ്ജനമാണ് സംവരണത്തിന്റെ ലക്ഷ്യം എന്ന് ആരുപറഞ്ഞു? സമൂഹത്തില്‍ രൂഢമൂലമായിട്ടുള്ള ജാതീയത എന്ന പ്രശ്നത്തെ ഇല്ലായ്മ ചെയ്യാനുള്ള ഒരു ഒറ്റമുലി എന്നതേ അല്ല ജാതിസംവരണത്തിന്റെ പ്രസക്തി. അതിന്റെ ലക്ഷ്യവും അതല്ല.
മറ്റൊന്ന് പ്രതിനിധാനത്തിന്റെ പ്രശ്നമാണ്. അത് നിരന്തരം ഉയര്‍ത്തിപ്പിടിക്കുന്ന സ്വത്വവാദികള്‍ ആയതിനാല്‍ ഇവിടെ ഒരു ഇടതു സ്വത്വവാദി ദ്വന്ദ്വത്തെ സൃഷ്ടിച്ച് അതിന്റെ മറവില്‍ ആ പ്രശ്നത്തെ തമസ്‌കരിക്കുക എന്നതാണ് തന്ത്രം. സ്വത്വരാഷ്ട്രീയ സംഘടനകള്‍ക്ക് രാഷ്ട്രീയ പ്രാതിനിധ്യവും അധികാരം തന്നെയും ലഭിച്ചിട്ടുള്ള സംസ്ഥാനങ്ങളില്‍ പോലും ദളിതരുടെ അവസ്ഥ മെച്ചപ്പെട്ടിട്ടില്ല എന്നും അവര്‍ നിരീക്ഷിക്കുന്നു.
അത്തരം വസ്തുതകള്‍ മുന്‍നിര്‍ത്തി മാര്‍ക്സിയന്‍ മൂലധനാധിഷ്ടിത ഭൗതിക വീക്ഷണത്തെ മുന്നോട്ടു വയ്ക്കാനുള്ള ശ്രമങ്ങളെ സ്വത്വവാദികള്‍ക്കൊപ്പം ചേര്‍ന്ന് ചില ഇടതുസഹയാത്രികര്‍ തുരങ്കം വയ്ക്കുന്നു എന്നാണ് വിമര്‍ശനം. പ്രതിനിധാനം എന്നത് സംവരണത്തിന്റെ ഒരുലക്ഷ്യം തന്നെയാണ്.
എന്നാല്‍ പ്രതിനിധാനത്തിന് സംവരണം മാത്രം മതി എന്ന് അര്‍ത്ഥമില്ല. ഭൂപരിഷ്‌കരണം പോലെയുള്ള ശ്രമങ്ങള്‍ സമാന്തരമായി നടക്കേണ്ടതുണ്ട്. അതിനാര്‍ക്കാണ് സംശയം? എന്നാല്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുകൂടി സംവരണം കൊടുത്താല്‍ ഇതൊക്കെ ശരിയാവും എന്ന ധ്വനിയാണ് പലവാദങ്ങളിലും ചര്‍ച്ചയുടെ പശ്ചാത്തലം ഉല്‍പാദിപ്പിക്കുന്നത്.
സംവരണം വഴി വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നവര്‍ അതുപയോഗിച്ച് അടിസ്ഥാന യോഗ്യത കൈവരിച്ച് തൊഴില്‍ സംവരണം വഴി ഉദ്യോഗം നേടുമ്പോള്‍ അവരുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുന്നുണ്ട്. പക്ഷെ അതോടെ പിന്നോക്കാവസ്ഥയും പരിഹരിക്കപ്പെടുന്നു എന്നത് സാമ്പത്തിക സംവരണവാദികള്‍ നിര്‍മ്മിക്കുന്ന ഒരുമിത്ത് മാത്രമാണ്.
അത് പൊളിയാന്‍ സര്‍ക്കാര്‍ ഉദ്യോഗം നേടിയ ഒരു ദളിതന്‍ കല്യാണാലോചനയുമായി സവര്‍ണ്ണന്റെ ഗേറ്റ് കടന്നുവരിക മാത്രംമതി. സമ്പന്നനായ നമ്പൂരിയുടെ മകളെ വേളികഴിക്കാന്‍ ദാരിദ്ര്യം തടസ്സമായുള്ള നമ്പൂതിരിക്ക് അതിന് യോഗ്യത നേടാന്‍ വല്ല ജ്യോതിഷമോ, വാസ്തുനോട്ടമോവഴി നാല് കാശുണ്ടാക്കിയാല്‍ മതി. എന്നാല്‍ അന്തസ്സായി പഠിച്ച് ഒരുതൊഴിലും അതിലൂടെ മാന്യമായ വരുമാനവും നേടിയ ദളിതന്റെ സാമ്പത്തിക പുരോഗതികൊണ്ട് ആ യോഗ്യത കൈവരുന്നുണ്ടോ? ഇല്ല എന്ന് ഉറപ്പിച്ച് പറയാന്‍ ഗവേഷണവും ഡാറ്റാകളക്ഷനും ഒന്നുംവേണ്ട, കണ്ണ് തുറന്നുവച്ചാല്‍ മതി.
എന്നാല്‍ ഒരു തൊഴില്‍ വഴി ദളിതന്‍ ഭാഗികമായെങ്കിലും അധികാരത്തിന്റെ ഒരുപങ്ക് നേടുന്നുണ്ട്. അതായത് അവര്‍ണ്ണന്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ മക്കളെ വിടാന്‍ ബുദ്ധിമുട്ടുള്ള, കിഴാളനായ ആപ്പീസര്‍ ഭരിക്കുന്ന വില്ലേജ് ഓഫീസില്‍ പോക്കുവരവിന് അപേക്ഷകൊടുത്ത് കാത്തുനില്‍ക്കാന്‍ കുറച്ചിലുള്ള സവര്‍ണ്ണന് അത് ഔദ്യോഗികമായി പരാതിപ്പെടാന്‍ ഇന്നുവഴിയില്ല.
അതിലൂടെ അയാള്‍ ജാതീയമായ മേല്‍ക്കോയ്മ ബോധത്തെ ഭാഗികമായി എങ്കിലും ഉപേക്ഷിക്കാന്‍ പ്രായോഗിക കാരണങ്ങളാല്‍ നിര്‍ബന്ധിതനായിതീരുന്നു. ആനിലയ്ക്ക് സംവരണംവഴി ദളിതര്‍ക്ക് സാമ്പത്തിക പുരോഗതിയും അധികാര പങ്കാളിത്തവും ലഭിക്കുന്നു. അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജാതിശ്രേണിയെ അപ്രസക്തമാക്കി മാറ്റിയെന്നുവരാം.
എന്നാല്‍ അതുമല്ല, അതായത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമെന്നപോലെ ജാതിയുടെ നിര്‍മ്മാര്‍ജ്ജനവുമല്ല സംവരണത്തിന്റെ ലക്ഷ്യം. നുറ്റാണ്ടുകളിലുടെ ഉരുത്തിരിരിഞ്ഞുവന്ന, ശ്രേണികൃതമായി വിതരണം ചെയ്യപ്പെട്ടിട്ടുള്ള ജാതീയത എന്ന സാമൂഹ്യതിന്മയെ ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ പോന്നമന്ത്രവടി എന്നനിലയില്‍ അല്ല അംബേദ്കറിനെ പോലെയുള്ള ബുദ്ധിജീവികള്‍ അതിനെ മുന്നോട്ടുവെച്ചത്. ജാതിയുടെ നിര്‍മ്മാര്‍ജ്ജനത്തിന് അമൂര്‍ത്തവും ഫലപ്രദവുമായ ഒരു ഒറ്റമൂലി സാധ്യമല്ല. സാധ്യമായത് ചില ചുവടുവയ്പ്പുകള്‍ ആയിരുന്നു.
ആനിലയ്ക്കാണ് പൗരനുതുല്യാവകാശം ഉറപ്പുവരുത്തപ്പെട്ട ഒരുഭരണഘടനയിലേക്ക് സംവരണം കടന്നുവരുന്നത്.
മുന്നോക്കകാരിലെ പിന്നോക്കം
“മുന്നോക്ക വിഭാഗത്തില്‍പ്പെട്ട സാമ്പത്തിക “പിന്നോക്ക”ക്കാര്‍ക്ക് ആ അടിസ്ഥാനത്തില്‍ ഒരുനിശ്ചിത ശതമാനം സംവരണം ഏര്‍പ്പെടുത്തുക, അതും ജാതിസംവരണത്തിന്റെ ശതമാനം നിലവിലുള്ളതില്‍നിന്നും വര്‍ധിപ്പിച്ചുകൊണ്ട്” എന്നതാണല്ലോ ഇപ്പോള്‍ മുന്നോട്ടുവെയ്ക്കപ്പെടുന്ന നയം. പ്രത്യക്ഷത്തില്‍ പുരോഗമനപരം എന്ന് തോന്നാവുന്ന ഈ പദ്ധതിയിലെ അപകടം അത് സംവരണത്തിന്റെ അടിസ്ഥാനതത്വങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചേക്കാം എന്നതാണ്.
