| Sunday, 28th June 2015, 12:46 pm

ബ്രസീല്‍ തോറ്റതിന്റെ കാരണം വൈറസ് ബാധയെന്ന് കോച്ച് ദുംഗ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്റിയാഗോ: കോപ അമേരിക്കയില്‍ പരാഗ്വയോട് തോല്‍ക്കാന്‍ കാരണം വൈറസ് ആക്രമണമാണെന്ന് പരിശീലകന്‍ ദുംഗ. മത്സരത്തിന് മുമ്പായി തന്നെ ടീമിലെ പതിനഞ്ച് താരങ്ങള്‍ക്ക് വൈറസ് ബാധയേറ്റെന്നും ശാരീരിക ക്ഷമതയില്ലാതെയാണ് പരാഗ്വെക്കെതിരെ കളിക്കാനിറങ്ങിയതെന്നും ദുംഗ പറഞ്ഞു. മത്സര ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ദുംഗയുടെ വെളിപ്പെടുത്തല്‍.

തോറ്റത് കൊണ്ട് അസുഖത്തെ കുറ്റപ്പെടുത്തുകയല്ല. തലവേദനയും പുറം വേദനയും പനിയും താരങ്ങളെ അലട്ടി. ചിലര്‍ക്ക് ചര്‍ദിയും പിടിപെട്ടു. അതുകൊണ്ടുതന്നെ പരിശീലനം വെട്ടിച്ചുരുക്കി ശാരീരികക്ഷമത വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിന് നിര്‍ബന്ധിതരായെന്നും ദുംഗ പറഞ്ഞു.

കോപ അമേരിക്ക ബ്രസീല്‍ നേടിയാല്‍ കിരീട നേട്ടത്തില്‍ വലിയ കാര്യമില്ലെന്ന് പറയുകയും പക്ഷെ തോറ്റാല്‍ പ്രചരണങ്ങളഴിച്ച് വിട്ട് അക്രമിക്കുകയും ചെയ്യുന്ന രീതിയാണ് ഉണ്ടാവലെന്നും ദുംഗ പറഞ്ഞു.

ഇത്തവണ ടൂര്‍ണമെന്റില്‍ അഞ്ച് പ്രധാന കളിക്കാരില്ലാതെയാണ് കളിക്കാനിറങ്ങിയത്. ജയിക്കണമെന്നു കരുതിതന്നെയാണ് കളിക്കാനിറങ്ങിയത്. കോപ വലിയ പാഠമാണ്. പക്ഷേ, ലോകകപ്പ് യോഗ്യതയാണ് ഞങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യമെന്നും ദുംഗ പറഞ്ഞു.

We use cookies to give you the best possible experience. Learn more