ആഷിഖ് അബു സംവിധാനം ചെയ്യുന്ന “വൈറസ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. നിപയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. രേവതി മുതല്‍ കാളിദാസ് ജയറാം വരെയുള്ള കാസ്റ്റിങ്ങാണ് ചിത്രത്തിനായി ഒരുങ്ങുന്നത്. സിനിമയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഡൂള്‍ന്യൂസുമായി പങ്കുവെക്കുകയാണ് ആഷിഖ് അബു.
വൈറസ് എന്ന ചിത്രത്തിന്റെ പശ്ചാത്തലം നിപ തന്നെയാണോ?
അതെ നിപ തന്നെയാണ് വൈറസിന്റെ പ്രമേയം. കഴിഞ്ഞ കുറേ നാളുകളായി ചിത്രത്തിന്റെ ആലോചനകള്‍ മനസിലുണ്ട്. അന്നേ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴാണ് പ്രഖ്യാപിക്കാന്‍ സമയമായത്.
എന്തുകൊണ്ടാണ് നിപ ഒരു സിനിമയാക്കണമെന്ന ആലോചന വരുന്നത്?
ഇതിന്റെ ഭീകരതയെക്കാള്‍ ഉപരി ഒരു അതിജീവനത്തിന്റെ കഥയാണ് ഇത്. മാനവരാശിയുടെ തന്നെ അതിജീവനമാണല്ലോ ഇത്. ചെറിയൊരു സ്ഥലത്ത് നടന്നു എന്നതുകൊണ്ട് ഇതിന്റെ ഭീകരത കുറയുന്നില്ല. നമ്മുടെ കോഴിക്കോട് ആണല്ലോ നടന്നത്.
ഒരു സിനിമയ്ക്കുള്ളതല്ല മറിച്ച് ഒരുപാട് സിനിമകള്‍ക്കുള്ള കഥകള്‍ നിപയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. കേരളത്തിന് ഏറ്റവുമധികം അഭിമാനിക്കാവുന്ന ഒരു സംഗതിയാണ് നിപ പ്രതിരോധം.
എല്ലാവരും പരസ്പര സഹകരണത്തോടെയും സ്‌നേഹത്തോടെയും നില കൊണ്ടതു കൊണ്ടാണ് ഈ വൈറസിനെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്.
ഭീകരമായ ആശങ്കയിലായിരുന്നു എല്ലാവരും. എങ്ങനെയോ ഇത് അവസാനിച്ചു എന്ന് മാത്രമേ അറിയുന്നുള്ളൂ. ഇത്ര പേര്‍ മരിച്ചു എന്ന് പറഞ്ഞ് ഇത് അവസാനിച്ചു. ഇതിന് പിറകില്‍ നടന്നിരിക്കുന്ന കാര്യങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. യഥാര്‍ത്ഥത്തില്‍ നിപയെ പിടിച്ചുകെട്ടിയതിന് പിന്നില്‍ വലിയൊരു കൂട്ടായ്മയുടെ ശ്രമമുണ്ട്. അങ്ങനെ ആലോചിച്ചപ്പോഴാണ് ഒരു അതിജീവനത്തിന്റെ കഥയെന്ന രീതിയില്‍ ഇത് സിനിമയാക്കാമെന്ന ആലോചന വരുന്നത്.
ചിത്രത്തിന്റെ കാസ്റ്റിങ്ങിനെ കുറിച്ച് പറയാമോ?
കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് ഫൈനല്‍ തീരുമാനം ആയി വരുന്നേയുള്ളൂ. 20 ാംതിയതിക്ക് ശേഷമേ കാസ്റ്റിങ് പൂര്‍ണമായി പറയാന്‍ കഴിയുള്ളു. ലിനിയുടെ ക്യാരക്ടര്‍ റിമ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. രേവതി ചേച്ചി മന്ത്രി ശൈലജയുടെ ക്യാരക്ടര്‍ ചെയ്യും. ബാക്കി കഥാപാത്രങ്ങള്‍ ആരൊക്കെ അവതരിപ്പിക്കും എന്നതിന്റെ അന്തിമ തീരുമാനം ആയിട്ടില്ല.
ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷന്‍ കോഴിക്കോട് തന്നെയാണോ?
കോഴിക്കോട് തന്നെ ഷൂട്ട് ചെയ്യണമെന്നാണ് വിചാരിക്കുന്നത്. പിന്നെ തിരക്കുള്ള ആശുപത്രികളിലും മറ്റും ഷൂട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. രോഗികളൊക്കെ വന്നുപോകുന്ന സ്ഥലത്ത് ഷൂട്ട് ചെയ്യേണ്ടി വരുമ്പോള്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. അവര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുണ്ട്. പരാവധി കോഴിക്കോട് വെച്ച് തന്നെ ഷൂട്ട് ചെയ്യാനാണ് ശ്രമിക്കുന്നത്. മറ്റ് സംവിധാനങ്ങളും നോക്കുന്നുണ്ട്.
സിനിമയുടെ വര്‍ക്കുകള്‍ എന്നാണ് തുടങ്ങുന്നത്?
നിലവില്‍ തിരക്കഥയുടെ ജോലിയിലാണ്. ഡിസംബറില്‍ ഷൂട്ടിങ് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. വിഷുവിന് റിലീസ് ചെയ്യണമെന്നാണ് കരുതുന്നത്.
എന്തുകൊണ്ട് തിരക്കഥാകൃത്തായി മുഹ്‌സിന്‍ പെരാരി?
മുഹ്‌സിന്‍ അടുത്ത സുഹൃത്താണ്. തിരക്കഥാകൃത്തുക്കളില്‍ ഒരാളായ മുഹ്‌സിന്റെ അടുത്ത ബന്ധു ഇതില്‍ നേരിട്ട് ഇടപെട്ടിട്ടുള്ള ഒരു മെഡിക്കല്‍ പി.ജി വിദ്യാര്‍ഥിയാണ്. അതുപോലുള്ള ഒരുപാട് ആളുകളുടെ അനുഭവമാണ് ഈ സിനിമ.
പല ചര്‍ച്ചകളിലും സജീവമായി അദ്ദേഹം ഇടപെട്ടിപരുന്നു. അദ്ദേഹവുമായി കണ്ട് സംസാരിച്ചതില്‍ നിന്നും കൂടി ലഭിച്ച അനുഭവമാണ് ചിത്രം. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കള്‍ മൂന്നു പേരും ഇപ്പോള്‍ കോഴിക്കോട്ടുണ്ട്. നിപയെ നേരിട്ടും അല്ലാതെയും അറിഞ്ഞവരുടെ അനുഭവങ്ങളാണ് തിരക്കഥയില്‍ ഉള്‍പ്പെടുത്തുന്നത്.