ലോകമെമ്പാടുമുള്ള ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് വീണ്ടും വൈറസ് ഭീഷണി. അതിവേഗം പടര്‍ന്നു പിടിക്കുന്ന ട്രോജന്‍ വിഭാഗത്തില്‍ പെട്ടവയാണ് ഈ വൈറസെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സാധാരണ നിലയില്‍ പടരുന്ന സ്പാമുകളെപോലെയല്ലത്രെ ഇവ. ഫേസ്ബുക്ക് അക്കൗണ്ടിനെയും അത് തുറക്കുന്ന കമ്പ്യൂട്ടറിനെയും ബാധിക്കുന്നതിന് ശേഷിയുള്ള വൈറസാണ് പടര്‍ന്നുകൊണ്ടിരിക്കുന്നത്.
ഫേസ്ബുക്ക് സുഹൃത്തിന്റെ മെസേജായി എത്തുന്ന ഈ വൈറസ് തുറക്കുന്നതോടെ സ്വന്തം അക്കൗണ്ടിനെയും കമ്പ്യൂട്ടറിനെയും ബാധിക്കുന്നതിനൊപ്പം സ്വന്തം ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളവര്‍ക്കെല്ലാം സന്ദേശമായി ലഭിക്കുകയും ചെയ്യുന്നു. മിക്കപ്പോഴും വിഡിയോ എന്ന ഫയല്‍ നെയിമിലുള്ള സന്ദേശമോ, നഗ്‌നയായ യുവതിയുടെ ചിത്രം പൂര്‍ണമായി ലോഡായിട്ടില്ലാത്തത് എന്ന് തോന്നിപ്പിക്കുന്ന പോസ്റ്റായോ ആണ് പ്രത്യക്ഷപ്പെടുന്നത്. ഇതു കാണുന്ന യൂസര്‍ സ്വാഭാവികമായും അടുത്ത പടിയായി ചിത്രത്തില്‍ ക്ലിക്കു ചെയ്ത് തുറക്കാന്‍ ശ്രമിക്കുമ്പോഴായിരിക്കും പ്രശ്‌നം തിരിച്ചറിയുക. ഫേസ്ബുക്ക് അക്കൗണ്ടില്‍ ലോഗ് ഔട്ട് ബട്ടണ്‍ വരെ ഹൈഡ് ചെയ്യുന്നുണ്ട് ഈ വൈറസ്.
കൃത്യമായ ആന്റിവൈറസ് അപ്‌ഡേറ്റ് ഇല്ലാത്ത കമ്പ്യൂട്ടറുകളിലാണ് വൈറസ് പെട്ടെന്ന് ബാധിക്കുന്നത്. വൈറസ് ലിങ്കില്‍ ക്ലിക്ക് ചെയ്‌തെന്നു ബോധ്യപ്പെട്ടാല്‍ ഉടന്‍ ബ്രൗസര്‍ ക്ലോസ് ചെയ്ത് ക്യാഷ് ക്ലിയര്‍ ചെയ്യുകയാണ് വേണ്ടത്. പെട്ടെന്നു തന്നെ ആന്റിവൈറസ് സ്‌കാന്‍ നല്‍കുകയും വേണം.