തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ സമ്മേളനവും വെല്‍ച്വല്‍ സംവിധാനങ്ങളുപയോഗിച്ച് നടത്താന്‍ ആലോചന. കൊവിഡ് ഭീതി സെപ്തംബറോടെ അവസാനിച്ചില്ലെങ്കിലാണ് വെല്‍ച്വല്‍ സഭ ചേരുക.
മാര്‍ച്ച് 13 നായിരുന്നു അവസാനമായി സഭ ചേര്‍ന്നത്. ഭരണഘടനാവ്യവസ്ഥയനുസരിച്ച് സെപ്തംബര്‍ 13ന് അകം സഭ വീണ്ടും ചേരണം. അപ്പോഴേക്കും കൊവിഡ് വ്യാപനവും നിയന്ത്രണങ്ങളും അവസാനിച്ചില്ലെങ്കിലാണ് വെര്‍ച്വല്‍ സഭയെക്കുറിച്ച് ആലോചിക്കുന്നത്. മലയാള മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നിയമസഭയിലെ ഇപ്പോഴത്തെ ഇരിപ്പിടങ്ങളുടെ ക്രമീകരണമനുസരിച്ച് അംഗങ്ങള്‍ക്ക് സാമൂഹിക അകലം പാലിക്കാന്‍ കഴിയില്ല. ഇരിപ്പിടങ്ങള്‍ തമ്മില്‍ 180 സെന്റീമീറ്റര്‍ അകലമില്ലാത്തതിനാണ് ഈ പ്രതിസന്ധി. ഇപ്പോഴുള്ള ഇരിപ്പിടങ്ങളുടെ ക്രമീകരണത്തില്‍ മാറ്റം വരുത്തിയാല്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകും എന്നാണ് കണക്കുകൂട്ടല്‍. ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുടെയും ഗാലറികളിലും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്.
മുഖ്യമന്ത്രിയും മന്ത്രിമാരും അവരവരുടെ ഓഫീസുകളിലും സ്പീക്കറും പ്രതിപക്ഷ നേതാവും സഭയിലും എം.എല്‍.എമാര്‍ കളക്ടറേറ്റിലും ഇരുന്ന് സഭ നടത്താനുള്ള സംവിധാനത്തെക്കുറിച്ചാണ് ആലോചിക്കുന്നത്.
പ്രതിപക്ഷവുമായി ആലോചിച്ച് നിശ്ചിത ദിവസത്തിനകം സഭ ചേരുക എന്നത് സാധ്യമാക്കാന്‍ ജൂലൈയില്‍ ഒരു ദിവസത്തേക്ക് മാത്രം ക്വാറം ഉറപ്പാക്കി സഭ ചേരുന്ന കാര്യവും ആലോചനയിലുണ്ടെന്നാണ് വിവരം. ഇത് സാധ്യമായാല്‍ പിന്നീട് ആറ് മാസത്തിന് ശേഷം സഭ ചേര്‍ന്നാല്‍ മതിയാവും.
കൊവിഡ് ഭീഷണിഘട്ടത്തില്‍ സഭ ചേരുന്നതിനായുള്ള ബദല്‍ മാര്‍ഗങ്ങളെക്കുറിച്ചുള്ള ആലോചനയിലാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. വെര്‍ച്വല്‍ സഭയാണ് കേരളം തിരഞ്ഞെടുക്കുന്നതെങ്കില്‍ അത് രാജ്യത്തെ ആദ്യത്തെതായിരിക്കും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക