സൗത്ത് ആഫ്രിക്കയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ഇതിഹാസ താരം വിരേന്ദര്‍ സേവാഗ്. ഗാബയിലെ പിച്ചിനെ നിശിതമായി വിമര്‍ശിച്ച താരം ചില ക്രിക്കറ്റ് അനലിസ്റ്റുകളുടെ ഇരട്ടത്താപ്പിനെതിരെയും വിമര്‍ശനമുന്നയിച്ചു.
ബ്രിസ്‌ബെയ്‌നിലെ ഗാബയില്‍ വെച്ച് നടന്ന ആദ്യ ടെസ്റ്റ് കേവലം ഒന്നര ദിവസത്തിനകം തന്നെ അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സേവാഗ് വിമര്‍ശനവുമായി എത്തിയത്.
ഗാബയിലെ പിച്ചിനെ വിമര്‍ശിക്കുന്നതിനൊപ്പം തന്നെ പല ഓസീസ്, ഇംഗ്ലണ്ട് മുന്‍ താരങ്ങള്‍ക്കെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. ആരെയും പേരെടുത്ത് പറയാതെയായിരുന്നു സേവാഗിന്റെ വിമര്‍ശനം.
‘142 ഓവറുകള്‍, അതും രണ്ട് ദിവസം പോലും ഒരു ടെസ്റ്റ് തികച്ചില്ല. എന്നിട്ടും ഏതു തരത്തിലുള്ള പിച്ചാണ് വേണ്ടതെന്ന് പ്രസംഗിക്കാനുള്ള ധൈര്യം അവര്‍ക്കുണ്ട്. ഇത് ഇന്ത്യയിലാണ് സംഭവിച്ചിരുന്നതെങ്കില്‍ ഇതാ ക്രിക്കറ്റിന്റെ അവസാനമെത്തിയിരിക്കുന്നു, ഇവര്‍ ടെസ്റ്റ് ക്രിക്കറ്റിനെ നശിപ്പിക്കുകയാണ് എന്നെല്ലാം ചാപ്പയടിച്ചേനേ. നിങ്ങളുടെ ഇത്തരം കാപട്യങ്ങള്‍ മനസിനെ വല്ലാതെ തളര്‍ത്തുന്നതാണ്,’ താരം ട്വിറ്ററില്‍ കുറിച്ചു.
ഡിസംബര്‍ 17ന് ആരംഭിച്ച സൗത്ത് ആഫ്രിക്ക-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റിലെ നാല് ഇന്നിങ്‌സുകളും ഡിസംബര്‍ 18ന് തന്നെ അവസാനിച്ചിരുന്നു.
ടോസ് നേടിയ ഓസ്‌ട്രേലിയ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 152 റണ്‍സ് മാത്രം നേടിയാണ് സൗത്ത് ആഫ്രിക്ക പുറത്തായത്. 64 റണ്‍സ് നേടിയ കൈല്‍ വെരെയ്‌നെയും 38 റണ്‍സ് നേടിയ തെംബ ബാവുമയുമായിരുന്നു ടോപ് സ്‌കോറര്‍.
ആദ്യ ഇന്നിങ്‌സില്‍ 218 റണ്‍സായിരുന്നു ബാറ്റര്‍മാരുടെ ശവപ്പറമ്പില്‍ ഓസീസിന്റെ സമ്പാദ്യം. 96 പന്തില്‍ നിന്നും 96 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍.
66 റണ്‍സ് പിന്നിലായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച സൗത്ത് ആഫ്രിക്കക്ക് വെറും 99 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 85 പന്തില്‍ നിന്നും പുറത്താകാതെ 36 റണ്‍സ് നേടിയ ഖായ സോണ്ടോ മാത്രമാണ് ചെറുത്ത് നില്‍ക്കാനെങ്കിലും ശ്രമിച്ചത്. സോണ്ടോ അടക്കം മൂന്ന് പേര്‍ മാത്രമാണ് പ്രോട്ടീസ് നിരയില്‍ രണ്ടക്കം കണ്ടത്.
34 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് നാല് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി. സൗത്ത് ആഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ കഗീസോ റബാദയാണ് നാല് ഓസീസ് വിക്കറ്റുകളും കടപുഴക്കി എറിഞ്ഞത്.
മത്സരം വിജയിച്ചെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ഒരൊറ്റ ഓസീസ് ബാറ്റര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. ആറ് റണ്‍സ് നേടിയ സ്റ്റീവ് സ്മിത്താണ് കങ്കാരുപ്പടയുടെ ടോപ് സ്‌കോറര്‍.
ഉസ്മാന്‍ ഖവാജ (2), ഡേവിഡ് വാര്‍ണര്‍ (3), മാര്‍നസ് ലബുഷാന്‍ (5*) ട്രാവിസ് ഹെഡ് (0) കാമറൂണ്‍ ഗ്രീന്‍ (0*) എന്നിങ്ങനെയാണ് ഓസീസ് ബാറ്റര്‍മാരുടെ സ്‌കോര്‍. 19 റണ്‍സാണ് എക്‌സ്ട്രാ ഇനത്തില്‍ പിറന്നത്.
ഇതോടെ, മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ഓസീസിനായി. ഡിസംബര്‍ 26നാണ് പരമ്പരയിലെ അടുത്ത മത്സരം. മെല്‍ബണാണ് രണ്ടാം ടെസ്റ്റിന് വേദിയാകുന്നത്.
Content highlight: Virender Sehwag slams Gabba pitch