എല്ലാമനുഷ്യരും തുല്യരാണെന്നും എല്ലാവര്‍ക്കും തുല്യാ അവകാശമാണെന്നും പ്രഖ്യാപിക്കുന്ന ഒരു ഭരണഘടന അതില്‍ ചില വിഭാഗം മനുഷ്യര്‍ക്ക് ചില പ്രത്യേക പരിഗണനകള്‍ നല്‍കുന്നത് വിചിത്രമാണ് എന്ന വിമര്‍ശനം പണ്ടുമുതലേ കേട്ടുവരുന്നു. എല്ലാ മനുഷ്യരും തുല്യപരിഗണന അര്‍ഹിക്കുന്നവരാണ് എന്നതിന്റെ അര്‍ത്ഥം രാജ്യത്തിന്റെ പ്രസിഡന്റ്, പ്രധാനമന്ത്രി മുതല്‍ ചിഫ് ജസ്റ്റിസോ, ഡോക്ടറോ, എഞ്ചിനീയറോ, വക്കിലോ, ഗുമസ്തനോ, ഗ്ലോറിഫൈഡ് ഗുമസ്തനോ ഒക്കെ ആവാന്‍ ഒരു പൗരന്റെയും ജാതിയോ, മതമോ, വംശമോ, വര്‍ഗ്ഗമോ, ലിംഗമോ, ലൈംഗികതാല്പര്യമോ തടസ്സമാകുന്നില്ല എന്നാണ് തത്വത്തില്‍.
എന്നാല്‍ എല്ലാവര്‍ക്കും പ്രസിഡന്റ്, പ്രധാനമന്ത്രി മുതല്‍ ചിഫ് ജസ്റ്റിസോ ഡോക്ടറോ, എഞ്ചിനീയറോ, വക്കീലോ, ഗുമസ്തനോ, ഗ്ലോറിഫൈഡ് ഗുമസ്തനോ ഒന്നും ആകാന്‍ പറ്റുന്നില്ല. എന്തിന് എല്ലാവര്‍്ക്കും അതിജീവനത്തിനാവശ്യമായ തൊഴിലോ വേതനമോ തന്നെ ലഭിക്കുന്നില്ല. എന്നുവച്ചാല്‍ ഭരണഘടന എല്ലാവരെയും തുല്യരായി കാണുന്നു എങ്കിലും എല്ലാവരും തുല്യരായി തീരുന്നില്ല. അതിന്കാരണം എല്ലാവര്‍ക്കും തുല്യ അവസരം എന്നതല്ലാതെ എല്ലാവര്‍ക്കും തുല്യപദവികള്‍ കുടി നല്‍കുക പ്രായോഗികമായി അസാദ്ധ്യമാണ് എന്നതും.
ഒരേസമയം എല്ലാവര്‍ക്കും പ്രധാനമന്ത്രിയാകാന്‍ പറ്റില്ലല്ലോ. അതുപോലെ ചില പ്രായോഗിക നിബന്ധനകള്‍ക്ക് അനുസൃതമായി നിലനില്‍ക്കുന്നവയാണ് തൊഴില്‍, സര്‍ക്കാര്‍ തൊഴിലൊക്കെയും. എല്ലാവര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന തൊഴിലും വേതനവും ജീവിതസാഹചര്യങ്ങളും ലഭിക്കുക സാധ്യമല്ല. സാധ്യമായത് എല്ലാവര്‍ക്കും അടിസ്ഥാന അതിജീവന ആവശ്യങ്ങളും അവസരസമത്വവും നിലനിര്‍ത്തുക എന്നതു മാത്രമാണ്. അത് സാധ്യമായാല്‍ തന്നെ ചിലര്‍ മുമ്പിലും ചിലര്‍ പിറകിലും ആകും. ഗുമസ്തന്മാര്‍ക്കൊക്കെയും ഗ്ലോറിഫൈഡ് ഗുമസ്തന്‍ പോയിട്ട് വില്ലേജ് ഓഫീസര്‍ തന്നെയും ആകാന്‍ പറ്റിയെന്നുവരില്ല. എന്താണ് കാരണം?
നമ്മള്‍ വിചാരിക്കുന്ന പദവി, അവസ്ഥയില്‍ നമുക്ക് എത്തിപ്പറ്റാന്‍ ആവാതെ പോകുന്നതിന് ആകസ്മികമായ കാരണങ്ങള്‍ മുതല്‍ വ്യക്തിഗത ക്ഷമത കുറവു വരെയുണ്ടാവാം. മുപ്പത്തിയഞ്ച് തികയുന്നതിന്റെ തലേന്നത്തെ പി.എസ്.സി ടെസ്റ്റ് അതിന്റെ തലേന്ന് പറ്റിയ അപകടമോ, പിടിപെട്ട അസുഖമോ കാരണം എഴുതാന്‍ പറ്റാതെ പോയ ആളിന് പിന്നെ അവസരം ഇല്ലാതെ പോകുന്നത്, അതിലൂടെ അയാളുടെ ഭാവിജീവിതത്തില്‍ ഉണ്ടായേക്കാവുന്ന “പിന്നോക്ക” അവസ്ഥ ഭരണകൂടത്തിന് പരിഹരിക്കാന്‍ പറ്റിയ ഒന്നല്ല. അതൊരു വ്യക്തിഗത കാരണമാണ്.
പി.എസ്.സി ടെസ്റ്റ് എഴുതാനുള്ള പ്രായപരിധി മുപ്പത്തിയഞ്ചായി നിജപ്പെടുത്തിയത് ആ പ്രായപരിധിക്കുള്ളില്‍ സാധാരണഗതിയില്‍ വ്യക്തിഗതക്ഷമതയുള്ളവര്‍ മത്സരപരീക്ഷജയിച്ച് ഉദ്യോഗംനേടുന്നുണ്ട് എന്ന് ഡാറ്റകള്‍ തെളിയിക്കുന്നതിനാലാണ്. ഇവിടെ മേല്‍പറഞ്ഞ വ്യക്തിക്ക് അവസരനഷ്ടവും അതുവഴി പില്‍ക്കാലത്ത് സാമ്പത്തിക പിന്നോക്കാവസ്ഥയും ഉണ്ടാകുന്നു എങ്കില്‍ അതിന്റെ കാരണം വ്യക്തിഗതമാണ്. അതിന് ഭരണകൂടപരിഹാരത്തിന് പരിധിയുണ്ട്.
ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങള്‍, അത് സാമ്രാജ്യത്വത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ( യു.പി.എ സര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണനയങ്ങള്‍ തൊട്ട് അഭിനവതുഗ്ലക്കിന്റെ നോട്ട് ബന്ധന്‍ വരെ ഉണ്ടാക്കിയവ) സമൂഹത്തെമൊത്തമായി പിന്നോക്കാവസ്ഥയിലേയ്ക്ക് നയിക്കാം. അത് ഇന്ന് നമ്മെ സംബന്ധിച്ചിടത്തോളം ഒരുസാധ്യതയല്ല, അനുഭവമാണ്. പക്ഷെ അത്തരം പിന്നോക്കാവസ്ഥകള്‍ മറികടക്കേണ്ടത് സംവരണത്തില്‍ വെള്ളം ചേര്‍ത്തുകൊണ്ടല്ല, ഭാവനാപൂര്‍ണമായ സാമ്പത്തികനയങ്ങളും, ക്ഷേമപദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കികൊണ്ടാണ്.
എന്താണ്, എങ്ങനെയാണ് പിന്നോക്കാവസ്ഥ?
ചിലവിഭാഗങ്ങളില്‍പെട്ട മനുഷ്യര്‍, വ്യക്തികളല്ല; ഒരിക്കലും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിപ്പെടാതെ പോകുന്നു എങ്കില്‍ അതിന്റെ കാരണം ആവ്യക്തികളിലല്ല, സമൂഹത്തില്‍ അതിന്റെ സഞ്ചിത അവസ്ഥയില്‍ ആണ് തിരയേണ്ടത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ചിലവിഭാഗങ്ങളെ മുന്നോക്കവും മറ്റ് ചിലവയെ പിന്നോക്കവും ആക്കുന്നഘടകങ്ങള്‍ എന്ത് എന്ന ഒരുഅന്വേഷണം അനിവാര്യമെന്നോണം ജാതിയിലേയ്ക്ക് എത്തുന്നു.
ഈ പറഞ്ഞതിന്റെ അര്‍ത്ഥം സമ്പന്നനായ ഒരുദളിതനും ദരിദ്രനായ നമ്പൂതിരിയും എന്ന ഒരു സാദ്ധ്യതയേ ഇന്നില്ല എന്നല്ല. ഈ പറഞ്ഞ ദളിതന്‍ സമ്പന്നനായത് സംവരണം വഴി ആണെന്നും വാദത്തിനായി സമ്മതിക്കാം. എന്നാല്‍ നമ്പുതിരി ദാരിദ്രനായത് സംവരണംകൊണ്ടാണോ?
ഇതിന്റെ മറുപടി നാം ചരിത്രത്തിലാണ് തിരയേണ്ടത്. എന്നുവച്ച് അനന്തമായി അതിലൂടെ പിന്നോട്ട് തിരയുകയൊന്നും വേണ്ടതാനും. ഒരുനുറുവര്‍ഷം മുന്നോട്ട് എത്തിയാല്‍ ദളിതര്‍ക്ക് വിദ്യാഭ്യാസം എന്നത് നാട്ടുനടപ്പേ അല്ലാത്ത ഒരുകാലത്തില്‍ എത്താം. അവിടെയും ഭരണകൂടവും എക്സിക്യുട്ടീവ്, ജുഡിഷ്യറികളും ഒക്കെയുണ്ട്. എന്നാല്‍ അത് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു?
ദളിത് വിദ്യാഭ്യാസമേ നിഷേധിക്കുന്ന ഒരു സംവിധാനത്തില്‍ പിന്നെ ബാക്കിയാവുന്നത് ഒരു അപ്രഖ്യാപിത സവര്‍ണ്ണ സംവരണം ആണല്ലോ. അതിന്റെ ശതമാനമാകട്ടെ നൂറും!
അതായത് ഒരുനൂറ്റാണ്ട് മുമ്പുവരെ നൂറു ശതമാനം സംവരണം അനുഭവിച്ചിരുന്ന മുന്നോക്ക വിഭാഗങ്ങളാണ് ഇപ്പോള്‍ അന്‍പത് ശതമാനം ഓപ്പണ്‍ മെറിറ്റ് നിലനില്‍ക്കുമ്പോഴും തങ്ങള്‍ സംവരണം അര്‍ഹിക്കുംവിധം പിന്നോക്കമായെന്നു വാദിക്കുന്നത്. പത്തെഴുപത് കൊല്ലം സംവരണം അന്‍പത് ശതമാനമായി ചുരുങ്ങിയ അവസ്ഥ ചിലസമുദായങ്ങളില്‍ പിന്നോക്കാവസ്ഥ ഉണ്ടാക്കിയെങ്കില്‍ നുറ്റാണ്ടുകളായി അതില്‍ പ്രാതിനിധ്യം പൂജ്യം എന്ന അവസ്ഥയില്‍ ജീവിച്ചവരുടെ അവസ്ഥയെ എന്തുവിളിക്കണം?
അതും പിന്നോക്കാവസ്ഥ, ഇതും പിന്നോക്കാവസ്ഥ എന്ന ലളിതയുക്തി ഇവിടെ നിലനില്‍ക്കില്ല തന്നെ. സംവരണം വഴി സവര്‍ണ്ണന്റെ തുല്യതയോ, പ്രാതിനിധ്യമോ ഹനിക്കപ്പെടുന്നില്ല, മറിച്ച് പിന്നോക്കക്കാര്‍ അവരുടേതല്ലാത്ത, വ്യക്തിപരമല്ലാത്ത കാരണങ്ങളാല്‍ അനുഭവിക്കുന്ന പിന്നോക്കാവസ്ഥയെ അഭിസംബോധന ചെയ്യുന്നു എന്നുമാത്രം. ഈയാഥാര്‍ഥ്യത്തെയാണ് മുന്നോക്കക്കാരിലെ പിന്നോക്കം എന്ന സങ്കല്പം തമസ്‌കരിക്കുന്നത്.
അട്ടിമറിക്കപ്പെടുന്ന സംവരണം
ജാതിസംവരണം തങ്ങളെ പിന്നോക്കാവസ്ഥയിലേയ്ക്ക് തള്ളുന്നു എന്നൊക്കെ വിലപിക്കുമ്പോഴും നിലവിലുള്ള സംവരണ വ്യവസ്ഥയെ ഉദ്യോഗസ്ഥവൃന്ദങ്ങളില്‍ തങ്ങള്‍ക്കുള്ള അമിത പ്രാതിനിധ്യം വഴി ലളിതമായി അട്ടിമറിച്ച് പോരുകയാണ് ഇവര്‍ എന്നത് കുടി ഈ അവസരത്തില്‍ ഓര്‍ക്കണം. ഇപ്പോള്‍ ഇടതുസര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്ന പരിഷ്‌കൃത സംവരണനയത്തില്‍ നിലവില്‍ സംവരണ ആനുകൂല്യം അനുഭവിക്കുന്ന വിഭാഗങ്ങളുടെ ശതമാനം കുട്ടിയിട്ടുണ്ട് എന്നതുശരി.
ഒരുവിഭാഗത്തിന്റെയും സംവരണ ആനുകൂല്യം വെട്ടികുറച്ചിട്ടില്ല, മറിച്ച് കൂട്ടുകയാണ്. അതിലൂടെ കുറഞ്ഞ ജനറല്‍ മെറിറ്റിലാണ് പുതിയസാമ്പത്തിക സംവരണം വരുന്നത്. അപ്പോള്‍ പിന്നെ സംവരണക്കാര്‍ക്ക് എന്തുകേട് എന്നതാണ് പൊതുവില്‍ ഉന്നയിക്കപ്പെടുന്ന ഒരുയുക്തി.
കഴിഞ്ഞനുറ്റാണ്ടില്‍ ഇന്ത്യയല്ല, ലോകംകണ്ട ഏറ്റവും വലിയ ജൈവബുദ്ധി ജീവികളില്‍ ഒരാളായ അംബേദ്കര്‍ പോലും നമ്മുടെ നാട്ടില്‍ ഒരു പി.എസ്.സി ടെസ്റ്റ് എഴുതിയാല്‍ സ്വാഭാവികമായും അദ്ദേഹം അതില്‍ വിജയിക്കും, പക്ഷെ ജനറല്‍ മെറിറ്റ് ലിസ്റ്റില്‍ ആവില്ല ആ പേരുവരുന്നത് എന്ന് തെളിവുകള്‍ വച്ച് സുദേഷ് എം. രഘു ഫെയ്സ്ബുക്കില്‍ എഴുതിപോന്ന പോസ്റ്റുകളും ലേഖനങ്ങളും ക്രോഡീകരിച്ച് ഇന്നൊരു പുസ്തകം തന്നെ ആയിട്ടുണ്ട്. ഈ പുസ്തകം ഇറങ്ങിയിട്ടും ജനറല്‍ മെറിറ്റ് എന്നത് എല്ലാവര്‍ക്കും അര്‍ഹമായ ഒരു മത്സരസ്ഥലം ആണെന്നും അതില്‍ സാമ്പത്തിക സംവരണം വരുന്ന സംവരണം എന്ന ആശയത്തെ മൊത്തമായി തുരങ്കം വയ്ക്കുന്ന ഒന്നാണെന്നതും ഇനിയും തര്‍ക്കിച്ച് സ്ഥാപിക്കപ്പെടെണ്ടിയിരിക്കുന്നു എന്നത് ദുഖകരമാണ്. നമ്മള്‍ ഇപ്പോള്‍ സംസാരിക്കുന്നത് ശതമാനത്തെകുറിച്ചാണ്.
അതാണ് ശരിയെങ്കില്‍ ഏറ്റവും ന്യായമായ ഒരു ശതമാനകണക്കിലേക്ക് വരാം. ദളിത് പിന്നോക്ക വിഭാഗങ്ങള്‍ ഒരിക്കലും എതിര്‍ക്കാത്തഒന്ന്. ജനസംഖ്യയ്ക്ക് ആനുപാതികമായി തൊഴിലിലും സംവരണം ഏര്‍പ്പെടുത്തുക. ബ്രാഹ്മണര്‍ക്ക് അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി, അനര്‍ഗളമായി ജോലി നല്‍കി പോരുക. അങ്ങനെ ക്ഷത്രിയ, വൈശ്യ, ശൂദ്ര കണക്കും അകകണക്കും ആന്തരിക അടികലശലുമോക്കെയായി പണി ആവഴിക്ക്പോകട്ടെ.
തര്‍ക്കം ഇല്ലാത്തവര്‍ക്ക് ജനസംഘ്യ ആനുപാതികമായി തൊഴിലുംനല്‍കട്ടെ. അങ്ങയൊരു നീക്കുപോക്ക് ഓക്കെയാകുമോ നായരെ, പട്ടരെ പട്ടേലേ… ഇനി വരാനിരിക്കുന്ന വാലുകളെ…..?
വിലക്കുകള്‍കൊണ്ട്പിന്നോക്കംവലിക്കപ്പെട്ടവര്‍
സമ്പത്ത് ഉണ്ടാക്കാന്‍ ഇന്ത്യയില്‍ സാമൂഹ്യമായ വിലക്ക് എന്നെങ്കിലും ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് ഉണ്ടായിരുന്നുവോ? പ്രായോഗികമായി അത്, സാമ്പത്തിക മുന്നോക്കാവസ്ഥ സാദ്ധ്യമല്ലാത്ത അവസ്ഥ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഉണ്ടായിരുന്നു എന്നത് സത്യം. അവരില്‍ അത് ഏതെങ്കിലും പഴുതുകളിലുടെ അതിജീവിച്ചവര്‍ക്ക് പോലും എന്നാല്‍ ഉണ്ടാക്കിയ സമ്പത്ത് അനുഭവിക്കുന്നതില്‍ മറ്റു വിലക്കുകളുമുണ്ടായിരുന്നു.
പുതിയകുപ്പായം വാങ്ങിയാല്‍ അത് മുഷിപ്പിച്ചല്ലാതെ ഇട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥയുടെ വിവിധ വകഭേദങ്ങളെ കുറിച്ച് അംബേദ്കര്‍ എഴുതിയത് വായിച്ചിട്ടില്ലെങ്കില്‍ വി.കെ.എന്‍ സാഹിത്യം മനസിരുത്തി വായിച്ചാലും മതി. അതില്‍ കാണാം കായിമുടക്കി വാങ്ങിയ കാറില്‍ കയറാനുള്ള വിലക്കുകളും അതിനെതിരേ ഉള്ള നീന്തലുകളും….
