| Wednesday, 3rd December 2014, 4:33 pm

ഒമാനിലെ വിസ നിരോധനം വീണ്ടും നീട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മസ്‌കത്ത്: പ്രവാസികള്‍ക്ക് വിസ നല്‍കുന്നതിനുള്ള നിരോധനം ഒമാന്‍ ആറ് മാസത്തേക്ക് കൂടി നീട്ടി. ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സെയില്‍സ്, മാര്‍ക്കറ്റിങ് മേഖലകളില്‍ വിസ നല്‍കുന്നതിനുള്ള വിലക്കാണ് ആറ് മാസത്തേക്ക് കൂടി നീട്ടിയത്.

ഒരു വര്‍ഷം മുമ്പാണ് രാജ്യത്ത് വിസ നിരോധം നിലവില്‍ വന്നത്. ഇത് അവസാനിച്ച സാഹചര്യത്തിലാണ് ആറ് മാസത്തേക്ക് കൂടി നിരോധനം നീട്ടിയത്. തൊഴില്‍ വിപണി ക്രമീകരണവും സ്വദേശിവത്കരണവും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

2013 നവംബറിലായിരുന്നു ഒമാന്‍ വിസാ നിരോധനം പ്രഖ്യാപിച്ചിരുന്നത്. നിര്‍മാണം, ശുചീകരണം എന്നീ രംഗങ്ങളിലായിരുന്നു ആദ്യം വിലക്കേര്‍പ്പെടുത്തിയിരുന്നത്. ആറുമാസത്തേക്കായിരുന്നു ഈ വിലക്ക്. പിന്നീട് ഇത് സെയില്‍സ് മാര്‍ക്കെറ്റിങ് വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്ന് മുതലായിരുന്നു സെയില്‍സ്, മാര്‍ക്കറ്റിംഗ് രംഗങ്ങളിലേക്ക് നിരോധനം വ്യാപിപ്പിച്ചിരുന്നത്.

നിരോധനം ഒരു വര്‍ഷം പിന്നിട്ട സാഹചര്യത്തിലാണ് വീണ്ടും ആറ് മാസത്തേക്ക് നിട്ടുന്നത്. എക്‌സലന്റ് കാറ്റഗറിയിലുള്ള സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ പദ്ധതി ഏറ്റെടുത്ത സ്ഥാപനങ്ങള്‍ക്കും മാത്രമാണ് വിസ നിരോധനത്തില്‍ ഇളവുള്ളത്.

We use cookies to give you the best possible experience. Learn more