കുവൈത്ത് സിറ്റി: കുവൈത്തില്‍ വിസാ നിയമം പരിഷ്‌കരിച്ചു. ഇനി മുതല്‍ ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്ക് മാത്രമേ ആശ്രിത വിസ ലഭിക്കുകയുള്ളൂ. ആഭ്യന്തര മന്ത്രാലയത്തിലെ പൗരത്വ-പാസ്‌പോര്‍ട്ട് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഷെയ്ഖ് മസാന്‍ അല്‍ ജാറ അല്‍ സബാഹാണ് ഇക്കാര്യം അറിയിച്ചത്.
വിദേശികള്‍ക്ക് ഡിപ്പന്‍ഡന്റ് വിസയില്‍ സ്വന്തം മാതാപിതാക്കളെ കുവൈത്തിലേക്ക് കൊണ്ട് വരുന്നതിനും സ്ഥിരമായി ഒപ്പം താമസിപ്പിക്കുന്നതിനും നിലവിലുള്ള സൗകര്യമാണ് പുതിയ തീരുമാനത്തോടെ ഇല്ലാതാകുന്നത്. ഇത് കൂടാതെ കുടുംബ സന്ദര്‍ശന വിസയിലും നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഭാര്യ/ഭര്‍ത്താവ്, കുട്ടികള്‍ എന്നിവര്‍ക്കുള്ള സന്ദര്‍ശക വീസ മൂന്നുമാസം മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മാതാപിതാക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയ മറ്റു ബന്ധുക്കള്‍ക്കുള്ള കുടുംബ സന്ദര്‍ശക വീസ ഒരുമാസത്തേക്ക് മാത്രമായിരിക്കും.
സന്ദര്‍ശക വിസ ഇഷ്യൂ ചെയ്ത് ഒരു മാസത്തിനകം കുവൈത്തില്‍ പ്രവേശിക്കണം. അല്ലാത്തപക്ഷം വിസ റദ്ദാകും. നിലവില്‍ മൂന്നുമാസത്തിനുള്ളില്‍ പ്രവേശിച്ചാല്‍ മതിയായിരുന്നു.
ഒളിച്ചോടിയെന്നു പരാതിയുണ്ടായാല്‍ വിദേശിയെ വിസ റദ്ദാക്കി നാടുകടത്തുന്ന സംവിധാനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പൊതു അന്വേഷണ വകുപ്പ് വ്യക്തമായ അന്വേഷണം നടത്തിയശേഷം മാത്രമാകും ആളെ നാടുകടത്തണമോ, കുവൈത്തില്‍ തുടരാമോ എന്നകാര്യം തീരുമാനിക്കുക. ഒളിച്ചോട്ടം സംബന്ധിച്ച് സ്‌പോണ്‍സര്‍ പരാതി നല്‍കുന്നതിനു മുന്‍പേ തൊഴില്‍ വകുപ്പില്‍ സ്‌പോണ്‍സര്‍ക്കെതിരെ പരാതി നല്‍കിയവര്‍, സ്‌പോണ്‍സര്‍ പാസ്‌പോര്‍ട്ട് തടഞ്ഞുവച്ചതായി പൊലീസില്‍ പരാതിപ്പെട്ടവര്‍ എന്നിവര്‍ക്കെതിരെയുള്ള ഒളിച്ചോട്ട പരാതികള്‍ നിലനില്‍ക്കില്ല.
തൊഴില്‍ വിസയിലുള്ളയാള്‍ക്ക് എതിരായ ഒളിച്ചോട്ട പരാതി സ്വദേശിയുടെ വിദേശിയായ ഭാര്യ/ഭര്‍ത്താവ് എന്നിവര്‍ക്കെതിരെയാണെങ്കിലും പരാതി നിരാകരിക്കും. അവര്‍ക്കും അവരുടെ കുട്ടികള്‍ക്കും കുടുംബ വിസയിലേക്ക് മാറ്റം അനുവദിക്കുന്നതുമാണ്. സ്വദേശികളുമായി വ്യാപാര പങ്കാളിത്തമുള്ള വിദേശികള്‍ക്കെതിരായ പരാതിയും ഒഴിവാക്കും.
വിസ ഫീസ് വര്‍ധന സംബന്ധിച്ച് ആഭ്യന്തരമന്ത്രി ഷെയ്ഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ സബാഹ് പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും മജര്‍ ജനറല്‍ ഷെയ്ഖ് മസാന്‍ അല്‍ ജാറ അല്‍ സബാഹ് അറിയിച്ചു.