മൊഹാലി: വിരമിച്ചെങ്കിലും വെടിക്കെട്ടിന് വീരു ഇന്നും അവസാനം കുറിച്ചിട്ടില്ല. ചെറിയൊരു മാറ്റം, ട്വിറ്ററിലാണ് ഇപ്പോള്‍ ആക്രമണമെന്നു മാത്രം. ഇന്നലെ കൊല്‍ക്കത്ത-പഞ്ചാബ് മത്സരത്തില്‍ പഞ്ചാബ് വിജയിച്ചതിനു ശേഷവും സെവാഗ് തന്റെ തനത് ശൈലിയില്‍ ട്രോളുമായെത്തി. ഇത്തവണ ഇരകളായത് മാധ്യമങ്ങളായിരുന്നു. പ്ലേ ഓഫ് സാധ്യതകള്‍ ടീം തിരിച്ചു പിടിച്ചതിന് ശേഷമാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ സ്‌ട്രൈറ്റ് ഡ്രൈവ്.
പഞ്ചാബ് താരങ്ങളുടെ പ്രകടനത്തെ പുകഴ്ത്തുന്ന ട്വീറ്റിലാണ് സെവാഗ് മാധ്യമങ്ങളെ കളിയാക്കുന്നത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു പോലും രസം തോന്നുന്നതാണ് സെവാഗിന്റെ ട്വീറ്റ് എന്നതാണ് ശ്രദ്ധേയം.
Really proud of the boys for a grt victory.Our spinners spun ball better than few media people spin stories.Picture abhi baaki hai#KXIPvKKR
— Virender Sehwag (@virendersehwag) May 9, 2017
“കളിക്കാരെ ഓര്‍ത്ത് അഭിമാനിക്കുന്നു. മഹത്തായ വിജയം. ഞങ്ങളുടെ സ്പിന്നര്‍മാര്‍ മാധ്യമങ്ങള്‍ വാര്‍ത്ത വളക്കുന്നതിനേക്കാള്‍ നന്നായി പന്ത് തിരിക്കുന്നുണ്ട്.” എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്.
ഐ.പി.എല്‍ പഞ്ചാബ് ടീമിന്റെ ഉപദേശകനാണ് സെവാഗ്. ഗൗതം ഗംഭീര്‍ നായകനായ കൊല്‍ക്കത്ത നൈറ്റ് റൈഡേസിനെതിരെയുള്ള മത്സരത്തില്‍ വിജയത്തെത്തുടര്‍ന്നാണ് സെവാഗിന്റെ ട്വീറ്റ്.
സ്പിന്‍ ബോളറായ രാഹുല്‍ തിവേദ്യ, സ്വപ്‌നീല്‍ സിങ്, അക്‌സര്‍ പട്ടേല്‍ എന്നിവരെ അഭിനന്ദിച്ച് കൊണ്ടാണ് സെവാഗിന്റെ ട്രോള്‍. കൊല്‍ക്കത്തയ്‌ക്കെതിരായ വിജയത്തില്‍ ടീമിന്റെ സ്പിന്‍ പ്രകടനം ഏറെ നിര്‍ണ്ണായകമായിരുന്നു.