വിസ്മയ കേസിലെ കുറ്റവാളി കിരണിനും പരോള്‍
Kerala News
വിസ്മയ കേസിലെ കുറ്റവാളി കിരണിനും പരോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th December 2024, 3:30 pm

തിരുവനന്തപുരം: സ്ത്രീധന പീഡന കേസില്‍ കുറ്റവാളിയായ മുന്‍ എം.വി.ഡി ഉദ്യോഗസ്ഥനായ കിരണിനും പരോള്‍. പൊലീസ് റിപ്പോര്‍ട്ട് തള്ളിയാണ് പരോള്‍ അനുവദിച്ചത്. പൂജപ്പുര ജയില്‍ ഡി.ജി.പിയാണ് പരോള്‍ നല്‍കിയത്.

വിസ്മയ കേസില്‍ കിരണിന് പത്ത് വര്‍ഷത്തെ കഠിന തടവാണ് കോടതി വിധിച്ചിരുന്നത്. കൊല്ലം സെഷന്‍സ് ജില്ലാ കോടതിയുടെതായിരുന്നു നടപടി. പ്രസ്തുത കേസിലാണ് ജയില്‍ ഡി.ജി.പി പരോള്‍ അനുവദിച്ചത്.

മനുഷ്യാവകാശ കമ്മിഷനാണ് ആദ്യം പരോളിനുള്ള അപേക്ഷ നല്‍കിയത്. തുടര്‍ന്ന് പൊലീസിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് കിരണിന് എതിരായിരിക്കെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.

പൊലീസിന്റെയും സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള പ്രൊബേഷന്‍ ഓഫീസറുടെയും റിപ്പോര്‍ട്ട് അനുകൂലമായാല്‍ മാത്രമേ ജയില്‍ സൂപ്രണ്ടിന് കുറ്റവാളിക്ക് പരോള്‍ അനുവദിക്കാന്‍ കഴിയുകയുള്ളു. ആദ്യഘട്ടത്തില്‍ ഈ രണ്ട് റിപ്പോര്‍ട്ടുകളും കിരണിന് എതിരായിരുന്നു.

എന്നാല്‍ രണ്ടാമത് നല്‍കിയ പരോള്‍ അപേക്ഷയെ തുടര്‍ന്ന് ലഭിച്ച പ്രൊബേഷന്‍ റിപ്പോര്‍ട്ട് കിരണിന് അനുകൂലമാകുകയായിരുന്നു. പിന്നീട് പ്രസ്തുത റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ജയില്‍ മേധാവി പരോള്‍ അനുവദിച്ചത്.

ഉപാധികളോടെയാണ് പരോള്‍. സാക്ഷികളെ കാണാന്‍ പാടില്ല, വിസ്മയയുടെ വീട് സന്ദര്‍ശിക്കരുത്, മറ്റൊരു ബന്ധു വീട്ടില്‍ താമസിക്കണം, മുഴുവന്‍ സമയവും പൊലീസ് നിരീക്ഷണമുണ്ടാകും, തിരിച്ചുവിളിച്ചാല്‍ ഉടനടി ഹാജരാകണം എന്നിവയാണ് ഉപാധികള്‍.

Content Highlight: Visamaya case convict Kiran also gets parole