| Monday, 7th March 2022, 5:55 pm

'സ്വകാര്യ ഭാഗത്തല്ലേ ടാറ്റൂ' എന്ന് പറഞ്ഞ് ബലാത്സംഗത്തെ ന്യായീകരിക്കുന്നവര്‍

വിശാഖ് ശങ്കര്‍

ടാറ്റൂ ആര്‍ട്ടിസ്റ്റ് ക്ലയന്റിനെ ബലാല്‍സംഗം ചെയ്തു എന്നാണ് ആരോപണം.

ഭാഗ്യത്തിന് ആര്‍ട്ടിസ്റ്റ് ആകുമ്പൊ എന്തും ചെയ്യാം എന്നതല്ല, ഇക്കുറി ഒരു ചെയ്ഞ്ചിന് സ്വകാര്യ ഭാഗത്ത് ടാറ്റൂ ചെയ്യാന്‍ വരുന്നവരെ വേണമെങ്കില്‍ നൈസായി ഒന്ന് ബലാത്സംഗം ഒക്കെ ചെയ്യാം എന്നാണ് ന്യായീകരണം..??

ഈ കവി, നോവലിസ്റ്റ്, ചിത്രകാരന്‍, പാട്ടുകാരന്‍ തുടങ്ങിയ ആര്‍ട്ടിസ്റ്റുകളുടെ വര്‍ക്ക് ഓഫ് ആര്‍ട്ടിനെ ആസ്വദിക്കാന്‍ ആ കലാകാരന്മാരുടെ വ്യക്തിപരമായ ഭൗതിക സാന്നിധ്യം നിര്‍ബന്ധമല്ല, മറ്റ് വഴികളും ഉണ്ട്. എന്നാല്‍ ‘ടാറ്റൂ ആര്‍ട്ടിസ്റ്റ്’മാരുടെ കലയെ അനുഭവിക്കാന്‍ അവരുടെയും നമ്മുടേയും ഫിസിക്കല്‍ സാന്നിധ്യം നിര്‍ബന്ധമാണ്.

എന്റെ നെഞ്ചില്‍ ഞാന്‍ പ്രണയിക്കുന്ന സ്ത്രീയുടെ പേര് ടാറ്റൂ ചെയ്യാന്‍ എനിക്ക് എന്റെ അപ്പനെ വിടാന്‍ പറ്റില്ലല്ലോ. അതുപോലെ ഞാന്‍ റെഡി, ആര്‍ട്ടിസ്റ്റ് റെഡിയല്ലെങ്കില്‍ പുള്ളിയുടെ ‘അമ്മക്ക് എടുത്ത് തരാവുന്ന കാര്യവുമല്ലല്ലോ അത്. ഇവിടെയാണ് ആര്‍ട്ടിസ്റ്റ് ഒരു പ്രൊഫഷണല്‍ ആണോ എന്ന ചോദ്യം ഉയരുന്നത്.

ഞാന്‍ ഒരു പോണ്‍ ആര്‍ട്ടിസ്റ്റ് ആയിരിക്കാം. ഞാന്‍ ചെയ്യുന്നത് നിയമവിധേയമായ ഒരു പരിപാടിയല്ലെങ്കില്‍ നിയമവ്യവസ്ഥയ്ക്ക് നടപടിയും എടുക്കാം. അത് അങ്ങനെയിരിക്കെ ടാറ്റൂ ചെയ്യാന്‍ വന്ന കുട്ടിയെ ബലാത്സംഗം ചെയ്തിട്ട് അത് ലെജിറ്റിമൈസ് ആണെന്ന് സ്ഥാപിക്കാന്‍ സ്വകാര്യ ഭാഗത്താണ് ടാറ്റൂ കുത്താന്‍ വന്നത്, വന്ന ആള്‍ പോണ്‍ ആര്‍ട്ടിസ്റ്റാണ്, സെക്ഷ്വല്‍ മാര്‍ക്കറ്റിങ്ങ് ആണ് ലക്ഷ്യം എന്നൊക്കെ പറയുന്നത് ഒരു വകയാണ്.

ബ്രോ, ഈസ്റ്റ് ഫോര്‍ട്ടില്‍ 12 മണിക്ക് വന്ന് നിന്നത് വ്യഭിചരിക്കാന്‍ തന്നെ. എന്നുവെച്ച് അത് നിങ്ങള്‍ക്ക് ആ സ്ത്രീയെ ബലാത്സംഗം ചെയ്യാനുള്ള ലൈസന്‍സ് ആവുന്നില്ല. നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അവര്‍ ആവശ്യപ്പെടുന്ന തുക നല്‍കി അവരുടെ ഉടലിനെ വാടകയ്ക്ക് എടുക്കാം. മറ്റ് ഏത് വസ്തുവും വാടകയ്ക്ക് എടുക്കുമ്പോള്‍ ചെയ്യുന്ന മാന്യതയെങ്കിലും പുലര്‍ത്തി ആവശ്യം കഴിഞ്ഞ് അത് തിരിച്ച് നല്‍കാം. അല്ല, അത്തരം ഒരു സ്ത്രീയുടെ സാന്നിധ്യം നിങ്ങളുടെ സാമൂഹ്യ, സാംസ്‌കാരിക, ധാര്‍മിക ബോധങ്ങളെ ഉലയ്ക്കുന്നുവെങ്കില്‍ നിയമനിര്‍വഹണ സംവിധാനങ്ങളുടെ സഹായം തേടാവുന്നതുമാണ്.