ഇത്രയുമൊക്കെ ഉണ്ടായിട്ടും ഇന്ത്യന്‍ സാഹചര്യത്തില്‍ പിന്നോക്കാവസ്ഥ എന്നത് സാമ്പത്തിക ഏകകങ്ങള്‍ കൊണ്ട് അളക്കാവുന്നതല്ല എന്നത് മനസിലാകാതെ പോകുന്നതിനെ ഇനിയും വിചിത്രം എന്നൊന്നും വിളിച്ചിട്ട് കാര്യമില്ല എന്ന് തോന്നുന്നു. പാര്‍ശ്വവല്‍കൃതരുടെ പിന്നോക്കാവസ്ഥ മാറ്റാന്‍ സാമൂഹ്യ, സാംസ്‌കാരിക മാറ്റങ്ങള്‍ക്കൊപ്പം സാമ്പത്തിക നയത്തിലെ സമഗ്ര പരിഷ്‌കരണങ്ങളും ആവശ്യമാണ് എന്ന് കണ്ട ദളിത് ബുദ്ധിജീവികള്‍ ആവഴിക്ക് ഒരു മാര്‍ക്സ് അംബേദ്കര്‍ പാല നിര്‍മ്മിതിക്ക് ആശയതലത്തില്‍ അടിത്തറയിടാന്‍ സാദ്ധ്യതകള്‍ ആരായുമ്പോഴാണ് ഇത് എന്നത് സത്യത്തില്‍ നിരാശാജനകമാണ്. അതായത് പിന്നോക്കാവസ്ഥയില്‍ ജാതി മുതല്‍ സമ്പത്ത് വരെയുള്ള പല ഘടകങ്ങള്‍ ഉണ്ട് എന്ന് നമ്മുടെ സവിശേഷ അവസ്ഥയില്‍ അത് അനുഭവിക്കുന്നവര്‍ മനസിലാക്കുന്നു. എന്നാല്‍ അതിനെ നമ്മള്‍ വ്യാഖ്യാനിക്കുന്നത് മുന്നോക്കകാര്‍ക്കും പിന്നോക്കാവസ്ഥ ഉണ്ടാകാം എന്ന നിലയിലും. അതെങ്ങനെ?
മലയാളം കൂട്ടിവായിക്കാന്‍ അറിയാത്തവണ്ണം നിരക്ഷരനായ ഒരു നായരെ എങ്കിലും സമ്പുര്‍ണ്ണ സാക്ഷരത നേടിയ നമ്മുടെ കേരളത്തില്‍ എനിക്ക് വ്യക്തിപരമായി അറിയാം. (വ്യക്തിസാക്ഷ്യങ്ങളുടെ കാലമല്ലേ). പക്ഷെ അയാള്‍ക്ക് ആ അവസ്ഥ വന്നത് ഒരുസാമൂഹ്യ വിലക്കിന്റെ ഭാഗമായിരുന്നോ? ആ വ്യക്തിഗത പിന്നോക്കാവസ്ഥ ഒരു സാമൂഹ്യ നിര്‍മ്മിതിയായിരുന്നുവോ? സവര്‍ണ്ണ വിഭാഗങ്ങളില്‍ ദരിദ്രരായുള്ളവര്‍ കാണാം എന്ന ഉറപ്പ്.
എന്നാല്‍ അതിന് കാരണം സാമൂഹ്യമാണോ? മുതലാളിത്ത ചൂഷണത്തിന്റെ സവിശേഷ ഉള്ളടക്കം എടുത്താലും അതില്‍ ചൂഷിതരായ തൊഴിലാളി വര്‍ഗ്ഗത്തില്‍ എത്ര ശതമാനം വരും സവര്‍ണ്ണര്‍? അതില്‍തന്നെ എത്ര ശതമാനം വരും ചുരുങ്ങിയത് നാലഞ്ച് തലമുറയായി ഈ അവസ്ഥയില്‍ തുടരുന്നത്?
ഇ.എം.എസ്സ് തൊട്ടേ പലവഴിക്ക് പറഞ്ഞു കേള്‍ക്കുന്ന ഒരു ആഭിമുഖ്യമാണ്. ഇപ്പോഴത്തെ കേരളാസര്‍ക്കാര്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്ന, ആ നിലയ്ക്ക് അവര്‍ ജനസമ്മതി നേടിയ നയമാണ്. ഒക്കെ സമ്മതിക്കുന്നു. അത്മാത്രം ഒരു ഒറ്റ യുക്തിയായി എടുത്താല്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ വന്‍ വിജയം നേടി ഭരിക്കുന്ന ഒന്നായതിനാല്‍ അതിന്റെ പ്രകടന പത്രികയില്‍ ഉള്ളതെല്ലാം ഇനി അഞ്ച്കൊല്ലക്കാലത്തേക്ക് ഇന്ത്യയില്‍ ആരെ സംബന്ധിച്ചിടത്തോളവും അനിഷേദ്ധ്യമാണ് എന്ന് വരും. അതല്ലല്ലോ ജനാധിപത്യം
സംവരണവിവാദം വീണ്ടെടുത്ത ചിലസംവാദങ്ങള്‍
സംവരണ ചര്‍ച്ചകള്‍ നടക്കുമ്പോഴോക്കെയും “ജാതിവിരുദ്ധ പുരോഗമന” ഉള്ളടക്കം ഉള്ളത് എന്ന് നടിക്കുന്ന ചില അജണ്ടാബന്ധിത വാദ മുഖങ്ങള്‍ക്കൊപ്പം അങ്ങനെ സ്വയം തെറ്റിദ്ധരിക്കുന്ന കുറേ നിഷ്‌കളങ്ക സംശയങ്ങളും ഉയര്‍ന്നുവരാറുണ്ട്. ജാതിവ്യവസ്ഥ ഒരു സാമൂഹ്യ തിന്മയാണെന്ന് മനസിലായാല്‍ അത് ഉപേക്ഷിക്കുകയല്ലേ വേണ്ടത്, ജാതി സംവരണം ജാതിയെ ഉന്മൂലനം ചെയ്യുന്നതിന് പകരം നിലനിര്‍ത്തുകയല്ലേ ചെയ്യുന്നത് എന്നിങ്ങനെ അത് പോകുന്നു.
എന്‍.എസ്.എസ്പോലുള്ള സംഘടനകള്‍ പൊടുന്നനെ ജാതി “ഉപേക്ഷിക്കുകയും” ഇനിയെല്ലാം “സാമ്പത്തികം” ആവട്ടെ, അതല്ലേ സമത്വം എന്ന് വാദിക്കുന്നതും മേല്‍പറഞ്ഞ പുരോഗമന നാട്യം മുമ്പില്‍ പിടിച്ചുകൊണ്ടാണ്. ഇവയില്‍ നിന്നും വ്യത്യസ്തമായ ഒരു വാദമാണ് ്ശ്രി റെജി ജോര്‍ജ്ജ് മുന്നോട്ട് വെയ്ക്കുന്നത്. തന്റെ പോസ്റ്റില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു. “ലോകത്ത് ഒട്ടുമിക്ക സ്ഥലങ്ങളിലും Institutinalized discriminationനു എതിരെ ശക്തമായ നടപടികള്‍ എടുത്തതിനുശേഷമാണു അഫര്‍മേറ്റിവ് ആക്ഷന്‍ നടപ്പിലാക്കാറുള്ളത്. അഫര്‍മേറ്റിവ് ആക്ഷന്‍ നിലനിന്ന Institutinalized discrimination സമൂഹത്തിനുണ്ടാക്കിയ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ഒരു മെത്തേഡാണു. അമേരിക്കയില്‍ ആദ്യം അടിമത്വം അവസാനിപ്പിച്ചു. അതിനു ശേഷം ഇരകള്‍ക്ക് നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയാണു അഫര്‍മേറ്റിവ് ആക്ഷന്‍. ദക്ഷിണാഫ്രിക്കയില്‍ നിലനിന്ന അപ്പാര്‍ത്തീഡ് അവസാനിപ്പിച്ചു അതിനു ശേഷമാണു അഫര്‍മേറ്റിവ് ആക്ഷന്‍ വരുന്നത്. അധികാരം കറുത്തവന്റെ കൈയ്യിലേക്ക് എത്തി.
ഇന്ത്യയില്‍ ജാതിയാണു പ്രശ്നം. അതിനു പരിഹാരമായിട്ടാണു സംവരണം കൊണ്ടു വന്നിരിക്കുന്നത്. പക്ഷെ മനസ്സിലാകാത്ത കാര്യം Institutinalized discrimination നിലനിര്‍ത്തിക്കൊണ്ട് എങ്ങനെയാണു സംവരണം എന്ന അഫര്‍മേറ്റിവ് ആക്ഷന്‍ ഫലപ്രദമായി നടപ്പിലാക്കുന്നത് എന്നാണു. സംവരണം വേണം അത ്ആവശ്യമാണു പക്ഷെ ജാതിപോയെ തീരു. ജാതിയും ജാതിയെ സജീവമാക്കുന്ന മതവും പിരിച്ചു വിടുക എന്നതാണു ആദ്യം നടപ്പിലാകേണ്ടത്”.
