ബീജിങ്: വിസ കാലാവധി നീട്ടിനല്‍കാത്തതിനെ തുടര്‍ന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന അവസാന ചൈനീസ് റിപ്പോര്‍ട്ടറും രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയുടെ റിപ്പോര്‍ട്ടറാണ് വിസ കാലാവധി നീട്ടാത്തതിനെ തുടര്‍ന്ന് ഇന്ത്യ വിട്ടത്.
1980ല്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടാക്കിയ കരാറിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയില്‍ ചൈനയില്‍ നിന്നും ഒരു റിപ്പോര്‍ട്ടറും ഇല്ലാത്ത സ്ഥിതി വരുന്നത്.
ജൂണ്‍12ന് അവസാന ഇന്ത്യന്‍ റിപ്പോര്‍ട്ടറായിരുന്ന പി.ടി.ഐയിലെ മാധ്യമപ്രവര്‍ത്തകനായ കെ.ജെ.എം. വര്‍മയോട് രാജ്യം വിടാന്‍ ചൈനയും ആവശ്യപ്പെട്ടിരുന്നു.
അതേസമയം നേരത്തെ തന്നെ അവസാന ചൈനീസ് മാധ്യമപ്രവര്‍ത്തകന്റെ വിസ പുതുക്കുന്നതിനെ സംബന്ധിച്ച് ഇന്ത്യ പ്രതികരിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞിരുന്നു.
സമീപ കാലത്ത് ഇന്ത്യയില്‍ ഏകദേശം 14 ചൈനീസ് മാധ്യമപ്രവര്‍ത്തകരാണ് ഉണ്ടായത്. ഇന്ത്യയില്‍ നിന്നും ചൈനിയിലുണ്ടായത് നാല് പേരും. ഏപ്രിലില്‍ ബീജിങ്ങില്‍ ദി ഹിന്ദു, പ്രസാര്‍ ഭാരതി എന്നിവയുടെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ തിരിച്ചുവരവ് ചൈന തടഞ്ഞിരുന്നു.
ചൈനീസ് മാധ്യമ സംഘടനകളുടെ നിയമപരമായ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള നടപടിയാണിതെന്നാണ് അന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം നല്‍കിയ മറുപടി. സിന്‍ഹുവ മാധ്യമപ്രവര്‍ത്തകനോട് ഇന്ത്യ വിട്ട് പോകാന്‍ ആവശ്യപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ നടപടി.
ഒരു മാസത്തിന് ശേഷം ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടറോട് ഇന്ത്യ വിടാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നതിന് പിന്നാലെ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടറെ ചൈന തിരിച്ചയച്ചു. പിന്നാലെയാണ് വര്‍മയ്ക്കും ചൈന വിടേണ്ടി വന്നത്.
ചൈനയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ എല്ലാ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കും തടസങ്ങളില്ലാതെ ഇന്ത്യയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കിയതായി ഈ മാസം ആദ്യം തന്നെ വിദേശ കാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ ഇരുപക്ഷവും ബന്ധം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലഡാക്കില്‍ 2020ലുണ്ടായിരുന്ന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഉഭയകക്ഷി ബന്ധം വഷളായത് മാധ്യമ പ്രവര്‍ത്തന മേഖലയെയും ബാധിക്കുകയായിരുന്നു.
content highlights: Visa not extended; The last Chinese journalist left India