കാശ് കൊടുത്താല്‍ പലതും വാങ്ങാം, എന്നാല്‍ 18 കോടിക്ക് എക്‌സ്പീരിയന്‍സ് വാങ്ങാന്‍ സാധിക്കില്ല; സൂപ്പര്‍ താരത്തെ കടന്നാക്രമിച്ച് സേവാഗ്
IPL
കാശ് കൊടുത്താല്‍ പലതും വാങ്ങാം, എന്നാല്‍ 18 കോടിക്ക് എക്‌സ്പീരിയന്‍സ് വാങ്ങാന്‍ സാധിക്കില്ല; സൂപ്പര്‍ താരത്തെ കടന്നാക്രമിച്ച് സേവാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st April 2023, 4:40 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – പഞ്ചാബ് കിങ്‌സ് മത്സരത്തില്‍ ഹോം ടീമിനെ പരാജയപ്പെടുത്തി ആര്‍.സി.ബി വിജയമാഘോഷിച്ചിരുന്നു. മൊഹാലിയില്‍ വെച്ച് നടന്ന മത്സരത്തില്‍ 24 റണ്‍സിനായിരുന്നു ആര്‍.സി.ബിയുടെ വിജയം.

ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ സാം കറനായിരുന്നു പഞ്ചാബിനെ നയിച്ചത്. എന്നാല്‍ ആ റോള്‍ വേണ്ടത്ര മികച്ചതാക്കാന്‍ കറന് സാധിച്ചിരുന്നില്ല. ക്യാപ്റ്റന്‍സിക്ക് പുറമെ ബാറ്റിങ്ങിലും താരത്തിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. 12 പന്തില്‍ നിന്നും പത്ത് റണ്‍സ് നേടിയാണ് കറന്‍ മടങ്ങിയത്.

താരത്തിന്റെ മോശം പ്രകടനത്തിനും പഞ്ചാബ് കിങ്‌സിന്റെ തോല്‍വിക്കും പിന്നാലെ സാം കറനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ വിരേന്ദര്‍ സേവാഗ്. താരത്തിന്റെ എക്‌സ്പീരിയന്‍സ് ഇല്ലായ്മയാണ് സേവാഗ് ചൂണ്ടിക്കാട്ടുന്നത്.

18 കോടി രൂപക്ക് എക്‌സ്പീരിയന്‍സ് വാങ്ങാന്‍ സാധിക്കില്ലെന്നും അത് കൂടുതല്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ മാത്രം ലഭിക്കുന്നതാണ് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഐ.പി.എല്‍ താരലേലത്തില്‍ കറന് ലഭിച്ച 18.25 കോടി രൂപയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു സേവാഗ് ഇക്കാര്യം പറഞ്ഞത്.

ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സേവാഗ് കറനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.

‘നിങ്ങള്‍ക്ക് 18 കോടി രൂപക്ക് എക്‌സ്പീരിയന്‍സ് വാങ്ങാന്‍ സാധിക്കില്ല. അത് സൂര്യന് കീഴില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ മാത്രം ലഭിക്കുന്നതാണ്.

18 കോടി രൂപക്ക് അവനെ ടീമിലെത്തിച്ചതുകൊണ്ട് അവന്‍ എല്ലാ മത്സരവും വിജയിപ്പിക്കുമെന്നാണ് ആളുകള്‍ കരുതുന്നത്. അവന്‍ മോശം പ്രകടനമാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.

നിങ്ങളൊരു ക്യാപ്റ്റനാണ്. മത്സരം അവസാന ഓവറുകളിലേക്ക് കൊണ്ടുപോകാന്‍ നിങ്ങളവിടെ തന്നെ തുടരണമായിരുന്നു. പരിചയക്കുറവാണ് ആ നഷ്ടം വരുത്തിവെച്ചത്.’ സേവാഗ് പറഞ്ഞു.

അതേസമയം, മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഫാഫിന് പകരം ക്യാപ്റ്റന്‍സിയേറ്റെടുത്ത വിരാട് കോഹ്‌ലിയും ഫാഫ് ഡു പ്ലെസിസും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ വമ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. 131 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ആര്‍.സി.ബി നേടിയത്.

വിരാട് 47 പന്തില്‍ നിന്നും ഒരു സിക്‌സറും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെ 59 റണ്‍സ് നേടിയപ്പോള്‍ 56 പന്തില്‍ നിന്നും അഞ്ച് വീതം ബൗണ്ടറിയും സിക്‌സറുമടക്കം 84 റണ്‍സാണ് ഫാഫ് നേടിയത്.

ഇരുവരുടെയും ബാറ്റിങ് കരുത്തില്‍ ആര്‍.സി.ബി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്.

175 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഹോം ടീം 150 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. പഞ്ചാബിനായി 46 റണ്‍സ് നേടിയ പ്രഭ്‌സിമ്രാന്‍ സിങ്ങും 41 റണ്‍സ് നേടിയ ജിതേഷ് ശര്‍മയും പൊരുതിയെങ്കിലും വിജയിക്കാന്‍ അത് മതിയായിരുന്നില്ല.

നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് റോയല്‍ ചലഞ്ചേഴ്‌സിനായി മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇതിന് പുറമെ ഒരു ഡയറക്ട് ഹിറ്റ് റണ്‍ ഔട്ടും സിറാജിന്റെ വകയുണ്ടായിരുന്നു.

ആറ് മത്സരത്തില്‍ നിന്നും മൂന്ന് വിജയവുമായി ഏഴാം സ്ഥാനത്താണ് പഞ്ചാബ്.

 

 

Content highlight: Virender Sehwag slams Sam Curran