ഇതൊക്കെ ഒരു രസം അല്ലേ... ആ നിമിഷത്തിന് പിന്നാലെ ബുംറയെ ട്രോളി സേവാഗ്
Sports News
ഇതൊക്കെ ഒരു രസം അല്ലേ... ആ നിമിഷത്തിന് പിന്നാലെ ബുംറയെ ട്രോളി സേവാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 3rd July 2022, 7:27 pm

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേതുമായ ടെസ്റ്റ് ജസ്പ്രീത് ബുംറയുടെ പേരിലായിരിക്കും അറിയപ്പെടാന്‍ പോവുന്നത്. ക്യാപ്റ്റനായി ചുമതലയേറ്റ ആദ്യ മത്സരത്തില്‍ തന്നെ മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 400 കടത്തിയത് ബുംറയുടെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു. ബെന്‍ സ്റ്റോക്‌സിനെ മൈതാനത്തിന്റെ നാലുപാടേക്കും പറപ്പിച്ച് നേടിയ 35 റണ്‍സ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായിരുന്നു.

ബാറ്റിങ്ങിന് പിന്നാലെ ബൗളിങ്ങിലും താരം തന്റെ മാന്ത്രികത ആവര്‍ത്തിച്ചു. ഓപ്പണര്‍മാരായ സാക്ക് ക്രോളിയുടെയും അലക്‌സ് ലീച്ചിന്റെയുമടക്കം മൂന്ന് മുന്‍നിര വിക്കറ്റുകളായിരുന്നു ബുംറ പിഴുതെടുത്തത്.

ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിനെ പുറത്താക്കിയ തകര്‍പ്പന്‍ ക്യാച്ചിലൂടെ താരം തന്റെ 4D മികവ് തെളിയിച്ചിരുന്നു. വേഗത്തിലുള്ള പന്തുകള്‍ മാത്രമല്ല, ഇതുപോലുള്ള മറ്റ് അസ്ത്രങ്ങളും തന്റെ ആവനാഴിയിലുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ബുംറയുടെ പ്രകടനം.

ഇപ്പോഴിതാ, ബുംറയുടെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ താരത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. ബുംറയെ ആമീര്‍ ഖാന്‍ നായകനായ ‘ത്രീ ഇഡിയറ്റ്‌സ്’ എന്ന ചിത്രത്തില്‍ ബോമാന്‍ ഇറാനി അവതരിപ്പിച്ച കഥാപാത്രത്തോടുപമിച്ചായിരുന്നു സേവാഗിന്റെ ട്വീറ്റ്.

‘ബുംറ ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ്, ക്യാപ്റ്റനിങ്’ #IndsvEng എന്ന ക്യാപ്ഷനോടെയാണ് സേവാഗ് താരത്തെ ട്രോളിയത്.

അതേസമയം, സ്റ്റാര്‍ ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോയെയും ഇംഗ്ലണ്ടിന് നഷ്ടമായിരിക്കുകയാണ്. മുഹമ്മദ് ഷമിയുടെ പന്തില്‍ വിരാടിന്റെ ക്യാച്ചിലൂടെയാണ് ബെയര്‍സ്‌റ്റോ പവലിയനിലേക്ക് മടങ്ങിയത്.

140 പന്തില്‍ നിന്നും 14 ബൗണ്ടറിയും രണ്ട് സിക്‌സറുമുള്‍പ്പടെ 75.71 സ്‌ട്രൈക്ക് റേറ്റില്‍ 106 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്.

നിലവില്‍ വാലറ്റക്കാരാണ് ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ ബാക്കിയുള്ളത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ സാം ബില്ലിങ്‌സും സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ഇപ്പോള്‍ ഇംഗ്ലണ്ടിനായി ക്രീസിലുള്ളത്.

59 ഓവര്‍ പിന്നിടുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സാണ് ഇംഗ്ലണ്ടിനുള്ളത്. 149 റണ്‍സ് കൂടി നേടാനായാല്‍ ഇംഗ്ലണ്ടിന് ലീഡ് സ്വന്തമാക്കാം.

 

Content Highlight: Virender Sehwag trolls Jasprit Bumrah