വീണ്ടെടുക്കപ്പെടുന്ന ഒരു സംവാദം സംവരണം ജാതി വ്യവസ്ഥ ഉണ്ടാക്കി നിലനിര്‍ത്തി പോന്നിരുന്ന ഉച്ഛനീചത്വങ്ങള്‍ക്കും സ്ഥാപനവല്‍ക്കരിച്ച അനീതികള്‍ക്കും ഒരു ചരിത്രപരവും പ്രായോഗികവുമായ പരിഹാരമാര്‍ഗ്ഗമാണ്. എന്നാല്‍ അത് ജാതി വ്യവസ്ഥയ്ക്ക്, അത് ഇന്നും നിയന്ത്രിക്കുന്ന നമ്മുടെ സാമൂഹിക സാംസ്‌കാരിക അവബോധങ്ങള്‍ക്ക് ഒരു സമഗ്ര പരിഹാരമല്ല. സംവരണം എന്ന ആശയവുമായി ബന്ധപ്പെട്ട് വികസിക്കുന്ന ചര്‍ച്ചകളില്‍ നിന്നും പലപ്പോഴും ജാതിയുടെ ഉന്മൂലനം എന്ന സാമൂഹ്യ ആവശ്യം വിസ്മരിക്കപ്പെടുകയോ പുറന്തള്ളപ്പെടുകയോ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മനപ്പൂര്‍വ്വമല്ല എങ്കിലും ഇത് സംഭവിക്കുന്നു. എന്താവാം ഇതിന്റെ കാരണം?.
സംവരണത്തെ, അതിന്റെ സത്തയെ തുരങ്കം വയ്ക്കുക എന്ന ലക്ഷ്യത്തോടെ സംവരണ വിരുദ്ധര്‍ നേരിട്ട് മുന്നോട്ട് വയ്ക്കുകയോ, ആ സമ്മര്‍ദ്ദത്തിന ഭരണകൂടങ്ങള്‍ വഴങ്ങുന്ന പ്രതീതി ഉണ്ടാകുമ്പോഴോ ആണ് ഈ വിഷയത്തില്‍ പലപ്പോഴും സംവാദങ്ങള്‍ ഉണ്ടാകുന്നത്. അപ്പോള്‍ സ്വാഭാവികമായും അതിന്റെ ടേംസ് ഓഫ്റെഫറന്‍സ് അവര്‍ നിശ്ചയിക്കുന്നതായിത്തീരുന്നു.
ജാതി വേണ്ട എന്ന് അതിന്റെ ഗുണഭോക്താവായ സവര്‍ണ്ണനും വേണമെന്ന് അതിന്റെ ഇരയായ ദളിതനും വാദിക്കുന്ന വിരോധാഭാസം അങ്ങനെ ഉണ്ടാകുന്നതാണ്. ജാതി എന്ന സ്ഥാപനത്തില്‍ നിന്നും ഇനി ഒരു ആനുകൂല്യവും പുതിയതായി ലഭിക്കാനില്ലാത്ത സവര്‍ണ്ണര്‍ കറവ വറ്റിയ പശു എന്നോണം അതിനെ ഉപേക്ഷിക്കാന്‍ തയ്യാറാകുന്നു. അതുകൊണ്ട് അവര്‍ക്കുണ്ടാകുന്ന ്‌നേട്ടം. ഒന്ന് പുരോഗമന നാട്യം. രണ്ട്, ജാത്യേതര ആധുനിക ഭരണ സംവിധാനങ്ങളുടെ ആനുകൂല്യം. ഇത് മനസിലാക്കിക്കൊണ്ട് ജാതിയുടെ ഉന്മൂലനം എന്ന അംബേദ്കറിയന്‍ ആശയത്തെ സമീപിച്ചാല്‍ അത് വലിയൊരു ധൈഷണിക വീണ്ടെടുപ്പാവും. എന്നാല്‍ ദൌര്‍ഭാഗ്യവശാല്‍ നടക്കുന്നത് തിരിച്ചാണ്.
ഇനിയിപ്പോ ജാതി വേണ്ട, എല്ലാം സാമ്പത്തിക ഏകകങ്ങള്‍ വച്ച് ധനതത്വശാസ്ത്രപ്രകാരം സമ്പത്ത്, മൂലധനം കേന്ദ്രമാക്കി നടക്കട്ടെ എന്ന് എന്‍.എസ്.എസ്പോലുള്ള സംഘടനകള്‍ പറയുവാന്‍ കാരണം പൊടുന്നനെ അവര്‍ക്ക് കമ്യുണിസം ബോധിച്ചു എന്നതിനാല്‍ ഒന്നുമല്ലല്ലോ. എങ്കിലും അവര്‍ അങ്ങനെ നടിക്കുന്നു. അതിന് പ്രതിയുക്തികള്‍ തേടി സംവാദങ്ങള്‍ കാടുകയറുന്നു.
ഉള്ളില്‍ രൂഢമൂലമായ ഒന്നിനെ ഒരു തന്ത്രം എന്ന നിലയില്‍ ഉപേക്ഷിച്ചു കൊണ്ട് അവര്‍ പറയുന്ന ജാതി ഉപേക്ഷിക്കല്‍ കണ്ട് ഇനിയിപ്പോ ആര്‍ക്കും ജാതി വേണ്ടല്ലോ, ഉപേക്ഷിക്കാമല്ലോ എന്ന് ഒരുഭരണകൂടം നിഷ്‌കളങ്കവും പുരോഗമാനപരവുമായി തീരുമാനിച്ചു എന്ന് വയ്ക്കുക. പണികിട്ടുന്നത് ആര്‍ക്കാവും? അത് ദളിതര്‍ക്ക് തന്നെയാവും. ബ്രാഹ്മണിക് ജാതീവ്യവസ്ഥ എന്ന സാമൂഹ്യ തിന്മ നിലനിന്ന് പോന്നാല്‍ അതിന്റെ ദോഷം ആര്‍ക്കായിരിക്കും? അതും അവര്‍ക്ക്തന്നെ.
ബ്രാഹ്മണിക് ജാതീവ്യവസ്ഥ എന്ന സാമൂഹ്യ തിന്മയില്‍ നിലനിന്ന് പോന്നാല്‍ അതിന്റെ ദോഷം ആര്‍ക്കായിരിക്കും? അതും അവര്‍ക്ക്തന്നെ. വൈരുദ്ധ്യാത്മകമായി സമീപിച്ചാല്‍ മാത്രം വെളിച്ചപ്പെടുന്ന ഒരു പ്രശ്നമാണിത്. എന്നാല്‍ പല ഇടത് ബുദ്ധിജീവികളും ഇവിടെ ആ ഡയലക്ടിക്കല്‍ യുക്തി പ്രയോഗിക്കുകയല്ല, മറിച്ച് ജാതിയിലും മൂലധന ബന്ധിയായ ഏകകങ്ങളെ പ്രയോഗിക്കാന്‍ എന്ത് പഴുത് എന്ന് ആലോചിക്കുകയാണ്. ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നു വരുത്തുവാനുള്ള മനുഷ്യന്റെ താല്‍പര്യത്തില്‍ പോലും ഒരു ഡയലക്ടിക്സ് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ആശ്വസിക്കാം.
മൂലകാരണം പരിഹരിച്ചിട്ട് ദുരിതാശ്വാസം സ്ഥാപനവല്‍ക്കരിക്കപ്പെട്ട വിവേചനങ്ങളെ അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ ആദ്യമേ കൈക്കൊണ്ട ശേഷം പരിഹാര നടപടികളിലേയ്ക്ക് നീങ്ങിയാലെ അതുകൊണ്ട് ഗുണമുണ്ടാവു എന്നതാണ് അമേരിക്കയിലെയും ദക്ഷിണാഫ്രിക്കയിലെയും സമാന്തരനടപടികള്‍ ഉദാഹരിച്ചുകൊണ്ട് ശ്രീ റെജി ജോര്‍ജ്ജ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഇതാവട്ടെ അദ്ദേഹത്തെ പോലെ ഒരു വ്യക്തിയുടെ വ്യക്തിഗത യുക്തിയല്ലതാനും. റെജിയുടെ യുക്തിയെ പങ്കുവയ്ക്കുന്ന നിരവധി പുരോഗമന കാംക്ഷികളായ മനുഷ്യര്‍ ഉണ്ട്. ആതു തന്നെയാണ് ഈ ആശയത്തിന് സംവാദത്തില്‍ ഉള്ള പ്രസക്തിയും.
കേള്‍ക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ ശരി എന്ന് തോന്നുമെങ്കിലും ഇതില്‍ ചില പ്രശ്നങ്ങളുണ്ട്. യുറോപ്പില്‍ വര്‍ണ്ണ വിവേചനമെങ്കില്‍ ഇന്ത്യയില്‍ ജാതിയാണ് പ്രശ്നം എന്നത് ശരി. എന്നാല്‍ അതിന്റെ നേര്‍ താരതമ്യം എന്ന നിലയ്ക്ക് അമേരിക്കയിലും മറ്റും വര്‍ണ്ണമാണ് പ്രശ്നം എന്ന് വരുന്നു. ഇവിടെ ജാതി പിരിച്ച് വിടുകയാണ് ഇന്‍സ്ടിട്യുഷണല്‍ ഡിസ്‌ക്രിമിനെഷനെതിരേ ചെയ്യേണ്ടത് എങ്കില്‍ അവിടെ വര്‍ണ്ണത്തെ പിരിച്ച് വിടേണ്ടി വരും. വര്‍ണ്ണം ഒരു ജീവശാസ്ത്രപരമായ സവിശേഷത ആയതിനാല്‍ അത് സാദ്ധ്യമല്ല. അതായത് താരതമ്യം സാധുവല്ല.
അവിടങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടായി എന്ന് പറയുന്നത് അടിമക്കച്ചവടത്തിനും, പണിക്കും ഉണ്ടായ നിരോധനം മുതല്‍ വര്‍ണ്ണ വിവേചനത്തിന് എതിരെയുള്ള നിയമനടപടികള്‍ വരെയാണ്. ഇന്ത്യയിലും അടിമക്കച്ചവടം, അടിമപ്പണി ഒക്കെ നിരോധിതമാണ്. ജാതീയമായ വിവേചനങ്ങള്‍ക്ക് എതിരെ ശക്തമായ നിയമങ്ങള്‍ നിലവില്‍ ഉണ്ട്. പിന്നെയുള്ളത് പ്രവര്‍ത്തിതലത്തിലെ പ്രശ്നങ്ങള്‍ ആണ്.
ഇവിടെ താരതമ്യം ഇന്ത്യയില്‍ നിന്ന് മാറ്റി കേരളവുമായി ആക്കിയാല്‍ ഭൗതീകവും പ്രത്യക്ഷവുമായ വിവേചനങ്ങള്‍ ആരാജ്യങ്ങളില്‍ എന്ന പോലെ ഇവിടെയുമില്ല. എന്നാല്‍ കുടുതല്‍ പരോക്ഷവും സുക്ഷ്മവുമായ തലങ്ങളില്‍ അത് ഇവിടെ എന്ന പോലെ അവിടങ്ങളിലും നിലനില്‍ക്കുന്നു എന്നാണ് അവിടങ്ങളില്‍ ഉള്ള ബ്ലാക്ക് എഴുത്തുകാരെയും ആക്ടിവിസ്ടുകളെയും ഒക്കെ വായിച്ചതില്‍ നിന്നും മനസിലാവുന്നത്. കത്രീന (പേര് ശരിയോ എന്ന് ഉറപ്പില്ല, ഓര്‍മ്മയില്‍ നിന്ന് എഴുതുന്നതാണ്) കൊടുങ്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ നേരിടാനും പരിഹരിക്കാനും ഉള്ള ശ്രമങ്ങള്‍ക്കിടയില്‍ പോലും വിവേചനം നടക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഇനി ജാതിയിലലേക്ക് മടങ്ങിവരാം. ആദ്യം ജാതി പിരിച്ച് വിട്ടിട്ട് പിന്നെ അതുണ്ടാക്കിയ പ്രശ്നങ്ങള്‍ പരിഹരിക്കാം എന്ന ക്രമം എങ്ങനെ പ്രായോഗികമാവും? നുറ്റാണ്ടുകള്‍ നീണ്ടുനിന്ന ഒരു വ്യവസ്ഥ സമൂഹത്തിലെ ചില വിഭാഗങ്ങളില്‍ സൃഷ്ടിച്ച സാമുദായിക പിന്നോക്കാവസ്ഥ അതിന്റെ പ്രഭവകേന്ദ്രത്തെ റദ്ദ്ചെയ്തു കൊണ്ട് എങ്ങനെ നടപ്പിലാക്കാന്‍ പറ്റും? ആദ്യമേ ജാതി പിരിച്ചുവിടാം. പക്ഷേ പിന്നെ ജാതി സംവരണം എന്തിന്റെ അടിസ്ഥാനത്തില്‍ നല്‍കും? അപ്പോള്‍ പറഞ്ഞുവരുന്നത് ഫലത്തില്‍ സാമ്പത്തിക സംവരണത്തില്‍ തന്നെ എത്തിയില്ലേ?
ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഇല്ലാതെയാക്കുക എന്നത് ഒരു സാംസ്‌കാരിക ആവശ്യമാണ്. എന്നാല്‍ ജാതീയമായ പിന്നോക്കാവസ്ഥ എന്നത് പ്രായോഗിക പരിഹാരം ആവശ്യപ്പെടുന്ന ഒരു ഭൗതീക ആവശ്യവും. അടിമുടി ശ്രേണിവല്കൃതമായി നിലനിന്നു പോന്നിരുന്ന ജാതി എന്ന സാമൂഹ്യ തിന്മയുടെ ഉറവിടം ഒരു സമൂഹമെന്ന നിലയിലുള്ള നമ്മുടെ സഞ്ചിത സാംസ്‌കാരിക മനോനില തന്നെയാണ്. എന്നാല്‍ അതിനെ സമഗ്രമായി മാറ്റിമറിച്ച ശേഷം അതുണ്ടാക്കിയ ഭൗതീക പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് എങ്ങനെ പ്രായോഗികമായി സാദ്ധ്യമാകും?
കാല്‍പനിക വിപ്ലവ നിര്‍ദ്ദേശങ്ങളുടെ പരിമിതികള്‍
ജാതി വ്യവസ്ഥയും അതില്‍ ഊന്നിക്കൊണ്ട് നിലനിന്ന് പോരുന്ന ശ്രേണീകൃതമായ ജാതി വിവേചനങ്ങളും സമാനതകള്‍ ഇല്ലാത്തവണ്ണം സവിശേഷമായ ഒരുസാമൂഹ്യ, നൈതിക പ്രശ്നമാണ്. അതുകൊണ്ട് തന്നെ അതിന്റെ പരിഹാരത്തിന് പുര്‍വ്വ മാതൃകകള്‍ ഒന്നുംതന്നെ ഇല്ല. വര്‍ണ്ണ വിവേചനം നമുക്ക് ഒക്കെ അറിയാവുന്ന ഒരു വിവേചന പ്രമേയമാണ്. അതുപോലെ പേട്രിയാര്‍ക്കി, മത, ലൈംഗിക, ഭാഷാ ന്യുനപക്ഷങ്ങളും, തൊഴിലാളികള്‍ തന്നെയും അനുഭവിക്കുന്ന വിവേചനങ്ങള്‍ ഒക്കെയും വിവേചനങ്ങള്‍ തന്നെ. പക്ഷേ സാമ്യങ്ങള്‍ ഉണ്ട് എന്നതിനാല്‍ അവ ഒന്നാകുന്നില്ല.
ഉദാഹരണത്തിനു വര്‍ണ്ണ വിവേചനത്തെ കറുത്ത നിറത്തോടുള്ള വിവേചനമായി എടുത്ത് നിലവിലുള്ള സാമൂഹ്യ സാഹചര്യങ്ങളിലേക്ക് ചരിത്ര നിരപേക്ഷമായി അതിനെ പ്രയോഗിച്ചാല്‍ യുറോപ്പിലെ വര്‍ണ്ണ വിവേചനവും ഇന്ത്യയിലെ ജാതി വിവേചനവും തമ്മില്‍ ഒരു സമാന്തരമൊക്കെ തട്ടികുട്ടാവുന്നതേയൊള്ളു. സ്വത്വവാദികളുടെ സാംസ്‌കാരിക വിമര്‍ശനങ്ങളില്‍ പലപ്പോഴും ഇതൊരു എളുപ്പവഴിയായി പ്രത്യക്ഷപ്പെടുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കറുത്ത നിറമുള്ള രാജാക്കന്‍മാര്‍ വരെയുള്ള ഒരു ചരിത്ര പശ്ചാത്തലത്തില്‍ അത് നിലനില്‍ക്കില്ല എന്നു മാത്രം. പരിചിതമായ ഒരു ഉദാഹരണം എന്നനിലയില്‍ കര്‍ണ്ണാടിക്ക് സംഗീതജ്ഞനായ മഹാരാജപുരം സന്താനത്തെ എടുക്കുക. കാര്‍മേഘം പോലെ കറുത്തവനാണ്. അതുകൊണ്ട് അയാള്‍ ദളിതനാണോ?
ആണ്‍കോയ്മാ വ്യവസ്ഥ ഏതാണ്ട് ആഗോള സ്വാഭാവമുള്ള ഒന്നാണ്. അതുകൊണ്ട് അതിനുള്ളില്‍ സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഏതാണ്ട് സാര്‍വത്രികമാണെന്ന് പറയാം. എന്നാല്‍ ജാതി വ്യവസ്ഥയ്ക്ക് സമാന്തരമായി അതും നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ സവര്‍ണ്ണ സ്ത്രീയും ദളിത് സ്ത്രീയും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തുല്യമല്ല. ലൈംഗിക, മത, ഭാഷാ ന്യുനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും ഉണ്ട്. പക്ഷെ അവയും കേവലമായ സാമാന്യവല്‍ക്കരണത്തിനു വഴങ്ങുന്നതല്ല.
