|

വെര്‍ച്വല്‍ അറസ്റ്റ്; ഡോക്ടറെ ലൈവായി രക്ഷിച്ച് പൊലീസ്, തട്ടിയെടുത്ത അഞ്ച് ലക്ഷം ഫ്രീസ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചങ്ങനാശ്ശേരി: കോട്ടയത്ത് വെര്‍ച്വല്‍ അറസ്റ്റില്‍ നിന്ന് ഡോക്ടറെ ലൈവായി രക്ഷപ്പെടുത്തി കേരള പൊലീസ്. ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറെ മുബൈ പൊലീസ് എന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം സമീപിച്ചത്.

ബാങ്കില്‍ നിന്ന് കൂടുതല്‍ തുക ട്രാന്‍സാക്ഷന്‍ നടക്കുന്നതായി ബാങ്കിന്റെ സെക്യൂരിറ്റി വിഭാഗമാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് ഡോക്ടറുടെ സമീപം എത്തുകയായിരുന്നു.

സംഘം വീണ്ടും കോള്‍ ചെയ്യുന്നതിനിടെ റൂമിന് പുറത്തേക്ക് പോകരുതെന്ന് ഡോക്ടറോട് ഹിന്ദിയില്‍ പറയുന്നതായി ഇന്‍സ്പെക്ടര്‍ കേള്‍ക്കുകയും, ശേഷം ഉദ്യോഗസ്ഥന്‍ റൂമിലേക്ക് കയറുകയും ഫോണ്‍ പരിശോധിക്കുകയും ചെയ്തതോടെ വെർച്വൽ അറസ്റ്റിന്റെ തെളിവുകള്‍ ലഭിക്കുകയായിരുന്നു.

തുടര്‍ന്ന് തങ്ങള്‍ കേരള പൊലീസാണെന്ന് ഇന്‍സ്പെക്ടര്‍ പറയുകയും ചോദ്യം ചെയ്തതോടെ തട്ടിപ്പ് സംഘം കോള്‍ കട്ട് ചെയ്യുകയുമായിരുന്നു.
ഡോക്ടറില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിപ്പ് സംഘം കൈക്കലാക്കിയിട്ടുണ്ട്.

ഇതില്‍ 4,35,000 രൂപ ഫ്രീസ് ചെയ്യപ്പെട്ടെന്നും 65000 രൂപ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളുവെന്നും കോട്ടയം എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.

തട്ടിപ്പിനായി സംഘം ഉപയോഗിച്ച സുപ്രീം കോടതി, ആര്‍.ബി.ഐ എന്നിവയുടെ പേരിലുള്ള രേഖകള്‍ വ്യാജമാണെന്നും എസ്.പി ചൂണ്ടിക്കാട്ടി.
ഇത്തരം തട്ടിപ്പുകള്‍ പൊതുജനങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരള പൊലീസ്, കേന്ദ്ര സര്‍ക്കാര്‍, സുപ്രീം കോടതി ഉള്‍പ്പെടെ ഇതുസംബന്ധിച്ച് പരസ്യങ്ങള്‍ നല്‍കുന്നുണ്ടെന്നും എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുകയാണെകില്‍ 1930ലേക്ക് വിളിക്കണമെന്നും എസ്.പി പറഞ്ഞു.

നേരത്തെ വ്യാജ ബാങ്ക് അക്കൗണ്ട് തുടങ്ങി നിയമ വിരുദ്ധ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയില്‍ നിന്ന് നാല് കോടിയിലധികം രൂപ തട്ടിയെടുത്തിരുന്നു. വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.

കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് സ്വദേശിനിയായ വീട്ടമ്മയുടെ 4,11,90,094 കോടി രൂപയാണ് തട്ടിയെടുത്തത്. ഇവരുടെ പേരില്‍ ദല്‍ഹി ഐ.സി.ഐ.സി.ഐ ബാങ്കില്‍ വ്യാജ അക്കൗണ്ട് തുടങ്ങി നിയമവിരുദ്ധമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു തട്ടിപ്പുകാര്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയത്.

Content Highlight: Virtual arrest; The police saved the doctor and froze the stolen five lakhs