|

നിന്റേത് എന്ത് വൃത്തികെട്ട അഭിനയമാണെന്ന് ചോദിച്ച് അന്നവള്‍ എന്നെ കീറിയൊട്ടിച്ചു: വിശാഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2016ല്‍ നവാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്ത ആനന്ദത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് വിശാഖ് നായര്‍. ആ സിനിമയിലെ കുപ്പി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയായിരുന്നു സ്വീകരിച്ചത്.

മലയാളത്തില്‍ നിരവധി സിനിമകളുടെ ഭാഗമായ വിശാഖ് ബോളിവുഡ് സിനിമകളിലും അഭിനയിച്ചിരുന്നു. സര്‍വേഷ് മേവാര രചനയും സംവിധാനവും നിര്‍വഹിച്ച് റോണി സ്‌ക്രൂവാല നിര്‍മിച്ച തേജസ് (2023) എന്ന സിനിമയിലും വിശാഖ് ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ കങ്കണ റണാവത്താണ് നായികയായി എത്തിയത്. ഇപ്പോള്‍ ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തേജസ് എന്ന സിനിമ കണ്ട് തന്റെ പങ്കാളി തന്നെ വിമര്‍ശിച്ചതിനെ കുറിച്ച് പറയുകയാണ് വിശാഖ് നായര്‍.

‘എന്റെ ഏറ്റവും വലിയ ക്രിട്ടിക്കും ഏറ്റവും വലിയ ഫാനും എന്റെ ഭാര്യയാണ്. അതില്‍ ഒരു സംശയവുമില്ല. അവള്‍ എന്റെ സ്റ്റൈലിസ്റ്റാണ്, എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. എന്റെ ലവറാണ്, എന്റെ ഭാര്യയുമാണ്. ഒപ്പം എന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്ന ആളുമാണ്.

ചില പടങ്ങള്‍ കണ്ടിട്ട് അവള്‍ എന്നെ കീറി ഒട്ടിച്ചിട്ടുണ്ട്. ഈയിടെ തേജസ് എന്ന ഒരു സിനിമ ചെയ്തിരുന്നു. ആ സിനിമ കണ്ടപ്പോള്‍ അവള്‍ എന്നെ കീറി ഒട്ടിച്ചു. ‘ഒന്നിനും കൊള്ളാത്ത മേക്കപ്പായിരുന്നു. നീ എന്ത് വൃത്തികെട്ട അഭിനയമാണ് ചെയ്തത്. അതിലെ മേക്കപ്പൊക്കെ വളരെ മോശമായിരുന്നു’ എന്നൊക്ക പറഞ്ഞു. അവള്‍ ശരിക്കും വലിയ രീതിയില്‍ ജഡ്ജ് ചെയ്യും.

പിന്നെ ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. ഡബ്ബിങ് സ്റ്റുഡിയോയില്‍ പോകുമ്പോള്‍ എന്തെങ്കിലുമൊക്കെ കൊണ്ടുവരണമെന്ന് അവള്‍ പറയും. അതുകൊണ്ട് ഏതെങ്കിലും ഒരു സീനൊക്കെ ഞാന്‍ വെറുതെ ആരും അറിയാതെ റെക്കോഡ് ചെയ്യും. എന്നിട്ട് വീട്ടില്‍ പോയിട്ട് അവളെ കാണിക്കും.

അത്രയും വിശ്വസിക്കാന്‍ പറ്റുന്നത് കൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്യുന്നത്. അവള്‍ വളരെ ക്രിയേറ്റീവായ ഒരു ആര്‍ട്ടിസ്റ്റിക്ക് ഐ ഉണ്ട്. സിനിമയെ അവള്‍ നല്ല രസമായിട്ടാണ് കാണുന്നത്. വളരെ ഷാര്‍പ്പുമാണ്,’ വിശാഖ് നായര്‍ പറഞ്ഞു.

Content Highlight: Vishak Nair Talks About Tejas Movie