| Monday, 2nd September 2024, 10:20 pm

ഇന്ത്യൻ ടീമിന്റെ പരിശീലകനാവാൻ എനിക്ക് താത്‌പര്യമില്ല: കാരണം വെളിപ്പെടുത്തി സെവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് വിരേന്ദര്‍ സേവാഗ്. ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടും താരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മെന്ററായും ക്രിക്കറ്റ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എന്നാല്‍ തന്റെ കരിയറില്‍ സെവാഗ് ഇതുവരെ ഒരു അന്താരാഷ്ട്ര ടീമിന്റെ പരിശീലക കുപ്പായം അണിഞ്ഞിട്ടില്ല. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ആവാത്തതിന്റെ കാരണം എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സേവാഗ്.

‘ഇന്ത്യന്‍ ടീമിനു വേണ്ടിയല്ല, ഐ.പി.എല്ലില്‍ ഏതെങ്കിലും ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഒരു അവസരം വന്നാല്‍ ഞാന്‍ തീര്‍ച്ചയായും അവിടെ ഉണ്ടാകും. കാരണം എന്തെന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ ആയാല്‍ ഞാന്‍ എന്റെ പഴയ ദിനചര്യയിലേക്ക് മടങ്ങും. ഞാന്‍ കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യന്‍ ടീമിനായി കളിച്ചു. ഇപ്പോള്‍ എന്റെ കുട്ടികളില്‍ ഒരാള്‍ക്ക് 14 ഒരാള്‍ക്ക് 16 എന്നിങ്ങനെയാണ് പ്രായം. ഇതില്‍ ഒരാള്‍ ഒരു ഓപ്പണിങ് ബാറ്റര്‍ ആണ്. അതുകൊണ്ട് എനിക്ക് അവരെ പഠിപ്പിക്കണം.

ഞാന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ ആവുകയാണെങ്കില്‍ ഇന്ത്യന്‍ താരങ്ങളോടൊപ്പം ഏകദേശം എട്ടുമാസത്തോളം ചിലവഴിക്കേണ്ടി വരും. ഇതെനിക്ക് വലിയവെല്ലുവിളിയാകും. ഈ സമയങ്ങളില്‍ എന്റെ കുട്ടികള്‍ക്ക് സമയം നല്‍കാന്‍ എനിക്ക് കഴിയില്ല. എനിക്ക് ഇന്ത്യന്‍ പ്രീമിയ ലീഗില്‍ ഒരു പരിശീലകന്റെയോ ഉപദേശകന്റെയോ റോള്‍ ലഭിക്കുകയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അത് പരിഗണിക്കും,’ സെവാഗ് അമര്‍ ഉജാലക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2015ലായിരുന്നു സെവാഗ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഇതിനുശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിന്റെ മെന്ററായും പിന്നീട് ടീമിന്റെ ക്രിക്കറ്റ് ഡയറക്ടറായും സെവാഗ് പ്രവര്‍ത്തിച്ചു. 2014, 2015 സീസണുകളില്‍ പഞ്ചാബിന് വേണ്ടി സെവാഗ് കളിച്ചിട്ടുണ്ട്. 2014 പഞ്ചാബിനെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ മുന്‍ ഇന്ത്യന്‍ താരം വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഓപ്പണര്‍ എന്ന നിലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് സെവാഗ്. ടെസ്റ്റ് ക്രിക്കറ്റില്‍ 104 മത്സരങ്ങളില്‍ 180 ഇന്നിങ്‌സുകളില്‍ നിന്നും 8586 റണ്‍സാണ് സെവാഗ് നേടിയത്. 23 സെഞ്ച്വറികളും 33 അര്‍ധസെഞ്ച്വറികളുമാണ് താരം നേടിയത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരവും സെവാഗ് തന്നെയാണ്.

ഏകദിനത്തില്‍ 251 മത്സരങ്ങളില്‍ നിന്നും 15 സെഞ്ച്വറികളും 38 അര്‍ധസെഞ്ച്വറികളും അടക്കം 8273 റണ്‍സുമാണ് താരത്തിന്റെ അക്കൗണ്ടില്‍ ഉള്ളത്. കുട്ടിക്രിക്കറ്റില്‍ 19 മത്സരങ്ങളില്‍ നിന്നും രണ്ട് ഫിഫ്റ്റി അടക്കം 394 റണ്‍സും സെവാഗ് നേടിയിട്ടുണ്ട്.

Comtent Highlight: Virender Sewhag Talks About His Coaching Carrier in Cricket

We use cookies to give you the best possible experience. Learn more