ജിത്തു അഷ്‌റഫ് സംവിധാനം ചെയ്ത് മാര്‍ട്ടിന്‍ പ്രക്കാട്ട് നിര്‍മിച്ച ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. നായാട്ട്, ജോസഫ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഷാഹി കബീര്‍ രചന നിര്‍വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
പ്രിയാമണിയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച സിനിമയില്‍ നടന്‍ വിശാഖ് നായരും ഒരു പ്രധാനവേഷത്തില്‍ എത്തിയിട്ടുണ്ട്. ഇപ്പോള്‍ മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ഷൂട്ടിങ്ങിനിടയിലെ അനുഭവം പങ്കുവെക്കുകയാണ് വിശാഖ്.
സിനിമയില്‍ താന്‍ പ്രിയാമണിയെ കുത്തുന്ന സീനില്‍ അറിയാതെ കത്തി കൊണ്ട് അവരുടെ ശരീരത്തില്‍ കുത്തിയെന്നും കട്ട് പറഞ്ഞപ്പോള്‍ നടി ‘എടാ ഭ്രാന്താ’യെന്ന് വിളിച്ചുവെന്നുമാണ് വിശാഖ് പറയുന്നത്. എന്നാല്‍ പ്രിയാമണി അത് അഭിനയത്തിന്റെ സ്പിരിറ്റില്‍ തന്നെയെടുത്തുവെന്നും വിശാഖ് നായര്‍ കൂട്ടിച്ചേര്‍ത്തു.
‘സിനിമയില്‍ പ്രിയാമണി മാമിനെ കുത്തുന്ന ഒരു സീനുണ്ട്. ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ മാം വയറിന്റെ മേലെ പാഡ് വെച്ചിരുന്നു. കുത്താന്‍ ഉപയോഗിച്ച കത്തിയുടെ ഒരു എഡ്ജ് നമ്മള്‍ കട്ട് ചെയ്തിട്ടാണ് യൂസ് ചെയ്തത്. ആ കത്തി ഉപയോഗിച്ചിട്ട് ഞാന്‍ പാഡിലേക്കാണ് കുത്തേണ്ടത്.
പക്ഷെ സീന്‍ ചെയ്യുമ്പോള്‍ ഞാന്‍ അറിയാതെ വേഗതയില്‍ വന്ന് പാഡും മിസ് ചെയ്ത് മാമിന്റെ വാരിയെല്ലിനിട്ട് കുത്തി. മാം അതോടെ കാറാന്‍ തുടങ്ങി. ഞാന്‍ കരുതിയത് അവര് ആ ക്യാരക്ടറായതാകും എന്നായിരുന്നു.
ഞാന്‍ ആ കത്തി വെച്ച് തിരിക്കുകയൊക്കെ ചെയ്തു. പിന്നെ കട്ട് വിളിച്ചതും മാം ‘എടാ ഭ്രാന്താ’ എന്നു വിളിച്ചു. അവര്‍ പിന്നെ അതൊരു തമാശയായിട്ടാണ് എടുത്തത്. അഭിനയത്തിന്റെ സ്പിരിറ്റില്‍ തന്നെയെടുത്തു.
പക്ഷെ അത് മാമിനെ വേദനിപ്പിച്ചിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ചാക്കോച്ചന്റെ കൂടെ അഭിനയിക്കുമ്പോഴും അങ്ങനെ തന്നെയായിരുന്നു. ഞാന്‍ ചാക്കോച്ചനിട്ട് കൊടുത്തിട്ടുണ്ട്. അദ്ദേഹം എനിക്കിട്ടും തന്നിട്ടുണ്ട്,’ വിശാഖ് നായര്‍ പറഞ്ഞു.
Content Highlight: Vishak Nair Talks About Priyamani And Officer On Duty Movie