| Tuesday, 5th September 2023, 3:32 pm

ലോകകപ്പ് കളിക്കുമ്പോള്‍ ബ്രിട്ടീഷുകാര്‍ നല്‍കിയ പേര് വേണ്ട; ജയ് ഷായോട് ആവശ്യമുന്നയിച്ച് സേവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ ഇന്ത്യ ‘ഭാരത്’ എന്ന പേരില്‍ കളത്തിലറങ്ങണമെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരേന്ദര്‍ സേവാഗ്. ലോകകപ്പ് ജേഴ്‌സിയില്‍ ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കണമെന്ന് ബി.സി.സി.ഐയോടും ജയ് ഷായോടും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാര്‍ നല്‍കിയതാണെന്നും ഭാരത് എന്ന പേര് ഔഗ്യോഗികമാക്കാന്‍ താന്‍ ഏറെ നാളായി അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും എക്‌സിലൂടെ സേവാഗ് പ്രതികരിച്ചു.

‘ഒരു പേര് എപ്പോഴും നമ്മുടെ മനസില്‍ അഭിമാനം വളര്‍ത്തുന്നതായിരിക്കണമെന്നാണ് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നത്. നമ്മള്‍ ഭാരതീയരാണ്, ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരാണ് നമുക്ക് നല്‍കിയത്. ഭാരത് എന്ന പേര് ഔദ്യോഗികമായി തിരികെ ലഭിക്കണമെന്ന് ഞാന്‍ വളരെ കാലമായി അഭ്യര്‍ത്ഥിക്കുന്നു.

ഈ ലോകകപ്പില്‍ ഭാരതമെന്ന പേര് നമ്മുടെ താരങ്ങളുടെ നെഞ്ചില്‍ ഉണ്ടാകണമെന്ന് ഞാന്‍ ബി.സി.സി.ഐയോടും ജയ് ഷായോടും ആവശ്യപ്പെടുന്നു,’ സേവാഗ് പറഞ്ഞു.

മറ്റ് ട്വീറ്റുകളിലും സേവാഗ് ഭാരത് എന്ന പേര് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

‘1996ല്‍ നെതര്‍ലന്‍ഡ്‌സ് ഹോളണ്ട് എന്ന പേരിലാണ് ഭാരതത്തില്‍ ലോകകപ്പ് കളിക്കാനെത്തിയത്. 2003ല്‍ അവരെ കണ്ടുമുട്ടിയപ്പോള്‍ അവര്‍ നെതര്‍ലന്‍ഡ്‌സ് എന്ന പേരിലാണ് കളിക്കുന്നത്, ഇപ്പോഴും അതുതന്നെയാണ് തുടരുന്നതും.

ബ്രിട്ടീഷുകാര്‍ നല്‍കിയ ബര്‍മ എന്ന പേരില്‍ നിന്ന് മ്യാന്‍മറും തിരിച്ചുവന്നിരിക്കുകയാണ്. മറ്റ് പല രാജ്യങ്ങളും അവരുടെ യഥാര്‍ത്ഥ പേരിലേക്ക് മാറിക്കഴിഞ്ഞു,’ സേവാഗ് കുറിച്ചു.

പാര്‍ലമെന്റില്‍ ഇന്ത്യയുടെ പേര് മാറ്റാന്‍ സാധ്യത കല്‍പിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സേവാഗിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കുമെന്ന് സൂചനകളുണ്ട്. ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് ഇന്ത്യയുടെ പേര് ഭാരത് എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമായെന്നും ഇന്ത്യയുടെ പേര് മാറ്റാന്‍ കേന്ദ്രം പുതിയ പ്രമേയം കൊണ്ടുവന്നേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ തനിക്ക് രാഷ്ട്രീയത്തില്‍ ഒരു താത്പര്യമില്ലെന്നും സേവാഗ് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ട് പ്രധാന പാര്‍ട്ടികള്‍ തന്നെ സമീപിച്ചിരുന്നുവെന്നും കായിക താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാതിരിക്കുകയാണ് നല്ലതെന്നാണ് താന്‍ കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഒക്ടോബറില്‍ നടക്കുന്ന ലോകകപ്പിനുള്ള സ്‌ക്വാഡ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മ നായകനായുള്ള 15 അംഗ സ്‌ക്വാഡിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Content Highlight: Virender Sehwag wants India to play as Bharat in the World Cup

We use cookies to give you the best possible experience. Learn more