|

കഥാപാത്രത്തിനായി മുടിയൊക്കെ വെട്ടിയിട്ട് വന്നപ്പോള്‍ ആ മമ്മൂട്ടി ചിത്രത്തിലെ വില്ലനെ പോലെയുണ്ടെന്ന് പലരും കമന്റടിച്ചു: വിശാഖ് നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ജിത്തു അഷ്‌റഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രം ഇതിനോടകം 50 കോടി ക്ലബ്ബില്‍ ഇടംനേടിക്കഴിഞ്ഞു. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ആദ്യത്തെ 50 കോടി ചിത്രമാണിത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് പുറമെ പ്രേക്ഷകരെ ഞെട്ടിച്ചത് വിശാഖ് നായരുടെ പ്രകടനമാണ്.

ലഹരിക്കടിമപ്പെട്ട് സൈക്കോയായി മാറുന്ന ക്രിസ്‌റ്റോ എന്ന കഥാപാത്രത്തെയാണ് വിശാഖ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ഇതുവരെ കാണാത്ത തരത്തിലുള്ള പ്രകടനമായിരുന്നു വിശാഖിന്റേത്. ചിത്രത്തിലെ കഥാപാത്രതത്തിന് മമ്മൂട്ടി നായകനായെത്തിയ ജോണി വാക്കറിലെ വില്ലനായ സാമിയുടെ രൂപസാദൃശ്യമുണ്ടെന്ന് കമന്റുകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് വിശാഖ് നായര്‍.

ക്രിസ്റ്റോയുടെ ഗെറ്റപ്പ് നിര്‍മാതാവായ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഐഡിയയായിരുന്നെന്ന് വിശാഖ് പറഞ്ഞു. മുടി വളര്‍ത്തി ടാറ്റൂ അടിച്ച് പിയേഴ്‌സിങ് ചെയ്താല്‍ നന്നാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശമെന്ന് വിശാഖ് കൂട്ടിച്ചേര്‍ത്തു. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഒരു സുഹൃത്താണ് ആ ഗെറ്റപ്പിനുള്ള പ്രചോദനമെന്നും വിശാഖ് പറയുന്നു.

ആ രീതിയില്‍ ഗെറ്റപ്പ് മാറ്റി മേക്കപ്പ് കഴിഞ്ഞ് വന്നപ്പോള്‍ സെറ്റിലുള്ള പലരും ജോണിവാക്കറിലെ വില്ലനെപ്പോലെയുണ്ടെന്ന് പറഞ്ഞിരുന്നെന്നും വിശാഖ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലുക്കില്‍ മാത്രമേ ആ സാമ്യതയുള്ളൂവെന്നും ആ കഥാപാത്രത്തിന്റെ സ്വഭാവം ക്രിസ്റ്റോയ്ക്ക് ഇല്ലെന്നും വിശാഖ് പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു വിശാഖ് നായര്‍.

‘ക്രിസ്‌റ്റോയുടെ ഗെറ്റപ്പ് സത്യം പറഞ്ഞാല്‍ മാര്‍ട്ടിന്‍ സാറിന്റെ ഐഡിയയായിരുന്നു. പുള്ളിയുടെ ഒരു ഫ്രണ്ട് മുംബൈയിലുണ്ട്. ആള് ഇതുപോലെ മുടിയൊക്കെ വളര്‍ത്തി ടാറ്റൂവും പിയേഴ്‌സിങ്ങുമൊക്ക അടിച്ച് നടക്കുന്നയാളാണ്. അതില്‍ നിന്നാണ് മാര്‍ട്ടിന്‍ സാറിന് ഈ ഗെറ്റപ്പിന്റെ ഐഡിയ കിട്ടുന്നത്. മുടി വളര്‍ത്തി, സൈഡ് മാത്രം എടുത്ത് ആ ഗെറ്റപ്പ് ട്രൈ ചെയ്യാമെന്ന് തീരുമാനിച്ചു.

സെറ്റിലെത്തിയ സമയത്താണ് ചിലര്‍ ജോണിവാക്കറിലെ സാമിയെപ്പോലെയുണ്ടെന്ന് പറഞ്ഞത്. പക്ഷേ, ലുക്കില്‍ മാത്രമേ ആ സിമിലാരിറ്റിയുള്ളൂ. സ്വഭാവം രണ്ടും ഡിഫറന്റാണ്. സാമിയുടെ അത്ര ടെറര്‍ അല്ല. പുള്ളിയുടെ ആ ബി.ജി.എം കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് പേടിയാകുമല്ലോ. അത്രക്കൊന്നും ക്രിസ്‌റ്റോയ്ക്ക് ഇല്ല,’ വിശാഖ് നായര്‍ പറയുന്നു.

Content Highlight: Vishak Nair about the getup of his character in Officer on Duty movie

Latest Stories