മലയാള സിനിമയില്‍ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച ചിത്രമാണ് നിവിന്‍ പോളി-എബ്രിഡ് ഷൈന്‍ കൂട്ടുകെട്ടിലെത്തിയ മഹാവീര്യര്‍. ഒരു ചിത്രകഥയിലെന്ന പോലെയാണ് സിനിമ നടക്കുന്നത്. രണ്ട് കാലഘട്ടത്തില്‍ നടക്കുന്ന സംഭവങ്ങളേയും കഥാപാത്രങ്ങളേയും കൂട്ടിയിണക്കിയാണ് ചിത്രം മുമ്പോട്ട് പോകുന്നത്.
ചിത്രത്തിന്റെ കേന്ദ്രം എന്ന് പറയാവുന്ന കഥാപാത്രമാണ് സിദ്ധിഖ് അവതരിപ്പിച്ച വീരേന്ദ്രകുമാര്‍ എം.എം. കോര്‍ട്ട് റൂം ഡ്രാമയായി ഒരുങ്ങിയ ചിത്രത്തില്‍ ജഡ്ജായാണ് സിദ്ധിഖിന്റെ വീരേന്ദ്രകുമാര്‍ എത്തുന്നത്. അതിനാല്‍ തന്നെ ചിത്രത്തില്‍ ഏറ്റവുമധികം സ്‌ക്രീന്‍ സ്‌പേസ് ലഭിക്കുന്നത് സിദ്ധിഖിനാണ്.
സിനിമയിലെ വളരെ ഇന്‍ട്രസ്റ്റിങ്ങായിട്ടുള്ള കഥാപാത്രമാണ് വീരേന്ദ്രകുമാര്‍. കോടതിയില്‍ ഓരോ കേസിലും എത്തുന്ന കഥാപാത്രങ്ങളോട് അയാള്‍ ഇടപെടുന്നതും വിധി പറയുന്നതുമെല്ലാം കേള്‍ക്കാന്‍ രസകരമാണ്. ആദ്യപകുതിയില്‍ നിയമവശങ്ങള്‍ ശരിയായ രീതിയില്‍ പിന്തുടര്‍ന്ന് പോകുന്ന വീരേന്ദ്രകുമാര്‍ അധികാരത്തെ മുമ്പില്‍ നിയമത്തിന്റെ ദുര്‍വ്യാഖ്യാനിക്കാനും ഒപ്പം നില്‍ക്കുന്നുണ്ട്.