'തനിക്കത് പറഞ്ഞാല്‍ മനസിലാകില്ലെടോ'; ഫൈനലില്‍ പൊരുതി തോറ്റ പെണ്‍പടയെ അഭിനന്ദിച്ച സെവാഗിനെ പിന്നില്‍ നിന്ന് കുത്തി വീണ്ടും മോര്‍ഗണ്‍; വായടപ്പിച്ച് വീരുവിന്റെ മറുപടി
Daily News
'തനിക്കത് പറഞ്ഞാല്‍ മനസിലാകില്ലെടോ'; ഫൈനലില്‍ പൊരുതി തോറ്റ പെണ്‍പടയെ അഭിനന്ദിച്ച സെവാഗിനെ പിന്നില്‍ നിന്ന് കുത്തി വീണ്ടും മോര്‍ഗണ്‍; വായടപ്പിച്ച് വീരുവിന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th July 2017, 6:27 pm

മുംബൈ: അവസാന യുദ്ധത്തില്‍ പരാജയപ്പെട്ടെങ്കിലും തലയുയര്‍ത്തി തന്നെയാണ് മിതാലിയും സംഘവും ലോര്‍ഡ്‌സില്‍ നിന്നും മടങ്ങുന്നത്. സ്വന്തം നാട്ടില്‍ പോലും കാണികളില്ലാതിരുന്ന ടീമിനെ ലോര്‍ഡ്‌സിലെ നിറഞ്ഞ ഗ്യാലറിയിലേക്കും ടി.വിയ്ക്ക് മുന്നില്‍ നഖം കടിച്ചിരുന്ന് കളികാണുന്ന ഇന്ത്യാക്കാര്‍ക്കിടയിലേക്കും എത്തിച്ചതിന്റെ അഭിമാനത്തോടെയാണ് അവര്‍ മടങ്ങുന്നത്.

നാടിന്റെ അഭിമാനമുയര്‍ത്തിയ പെണ്‍പുലികള്‍ക്ക് അഭിനന്ദനങ്ങളുമായി നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു വീരു താരങ്ങള്‍ക്ക് പ്രശംസയുമായെത്തിയത്. വനിത ക്രിക്കറ്റ് അക്ഷരാര്‍ത്ഥത്തില്‍ വരവറയിച്ചിരിക്കുന്നു എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. അതിന് താരങ്ങളോട് നന്ദി പറയാനും വീരു മറന്നില്ല. കൂടാതെ ടീമിന്റെ സ്പിരിറ്റിനെ സല്യൂട്ട് ചെയ്യാനും അദ്ദേഹം മറന്നില്ല.

സെവാഗിന് പിന്നാലെ സച്ചിനടക്കമുള്ള മുന്‍ ഇന്ത്യന്‍ താരങ്ങളും ക്രിക്കറ്റ് ഇതിഹാസങ്ങളുമെല്ലാം അവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. എന്നാല്‍ നേരത്തെ പലവട്ടം സെവാഗിനോട് ഇടഞ്ഞിട്ടുള്ള ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗണ്‍ ഇത്തവണം വീരുവിനെ ട്രോളി. ഫൈനലിലെ തോല്‍വിയ്ക്ക് ശേഷം സെവാഗിന് സുഖം തന്നെയല്ലേ എന്നായിരുന്നു മോര്‍ഗണിന്റെ തോണ്ടല്‍.

പക്ഷെ ഇപ്പുറത്തുള്ളത് സെവാഗല്ലേ. പലവട്ടം മോഗണിന്റെ പത്തി അടിച്ചൊതുക്കിയിട്ടുണ്ട്. ഇത്തവണയും സെവാഗ് മോര്‍ഗണ് കുറിക്കു കൊള്ളുന്ന മറുപടി തന്നെ നല്‍കി. വളരെ ചെറിയ നേട്ടങ്ങള്‍ പോലും ആഘോഷിക്കുകയും ഓര്‍ത്തു വെക്കുകയും ചെയ്യുന്നവരാണ് ഇന്ത്യാക്കാരെന്നായിരുന്നു സെവാഗിന്റെ മറുപടി. ഇന്ത്യന്‍ ടീം ധീരമായി പോരാടിയെന്നും തോല്‍വിയിലും അഭിമാനിക്കാന്‍ ഒരുപാടുണ്ടെന്നും സെവാഗ് പറഞ്ഞു.

ഒടുവില്‍ മോര്‍ഗണിട്ടൊരു കുത്ത് കുത്താനും സെവാഗ് മറന്നില്ല. മാറ്റത്തിന് തയ്യാറെടുത്തോളൂ എന്നായിരുന്നു സെവാഗിന്റെ മുന്നറിയിപ്പ്.