ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിറം മാറുകയാണ്. വീറും വാശിയും താരങ്ങളുടെ വാക്കുകളിലും പെരുമാറ്റത്തിലും പ്രകടമാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് സെവാഗും ഗംഭീറും തമ്മില്‍ നടന്ന വാക് യുദ്ധം. ഇന്ത്യന്‍ ടീം കണ്ട എക്കാലത്തേയും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടുകളിലൊന്നായിരുന്ന ഇരുവരും ഉറ്റ സുഹൃത്തുക്കളുമാണ്. എന്നാല്‍ ഐ.പി.എല്ലിലെത്തുമ്പോള്‍ രണ്ടു ടീമുകളെ പ്രതിനിധികരിക്കുന്നവരാണ്. അതുകൊണ്ട് വാക്കുകളിലും ആ വാശികാണും.
ഇന്ത്യന്‍ പേസിലെ ബുര്‍ജ് ഖലീഫയെന്ന സെവാഗ് തന്നെ വിശേഷിപ്പിച്ചിട്ടുള്ള ഇശാന്ത് ശര്‍മ്മ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമിലേക്ക് വരുന്നുവെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു കൊണ്ട് സെവാഗ് സംസാരിക്കവെയായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്.
ഗൗതം ഗംഭീറിന്റെ കമന്റ് പരാമര്‍ശിച്ചു കൊണ്ട് ഒരു മാധ്യമ പ്രവര്‍ത്തകനാണ് ചോദ്യം ഉന്നയിച്ചത്. ” നാല് ഓവര്‍ എറിയാന്‍ ആരും രണ്ടു കോടി കൊടുക്കില്ല. ഇശാന്തിന്റെ അടിസ്ഥാന വില എന്നെ ഞെട്ടിക്കുന്നതായിരുന്നു.” എന്നായിരുന്നു ഗംഭീറിന്റെ കമന്റ്. ഇതിനെ കുറിച്ചായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ സെവാഗിനോട് ചോദിച്ചത്.
ചോദിച്ചത് സെവാഗിനോടല്ലേ?, മറുപടിയ്ക്ക് യാതൊരു പഞ്ഞവും കാണില്ലല്ലോ. ഗംഭീറിനുള്ള കുറിക്കുകൊള്ളുന്ന മറുപടിയായിരുന്നു സെവാഗിന്റെ വാക്കുകള്‍. ” ഒരു കാര്യം പറയൂ, 60 പന്തുകള്‍ കളിക്കാന്‍ ആരാണ് 12 കോടി തരിക?”. ഗംഭീറിന്റെ പ്രതിഫലത്തെയായിരുന്നു സെവാഗ് ലക്ഷ്യം വച്ചത്. പ്രമുഖ ദേശീയ മാധ്യമമായ ഇന്ത്യ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ അടിസ്ഥാന വിലയുണ്ടായിരുന്ന ഇന്ത്യന്‍ താരമായിരുന്നിട്ടും ഇശാന്തിനെ വാങ്ങാന്‍ ആരും തയ്യാറാകാതെ പോവുകയായിരുന്നു. ഇതിനു പിന്നാലെയാണ് താരത്തെ പഞ്ചാബ് ടീമിലെടുക്കുവാനായി സെവാഗ് രംഗത്തെത്തുന്നത്.