ജാതിവ്യവസ്ഥ ഉല്‍പാദിപ്പിക്കുന്ന ശ്രേണീകൃത വിവേചനം നമ്മള്‍ മുമ്പ് പറഞ്ഞ ഒരു വിവേചനവുമായും സമീകരിക്കാവുന്ന ഒന്നല്ല. കാരണം ഇവിടെ അതിന്റെ ഇരകള്‍ പോലും പല തലങ്ങളില്‍ അതിന്റെ പ്രചാരകരായിതീരുന്നു. വിശ്വാസം, സ്വത്വബോധം, സുരക്ഷിതത്വ ബോധം തുടങ്ങിയ പല ഘടകങ്ങള്‍ ആപേക്ഷികമായി കുടിക്കുഴയുന്ന ഒരുസങ്കീര്‍ണ്ണ സ്ഥലമാണിത്. അത്തരം ഒരിടത്ത് നിരോധനം, പിരിച്ചു വിടല്‍ തുടങ്ങിയ നിയമത്തിന്റെ സാങ്കേതികതയില്‍ ഊന്നിയ പ്രയോഗങ്ങള്‍ വല്ല ഉപകാരവും ചെയ്യുമോ എന്നതാണ് പ്രശ്നം.
ഉദാഹരണമായി മഡസ്നാന്‍ എന്ന ആചാരത്തെ എടുക്കുക. ബ്രാഹ്മണന്‍ ഉണ്ട് ഉപേക്ഷിച്ച എച്ചിലിലയില്‍ ഉരുണ്ടാല്‍ രോഗശാന്തി കൈവരും എന്ന വിശ്വാസത്തെ ആധാരമാക്കി നിലനിന്നിരുന്ന ഒരാചാരമാണത്. എന്നാല്‍ നിയമം മൂലം അത് നിരോധിക്കാനുള്ള നീക്കങ്ങളെ നഖശിഖാന്തം എതിര്‍ത്തത് ബ്രാഹ്മണര്‍ പോലുമല്ല, ദളിത് സംഘടനകള്‍ ആയിരുന്നു.
ഇതിപ്പോള്‍ പറഞ്ഞത് ജാതിവിവേചനവും ജാതിയും ഒന്നായല്ല മനുഷ്യസമൂഹത്തില്‍ നിലനില്‍ക്കുന്നത് എന്ന് സൂചിപ്പിക്കാനായാണ്. ജാതി എന്നത് നിരവധി ആചാരങ്ങളും വിശ്വാസങ്ങളും ഒക്കെയായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു സ്വത്വം കൂടിയാണ്. അതു മനുഷ്യര്‍ അനുഭവിക്കുന്നിടത്തോളം അതൊരു ഭൗതീക യാഥാര്‍ഥ്യവുമാണ്. അതിനെ നിയമം കൊണ്ട് എങ്ങനെ നേരിടാനാവും? നിലവിലുള്ള ജനാധിപത്യ വ്യവസ്ഥയില്‍ അതു സാദ്ധ്യമാണെന്ന് തോന്നുന്നില്ല. കാരണം അങ്ങനെ ഒരു ആലോചന ഉണ്ടാകുന്ന മുറയ്ക്ക് അത് പ്രതിഷേധങ്ങളില്‍ തട്ടി ഉലയും. കടുമ്പിടുത്തം തുടര്‍ന്നാല്‍ പരമാവധി അടുത്ത തിരഞ്ഞെടുപ്പു വരെ അതോടെ കഴിഞ്ഞു.
തീവ്ര പുരോഗമന ആശയങ്ങള്‍ക്കൊത്ത് ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് നില്‍ക്കാന്‍ ആവാത്തത് ഇതുകൊണ്ടാണ്. കാല്‍പനിക വിപ്ലവ നിര്‍ദ്ദേശങ്ങളുടെ പരിമിതിയും ഇതുതന്നെ. ജാതീയമായ വിവേചനങ്ങള്‍ക്ക് ഭൗതീകപരിഹാരം എന്നനിലയില്‍ ഭൂപരിഷ്‌കരണം ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ ചര്‍ച്ചയ്ക്കുവച്ച ഒരു സര്‍ക്കാരാണ് വിമോചന സമരം വഴി, അത് ഇനിയിപ്പോള്‍ വിദേശഫണ്ട്, നെഹറുവിന്റെ വാത്സല്യത്തില്‍ മകള്‍ നടത്തിയ ഇമോഷണല്‍ ബ്ലാക്ക്മെയിലിംഗ് എന്നൊക്കെ പറഞ്ഞാലും ജനം തെരുവിലിറങ്ങി വിജയിപ്പിച്ച ഒരുസമരം കൂടിയെങ്കിലും ആയിരുന്നു. അവര്‍ക്കു വിവരമില്ല എന്ന് പറഞ്ഞ് തള്ളിയിട്ടും കാര്യമില്ല. കാരണം വിമോചന സമരത്തെ അനുകൂലിച്ചവരില്‍ നാം ഇന്നും ബഹുമാനിക്കുന്ന സാംസ്‌കാരിക പ്രമുഖരും എഴുത്തുകാരും വരെ ഉണ്ടായിരുന്നു. ഇനിയെന്ത്?
അപ്പോള്‍ പിന്നെ ബാക്കിയാവുന്ന ഒരു വഴി സര്‍വ്വാധിപത്യത്തിന്റെയാണ്. വിപ്ലവം വഴി അധികാരം പിടിച്ചെടുക്കുക. അങ്ങനെ ധനാത്മകമെന്ന് ഭരണകുടത്തിനു തോന്നുന്നത് പ്രതിപക്ഷവും പ്രക്ഷോഭവും സാദ്ധ്യമല്ലാത്ത ഒരന്തരീക്ഷത്തില്‍ നടപ്പിലാക്കുക. രണ്ടു മൂന്ന് പതിറ്റാണ്ട് കൊണ്ട് ജനം പഴയതു മറന്ന് പിന്നെ ഇതില്‍ തൊട്ടാല്‍ ആ കൈ ഞങ്ങള്‍ വെട്ടും എന്ന അവസ്ഥയില്‍ എത്തും എന്ന് പ്രതീക്ഷിക്കുക. പക്ഷെ ഇതില്‍ പരിഹാര സാദ്ധ്യതകള്‍ ഒന്നുമില്ലാത്ത ഒരു അപകടം കൂടിയുണ്ട്. സര്‍വ്വാധിപത്യം എന്ന് പറയുമ്പോള്‍ നമ്മള്‍ യഥാര്‍ത്ഥ “കമ്യുണിസ്റ്റുകള്‍” ഉദ്ദേശിക്കുന്നത്ു വ്യക്തിയുടെയോ, പട്ടാളത്തിന്റെയോ സര്‍വ്വാധിപത്യമല്ല എന്നതു വ്യക്തം. എന്നാല്‍ അപകടം ഒടുക്കം ഒരു വ്യക്തി പ്രത്യയശാസ്ത്രമായിത്തീരുക, അതിന്റെ വ്യാഖ്യാനത്തിന്റെ ഏക ആധികാരിക സ്രോതസ്സായിമാറുക എന്നതാണ്. അത് ഇനിയും നമുക്ക് താങ്ങാനാവുമോ?
ഇതു വഴിതെറ്റി പറഞ്ഞതല്ല. ജാതിവ്യവസ്ഥ ഒരുസാമൂഹ്യതിന്മയാണ്. അതിന്റെ ഉറവിടം ജാതിയാണ്. അതിനെ ആദ്യം നശിപ്പിക്കുക, എന്നിട്ട് അതിന്റെ കാഷ്വാലിറ്റി പരിഹരിക്കുക എന്നത് കേള്‍ക്കുമ്പോള്‍ ഭദ്രം എന്ന് തോന്നുന്ന ഒരു പരിഹാര മാര്‍ഗ്ഗമാണ്. എന്നാല്‍ നമ്മള്‍ മനസിലാക്കേണ്ടത് ജാതി വ്യവസ്ഥയ്ക്കും അതിന്റെ ഭാഗമായ ജാതീയ ഉച്ഛനീചത്വങ്ങള്‍ക്കും ഉണ്ടായിരുന്ന വ്യവസ്ഥ ബന്ധിയായ പരിരക്ഷ ഇല്ലാതായതോടെ ഇപ്പോള്‍ ജാതി വേണ്ടാതായത് സവര്‍ണ്ണര്‍ക്കാണ് എന്നകാര്യമാണ്.
അവര്‍ക്ക് ഇനി അതുകൊണ്ട് ഒരു പ്രത്യക്ഷ സ്ഥാപന പരിരക്ഷയും കിട്ടുന്നില്ല. അതുകൊണ്ട് ജാതി വേണ്ട. അതൊരു തിന്മയല്ല അപ്പോള്‍, അതു വിട്. ജാതി എന്നത് ഒരു ഐഡന്റിറ്റി അഥവാ സ്വത്വം കുടിയാണ്. അത് അന്യായമായ ഒന്നാകുന്നത് അതില്‍ നിന്ന് അന്യായമായ പ്രിവിലേജുകള്‍ അനുഭവിച്ച സമുദായങ്ങളുടെ ചരിത്ര പശ്ചാത്തലത്തില്‍ നിന്നാണ്. അപ്പോള്‍ ജാതി എല്ലാവരും ഉപേക്ഷിക്കുകയല്ല, അതില്‍ നിന്നും അന്യായമായ പ്രിവിലേജുകള്‍ അനുഭവിക്കുന്നവര്‍ അത് ഉപേക്ഷിക്കുകയാണ് വേണ്ടത്.
