വിശാഖപട്ടണം ആന്ധ്രയുടെ പുതിയ തലസ്ഥാനം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി
national news
വിശാഖപട്ടണം ആന്ധ്രയുടെ പുതിയ തലസ്ഥാനം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st January 2023, 3:35 pm

അമരാവതി: ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണത്തേക്ക് മാറ്റുന്നുവെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. പ്രത്യേകമായി വികസനങ്ങൾ നടത്തി രൂപപ്പെടുത്തിയ തലസ്ഥാനമായ അമരാവതിയുടെ കാലാവധി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

വരും ദിവസങ്ങളിൽ നിങ്ങളുടെ തലസ്ഥാനമാകാൻ പോകുന്ന വിശാഖപട്ടണത്തിലേക്ക് എല്ലാവരേയും ഞാൻ സ്വാഗതം ചെയ്യുന്നുവെന്നും, വരും മാസങ്ങളിൽ താൻ തന്നെ വിശാഖപട്ടണത്തേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു.

മാർച്ച് മൂന്ന് നാല് ദിവസങ്ങളിൽ വിശാഖപട്ടണത്തിൽ നിക്ഷേപ ഉച്ചകോടി നടത്തുമെന്നും, തന്റെ സംസ്ഥാനം എത്രത്തോളം നിക്ഷേപ സൗഹാർദ്ദമാണെന്ന് നേരിട്ടു കാണണമെന്നും ജഗൻ മോഹൻ അഭ്യർത്ഥിച്ചു. ദൽഹിയിൽ അന്താരാഷ്ട്ര നയതന്ത്ര സഖ്യം യോഗത്തിലായിരുന്നു ജഗൻ മോഹൻ റെഡ്ഡിയുടെ പ്രഖ്യാപനം.

ആന്ധ്രാപ്രദേശ് ഗവർണറുടെ ആസ്ഥാനവും വിശാഖപട്ടണമായിരിക്കുമെന്നും, എന്നാൽ നിയമസഭ അമരാവതിയിൽ തന്നെ തുടർന്ന് പ്രവർത്തിക്കുമെന്നും ജ​ഗൻ കൂട്ടിച്ചേർത്തു.

ആന്ധ്രാപ്രദേശിൽ നിന്ന് തെലങ്കാന സംസ്ഥാനം രൂപപ്പെട്ട് ഒൻപത് വർഷത്തിന് ശേഷമാണ് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നത്. നിലവിൽ അമരാവതിയാണ് ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം.

2015ൽ ടി.ഡി.പിയുടെ എൻ. ചന്ദ്രബാബു നായിഡുവിന്റെ സർക്കാരാണ് അമരാവതിയെ തലസ്ഥാനമാക്കി പ്രഖ്യാപിച്ചത്.

തുടർന്ന് 2020-ൽ സംസ്ഥാനത്ത് മൂന്ന് തലസ്ഥാന നഗരങ്ങൾ വേണമെന്നും ഇതിനായുള്ള പദ്ധതിയും സർക്കാർ ആസൂത്രണം ചെയ്തു.

വിശാഖപട്ടണം (നിർവാഹക തലസ്ഥാനം), അമരാവതി (നിയമനിർമ്മാണ തലസ്ഥാനം), കർണൂൽ (ജുഡീഷ്യൽ തലസ്ഥാനം) എന്നിവയാണ് മൂന്ന് തലസ്ഥാനങ്ങളായി നിർദേശിക്കപ്പെട്ടിരുന്നത്. ഈ പദ്ധതി പിന്നീട് പിൻവലിക്കുകയും അമരാവതിയെ തലസ്ഥാനമാക്കുകയും ചെയ്തു.

Content Highlight: Visakhapatnam as the new state capital; CM Jagan Mohan Reddy Announced