Entertainment
കഥാപാത്രത്തിന് വേണ്ടി പച്ച മാംസം കഴിച്ചു; അന്ന് കൈ നീല നിറമായി: വിശാഖ് നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 01, 10:07 am
Saturday, 1st March 2025, 3:37 pm

2016ല്‍ നവാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്ത ആനന്ദത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് വിശാഖ് നായര്‍. ആ സിനിമയിലെ കുപ്പി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയായിരുന്നു സ്വീകരിച്ചത്.

മലയാളത്തില്‍ നിരവധി സിനിമകളുടെ ഭാഗമായ വിശാഖ് ബോളിവുഡ് സിനിമകളിലും അഭിനയിച്ചിരുന്നു. 2024ല്‍ അനീഷ് ജനാര്‍ദ്ദന്റെ രചനയില്‍ ഷഹീന്‍ സംവിധാനം ചെയ്ത എക്‌സിറ്റ് എന്ന സിനിമയില്‍ നടന്‍ അഭിനയിച്ചിരുന്നു. ഒരു ഹൊറര്‍ ത്രില്ലര്‍ ഴോണറില്‍ എത്തിയ ചിത്രമായിരുന്നു അത്.

ഇപ്പോള്‍ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ എക്‌സിറ്റ് സിനിമയെ കുറിച്ച് സംസാരിക്കുകയാണ് വിശാഖ് നായര്‍. മനുഷ്യനെ തിന്നുന്ന സീന്‍ ചെയ്യുമ്പോള്‍ താന്‍ പച്ച മാംസമാണ് കഴിച്ചതെന്നാണ് നടന്‍ പറയുന്നത്.

‘ആ സിനിമക്ക് വേണ്ടി ഏകദ്ദേശം രണ്ട് മാസത്തിന്റെ അടുത്ത് ട്രെയ്‌നിങ് ഉണ്ടായിരുന്നു. ഇന്‍ഹിബിഷന്‍സ് മാറ്റുക എന്ന ഒരു കാര്യം ആ കഥാപാത്രത്തിനായിട്ട് ചെയ്യാനുണ്ടായിരുന്നു. എനിക്ക് നന്നായിട്ട് നഖം വളര്‍ത്തണമായിരുന്നു. എന്നും ചെളിയിലും മണ്ണിലുമൊക്കെ തന്നെയായിരുന്നു.

ശരീരത്തില്‍ മുറിവുകള്‍ എല്ലായിടത്തും ഉണ്ടായിരുന്നു. ഷൂട്ടിന്റെ സമയത്ത് എന്നും കിടക്കുന്നതിന് മുമ്പ് നമ്മള്‍ കുഴമ്പും തേച്ചിട്ടാണ് കിടക്കുക. അത്രയും പെയിന്‍ ഫുള്ളായിരുന്നു. കൈ തണ്ടയിലെ എല്ലൊക്കെ പൊന്തി തുടങ്ങിയിരുന്നു. നീല നിറമായിരുന്നു. പ്രഷര്‍ മൊത്തം കയ്യില്‍ കൊടുക്കുന്നത് കൊണ്ടായിരുന്നു അങ്ങനെ സംഭവിച്ചത്.

ഫിസിക്കലി വളരെ ഇന്റന്‍സീവായ ഒരു ഷൂട്ട് തന്നെയായിരുന്നു അത്. അതിന്റെ ഇടയില്‍ റിയല്‍ മീറ്റ് കഴിക്കാന്‍ പറ്റി. മനുഷ്യനെ തിന്നുന്ന സീന്‍ ചെയ്യുമ്പോള്‍ പച്ച മാംസമാണ് കഴിച്ചത്. ആ പടത്തിലൂടെ അങ്ങനെയുള്ള കുറച്ച് വട്ടൊക്കെ ചെയ്യാന്‍ പറ്റി. അതുകൊണ്ട് ആ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ വളരെ എക്‌സൈറ്റഡായിരുന്നു,’ വിശാഖ് നായര്‍ പറഞ്ഞു.

Content Highlight: Vishak Nair Talks About Exit Movie