| Monday, 17th October 2022, 8:11 pm

'കൊക്ക് എത്ര കുളം കണ്ടതാ'; തോല്‍ക്കുമെന്ന് പറഞ്ഞവരില്‍ സ്വന്തം കോച്ച് വരെ; ഹാലണ്ടിനെ പൂട്ടിയ ട്രിക്ക് വെളിപ്പെടുത്തി വാന്‍ ഡൈക്

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ സിറ്റിയുടെ അപരാജിത കുതിപ്പിന് വിരാമിട്ടുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം നടന്ന മാച്ചിലെ ലിവര്‍പൂളിന്റെ വിജയം. 1-0നായിരുന്നു ലിവര്‍പൂള്‍ സിറ്റിയെ പരാജയപ്പെടുത്തിയത്.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തില്‍ 76 ാം മിനിട്ടില്‍ മുഹമ്മദ് സലാ ആയിരുന്നു വിജയഗോള്‍ നേടിയത്. സിറ്റിയുടെ ഗോളടി മെഷീനായ എര്‍ലിങ് ഹാലണ്ടിന്റെ ഓരോ ഷോട്ടിനെയും മുന്നേറ്റങ്ങളെയും തടഞ്ഞിട്ട ലിവര്‍പൂളിന്റെ പ്രതിരോധനിരയാണ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്.

മത്സരത്തിന് മുമ്പ് ഹാലണ്ടിനെ തടഞ്ഞുനിര്‍ത്താന്‍ ലിവര്‍പൂളിന്റെ സെന്റര്‍ ബാക്കായ വാന്‍ ഡൈക്കിനാകുമോയെന്ന് പലരും സംശയമുന്നയിച്ചിരുന്നു. ഇടക്കാലത്ത് ഫോമില്‍ അല്‍പം പുറകോട്ട് പോയിരുന്ന ഡച്ച് താരത്തിന് ഹാലണ്ടിനെ തൊടാന്‍ പോലുമാകില്ലെന്നായിരുന്നു ചിലരുടെ കമന്റുകള്‍.

ലിവര്‍പൂള്‍ കോച്ചായ യര്‍ഗന്‍ ക്ലോപ് വരെ ഹാലണ്ടുള്ള സിറ്റിക്കെതിരെ വിജയം അസാധ്യമാണെന്ന് പറഞ്ഞിരുന്നു.

എന്നാല്‍ ജോ ഗോമസിനൊപ്പം പ്രതിരോധനിരയുടെ കോട്ട തീര്‍ക്കുന്ന വാന്‍ ഡൈക്കിനെയായിരുന്നു മത്സരത്തില്‍ കണ്ടത്. നോര്‍വീജിയന്‍ സ്‌ട്രൈക്കറെ പല തവണയാണ് വാന്‍ ഡൈക്ക് നിസഹായനാക്കിയത്.

അവസാന നിമിഷങ്ങളിലേക്ക് അടുക്കവേ ഹാലണ്ട് ഗോളിന് വേണ്ടി കിണഞ്ഞു പരിശ്രമിച്ചെങ്കിലും വാന്‍ ഡൈക്കിന്റെ അതിഗംഭീരമായ ഹെഡര്‍ അതിനെ തട്ടിയകറ്റുകയായിരുന്നു.

മാച്ചിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഹാലണ്ടുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തെ കുറിച്ച് വാന്‍ ഡൈക്ക് സംസാരിച്ചിരുന്നു. നേരത്തെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും ലിവര്‍പൂള്‍ താരം നല്‍കിയിരുന്നു.

‘എനിക്ക് ഹാലണ്ടിനോട് എതിരിടാന്‍ പറ്റുമോ, എന്നെ കൊണ്ട് ഇതൊക്കെ നടക്കുമോ എന്നൊക്കെ കുറെ പേര്‍ ചോദിച്ചിരുന്നു. അതൊക്കെ വെറും നോണ്‍സെന്‍സായിരുന്നു. നിരവധി മത്സരങ്ങളില്‍ ഞാന്‍ ഹാലണ്ടിനെ നേരിട്ടുട്ടുണ്ട്. എപ്പോഴും അത് മികച്ച പോരാട്ടാമാകാറുണ്ട്. ഇന്നും അങ്ങനെ തന്നെയായിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം ഒരൊറ്റ കാര്യം മാത്രമേ മുമ്പിലുണ്ടായിരുന്നുള്ളു. നന്നായി കളിക്കണം. കളിയില്‍ മാത്രം ശ്രദ്ധിച്ച് വിജയം നേടാനും ടീമെന്ന നിലയില്‍ മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കാനുമാണ് ഞാന്‍ ശ്രദ്ധിച്ചത്. അതിന് സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.

ഒരാള്‍ ഒറ്റക്ക് പോരാടി വിജയം നേടുക എന്ന രീതിയല്ലായിരുന്നു ഞങ്ങള്‍ സ്വീകരിച്ചത്. ഒന്നിച്ച് നിന്നായിരുന്ന ഞങ്ങള്‍ കളിച്ചത്. ഹാലണ്ടിന്റെ കാലില്‍ പന്ത് എത്താതെ നോക്കലായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം.

എതിര്‍ ടീമെന്നോ സ്വന്തം ടീമെന്നോ എന്ന വ്യത്യാസമെനിക്കില്ല. എല്ലാ കളിക്കാരോടും എനിക്ക് വലിയ ബഹുമാനമുണ്ട്. അവരുടെ നേട്ടങ്ങളെയും കഴിവുകളെയുമൊക്കെ ഞാന്‍ ഏറെ ആദരവോടെയാണ് കാണുന്നത്. ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള മത്സരങ്ങളാണ് നടക്കുന്നത്.

അവിടെ വരെയെത്താന്‍ ഓരോരുത്തരും കടന്നുപോയ നീണ്ട വഴികളുണ്ട്. അതുകൊണ്ട് ബഹുമാനമില്ലാതെ എനിക്ക് അവരോട് ഇടപെടാനാകില്ല,’ വാന്‍ ഡൈക് പറഞ്ഞു.

ഈ സീസണില്‍ കളിച്ച 14 മത്സരങ്ങളില്‍ മികച്ച പെര്‍ഫോമന്‍സായിരുന്നു വാന്‍ ഡൈക് പുറത്തെടുത്തത്. ഒരു നിമിഷം പോലും വെറുതെയിരിക്കാതെ ലിവര്‍പൂളിന്റെ പ്രതിരോധനിരയെ ബുദ്ധിപൂര്‍വ്വം മുന്നോട്ടുനയിച്ചത് താരമായിരുന്നു. ഒക്ടോബര്‍ 19ന് നടക്കുന്ന വെസ്റ്റ് ഹാം യുണൈറ്റഡുമായുള്ള മാച്ചിലും വാന്‍ ഡൈക് തന്നെയായിരിക്കും ലിവര്‍പൂളിന്റെ തുറുപ്പ്ചീട്ട്.

Content Highlight: Virgil van Dijk explains how Liverpool stopped Erling Haaland

We use cookies to give you the best possible experience. Learn more