| Monday, 29th April 2024, 6:14 pm

വിരാടിനെ ഒരിക്കലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ അനുവദിക്കില്ല; ഗാംഗുലി അടക്കമുള്ളവരെ തള്ളി സേവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് സൂപ്പര്‍ താരം വിരാട് കോഹ്‌ലി തിളങ്ങുന്നത്. റോയല്‍ ചലഞ്ചേഴ്‌സിന്റെ ഓപ്പണറായെത്തി റെക്കോഡുകളും റണ്‍മലകളും താണ്ടിയാണ് വിരാട് കുതിക്കുന്നത്.

കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി തികച്ചാണ് വിരാട് തിളങ്ങിയത്. ശുഭ്മന്‍ ഗില്ലിന്റെ ടീമിനെതിരെ പുറത്താകാതെ 70 റണ്‍സ് നേടിയതിന് പിന്നാലെ സീസണില്‍ 500 റണ്‍സ് മാര്‍ക് പിന്നിടാനും വിരാടിനായി.

ഓപ്പണറുടെ റോളില്‍ വിരാട് കോഹ്‌ലി മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ വരാനിരിക്കുന്ന ടി-20 ലോകകപ്പിലും വിരാട് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്ന് സൗരവ് ഗാംഗുലി അടക്കമുള്ളവര്‍ നിര്‍ദേശിച്ചിരുന്നു. രോഹിത് ശര്‍മക്കൊപ്പം വിരാട് ആദ്യ ഓവര്‍ മുതല്‍ ക്രീസിലെത്തിയാല്‍ ഇന്ത്യക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് ഇവര്‍ പറയുന്നത്.

എന്നാല്‍ ഈ നിര്‍ദേശത്തെ പൂര്‍ണമായും തള്ളുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരേന്ദര്‍ സേവാഗ്. താന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കില്‍ വിരാടിനെ ഒരിക്കലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ അനുവദിക്കില്ല എന്നും മൂന്നാം നമ്പറിലാണ് കളത്തിലിറക്കുക എന്നും സേവാഗ് പറഞ്ഞു.

‘ഞാന്‍ ടീമിന്റെ ഭാഗമാണെങ്കില്‍ ഒരിക്കലും വിരാടിനെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ അനുവദിക്കില്ല. പകരം അവന്‍ മൂന്നാം നമ്പറില്‍ കളത്തിലിറങ്ങും. രോഹിത് ശര്‍മയും യശസ്വി ജെയ്‌സ്വാളുമായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.

മിഡില്‍ ഓര്‍ഡറുകളില്‍ റണ്‍സ് കൊണ്ടുവരിക എന്നതാകും വിരാടിന്റെ ചുമതല. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ വിക്കറ്റ് വീണാല്‍ പവര്‍പ്ലേയില്‍ ഇന്നിങ്‌സിനെ താങ്ങി നിര്‍ത്താന്‍ സാധിക്കുമെന്ന ബോധ്യം അവനുണ്ട്.

പക്ഷേ ഏറെ സമയത്തിന് ശേഷമാണ് ആദ്യ വിക്കറ്റ് വീഴുന്നതെങ്കില്‍ ആ മൊമെന്റം നിലനിര്‍ത്താന്‍ ക്യാപ്റ്റനും കോച്ചിനും വിരാടിനോട് ആവശ്യപ്പെടാന്‍ സാധിക്കും. ഒരു താരം ഈ ചുമതലകളെല്ലാം നിര്‍വഹിക്കണം,’ ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തില്‍ സേവാഗ് പറഞ്ഞു.

2007 ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പൊസിഷന്‍ മാറി കളിച്ചതിനെ കുറിച്ചും സേവാഗ് സംസാരിച്ചു.

‘ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നതിനാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രാധാന്യം നല്‍കിയത്. എന്നാല്‍ 2007 ലോകകപ്പില്‍ നാലാം നമ്പറിലേക്കിറങ്ങിയാണ് കളത്തിലിറങ്ങിയത്. ടീമിന് വേണ്ടി അദ്ദേഹത്തിന് അത് ചെയ്യേണ്ടി വന്നു. ഓപ്പണര്‍മാര്‍ അടിത്തറയിട്ട ഇന്നിങ്‌സിന്റെ മൊമെന്റം കാത്തുസൂക്ഷിക്കാനായിട്ടായിരുന്നു അത്.

മികച്ച കളിക്കാര്‍ പോലും ഫ്‌ളെക്‌സിബിളായിരിക്കണം. നിങ്ങളുടെ ടീമിന് ഇതിനകം തന്നെ രണ്ട് മികച്ച ഓപ്പണര്‍മാര്‍ ഉണ്ടെങ്കില്‍, മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ നിങ്ങളത് തീര്‍ച്ചയായും സ്വീകരിക്കണം. ടീമിന് ഏറ്റവും മികച്ചത് എന്താണെന്ന് വിരാട് കോഹ്‌ലി മനസിലാക്കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight : Virendra Sehwag said if he was with the team, he would not have allowed Virat Kohli to open the innings.

We use cookies to give you the best possible experience. Learn more