പെണ്ണുങ്ങള്‍ വിവേചനം പരിഹരിക്കാന്‍ അവരുടെ സ്ത്രീസ്വത്വം ഉപേക്ഷിച്ച് ആണായിമാറുകയല്ല വേണ്ടത്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ ഹൈട്രോ സെക്ഷ്വലായി മാറുകയോ, മതന്യൂനപക്ഷങ്ങള്‍ അവരുടെ മതം ഉപേക്ഷിച്ച് ഭൂരിപക്ഷ മതത്തില്‍ ചേക്കേറുകയോ, ഭാഷാ ന്യുനപക്ഷങ്ങള്‍ മാതൃഭാഷ ഉപേക്ഷിച്ച് ഒന്നാം ഭാഷയായ ഇംഗ്ലീഷ്, ത്രിഭാഷാ പദ്ധതി പ്രകാരമുള്ള മൂന്നാം ഭാഷയായ ഹിന്ദി സ്വീകരിക്കുകയോ അല്ല വേണ്ടത്. മറിച്ച് ബഹുസ്വരത നിലനിര്‍ത്തിക്കൊണ്ട് തന്നെ അന്യായമായ പ്രിവിലേജുകള്‍ അസാധുവാകുന്ന ഒരു സാംസ്‌കാരിക അന്തരീക്ഷം സാധ്യമാവുക എന്നതാണ്.
ജാതി തീര്‍ച്ചയായും ഒരു തിന്മയാണ്. എന്നാല്‍ അത് ഒന്നുകില്‍ നിലനിര്‍ത്തുക, അല്ലെങ്കില്‍ ഇല്ലാതാക്കുക എന്ന നിലയില്‍ രേഖീയമായ പരിഹാരം സാദ്ധ്യമായ ഒന്നല്ലതാനും. ജാതി ഒരു സാമൂഹ്യ, സാംസ്‌കാരിക തിന്മയായതോ, നിലനിന്നു പോരുന്നതോ ദളിതന് കഴിഞ്ഞ ഏതാനും പതിറ്റാണ്ടായി കിട്ടുന്ന സംവരണത്തിലൂടെയല്ല സവര്‍ണ്ണന്‍ സഹസ്രാബ്ദങ്ങളായി അനുഭവിച്ച് പോന്ന പ്രിവിലേജുകള്‍ വഴിയാണ്. അതുകൊണ്ട് അതിനെ, ജാതിയെ സവര്‍ണ്ണന്‍ ഉപേക്ഷിക്കൂ. ആവുമെങ്കില്‍ (എങ്ങനെയെന്ന് ഇത്പറയുമ്പോഴും അറിയില്ല) ഭരണകുടം സവര്‍ണ്ണ ജാതികള്‍ പിരിച്ചു വിടുകയോ നിരോധിക്കുകയോ ചെയ്യുക. അതിന് ശേഷം എന്‍.എസ.എസ് പോലുള്ള സംഘടനകള്‍ മുന്നോട്ടു വെയ്ക്കുന്ന തരത്തില്‍ ഒരു “ഇനിഎന്തിന്ജാതി” പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാം.
ഉപസംഹാരം
ജാതി സംവരണം എന്നത് ജാതീയമായ ഉച്ഛനീചത്വങ്ങളെ പരിഹരിക്കാന്‍ വേണ്ടിയുള്ള ഒരു പരിപാടിയല്ല. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെടുത്തി ഈ വിഷയം ചര്‍ച്ച ചെയ്യുന്നത് ഒരു വഴി തെറ്റല്‍ തന്നെയാണ്. ജാതി സംവരണം ചരിത്രത്തില്‍ വേരുള്ള ഒരു പ്രശ്നത്തിനു വര്‍ത്തമാനത്തില്‍ നിന്നും ഉണ്ടാകുന്ന ഒരു താല്‍കാലിക പരിഹാര നിര്‍ദ്ദേശമാണ്. ഇവിടെ തല്‍ക്കാലത്തിന്റെ പരിധി പ്രശ്ന പരിഹാരം വരേയ്ക്ക് മാത്രവും. അതില്‍ തന്ത്രമെന്ന നിലയിലായാലും അബദ്ധമെന്ന നിലയിലായാലും ചേര്‍ക്കപ്പെടുന്ന ഓരോ തുള്ളി വെള്ളവും പ്രശ്ന പരിഹാരത്തെ വൈകിപ്പിക്കുകയെ ഒള്ളു.
സംഘപരിവാര്‍തൊട്ട് എന്‍.എസ്.എസ് വരെയുള്ള സംഘടനകള്‍ ഇതു മനസ്സിലാക്കാത്തത് അവര്‍ക്ക് താല്പര്യമില്ലാത്തത് കൊണ്ടാണെന്ന് മനസിലാക്കാം. എന്നാല്‍ ഇടത്പക്ഷം? മാര്‍ക്സിന്റെ മൂലധനത്തില്‍ ഊന്നിയുള്ള ധനതത്വ ദര്‍ശനത്തെ സാര്‍വത്രികമാക്കാനാണ് ഈ പെടാപ്പാടെങ്കില്‍ അയാളുണ്ടാക്കിയ ആശയ പ്രപഞ്ചം ഇത്തരം ദുര്‍ബലമായ സംരക്ഷണം ആവശ്യപ്പെടുന്ന ഒന്നല്ല. പ്രവര്‍ത്തിക്കുന്ന സകല തലച്ചോറിനും ഉള്ള കാലികമായ പരിധി അതിനും ഉണ്ട്. എന്നു വെച്ച് അതിനെ പ്രതിരോധിക്കാന്‍ അനുയായികള്‍ കാലത്തിലൂടെ പിന്നോക്കം നടക്കേണ്ടതില്ല. നടക്കുന്നുവെങ്കില്‍ അതിന്കാരണം ചുരുങ്ങിയത് മാര്‍ക്സില്‍ കെട്ടിവയ്ക്കുകയെങ്കിലും അരുത്.
ഇനി ഇതൊന്നുമല്ല, സംഗതി അടവ് നയമാെണങ്കില്‍ ഒന്നേ പറയാനുള്ളൂ. പറ്റിയ അബദ്ധങ്ങള്‍ കുമ്പസരിക്കുന്നത് സത്യ സന്ധതയുടെ ലക്ഷണമാണ്. എന്നാല്‍ അത് ഒരു ശീലമാക്കുന്നത് അങ്ങനെയല്ലതാനും.
ഇതൊക്കെ പറയുമ്പോഴും ഇടത്പക്ഷമാണ് ഇന്ത്യയിലെ ഏറ്റവും വലിയ സവര്‍ണ്ണ ബ്രാഹ്മണിക് പക്ഷം, അവരാണ് ബി.ജെ.പി സംഘപരിവാറിന്റെ ഏ ടീം എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ കാണുമ്പോള്‍ ചിരിയാണു വരുന്നത്. രാജസ്ഥാനിലെ കര്‍ഷക തൊഴിലാളികള്‍ മുഴുവന്‍ സവര്‍ണ്ണരല്ലല്ലോ? മാദ്ധ്യമങ്ങള്‍ സൗകര്യപൂര്‍വ്വം തമസ്‌കരിച്ച ആ ഐതിഹാസിക സമരത്തിന് പിന്നില്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയുണ്ടായിരുന്നു.
അയല്‍ നാടായ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ജാതിമതില്‍ സി.പി.ഐ.എം നേതൃത്വത്തില്‍ പൊളിച്ചിട്ട് ഏതാനും കൊല്ലമായാതെ ഒള്ളു. കേരളത്തിലേക്കു വന്നാല്‍ ജാതീയ വിവേചനങ്ങള്‍ അതിന്റെ പ്രത്യക്ഷമാനം വിട്ട് പരോക്ഷമായി ചുരുങ്ങിയതിന്റെ കാരണം കോണ്ഗ്രസ് അല്ല എന്ന് മനസിലാക്കാന്‍ വിമോചന സമരകാലത്തെ മുദ്രാവാക്യങ്ങള്‍ മതി.
ഈ.എം.എസ്സിന്റെ മകന്‍ ഗൗരിയമ്മയെ ചോത്തി എന്നു വിളിച്ചു എന്നൊന്നും കഷ്ടപ്പെടണ്ട. ഇത്തെരുവില്‍ കേട്ട, ഒരാള്‍ ചൊല്ലി ഒരായിരം പേര്‍ ഏറ്റു വിളിച്ച മുദ്രാവാക്യങ്ങളാണ്. (അതോ അഞ്ചാറു പേരെ ഉണ്ടായിരുന്നുവോ? പണ്ടൊക്കെ കോണ്ഗ്രസ്സിന്റെ പടയോട്ടത്തിലും ആളുണ്ടാകാറുണ്ട് എന്നാണ് കേട്ടു കേള്‍വി).
അപ്പോള്‍പറയാനുള്ളത ഇത്രയേ ഒള്ളു. ചര്‍ച്ചകള്‍ വിഷയത്തിന്റെ, വാദങ്ങളുടെ മെറിറ്റില്‍ ഊന്നി നടക്കട്ടെ. അല്ലാതെ അത് ഏതെങ്കിലും അജണ്ടകളുടെ ഊന്നുവടിയായി, ചടങ്ങായിമാറാതിരിക്കട്ടെ.