ഞാനദ്ദേഹത്തോട് യോജിക്കുന്നില്ല; മെസിയുടെ ലോകകപ്പ് വിജയം കൃതിമമെന്ന വാന്‍ ഗാലിന്റെ അഭിപ്രായം വ്യക്തിപരമെന്ന് വാന്‍ ഡൈക്
2022 ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് ലയണല്‍ മെസിയുടെ ചിറകിലേറി അര്‍ജന്റീന സ്വന്തമാക്കിയത് കൃതിമം നടത്തിയാണെന്ന് മുന്‍ നെതര്‍ലന്‍ഡ് പരിശീലകന്‍ ലൂയിസ് വാന്‍ ഗാല്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുകയാണ് നെതര്‍ലന്‍ഡ് നായകന്‍ വിര്‍ജില്‍ വാന്‍ ഡൈക്.
എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായമുണ്ടെന്നും വാന്‍ ഗാലിന്റെ ഒപീനിയന്‍ തികച്ചും അദ്ദേഹത്തിന്റേത് മാത്രമാണെന്നും വാന്‍ ഡൈക് പറഞ്ഞു.
‘ഇന്ന് രാവിലെയാണ് ഞാന്‍ ഇത് കേട്ടത്. അത് തികച്ചും അദ്ദേഹത്തിന്റെ മാത്രം വ്യക്തിപരമായ അഭിപ്രായമാണ്. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായമുണ്ടാകാനുള്ള സ്വാതന്ത്രമുണ്ട്. ഞാന്‍ അതിനോട് യോജിക്കുന്നില്ല,’ വാന്‍ ഡൈക് പറഞ്ഞു.
ഡച്ച് ഔട്ട്ലെറ്റായ എന്‍.ഒ.സിയോട് സംസാരിക്കുകയായിരുന്നു വാന്‍ ഡൈക്.
ലയണല്‍ മെസിക്ക് വേള്‍ഡ് കപ്പ് ഉയര്‍ത്താന്‍ ആസൂത്രണം ചെയ്യുകയായിരുന്നെന്നും ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകള്‍ക്ക് ശിക്ഷ ലഭിച്ചിരുന്നില്ലെന്നുമായിരുന്നു വാന്‍ ഗാല്‍ പറഞ്ഞത്. എന്‍.ഒ.എസിനോടാണ് വാന്‍ ഗാല്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ഞാന്‍ അതിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. അര്‍ജന്റീന എങ്ങനെയാണ് ഗോളുകള്‍ നേടിയതെന്നും ഞങ്ങള്‍ക്ക് എങ്ങനെയാണ് ഗോള്‍ ലഭിച്ചതെന്നും നോക്കിയാല്‍ നിങ്ങള്‍ക്കത് മനസിലാകും. അര്‍ജന്റീനയുടെ ചില താരങ്ങള്‍ക്ക് വീഴ്ച സംഭവിച്ചിട്ട് പോലും അവര്‍ക്കതിനുള്ള ശിക്ഷ ലഭിച്ചില്ല. മുന്‍കൂട്ടി നിശ്ചയിച്ച മത്സരമാണെന്നാണ് ഞാന്‍ മനസിലാക്കിയത്.
ഡച്ച് ഫുട്ബോളിന് വാന്‍ ഗാല്‍ നല്‍കിയ സംഭാവനകള്‍ക്ക് അദ്ദേഹത്തെ അവാര്‍ഡ് നല്‍കി ആദരിക്കുന്ന ചടങ്ങിലാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. വേള്‍ഡ് കപ്പില്‍ കൃത്രിമം നടത്തി എന്ന് പറഞ്ഞതില്‍ കൂടുതല്‍ വ്യക്തത നല്‍കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ ഖത്തര്‍ ലോകകപ്പ് മെസിക്ക് കിരീടമുയര്‍ത്താന്‍ നേരത്തെ ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മാധ്യമങ്ങളെ ഉദ്ധരിച്ച് ഡെയ്ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘ഞാന്‍ പറഞ്ഞതെല്ലാം എനിക്ക് നിശ്ചയമുള്ള കാര്യങ്ങളാണ്. മെസി ലോക ചാമ്പ്യനാകാന്‍ വേണ്ടി സംഭവിച്ചതാണ് ഇതെല്ലാം. ലോകകപ്പില്‍ നടന്ന കാര്യങ്ങളെ കുറിച്ച് കൂടുതല്‍ പറഞ്ഞ് ഞാന്‍ നിങ്ങളെ ബോറടിപ്പിക്കുന്നില്ല,’ വാന്‍ ഗാല്‍ പറഞ്ഞു.
Content Highlight: Virgil Vand Djik says He dont share same Opinion with Van Gaal