ഹൈദരാബാദ്: ആദ്യമൊരു ഫോണ്‍ കോള്‍, പിന്നെ ഒരു ഗ്രാന്റ് വെല്‍ക്കം..സെവാഗിനറിയാം ആതിഥേയന്റെ റോള്‍ എങ്ങനെ ഭംഗിയാക്കണം. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമിലേക്ക് ഇന്ത്യന്‍ പേസ് ബൗളര്‍ ഇശാന്ത് ശര്‍മ്മയെ സ്വാഗതം ചെയ്തു കൊണ്ട് സെവാഗ് തന്റെ സ്വധസിദ്ധമായ നര്‍മ്മ ബോധം ഒരിക്കല്‍ കൂടി വെളിപ്പെടുത്തുകയായിരുന്നു.
“വക്രിച്ച ബുര്‍ജ് ഖലീഫ” എന്നായിരുന്നു സെവാഗ് ഇശാന്തിനെ വിശേഷിപ്പിച്ചത്. ഓസീസിനെതാരായ മത്സരത്തിനിടെ ഇശാന്ത് തന്റെ മുഖത്ത് വരുത്തിയ ആ “പ്രത്യേക” ഭാവത്തിന്റെ ചിത്രവും ചേര്‍ത്തു കൊണ്ടായിരുന്നു വീരുവിന്റെ ട്വീറ്റ്.
തീര്‍ന്നില്ല. കാണികള്‍ക്കും താരങ്ങള്‍ക്കും മുന്നില്‍ സെവാഗ് ഒരു നിബന്ധനയും വെച്ചു. ഇശാന്തിനെ സ്വീകരിക്കേണ്ടത് താരത്തിന്റെ ഭാവത്തെ അനുകരിച്ചു കൊണ്ടായിരിക്കണമെന്നായിരുന്നു സെവാഗിന്റെ നിബന്ധന.
ഇന്ത്യ-ഓസീസ് പരമ്പരയ്ക്കിടെ ഏറെ ചര്‍ച്ചയായതായിരുന്നു ഇശാന്തിന്റെ മിമിക്രി. ഇതിനെ അനുകരിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി മെമം പ്രത്യക്ഷപ്പെട്ടിരുന്നു.
സെവാഗിന്റെ ട്വീറ്റിന് മറുപടിയുമായി ഇശാന്ത് ഉടനെ രംഗത്തെത്തി. നാളെ പ്രാക്ടീസ് സെഷനിലെത്തുമ്പോള്‍ ഈ ഭാവം താങ്കളുടെ മുഖത്തായിരിക്കും എന്നായിരുന്നു ഇശാന്തിന്റെ മറുപടി. ഇശാന്തിന്റെ ഭാവം അനുകരിക്കാന്‍ തന്നെ ഒരു പ്രാക്ടീസ് സെഷന്‍ വേണ്ടി വരുമെന്നായിരുന്നു സെവാഗിന്റെ നര്‍മ്മ കലര്‍ന്ന മറുപടി.
റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ താരമായിരുന്നു ഇശാന്ത് കഴിഞ്ഞ സീസണില്‍. ഇത്തവണ ലേലത്തില്‍ ഏറ്റവും കൂടുതല്‍ അടിസ്ഥാന വിലയുണ്ടായിരുന്ന ഇന്ത്യന്‍ താരമായിരുന്നിട്ടും ഇശാന്തിനെ വാങ്ങാന്‍ ആരും തയ്യാറാകരാതെ വരികയായിരുന്നു. ഇശാന്തിനെ പഞ്ചാബിലേക്ക് എത്തിച്ചത് സെവാഗായിരുന്നു.