മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് വിശാഖ് നായര്‍. 2016ല്‍ നവാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്ത ആനന്ദത്തിലൂടെയാണ് വിശാഖ് തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.
പിന്നീട് മലയാളത്തില്‍ നിരവധി സിനിമകളുടെ ഭാഗമായ വിശാഖ് ബോളിവുഡ് സിനിമകളിലും അഭിനയിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റര്‍ മിതാലി രാജിന്റെ സബാഷ് മിഥു (2022) എന്ന ബയോപ്പിക്കിലൂടെയാണ് വിശാഖ് ബോളിവുഡ് സിനിമകളിലേക്ക് എത്തുന്നത്. കങ്കണ റണാവത്ത് സംവിധാനം ചെയ്ത എമര്‍ജന്‍സി എന്ന സിനിമയില്‍ സഞ്ജയ് ഗാന്ധിയായി വേഷമിട്ടതും വിശാഖായിരുന്നു.
ഇപ്പോള്‍ കങ്കണയെ കുറിച്ച് പറയുകയാണ് വിശാഖ് നായര്‍. കങ്കണ അടിപൊളിയാണെന്നും അവര്‍ക്ക് അഭിനേതാക്കളെ നന്നായി സംവിധാനം ചെയ്യാനുള്ള കഴിവുണ്ടെന്നുമാണ് വിശാഖ് പറയുന്നത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘കങ്കണ അടിപൊളിയാണ്. ആ സിനിമയില്‍ ഷൂട്ട് ചെയ്ത ആദ്യ സീന്‍ ഏതാണെന്ന് എനിക്ക് ഇപ്പോള്‍ ഓര്‍മ വരുന്നില്ല. പക്ഷെ ഒരു കാര്യം പറയാം, അവര്‍ക്ക് ആക്ടേഴ്‌സിനെ ഡയറക്ട് ചെയ്യാന്‍ നല്ല കഴിവാണ്. ഞാനും മറ്റൊരാളുമുള്ള സീന്‍ ചെയ്യുകയാണെങ്കില്‍ കങ്കണ രണ്ടുപേരെയും ഡയറക്ട് ചെയ്യുന്ന രീതി രണ്ടാകും.
ഒരു മനുഷ്യന്‍ എന്ന രീതിയില്‍ അവര്‍ നമ്മളെ മനസിലാക്കും. കൂടെ ഒരു ആക്ടര്‍ എന്ന നിലയിലും നമ്മളെ മനസിലാക്കും. ഒരു സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ അതില്‍ രണ്ടുപേര്‍ ഉണ്ടെങ്കില്‍ രണ്ടാള്‍ക്കും തരുന്ന ഇന്‍സ്ട്രക്ഷന്‍സില്‍ മാറ്റമുണ്ടാകും. ഒരേ ഫ്രെയിമാണെങ്കില്‍ പോലും ആ മാറ്റം കാണാനാകും.
എമര്‍ജന്‍സിയുടെ ഷൂട്ടില്‍ ഒരു സീന്‍ ഇന്നും എനിക്ക് ഓര്‍മയുണ്ട്. അതില്‍ ഞാനും സതീഷ് കൗശിക്ക്ജിയും ഉണ്ടായിരുന്നു. അദ്ദേഹം ഇന്ന് ജീവനോടെയില്ല. ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ എന്നോടുള്ള ഇന്‍സ്ട്രക്ഷന്‍സ് അവിടെ നിന്നിട്ട് ‘വിശാഖ് ഇങ്ങനെ ചെയ്യൂ’വെന്നാണ് പറയുക. എന്നാല്‍ സതീഷ് കൗശിക്ക്ജിയാണെങ്കില്‍ അടുത്ത് ചെന്ന് ഇരുന്ന് പതിയെ മാത്രമാണ് പറയുക.
പ്രായ വ്യത്യാസം കാരണം മാത്രമല്ല, അല്ലാതെ തന്നെ ഓരോരുത്തര്‍ക്കും നല്‍കുന്ന ഇന്‍സ്ട്രക്ഷന്‍സില്‍ ആ മാറ്റം കാണാം. എന്നോട് പറയുമ്പോള്‍ ഞാന്‍ ആക്ടര്‍ എന്ന രീതിയില്‍ ഞാന്‍ എന്താണെന്നും എങ്ങനെയാണെന്നും കങ്കണക്ക് അറിയാം,’ വിശാഖ് നായര്‍ പറഞ്ഞു.
Content Highlight: Vishak Nair Talks About Kangana Ranaut