ജിത്തു അഷ്റഫ് സംവിധാനം ചെയ്ത് മാര്‍ട്ടിന്‍ പ്രക്കാട്ട് നിര്‍മിച്ച ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. നായാട്ട്, ജോസഫ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഷാഹി കബീര്‍ രചന നിര്‍വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രിയാമണിയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച സിനിമയില്‍ നടന്‍ വിശാഖ് നായരും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
ഇപ്പോള്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്റെ ചോക്ലേറ്റ് ബോയ്‌യില്‍ നിന്നുള്ള മാറ്റത്തെ കുറിച്ച് പറയുകയാണ് വിശാഖ് നായര്‍. തനിക്ക് ചിലപ്പോള്‍ ഇനി ആനന്ദം സിനിമയിലെ കുപ്പിയുടെ കഥാപാത്രം പോലെയൊന്ന് ചെയ്യില്ലെന്ന് പറയാന്‍ എളുപ്പമാകുമെന്നും എന്നാല്‍ സൂപ്പര്‍സ്റ്റാറായ കുഞ്ചാക്കോ ബോബന് അതത്ര എളുപ്പമാകില്ലെന്നും നടന്‍ പറയുന്നു.
‘ഒരു നടന്‍ എന്ന രീതിയില്‍ ചാക്കോച്ചന്‍ ഇപ്പോള്‍ സ്വയം കൊണ്ടുവന്ന മാറ്റം, തീര്‍ച്ചയായും അദ്ദേഹമെടുത്ത ശക്തമായ തീരുമാനം തന്നെയാകും. ചോക്ലേറ്റ് ബോയ് എന്ന ഇമേജില്‍ നിന്ന് പുറത്ത് കടക്കണം എന്നത് വലിയ തീരുമാനം തന്നെയാണ്.
ഒരിക്കലും കാലാകാലം ആ ചോക്ലേറ്റ് ബോയ് ഇമേജില്‍ തന്നെ നില്‍ക്കാന്‍ പറ്റില്ല. അതുകൊണ്ട് തന്നെയാകും സ്വയം മാറ്റം കൊണ്ടുവരാന്‍ ചാക്കോച്ചന്‍ തീരുമാനിക്കുന്നത്. അങ്ങനെ മാറാന്‍ അദ്ദേഹത്തിന് എവിടെയൊക്കെയോ ആഗ്രഹമുണ്ടായിരിക്കണം.
ചാക്കോച്ചന്‍ ഈയിടെ ചെയ്ത ന്നാ താന്‍ കേസ് കൊട്, ബോഗെയ്ന്‍വില്ല, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ സിനിമകളൊക്കെ വളരെ വ്യത്യസ്തമായ സിനിമ തന്നെയായിരുന്നു. ചാക്കോച്ചന്‍ വളരെ നന്നായി തന്നെ അത് ചെയ്യുന്നുണ്ട്. എനിക്ക് ചിലപ്പോള്‍ ഇനി ഞാന്‍ ആനന്ദം സിനിമയിലെ കുപ്പിയെന്ന കഥാപാത്രം പോലെയൊന്ന് ചെയ്യില്ലെന്ന് പറയാന്‍ എളുപ്പമാണ്.
പക്ഷെ കുഞ്ചാക്കോ ബോബന്‍ ഒരു സൂപ്പര്‍സ്റ്റാറാണ്. അദ്ദേഹത്തിന്റെ ‘ഇനി ഞാന്‍ എന്റെ ഇമേജ് മാറ്റാന്‍ പോകുകയാണ്. ഇനി ഞാന്‍ ആളുകളെ സര്‍പ്രൈസ് ചെയ്യാന്‍ പോകുകയാണ്’ എന്ന് പറഞ്ഞ് തീരുമാനമെടുക്കാന്‍ എളുപ്പമല്ല. അതിന് ഒരുപാട് ധൈര്യം വേണം. ഒരുപാട് കോണ്‍ഫിഡന്‍സും വേണം,’ വിശാഖ് നായര്‍ പറഞ്ഞു.
Content Highlight: Vishak Nair Talks About Kunchacko Boban