അതായത് പൊലീസിനെ അറിയിക്കാം. ഒരു സ്ത്രീ പൊതുസ്ഥലത്ത് നിന്നുകൊണ്ട് ലൈംഗിക വ്യവഹാരത്തിന് പരസ്യമായി ക്ഷണിക്കുന്നു എന്ന്. അത് നിയമപരമായി കുറ്റകരമാണ്. അതില്ലെങ്കില്‍ നിങ്ങള്‍ ഈ പറയുന്ന വ്യഭിചാരം പോലും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റകരമല്ല. അപ്പോഴാണ് മുകളില്‍ പറഞ്ഞ ടൈപ്പ് ന്യായികരണങ്ങള്‍!

ടോ, വ്യഭിചാരിണി ചെയ്യുന്നത് കുറ്റമാണോ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. അവളെ ബലാത്സംഗം ചെയ്യുന്നത് ശരിയാണ് എന്ന് രാജ്യത്തെ നിയമം അംഗീകരിക്കുന്നില്ല. ഞാന്‍ അറിഞ്ഞിടത്തോളം ലോകത്ത് നിലനില്‍ക്കുന്ന ഒരു പരിഷ്‌കൃത മതവും അംഗീകരിക്കുന്നില്ല. അപ്പൊ ഇതുപോലെ കിട്ടുന്ന ഗ്യാപ്പിലൊക്കെയും ഇതുപോലെയുള്ള കൃത്യങ്ങളെ പ്രത്യക്ഷവും പരോക്ഷവുമായി ന്യായീകരിക്കാന്‍ നടക്കുന്നവരുടെ മനോനിലയും വ്യക്തമാണ്.

ക്രിമിനല്‍ മനോനിലയുള്ള, അവസരം കിട്ടാത്തതുകൊണ്ട് മാത്രം ഇതുപോലെ ഒരു കുറ്റകൃത്യം ചെയ്യാത്ത, അതുകൊണ്ട് മാത്രം കുറ്റവാളികള്‍ അല്ലാതെ തുടരുന്നവരാണ് ഇവര്‍. പൊട്ടന്‍ഷ്യല്‍ കുറ്റവാളികളെ ശിക്ഷിക്കാന്‍ വകുപ്പ് ഇല്ലാത്തതുകൊണ്ട് മാത്രം സാങ്കേതികമായി കുറ്റവാളികള്‍ അല്ലാതെ തുടരുന്നവര്‍.

മറ്റേ ‘ടാറ്റൂ ആര്‍ട്ടിസ്റ്റിന്’ നിയമ നടപടികള്‍ നേരിടേണ്ടിവരും. ഇവര്‍ക്ക് ഇവരുടെ മനോനില അനുകൂല സാഹചര്യങ്ങളുടെ സഹായത്തില്‍ ഒരു കൃത്യത്തിലേക്ക് വികസിക്കുന്നത് വരെ സ്വതന്ത്രരായി, മാന്യനായി നടക്കാം എന്ന് മാത്രം.

ഇവരില്‍ ആരാണ് വലിയ കുറ്റവാളി എന്ന് ചോദിച്ചാല്‍…

(ഈ പോസ്റ്റ്, പ്രസ്തുത മി ടൂ ആരോപണം വസ്തുതയാണോ അല്ലയോ എന്നതിനെ കുറിച്ചുള്ള ഒരു തീര്‍പ്പ് അല്ല. കാരണം അതില്‍ ഒരു പ്രാഥമിക അന്വേഷണം പോലും ഇല്ലാതെ അഭിപ്രായം പറയാന്‍ ഞാന്‍ ‘എല്ലാം കാണുന്നവന്‍, അറിയുന്നവന്‍’ അല്ല.

കൊച്ചിയില്‍ നടന്നത് കണ്‍സെന്‍ഷ്വല്‍ സെക്‌സ് അല്ല എന്നത് മുഖവിലയ്ക്ക് എടുത്തുകൊണ്ട് ആണ് ഇതെഴുതുന്നത്. അത് അങ്ങനെ അല്ലെങ്കില്‍ തന്നെ ഇതുപോലൊരുത്തിയെ ബലാത്സംഗം ചെയ്താല്‍ എന്താ തെറ്റ്, എന്ന നിലയില്‍ ഇരയ്ക്ക് എതിരെ വന്ന നിരവധിയായ സോഷ്യല്‍ മീഡിയ പ്രതികരണങ്ങളോട്, അവയുടെ അസംഖ്യം ലൈക്കുകളോട് പ്രതികരിക്കുകയാണ് പോസ്റ്റിന്റെ ഉദ്ദേശം)


Content Highlight: Vishak Sankar about the Kochi Inkfected tattoo center rape case and the cyber-attack-against-the-women

വിശാഖ് ശങ്കര്‍

We use cookies to give you the best possible experience. Learn more