രോഹിത്തിന് ശേഷം മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ നയിക്കേണ്ടത് അവനാണ്: സെവാഗ്
Cricket
രോഹിത്തിന് ശേഷം മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ നയിക്കേണ്ടത് അവനാണ്: സെവാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th July 2024, 3:57 pm

രാജ്യം മുഴുവന്‍ ഇപ്പോള്‍ രണ്ടാം ടി-20 കിരീടം നേടിയതിന്റെ ആഘോഷത്തിലാണ്. നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ വീണ്ടും കുട്ടി ക്രിക്കറ്റിന്റെ രാജാക്കന്മാരായത്. 2007ന് ശേഷമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ടി-20 കിരീടത്തിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് രോഹിത് ശര്‍മയും സംഘവും ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിയത്. ഈ ലോകകപ്പില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ കിരീടം ചൂടിയത്.

ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത്, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. കുട്ടിക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും രോഹിത് തന്നെയായിരിക്കും ഇന്ത്യന്‍ ടീമിനെ നയിക്കുക.

ഇപ്പോഴിതാ രോഹിത്തിന് പകരക്കാരനായി ആരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കുക എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ഈ സാഹചര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആരാവണം എന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

രോഹിത് വിരമിച്ചതിനുശേഷം മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിനെ നയിക്കേണ്ടത് ശുഭ്മാന്‍ ഗില്‍ ആണെന്നാണ് സെവാഗ് പറഞ്ഞത്. ക്രിക്ബസിന് നല്‍കിയ ആഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു സെവാഗ്.

‘ഭാവിയില്‍ ഇന്ത്യന്‍ ടീമിനുവേണ്ടി എല്ലാ ഫോര്‍മാറ്റുകളിലും ശുഭ്മാന്‍ ഗില്‍ കളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 2023ല്‍ ടെസ്റ്റ്, ഏകദിനം, ടി-20 എന്നീ മൂന്ന് ഫോര്‍മാറ്റിലും ഗില്‍ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ അദ്ദേഹം 2024 ടി-20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാത്ത നിര്‍ഭാഗ്യകരമാണ്.

എന്നാല്‍ ഇത് വളരെയധികം ശരിയായ തീരുമാനമാണ് എന്ന് ഞാന്‍ കേള്‍ക്കുന്നു. രോഹിത് ശര്‍മ ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍ നിന്നും വിരമിക്കുമ്പോള്‍ ഗില്ലിനെ ക്യാപ്റ്റനാക്കുകയാണ് ശരിയായ തീരുമാനമെന്ന് ഞാന്‍ കരുതുന്നു. സെലക്ടര്‍മാര്‍ അദ്ദേഹത്തെ പുതിയ ക്യാപ്റ്റനായി തെരഞ്ഞെടുക്കുമെന്ന് ഞാന്‍ കരുതുന്നു,’ സെവാഗ് പറഞ്ഞു.

അതേസമയം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സിംബാബ് വെക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് ഗില്ലാണ്. ടി-20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചു കൊണ്ട് ഒരുപിടി യുവനിരയുമായാണ് ഇന്ത്യന്‍ ടീം ഹരാരെയിലേക്ക് വിമാനം കയറിയത്.

എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള ക്യാപ്റ്റനായയുള്ള ഗില്ലിന്റെ ആദ്യ മത്സരം തന്നെ തോല്‍വിയോടെയാണ് തുടങ്ങിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ 13 റണ്‍സിന് സിംബാബ്വെ പരാജയപ്പെടുത്തിയിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 19.5 ഓവറില്‍ 102 റണ്‍സിന് പുറത്താവുകയായിരുന്നു.

 

Content Highlight: Virender Sewhag Talks Shubhman Gill will be the Indian Captain After Rohit Sharma Retirement