Entertainment
ഗ്ലൂക്കോസ് പൊടിയാണ് ആ സിനിമയില്‍ മൂക്കിലേക്ക് വലിച്ചുകയറ്റിയത്, നല്ലവണ്ണം അത് അഫക്ട് ചെയ്തു: വിശാഖ് നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 03, 09:35 am
Monday, 3rd March 2025, 3:05 pm

ഗണേശ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് വിശാഖ് നായര്‍. ആനന്ദത്തിലെ കുപ്പി എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വിശാഖിന് സാധിച്ചു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലും വിശാഖ് ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

ലഹിരക്കടിമപ്പെട്ട് ജീവിക്കുന്ന ക്രിസ്റ്റോ സാവി എന്ന കഥാപാത്രമായാണ് വിശാഖ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതുവരെ കാണാത്ത തരത്തില്‍ നോട്ടത്തിലും നടത്തത്തിലും ഒരു ജങ്കീയായി ജീവിക്കുകയായിരുന്നു വിശാഖ് ചിത്രത്തില്‍. ചിത്രത്തില്‍ മയക്കുമരുന്നായി കാണിച്ചത് ഗ്ലുക്കോസ് പൊടിയായിരുന്നെന്ന് പറയുകയാണ് വിശാഖ് നായര്‍.

സാധരണയായി എല്ലാ സിനിമയിലും അത്തരം രംഗങ്ങളില്‍ വൈറ്റമിന്‍ ബി ടാബ്ലെറ്റാണെന്ന് വിശാഖ് പറഞ്ഞു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിന്റെ സമയത്ത് വൈറ്റമിന്‍ ബി ടാബ്ലെറ്റ് കിട്ടാതായെന്നും ഒടുവില്‍ ഗ്ലൂക്കോസ് പൊടി വെച്ച് അഡ്ജസ്റ്റ് ചെയ്‌തെന്നും വിശാഖ് കൂട്ടിച്ചേര്‍ത്തു. വളരെ നൈസായിട്ടുള്ള പൊടിയായിരുന്നു അതെന്നും മൂക്കിലേക്ക് വലിച്ചുകയറ്റുന്നത് ഗ്രാഫിക്‌സില്ലാതെ ഷൂട്ട് ചെയ്തതാണെന്നും വിശാഖ് പറയുന്നു. മൂക്കിന്റെ ഉള്ളില്‍ ആ പൊടി തടഞ്ഞിരിക്കുമെന്നും അത് പിന്നീട് വല്ലാതെ ഇറിറ്റേഷനാകുമെന്നും വിശാഖ് കൂട്ടിച്ചേര്‍ത്തു.

ഷൂട്ട് കഴിഞ്ഞ് മൂക്ക് ക്ലീന്‍ ചെയ്തതിന് ശേഷമേ ആശ്വാസം കിട്ടുമായിരുന്നുള്ളൂവെന്നും വിശാഖ് നായര്‍ പറഞ്ഞു. തങ്ങളുടെ കൂട്ടത്തിലെ ഐശ്വര്യ ജീവിതത്തില്‍ ഒരു സിഗരറ്റ് പോലും വലിക്കാത്തയാളായിരുന്നെന്നും അത്തരം സീനുകള്‍ ചെയ്ത സമയത്ത് അവര്‍ ചുമച്ച് വയ്യാതാകുമെന്നും വിശാഖ് കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു വിശാഖ് നായര്‍.

‘സിനിമയില്‍ ഡ്രഗ്‌സ് ആയി കാണിക്കാറുള്ളത് വൈറ്റമിന്‍ ബി ടാബ്ലെറ്റ് പൊടിച്ചതാണ്. കണ്ടാല്‍ കറക്ട് ഡ്രഗാണെന്നേ തോന്നുള്ളൂ. പക്ഷേ, ഈ പടത്തിന്റെ ഷൂട്ട് നടക്കുമ്പോള്‍ ആ ഗുളിക കിട്ടാത്ത അവസ്ഥ വന്നു. പിന്നീട് ഗ്ലൂക്കോസ് പൊടി വെച്ചാണ് അഡ്ജസ്റ്റ് ചെയ്തത്. ഗ്ലൂക്കോസ് പൊടി കുറച്ചുകൂടി നൈസാണ്. ആ സീനിലെല്ലാം വലിച്ചുകേറ്റിയത് ഗ്ലൂക്കോസ് പൊടിയായിരുന്നു. അതൊന്നും ഗ്രാഫിക്‌സ് ചെയ്ത് മാറ്റാന്‍ പറ്റില്ലല്ലോ.

അതാണെങ്കില്‍ മൂക്കിന്റെയുള്ളില്‍ തടഞ്ഞുനില്‍ക്കും. കുറച്ച് കഴിയുമ്പോഴേക്ക് നമുക്ക് ഭയങ്കര ഇറിറ്റേഷന്‍ തോന്നും. ഷൂട്ടൊക്കെ കഴിഞ്ഞ് നേരെ പോയി ക്ലീന്‍ ചെയ്യുമ്പോള്‍ മാത്രമാണ് ആശ്വാസം കിട്ടുന്നത്. ഞങ്ങളുടെ കൂട്ടത്തിലെ ഐശ്വര്യ ലൈഫില്‍ ഒരു സിഗരറ്റ് പോലും വലിച്ചിട്ടില്ല. അവളൊക്കെ സ്‌മോക്കിങ് സീനില്‍ ഓരോ പഫെടുത്തിട്ടും ചുമച്ച് ഒരു പരുവമാകുമായിരുന്നു,’ വിശാഖ് നായര്‍ പറഞ്ഞു.

Content Highlight: Vishak Nair shares the shooting experience of Officer on Duty movie