| Saturday, 3rd August 2024, 6:42 pm

മെസിയോട് പരാജയപ്പെട്ടത് ഒരിക്കലും ഒരു മോശം കാര്യമല്ല; തുറന്നുപറഞ്ഞ് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

2019ല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് തൊട്ടരികിലെത്തി വീഴാനായിരുന്നു ഡച്ച് നായകന്‍ വിര്‍ജില്‍ വാന്‍ ജിക്കിന്റെ വിധി. ലയണല്‍ മെസിയായിരുന്നു അന്ന് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയത്.

ക്രിസ്റ്റ്യാനോയെ മൂന്നാം സ്ഥാനത്തേക്ക് പടിയിറക്കി രണ്ടാം സ്ഥാനത്താണ് വാന്‍ ജിക്ക് ഫിനിഷ് ചെയ്തത്. ഒരുപക്ഷേ മെസിയെ മറികടന്ന് പുരസ്‌കാരം നേടാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരു പതിറ്റാണ്ടിന് സേഷം ബാലണ്‍ ഡി ഓര്‍ നേടുന്ന ഡിഫന്‍ഡര്‍ എന്ന നേട്ടവും താരത്തിന് സ്വന്തമാകുമായിരുന്നു. 2006ല്‍ ഇറ്റാലിയന്‍ ലെജന്‍ഡ് കന്നവാരോ ആണ് ഇതിന് മുമ്പ് ബാലണ്‍ ഡി ഓര്‍ നേടിയ പ്രതിരോധ ഭടന്‍.

ഈ വര്‍ഷം ജനുവരിയില്‍ വാന്‍ ജിക് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രണ്ടാം സ്ഥാനം ലഭിച്ചത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും മെസിയോട് പരാജയപ്പെട്ടത് മോശം കാര്യമല്ലെന്നും വാന്‍ ജിക് പറഞ്ഞിരുന്നു.

‘രണ്ടാം സ്ഥാനമെന്നത് വളരെ സ്‌പെഷ്യലാണ്. വളരെ കുറച്ച് താരങ്ങള്‍ മാത്രമേ ബാലണ്‍ ഡി ഓര്‍ വിജയിക്കുന്നതിന് തൊട്ടടുത്ത് എത്തിയിട്ടുള്ളത്. ഇത്രത്തോളം പോയിന്റ് നേടിയ താരങ്ങളും വളരെ കുറച്ചുപേര്‍ മാത്രമേ ഉണ്ടാകൂ.

ചരിത്രത്തിലെ എക്കാലത്തെയും മികച്ച അഞ്ച് താരങ്ങളില്‍ രണ്ട് പേര്‍ക്കൊപ്പം ഇടം പിടിക്കാനായി. അവിടെ ഒരു ഡിഫന്‍ഡര്‍ എന്ന നിലയില്‍ ചെന്നുനിന്നത് തന്നെ അഭിമാനം തോന്നിയ നിമിഷമായിരുന്നു. ഞാന്‍ ആ പുരസ്‌കാരം അര്‍ഹിച്ചിരുന്നെങ്കില്‍ ഉറപ്പായും എനിക്ക് അത് ലഭിക്കുമായിരുന്നു,’ വാന്‍ ജിക് പറഞ്ഞു.

‘എല്ലാത്തിനും ഒരു കാരണമുണ്ടെന്നാണ് നീ വിശ്വസിക്കുന്നത്. മെസിയോട് പരാജയപ്പെട്ടത് ഒരു മോശം കാര്യമാണെന്ന് ഒരിക്കലും കരുതുന്നില്ല. ആ പുരസ്‌കാരം വിജയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാലും ലോകത്തിന്റെയൊന്നാകെ അംഗീകാരം ലഭിക്കുന്നത് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്,’ വാന്‍ ജിക് കൂട്ടിച്ചേര്‍ത്തു.

അതേസമയം, വാന്‍ ജിക്കിനെ സ്വന്തമാക്കാന്‍ സൗദി പ്രോ ലീഗ് വമ്പന്‍മാരായ അല്‍ നസര്‍ ശ്രമിക്കുന്നതായ റിപ്പോര്‍ട്ടുകളാണ് ഇമ്പോല്‍ പുറത്തുവരുന്നത്. നെതര്‍ലന്‍ഡ്സ് ക്യാപ്റ്റനുമായി അല്‍ നസര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും താരം സൗദിയിലേക്ക് ചുവടുമാറ്റാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ലിവര്‍പൂളിനോട് വിട പറയാനൊരുങ്ങുന്ന വാന്‍ ജിക്കുമായി ആദ്യം ചര്‍ച്ച നടത്തിയത് അല്‍ നസറാണ്. താരം അല്‍ അലാമിക്കൊപ്പം ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്പോര്‍ട്സ് കീഡയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്ത ജൂണോടെ ലിവര്‍പൂളുമായുള്ള വാന്‍ ജിക്കിന്റെ കരാര്‍ അവസാനിക്കുന്നതിനാല്‍ തന്നെ ആന്‍ഫീല്‍ഡ് വിടാനാകും ഡച്ച് ക്യാപ്റ്റന്റെ തീരുമാനം. സമ്മറില്‍ താരം അല്‍ നസറിലേക്ക് കൂടുമാറ്റുകയാണെങ്കില്‍ മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി, അത്‌ലറ്റിക് ക്ലബ്ബ് താരം അയ്മെറിക് ലപ്പോര്‍ട്ടെക്കൊപ്പം ഫസ്റ്റ് സ്റ്റാര്‍ട്ടറായും താരം ടീമിന്റെ ഭാഗമാകും.

അതേസമയം, വിര്‍ജില്‍ വാന്‍ ജിക്കിനായി സൗദി പ്രോ ലീഗായ അല്‍ ഇത്തിഹാദും രംഗത്തെത്തിയിട്ടുണ്ട്.

2018ല്‍ സതാംപ്ടണില്‍ നിന്നുമാണ് വാന്‍ ജിക് ലിവര്‍പൂളിലെത്തുന്നത്. 75 മില്യണ്‍ പൗണ്ടിനാണ് ഡച്ച്മാന്‍ റെഡ്സിനൊപ്പം പന്തുതട്ടാനെത്തിയത്. അന്ന് മുതല്‍ ലിവര്‍പൂളിനൊപ്പം എട്ട് കിരീടം നേടിയ താരം 23 ഗോളുകളും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

Content highlight: Virgil van Djik about Lionel Messi

We use cookies to give you the best possible experience. Learn more