Entertainment
എന്റെ പേരിലെ നായര്‍ എടുത്തുമാറ്റിയിട്ട് ഞാന്‍ വലിയ ജാതിവാദിയെപ്പോലെ പെരുമാറിയാല്‍ അതില്‍ കാര്യമില്ലല്ലോ: വിശാഖ് നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 02, 03:28 pm
Sunday, 2nd March 2025, 8:58 pm

ഗണേശ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് വിശാഖ് നായര്‍. ആനന്ദത്തിലെ കുപ്പി എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വിശാഖിന് സാധിച്ചു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലും വിശാഖ് ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

തന്റെ പേരിനോടൊപ്പമുള്ള നായര്‍ എന്ന ജാതിപ്പേരിനെക്കുറിച്ച് സംസാരിക്കുകയാണ് വിശാഖ് നായര്‍. തന്റെ പേരിലെ നായര്‍ എന്ന ഭാഗം എടുത്തുമാറ്റിയതിന് ശേഷം താന്‍ ഒരു ജാതിവാദിയെപ്പോലെ പെരുമാറിയാല്‍ അതുകൊണ്ട് എന്താണ് കാര്യമെന്ന് വിശാഖ് നായര്‍ ചോദിക്കുന്നു. ഒരാളുടെ പെരുമാറ്റത്തിലും പ്രവൃത്തിയിലൂടെയുമാണ് ഇത്തരം കാര്യങ്ങള്‍ പ്രതിഫലിക്കേണ്ടതെന്ന് വിശാഖ് പറഞ്ഞു.

ജാതിപ്പേര് മാറ്റിയിട്ട് അവിടെ തന്റെ തറവാട്ടുപേര് ചേര്‍ത്താല്‍ അത് മനസിലാക്കാതിരിക്കാന്‍ പ്രേക്ഷകര്‍ മണ്ടന്മാരല്ലെന്നും വിശാഖ് കൂട്ടിച്ചേര്‍ത്തു. ജാതിക്ക് മോശം സൈഡുള്ളതുപോലെ മറ്റൊരു വശമുണ്ടെന്നും വിശാഖ് പറയുന്നു. ജാതിപ്പേര് എന്നത് പൂര്‍വികരിലൂടെ കിട്ടിയ ഒന്നാണെന്നും അത് തന്റെ പാരമ്പര്യമാണെന്നും വിശാഖ് കൂട്ടിച്ചേര്‍ത്തു. അതിനെ ഒഴിവാക്കുന്നതിലൂടെ അത്തരം കാര്യങ്ങളില്‍ നിന്നുള്ള ഒരുതരം ഒളിച്ചോട്ടമാണെന്നും വിശാഖ് പറഞ്ഞു.

എന്നാല്‍ പണ്ടുകാലത്ത് ഉണ്ടായിരുന്നവര്‍ ഒരുപാട് മോശം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും കേരളം ഒരു ഭ്രാന്താലയമാണെന്ന് വിവേകാനന്ദന്‍ പറയുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നെന്നും വിശാഖ് കൂട്ടിച്ചേര്‍ത്തു. ലോകത്ത് ഏറ്റവും മോശം ജാതിവ്യവസ്ഥ ഉണ്ടായിരുന്ന സ്ഥലമായിരുന്നു കേരളമെന്നും എന്നാല്‍ അതിന്റെ നല്ലതും മോശവും ഇപ്പോഴും വേര്‍തിരിക്കാന്‍ കഴിയില്ലെന്നും വിശാഖ് പറയുന്നു.

തനിക്ക് തന്റെ പാരമ്പര്യം പൂര്‍ണമായും തള്ളിക്കളയാനാകില്ലെന്നും അങ്ങനെ ചെയ്യുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും വിശാഖ് കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു വിശാഖ് നായര്‍.

‘ഞാന്‍ ഇപ്പോള്‍ എന്റെ പേരിന്റെ കൂടെയുള്ള നായര്‍ എന്ന ഭാഗം മാറ്റിയെന്ന് വിചാരിക്കുക. എന്നിട്ട് ഞാന്‍ ഈ ലോകത്തെ ഏറ്റവും വലിയ കാസ്റ്റിസ്റ്റായി പെരുമാറിയാല്‍ അതുകൊണ്ട് വല്ല പ്രയോജനവുമുണ്ടോ. ജാതിപ്പേര് മാറ്റി തറവാടിന്റെ പേര് വെച്ചാല്‍ അത് മനസിലാക്കാതിരിക്കാന്‍ പ്രേക്ഷകര്‍ മണ്ടന്മാരൊന്നുമല്ലല്ലോ. ഒരാളുടെ പെരുമാറ്റവും പ്രവൃത്തിയുമാണ് അയാള്‍ എത്തരക്കാരനാണെന്ന് തെളിയിക്കുന്നത്.

ഇതിനെല്ലാം മോശം സൈഡുള്ളതുപോലെ നല്ല സൈഡും ഉണ്ട്. എനിക്ക് ഈ നായര്‍ എന്ന പേര് കിട്ടിയത് എന്റെ പൂര്‍വികരില്‍ നിന്നാണ്. അത് എന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ്. നമുക്കറിയാം, പണ്ടുകാലത്ത് ഇവിടെ ജാതിയുടെ പേരില്‍ ഒരുപാട് മോശം കാര്യങ്ങള്‍ നടന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മോശം ജാതിവ്യവസ്ഥ ഉണ്ടായിരുന്നത് കേരളത്തിലായിരുന്നു.

 

കേരളം ഒരു ഭ്രാന്താലായമാണെന്ന് വിവേകാനന്ദന്‍ വരെ പറഞ്ഞു. എന്നിരുന്നാലും അതിലെ നല്ലതും മോശവുമായിട്ടുള്ള കാര്യങ്ങള്‍ ഇപ്പോഴും വേര്‍തിരിക്കാന്‍ ആര്‍ക്കും സാധിക്കില്ല. എന്നെ സംബന്ധിച്ച് ഈ പാരമ്പര്യത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ട് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് വിശ്വസിക്കുന്നത്,’ വിശാഖ് നായര്‍ പറഞ്ഞു.

Content Highlight: Vishak Nair express his opinion about the caste name with him